Wednesday, October 1, 2014

മുന്നറിയിപ്പ് - പ്രേക്ഷകന്റെ പ്രതീക്ഷയല്ല സിനിമ

സിനിമാ ടിക്കെറ്റിനു നാം കൊടുക്കുന്ന വിലയും സിനിമ കണ്ട ശേഷമുള്ള നമ്മുടെ തൃപ്തിയും തമ്മിൽ വലിയൊരു  ബന്ധമുണ്ട്. ഇത് രണ്ടും തമ്മിലുള്ള പൊരുത്തക്കേടുകളാണ് പലപ്പോഴും പ്രേക്ഷകരെ കൊണ്ട് ഒരു  സിനിമ പോരാ എന്ന് പറയിപ്പിക്കുന്നത്. കൊടുത്ത കാശ് മുതലായി എന്ന് പറയിപ്പിക്കുന്ന  സിനിമകളുടെ കാര്യത്തിൽ  ആ സിനിമ ആദ്യാവസാനം വരെ പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ടാകും. കഥ - തിരക്കഥാ ഘടനയിൽ നിലവാരം പുലർത്താത്ത സിനിമകളാകട്ടെ  അതിന്റെ ദൃശ്യാവിഷ്ക്കാരം കൊണ്ടും വേറിട്ട അവതരണ രീതി കൊണ്ടുമാണ്  പലപ്പോഴും പ്രേക്ഷക പ്രീതി സമ്പാദിച്ചിട്ടുള്ളത്. 

അമിത പ്രതീക്ഷകളോടെ  പോയി കാണുന്ന സിനിമകൾ തന്നെയാണ് പ്രേക്ഷകരെ  ഏറ്റവും കൂടുതൽ നിരാശപ്പെടുത്തുന്നതും എന്ന് കൂടി പറയേണ്ടിയിരിക്കുന്നു. ബിഗ്‌ ബജറ്റ് സിനിമകളാണ് ഈ ഗണത്തിലെ ഒന്നാം നിരക്കാർ. കൊട്ടിഘോഷിക്കുന്ന സംഭവങ്ങൾ ഒന്നും തന്നെ പ്രേക്ഷകർക്ക് നൽകാനാകാതെ പോയ അത്തരം ബിഗ്‌ ബജറ്റ് സിനിമകളുടെ പ്രധാന ശത്രു വലിയ ആഘോഷങ്ങളൊന്നുമില്ലാതെ പറയേണ്ട  വിഷയം കൃത്യമായി പറഞ്ഞു പോയ  കൊച്ചു സിനിമകളായിരുന്നു . താരസമ്പുഷ്ടമായ സിനിമകളെ പോലും  അവഗണനയോടെ സമീപിക്കുന്ന പ്രേക്ഷകരുള്ള ഈ കാലത്ത് ഒരു സിനിമയുടെ വിജയ പരാജയങ്ങൾ നിർണ്ണയിക്കുന്ന ഘടകങ്ങൾ ഒട്ടേറെയാണ്. സോഷ്യൽ മീഡിയകളിലെ അഭിപ്രായ പ്രകടനങ്ങൾ തന്നെയാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാന ഘടകം. അത് കൊണ്ട് തന്നെ  'E' കാലഘട്ടത്തിൽ വിവിധ പരീക്ഷണങ്ങളും 'മുന്നറിയിപ്പു'കളുമായി വരുന്ന സിനിമകൾക്ക് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരുന്നു.

 ഒരു സംവിധായകൻ എന്ന നിലയിലുള്ള  വേണുവിന്റെ രണ്ടാം വരവിൽ അദ്ദേഹത്തിന്  മേൽപ്പറഞ്ഞത്തിലധികം വെല്ലു വിളികൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് മാത്രമാണ് സംശയം. വെല്ലു വിളികൾ എന്ത് തന്നെയായാലും തന്റെ മനസ്സിലെ സിനിമ അത് താൻ തീരുമാനിക്കും വിധം തന്നെയായിരിക്കണം അവതരിപ്പിക്കപ്പെടേണ്ടത് എന്ന വാശിയുടെ കാര്യത്തിൽ വേണു എന്ന സംവിധായകൻ  നൂറു ശതമാനവും വിജയിച്ചിരിക്കുന്നു. പ്രേക്ഷകർ തന്റെ സിനിമയെ ഇഷ്ട്ടപ്പെടണം എന്നോ മനസിലാക്കണം എന്നോ യാതൊരു വിധ നിർബന്ധ ബുദ്ധിയും ഇല്ലാത്ത ബുദ്ധിജീവി സംവിധായക സമൂഹത്തിന്റെ ഒരു പ്രതിനിധിയാണോ വേണുവും എന്ന സംശയം സിനിമ കണ്ടു കഴിഞ്ഞ ബഹു ഭൂരിപക്ഷം പേർക്കും തോന്നാം. അതുമല്ലെങ്കിൽ നേരത്തെ സൂചിപ്പിച്ച പോലെ ടിക്കെറ്റിനു കൊടുത്ത പൈസ പോയല്ലോ, സംവിധായകൻ നമ്മളെ വിഡ്ഢിയാക്കിയല്ലോ എന്ന് തൊട്ടുള്ള ആത്മഗതങ്ങളും രോദനങ്ങളും. എന്നാൽ തിയേറ്ററിൽ നിന്ന് സിനിമ കണ്ട ശേഷം എഴുന്നേൽക്കുമ്പോൾ തോന്നുന്ന ഈ ധാരണകൾ  തെറ്റെന്നു സ്വയം ബോധ്യപ്പെടാൻ അധിക സമയം വേണ്ടി വരില്ല. അത്തരത്തിൽ പ്രേക്ഷകനെ ബൌദ്ധിക വ്യായാമം ചെയ്യിപ്പിക്കുന്നതാണ് കഥയുടെ ക്രാഫ്റ്റ്. യഥാർത്ഥത്തിൽ സിനിമ അവസാനിക്കുന്നിടത്ത് നിന്ന് നമ്മുടെ മനസ്സിൽ ഈ സിനിമ തുടങ്ങുകയാണ് ചെയ്യുന്നത്.  അത് തന്നെയാണ് ഈ  സിനിമയുടെ പുതുമയും വിജയവും.

ആര്, എന്ത്, എപ്പോൾ, എന്തിന്  എന്ന് തുടങ്ങുന്ന ഒരു കൂട്ടം ചോദ്യങ്ങൾ തന്നെയാണ്  ഏതൊരു ത്രില്ലർ സിനിമയുടെയും നട്ടെല്ല്. ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. ത്രില്ലർ സിനിമകളുടെ ക്ലീഷേ അവതരണ ശൈലി എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഈ അവസ്ഥയെ പൊളിച്ചടുക്കുകയാണ് "മുന്നറിയിപ്പ്".  ഇവിടെ കാര്യ കാരണങ്ങൾ സഹിതം ആരും ആർക്കും ഒന്നും വിശദീകരിച്ചു തരുന്നില്ല. തുടക്കം മുതൽ ഒടുക്കം വരെ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന കഥ ക്ലൈമാക്സിൽ ഒരു പ്രഹരത്തോടെ അവസാനിക്കുന്നു. ഒറ്റ നോട്ടത്തിൽ യാതൊരു വിധ കാര്യ കാരണങ്ങളോ വിശദീകരണങ്ങളോ  തരാതെ സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ മൊത്തത്തിൽ തെറ്റുന്നു. അതാണ്‌ യഥാർത്ഥ മുന്നറിയിപ്പ്- പ്രേക്ഷകന്റെ പ്രതീക്ഷകളെയല്ല സിനിമ എന്ന് വിളിക്കുന്നത് എന്ന മുന്നറിയിപ്പ്. പ്രേക്ഷകന്റെ പ്രതീക്ഷയുടെ പാളങ്ങളിൽ കൂടി ലക്ഷ്യ സ്ഥാനത്തെത്തുന്ന കഥന രീതി ഈ സിനിമയിലില്ല എന്നത് കൊണ്ട് തന്നെ ചിലർക്കെങ്കിലും ഈ സിനിമ കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന ചോദ്യം ഉയരാം. എന്നാൽ മറുപക്ഷത്ത് ഈ സിനിമയെ വിചാരണ ചെയ്യാൻ താൽപ്പര്യം കാണിക്കുന്നവർക്ക് സിനിമ ഒരുപാട് മാനങ്ങളും ചിന്തകളും നൽകുകയാണ് ചെയ്യുന്നത്. ഈ സിനിമയുടെ ആസ്വാദനം അവർക്ക് മാത്രമാണ് ലഭിക്കുകയുമുള്ളൂ. 

കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ എല്ലായിടത്തും സംഭവിക്കുന്നുണ്ട്. സിനിമയിലും അതു സംഭവിച്ചു തന്നെയേ മതിയാകൂ. വ്യക്തമായ സംഭാഷണങ്ങളും രംഗ വിശദീകരണങ്ങളും  കൊണ്ട്  കഥ പറയുന്ന രീതികൾ മലയാള സിനിമയിലായിരിക്കാം ഒരു പക്ഷേ ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടാകുക.  അങ്ങിനെയെങ്കിൽ  'മുന്നറിയിപ്പ്' തന്നെയായിരിക്കാം അതിന്റെ ആദ്യ അപവാദവും. ന്യൂ ജനറേഷൻ സിനിമകളിൽ വിദേശ സിനിമകളുടെ സ്വാധീനം കടന്നു വന്നിട്ടുണ്ടെന്നാണ് പൊതു നിരീക്ഷണമെങ്കിലും അത് സിനിമയുടെ എല്ലാ അവതരണ തലങ്ങളിലും ചെന്നെത്തിയിട്ടില്ല എന്നതാണ് സത്യം. അതേ സമയം  ഒരു ന്യൂ ജനറേഷൻ സിനിമ അല്ലാതിരുന്നിട്ടു കൂടി 'മുന്നറിയിപ്പി'ൽ അത്തരത്തിലുള്ള  എല്ലാ അവതരണ സാധ്യതകളും  വേണ്ട വിധം ചൂഷണം ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ബിംബാത്മകത തുളുമ്പുന്ന ചലന ദൃശ്യങ്ങളിലേക്ക്  ക്യാമറ ഫോക്കസ് ചെയ്ത് കൊണ്ട് ടൈറ്റിലുകൾ തെളിയിക്കുകയും , തുടക്കം മുതൽ ഒടുക്കം വരെ തിരക്കഥാ വേഗത്തിൽ മിതത്വം പാലിച്ചു കൊണ്ട്, ലളിതമായ കട്ടുകൾ കൊണ്ട് വൃത്തിയായി ചിത്ര സംയോജനം നടത്തി  ക്ലൈമാക്സിലേക്ക് കഥയുടെ മുഴുവൻ വേഗത്തെയും പൊടുന്നനെ സന്നിവേശിപ്പിക്കുന്നതുമായ രീതികളെല്ലാം അതിന്റെ ചില പുതുമയേറിയ ഉദാഹരണങ്ങൾ മാത്രം. 

ഒരു ത്രില്ലർ സിനിമക്ക് വേണ്ട പശ്ചാത്തല സംഗീതം സിനിമയിൽ ഒരുക്കപ്പെട്ടില്ല. ബിജിബാലിന്റെ സംഗീതം വയലിന്റെ ആവർത്തന വിരസമായ ശബ്ദത്തിൽ മാത്രം കുരുങ്ങിക്കിടന്നു. സ്വതവേ വേഗം കുറച്ചു കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്ന കഥാഗതിയിൽ ഈ സംഗീതം അളവിൽ കൂടുതലായി ചേരുന്നതിനാൽ സിനിമക്ക് ഇഴച്ചിൽ സംഭവിക്കുന്നു. 'ദയ' എന്ന തന്റെ ആദ്യ സംവിധാന സംരഭത്തിൽ സണ്ണി ജോസഫായിരുന്നു വേണുവിന്റെ ച്ഛായാഗ്രാഹകൻ. രണ്ടാമത്തെ സിനിമയിൽ ആ വേഷം വേണു തന്നെ നിർവ്വഹിക്കുമ്പോൾ വേണു ഇതിനു മുൻപേ ച്ഛായാഗ്രഹണം നിർവ്വഹിച്ച സിനിമകളേക്കാൾ മികച്ച ഒന്നിനെ പ്രേക്ഷകൻ പ്രതീക്ഷിക്കരുത്. മറിച്ച് കഥാകൃത്തും സംവിധായകനുമായ തന്റെ ക്യാമറ കാഴ്ച അതേ പടി   ഒട്ടും കൂടാതെയും കുറയാതെയും അവതരിപ്പിക്കാനുള്ള ഒരു ആവിഷ്ക്കർത്താവിന്റെ പൂർണ്ണ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുക മാത്രമാണ് വേണു ചെയ്തീരിക്കുന്നത് എന്ന് മാത്രം മനസിലാക്കുക. അത് കൊണ്ട് തന്നെ തുടക്കം മുതൽ ഒടുക്കം വരെ ഈ സിനിമ പരിപൂർണ്ണമായും സംവിധായകന്റെ മാത്രമാണ്. തിയേറ്റർ വിടുന്നതിനു  ശേഷമാണ്‌ സിനിമ പ്രേക്ഷകന്റെ കൂടി ആണോ  അല്ലയോ എന്ന് ചിന്തിക്കാനുള്ള അവസരം പോലും സംവിധായകൻ തരുന്നത്. 

ക്യാമറാ ഗിമ്മിക്കുകളില്ലാതെ ലളിതമായ ദൃശ്യാവിഷ്ക്കാരം കൊണ്ട് കഥ പറയുമ്പോൾ തീർച്ചയായും മനോഹരമായ സംഭാഷണങ്ങളുടെ ആവശ്യകത ഏറുകയാണ്. സിനിമയിലെ ഈ ആവശ്യകത നൂറു ശതമാനവും നീതിയോടെ അവതരിപ്പിക്കാൻ തിരക്കഥാകൃത്തായ ഉണ്ണി ആർ ന് സാധിച്ചിട്ടുണ്ട്. ലളിതമായ കഥാപാത്ര സംഭാഷണങ്ങളിൽ കൂടെ വലിയ ചിന്തകൾ കടത്തി വിടുന്ന തരത്തിലായിരുന്നു തിരക്കഥാ സഞ്ചാരം. ഒരേ സമയം ദാർശനികതയും നിഗൂഡതയും ആകാംക്ഷയും നിറയുന്ന കഥാപരിസരമാണ് അതിനായി കേന്ദ്ര കഥാപാത്രമായ സി. കെ രാഘവന് തിരക്കഥാകൃത്ത് സൃഷ്ടിച്ചു കൊടുത്തിരിക്കുന്നത് എന്ന് പറയാം. സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകനെ കൊണ്ട് പുറകോട്ട് ചിന്തിപ്പിക്കാനും ദുരൂഹതകളുടെ കെട്ട് സ്വയമേ അഴിക്കാനും  പാകത്തിൽ പല സൂചനകളും കഥാവഴികളിൽ  എഴുത്തുകാരൻ ബുദ്ധിപരമായി വിതറിയിട്ടുണ്ട്. അത് കാണാതെയും, ചിന്തിക്കാതെയും  പോകുന്ന പ്രേക്ഷകന് മുന്നിൽ മുന്നറിയിപ്പ് എന്ന സിനിമ തീർത്തും പരാജയം തന്നെയാകും. 

സി കെ രാഘവൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ പ്രകടനം മുൻകാല മമ്മൂട്ടി സിനിമകളിലൊന്നും കാണാത്ത വിധം അവിസ്മരണീയമായിരുന്നു എന്ന് അവകാശപ്പെടാനാകില്ല. അതേ സമയം സമീപ കാല മമ്മൂട്ടി സിനിമകളെ വച്ച് നോക്കുമ്പോൾ സി കെ രാഘവനെ എല്ലാ അർത്ഥ തലങ്ങളിലും മനോഹരമായി അവതരിപ്പിക്കാൻ മമ്മൂട്ടിയിലെ നടന് കഴിഞ്ഞിട്ടുമുണ്ട്.  മലയാളി നായികാ സങ്കൽപ്പങ്ങളെ പാടെ തകർത്തു കൊണ്ട് സിനിമാ പ്രവേശം നടത്തിയ നടിയാണ് അപർണ്ണാ ഗോപിനാഥ്. ആ ധാരണ തിരുത്താതെ, കൂടുതൽ ശക്തമായി മലയാള സിനിമയിൽ തുടരുകയാണ് തന്റെ ലക്ഷ്യം എന്ന് അഞ്ജലി അറക്കൽ എന്ന കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിക്കുന്നതിലൂടെ   അപർണ്ണാ ഗോപിനാഥ് തെളിയിക്കുന്നുണ്ട്.

തീ പാറുന്ന സംഭാഷണ ശകലങ്ങളും ഇടിവെട്ട് ഹീറോ പരിവേഷങ്ങളോടെയുള്ള കഥാപാത്രങ്ങളും രണ്‍ജി പണിക്കരിന്റെ തൂലികയിലൂടെ ഒരുപാട് തവണ പിറന്നു വീണിട്ടുണ്ട്. അന്നൊന്നും നമ്മൾ അറിയാതിരുന്ന അദ്ദേഹത്തിലെ നടനെ സമീപ കാലത്തായി ഇറങ്ങിയ ചില സിനിമകളിലൂടെ പല സംവിധായകരും  പരിചയപ്പെടുത്തുകയുണ്ടായി. അക്കൂട്ടത്തിലെ അദ്ദേഹത്തിന്റെ  ചെറുതെങ്കിലും മികച്ച മറ്റൊരു കഥാപാത്രം കൂടിയാണ്  മുന്നറിയിപ്പിലെ ജേർണലിസ്റ്റ്. സ്ഥിരം കോമഡി വേഷങ്ങളിൽ പുതുമകളില്ലാതെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന കൊച്ചു പ്രേമനെയും സംവിധായകൻ വേണ്ട വിധം ഉപയോഗിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. നെടുമുടി വേണു, സൈജു കുറുപ്പ്, മുത്തുമണി, ശ്രീ രാമൻ, ജോയ് മാത്യു, ജോഷി മാത്യു, പ്രതാപ്‌ പോത്തൻ, സുധീഷ്‌  തുടങ്ങീ നിരവധി പേർക്ക് ഉചിതമായ കഥാപാത്രങ്ങൾ പകുത്തു കൊടുത്തതിൽ സംവിധായകൻ തന്നെയായിരിക്കാം മുഖ്യ പങ്ക് വഹിച്ചത്.  സിനിമക്ക് അർഹ്യമായ വാണിജ്യ മൂല്യം നേടിക്കൊടുക്കുന്നതിൽ  പ്രിഥ്വി രാജിന്റെ അതിഥി വേഷം  സഹായിച്ചെന്നു തന്നെ പറയാം. ചാക്കോച്ചൻ എന്ന കഥാപാത്രത്തെ  സിനിമയിൽ  അധികപ്പറ്റ് അല്ലാത്ത വിധം കുറഞ്ഞ സീനുകളിലൂടെ അവതരിപ്പിക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും വിജയിക്കുമ്പോൾ കുറഞ്ഞ സീനുകളിലെ അനായാസ പ്രകടനം കൊണ്ടാണ് പ്രിഥ്വിരാജ്  തന്റെ ദൗത്യം മനോഹരമാക്കിയത്.

ആകെ മൊത്തം ടോട്ടൽ = ഒറ്റ നോട്ടത്തിൽ പ്രേക്ഷകനെ കബളിപ്പിക്കുന്ന സിനിമയായി വിലയിരുത്താൻ തോന്നിപ്പിക്കുകയും യഥാർത്ഥത്തിൽ മലയാളി പ്രേക്ഷകന് പരിചയമില്ലാത്ത കഥന രീതിയിലൂടെ കഥ പറഞ്ഞു ചിന്തിപ്പിക്കുന്ന   ഒരു വ്യത്യസ്ത സിനിമ എന്ന് പറയിപ്പിക്കുകയും ചെയ്യുന്ന സിനിമ. ചില്ലറ സീനുകളിലെ ഇഴച്ചിലുകൾ ഒഴിവാക്കി നോക്കിയാൽ ഇത് വരെ ആരും പറയാത്ത രീതിയിൽ കഥ പറഞ്ഞ ഒരു സസ്പെന്സ് ത്രില്ലർ സിനിമ എന്ന് നിസ്സംശയം പറയാം. 

* വിധി മാർക്ക്= 7/10 

-pravin- 

24 comments:

  1. പുറകിലേക്ക് ചിന്തിക്കുമ്പോ മുന്നറിയിപ്പ് ആദ്യന്തം ഒരു സ്ത്രീ വിരുദ്ധ സിനിമ ആണെന്ന് പറയേണ്ടി വരും..

    ReplyDelete
    Replies
    1. എന്തോ ..എനിക്കങ്ങിനെ തോന്നിയില്ല. രാഘവന്റെ സ്വാതത്ര്യത്തിനു തടസ്സം നിന്നിരുന്നവർ സ്ത്രീകളായി എന്നത് രാഘവന്റെ മാത്രം കാഴ്ചപ്പാട് ആണ്. അതെങ്ങിനെ സ്ത്രീ വിരുദ്ധതയാകും ? രാഘവനെ വിടൂ, മുൻകാലത്തെ ചില സിനിമകളിലെല്ലാം പുരുഷൻമാർ കള്ള് കുടിയനും കുടുംബം നോക്കാത്തവനുമായുള്ള കഥാപാത്രങ്ങളായി വരുന്നു. സ്ത്രീ സർവ്വതും സഹിച്ചു കൊണ്ട് കുടുംബം നടത്തുന്ന ഉത്തമയുമാകുന്നു. ഇത് മാത്രം നിരീക്ഷിച്ചു കൊണ്ട് സിനിമയിൽ പുരുഷ വിരുദ്ധത ഉണ്ടെന്നു പറയാമോ ? ചിന്താവിഷ്ടയായ ശ്യാമളയിലെ ആണുങ്ങൾ എല്ലാം ഉത്തരവാദിത്തമില്ലാത്തവരാണ്. അതിനെ എന്ത് പറയും ? ഓരോ സിനിമക്കും പറയാനുള്ളത് പല കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകളും പല സാഹചര്യങ്ങളും ആണെന്നിരിക്കെ മുന്നറിയിപ്പ് ഒരു സ്ത്രീ വിരുദ്ധ സിനിമയായി നിരീക്ഷിക്കുന്നതിൽ യോജിപ്പില്ല.

      Delete
  2. ഉന്നതനിലവാരം പുലർത്തുന്ന സിനിമാവായന....

    ReplyDelete
    Replies
    1. വായനക്കും ഈ നല്ല അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി പ്രദീപേട്ടാ

      Delete
  3. ഒരു ന്യൂ ജനറേഷൻ സിനിമ അല്ലാതിരുന്നിട്ടു കൂടി 'മുന്നറിയിപ്പി'ൽ അത്തരത്തിലുള്ള എല്ലാ അവതരണ സാധ്യതകളും വേണ്ട വിധം ചൂഷണം ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ബിംബാത്മകത തുളുമ്പുന്ന ചലന ദൃശ്യങ്ങളിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് കൊണ്ട് ടൈറ്റിലുകൾ തെളിയിക്കുകയും , തുടക്കം മുതൽ ഒടുക്കം വരെ തിരക്കഥാ വേഗത്തിൽ മിതത്വം പാലിച്ചു കൊണ്ട്, ലളിതമായ കട്ടുകൾ കൊണ്ട് വൃത്തിയായി ചിത്ര സംയോജനം നടത്തി ക്ലൈമാക്സിലേക്ക് കഥയുടെ മുഴുവൻ വേഗത്തെയും പൊടുന്നനെ സന്നിവേശിപ്പിക്കുന്നതുമായ രീതികളെല്ലാം അതിന്റെ ചില പുതുമയേറിയ ഉദാഹരണങ്ങൾ മാത്രം.

    ReplyDelete
  4. നല്ല വിലയിരുത്തല്‍ . നന്ദി പവി സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  5. കണ്ടുനോക്കട്ടെ.

    ReplyDelete
    Replies
    1. കണ്ടു നോക്കിയിട്ട് അഭിപ്രായം പറയുമല്ലോ അല്ലെ

      Delete
  6. ഈ വിചാരണയ്ക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി..
    നന്നായിരിക്കുന്നു. :) കഥയിൽ പലയിടത്തായി ഫ്രാൻസ് കാഫ്കയുടെ ശൈലിയിലേക്കുള്ള സൂചനകൾ കൊടുത്തിട്ടുണ്ട്... അത് കൂടെ ഉൾപെടുത്താമായിരുന്നു .

    ReplyDelete
    Replies
    1. നന്ദി ഉട്ടോപ്യാ ..ഫ്രാന്‍സ് കാഫ്കയെ കുറിച്ചൊന്നും പറയാനറിയില്ല എനിക്ക് .. ആ ഭാഗമേ ചിന്തിക്കുന്നില്ല ..ഹ ഹ

      Delete
  7. സ്ഫടികസമാനമായ പ്രതിപാദനം.
    ചിത്രത്തിന്റെ ഉള്‍ക്കാമ്പ് കണ്ടറിഞ്ഞ് വായനക്കാരുമായി പങ്കിടാന്‍ കഴിഞ്ഞിരിക്കുന്നു.
    നന്ദി.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി പ്രിയ ഉസ്മാന്ക്കാ

      Delete
  8. Replies
    1. പ്രേക്ഷകൻ പ്രതീക്ഷിക്കുന്നത് മാത്രം തരുന്ന ഒരു സിനിമയല്ല മുന്നറിയിപ്പ് .. നമ്മളുടെ കണക്ക് കൂട്ടലുകൾ പാടെ തകർക്കപ്പെടുന്നത് കൊണ്ടാണ് അങ്ങിനെ തോന്നുന്നത് ..പുറകോട്ടു ഒന്ന് ആലോചിക്കാൻ സമയം കളഞ്ഞാൽ ആ ധാരണ മാറുന്നതായിരിക്കും ..

      Delete
  9. പലരും അവകാശപ്പെടുംപോലെ സിനിമ ഒരു ക്ലാസിക്‌ ആയൊന്നും പരിഗണിക്കാന്‍ എന്നിലെ സാധാരണ പ്രേക്ഷകന് ആകുന്നില്ല. 'ദൃശ്യം' നെഗറ്റീവ് സന്ദേശമാണ് നല്‍കുന്നത് എന്ന് വാഖ്യാനിക്കുന്നവര്‍ക്ക് മുന്നറിയിപ്പും ആ ഗണത്തില്‍ വായിക്കാം.
    ഒരു ക്രിമിനല്‍ എന്നും ക്രിമിനല്‍ തന്നെ ആയിരിക്കുമെന്നോ, ആളും തരവും അറിഞ്ഞു വേണം ഇടപെടണം എന്നോ മറ്റൊരാളുടെ സ്വകാര്യതെയില്‍ ഒരു പരിധിയില്‍ കൂടുത ഇടപെടരുതെന്നോ... ഒക്കെ...

    രാഘവന്‍ എന്ന കഥാപാത്രം ഇത്ര മിസ്ടീരിയസ് ആകുന്നത് അയാളെ വെറും കഥയ്ക്ക് വേണ്ടി ചമച്ച ഒന്നായത് കൊണ്ട് മാത്രമാണ്. 'ഞാന്‍ കൊന്നിട്ടില്ല' എന്ന ആവര്‍ത്തി മാത്രമേ ജയില്‍ വാര്‍ഡനും വക്കീലും പറയുന്നുള്ളൂ. ഇരകള്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടോ, പ്രതിയുടെ മാനസിക നില, ലൈംഗിക രോഗിയാണോ, അതോ വെറും റിപ്പര്‍ സ്വഭാവമാണോ എന്നൊക്കെ തീര്‍ച്ചയായും ആ സംഭാഷണങ്ങളില്‍ സ്വാഭാവികമായും കടന്നു വരേണ്ടതാണ്. അത് മ്യൂട്ട് ആക്കിയതുകൊണ്ട് കഥ ക്ളിമാക്സില്‍ വരെ എത്തിക്കാന്‍ സാധിച്ചു. അതാണ്‌ കബളിപ്പിക്കലായി വിലയിരുത്തപ്പെടേണ്ടത്. പിന്നിലേക്ക് ചികഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്ന വസ്തുതകള്‍ ബാക്കിയിട്ടിട്ടുണ്ട് എന്നത് ശരിതന്നെ. പക്ഷേ അതിനു പ്രേരിപ്പിക്കുന്ന ഒരു മാനസിക നിലയോടെയാവില്ല പ്രേക്ഷകര്‍ തിയേറ്റര്‍ വിടുക എന്നത് കൊണ്ടുതന്നെ അവസാന പ്രഹരത്തോടെ സിനിമയും അവസാനിക്കുന്നു. അതിനപ്പുറത്തൊന്നും മുന്നറിയിപ്പില്‍ ഇല്ല.

    ReplyDelete
    Replies
    1. ഒരു ക്ലാസിക് സിനിമ എന്ന് വിശേഷിപ്പിക്കാൻ ഞാനും ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും മലയാള സിനിമയിൽ കണ്ടു പരിചയമില്ലാത്ത കഥാവതരണം തന്നെയായിരുന്നു മുന്നറിയിപ്പിൽ. ജോസു പറഞ്ഞ പോലെ ഒരു ക്രിമിനലിനെ എങ്ങിനെ ഏതൊക്കെ വിധത്തിൽ നോക്കി കാണണം എന്നത് സംബന്ധിച്ച് തന്നെയാണ് സിനിമ പഠിപ്പിക്കുന്നത്. ജേർണ്ണലിസം എപ്രകാരം ഒരു വ്യക്തിയെ മാറ്റി എഴുതുന്നു എന്നത് കൂടി സിനിമ വ്യക്തമാക്കുന്നു.

      രാഘവൻ എന്ന കഥാപാത്രം പ്രേക്ഷകന് മിസ്ടീരിയസ് ആകുന്നത് സിനിമ അവസാനിക്കുമ്പോൾ ആണ്. അതിന്റെ കാരണം ഒന്ന് ആലോചിച്ചു നോക്കൂ. മറ്റു സിനിമകളിലെ നായകന്മാർ ഞാൻ ആരെയും കൊന്നിട്ടില്ല എന്ന് കൂളായി പറയുമ്പോൾ നമ്മൾ അത് വിശ്വസിക്കുകയും നായകന്റെ നിരപരാധിത്വം തെളിയുന്നത് കാണാനായി ബാക്കി സിനിമ ത്രില്ലോടെ കാണുകയും ചെയ്യുന്നു. ഇവിടെയും പ്രേക്ഷകൻ സ്ഥിരം ആ ക്ലീഷേ ചിന്താ രീതിയിലൂടെയാണ് രാഘവനെ നോക്കി കണ്ടത്. വാർഡനും വക്കീലും രാഘവനെ നിരപരാധിയായി കാണുന്നില്ല. അവന്റെ നിരപരാധിത്വം എന്ത് കൊണ്ട് തെളിയിക്കാൻ സാധിച്ചില്ല എന്നത് സംബന്ധിച്ചും സിനിമ കാര്യ കാരണങ്ങൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ പ്രേക്ഷകർ അഞ്ജലിയെ പോലെ രാഘവനെ വിശ്വസിക്കുകയാണ്. ഇത് സിനിമയുടെയോ എഴുത്തുകാരന്റെയോ കുഴപ്പമല്ല. അത് കൊണ്ടാണ് സിനിമ ഒറ്റ നോട്ടത്തിൽ പ്രേക്ഷകനെ കബളിപ്പിക്കുന്നതായി തോന്നുന്നത് പോലും.

      ജോസു പറയുന്നത് പോലെ പിന്നിലേക്ക് ചിന്തിക്കാൻ പാകത്തിലുള്ള ഒരു മാനസിക നിലയിലല്ല പ്രേക്ഷകർ സിനിമാ തിയേറ്റർ വിടുക. ഞാനും സിനിമ അവസാനിച്ച ആ നിമിഷത്തിൽ അന്തം വിട്ടു പോയി. പക്ഷെ ഞാൻ ചിന്തിച്ചു പുറകോട്ടു പുറകോട്ടു ഒത്തിരി. നേരാണോ അല്ലയോ എന്നറിയില്ലെങ്കിലും കുറെയേറെ നിഗമനങ്ങളിൽ എത്തിച്ചേരാൻ ഈ സിനിമ എന്നെ പ്രേരിപ്പിച്ചു. അങ്ങിനെ സിനിമയുടെ കഥയിൽ പ്രേക്ഷകനു കൂടി ഭാഗമാകേണ്ടി വരുന്നു. ഇതെല്ലാം വ്യക്തിപരമായി എനിക്ക് ആസ്വാദനം തന്നപ്പോൾ ആണ് സിനിമ ഞാൻ ഇഷ്ട്ടപ്പെട്ടത്. ഭൂരിപക്ഷം പേർക്കും ഈ രീതി ഇഷ്ടമല്ല എന്നത് കൊണ്ട് സിനിമ മോശമാണ് എന്ന് പറയാനാകില്ല ല്ലോ. സിനിമ കഴിഞ്ഞ ശേഷവും പ്രേക്ഷനെ കൊണ്ട് കഥാപാത്രങ്ങളുടെയോ കഥയിലെയോ നിഗൂഡതയെ കുറിച്ച് ചിന്തിപ്പിക്കാൻ സാധിപ്പിക്കുന്നു എന്നത് ഒരു നല്ല സംഗതിയായാണ് ഞാൻ കാണുന്നത്.

      Delete
  10. Satyam paranjal e movie kanditu eniku adyam onnum manasilayilla. pinneedu orupadu reviews vayichu. anganeyanu oru idea kitiyathu. oru different movie thanne. but nammale polulla sadharanakarku manasilakan ithiri budhimuttundu...

    ReplyDelete
    Replies
    1. സാധാരണക്കാരന് മനസിലാകുന്നില്ല എന്ന വാദം കുറെ പ്രേക്ഷകർ പറഞ്ഞു കേട്ടിരുന്നു. എന്തോ അതുമായി എനിക്ക് യോജിക്കാൻ കഴിയുന്നില്ല. കാരണം ഞാനും ഒരു സാധാരണ പ്രേക്ഷകനാണ്. സിനിമ പൊടുന്നനെ അവസാനിച്ചപ്പോൾ സത്യത്തിൽ ഞാനും അയ്യേ ഇതെന്ത് പണിയാ കാണിച്ചേ എന്ന് ചിന്തിക്കുകയുണ്ടായി. പക്ഷെ മനസ്സിൽ നിന്ന് സിനിമ മായുന്നില്ല താനും. തിയേറ്റർ വിട്ട് വീടെത്തുന്നതിനിടയിലുള്ള സമയം കൊണ്ട് ഈ സിനിമ പല തവണ എന്റെ മനസ്സിൽ ഓടുകയുണ്ടായി. ആ സമയം കൊണ്ട് തന്നെയാണ് ഈ സിനിമ ഞാൻ ഇഷ്ടപ്പെട്ടതും. ഈ സിനിമയെ നമ്മൾ ആദ്യം നോക്കി കാണുന്ന രീതിയിലാണ് പ്രശ്നം ഉണ്ടാകുന്നത്. അത് കൊണ്ടാണ് പെട്ടെന്ന് സിനിമ അവസാനിക്കുമ്പോൾ അയ്യേ എന്ന് പറഞ്ഞു പോകുന്നതും. തിയേറ്റർ വിട്ട ശേഷവും നമ്മൾ സിനിമയെ കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയുമെല്ലാം വേണം എന്നാണ് എന്റെ അഭിപ്രായം. ആ ഒരു ആസ്വാദന നിരൂപണ സംസ്ക്കാരം രൂപപ്പെടുത്താൻ പറ്റിയ ഒരു ഉത്തമ സിനിമ തന്നെയാണ് മുന്നറിയിപ്പ്. എത്രയെത്ര ആംഗിളുകളിൽ ഇതിനകം ഈ സിനിമ ചർച്ച ചെയ്യപ്പെട്ടു. അത് പോലെ ഇനിയും കാണാത്ത ഒരുപാട് ആംഗിളുകൾ ഈ സിനിമക്കുണ്ട്. ഒരു സിനിമ തന്നെ പല വിധം കാണാൻ സാധിക്കുക എന്നാൽ അതൊരു നല്ല സംഗതിയായാണ് ഞാൻ കാണുന്നത്. സാധാരണക്കാരന് കൂടി മനസിലാകും വിധം തന്നെ ലളിതമായാണ് ഇതിലെ സംഭാഷണങ്ങളും മറ്റും എന്നാണ് എന്റെ നിരീക്ഷണം ..

      Delete
  11. സിനിമാ വളരെ വൈകിയാണ് കണ്ടത്. ഇപ്പൊ ഒരു സിനിമ കണ്ടു കഴിഞ്ഞാലുടൻ ഞാൻ പ്രവി യെ തേടി വിചാരണയിൽ വരാറുണ്ട്. ഇത് വായിച്ചാ ശേഷം ഒന്ന് കൂടി ഞാൻ സിനിമയിലൂടെ മനസ്സ് കൊണ്ട് കടന്നു പോയി. ശരിയാണ്. ഇത്തരം സിനിമകളും നമുക്ക് വേണം. പക്ഷെ പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന കുറെ കൂടി സൂചനകൾ ആവാമായിരുന്നു.

    ReplyDelete
    Replies
    1. ഇത്തരം സിനിമകൾ വരണം എന്നാണ് എന്റെ വ്യക്തിപരമായ ആഗ്രഹം ..സിനിമയെ പ്രേക്ഷകന് വിട്ടു കൊടുക്കണം ..ഒരു സിനിമയെ തന്നെ പത്തു വിധം നോക്കി കാണാൻ സാധിക്കുന്നതിൽപ്പരം മറ്റെന്ത് ആസ്വാദനമുണ്ട് വേറെ .. സൂചനകളെ പോലും ഈ സിനിമയിൽ നമ്മൾ തേടിപ്പോകുന്നു ...അത് കൊണ്ട് തന്നെ ഈ സിനിമ എന്നും ചർച്ചാ പ്രസക്തമാണ് ..

      Delete