Friday, January 2, 2015

PK ഒരു നിരീശ്വരവാദിയോ മതവിരോധിയോ അല്ല

വലുതും ചെറുതുമായി കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളുമടങ്ങുന്ന ഈ മഹാപ്രപഞ്ചത്തിലെ ചെറിയ ഒരു ഗ്രഹം മാത്രമാണ് ഭൂമി. ആ ഭൂമിയിലെ മനുഷ്യർ എന്നവകാശപ്പെടുന്ന നമ്മൾ സർവ്വാധിപതിമാരുടെ വേഷം ചമയുമ്പോൾ  നമ്മൾ സത്യത്തിൽ എത്ര മാത്രം  നിസ്സാരരും നിസ്സഹായരുമാണെന്ന് തിരിച്ചറിയുന്നില്ല. നമ്മളേക്കാൾ ബുദ്ധിയും വിവേകവും ശക്തിയുമുള്ള ഒരു കൂട്ടർ ഭൂമിക്ക് സമാനമായ മറ്റേതെങ്കിലും ഗ്രഹത്തിലും ഉണ്ടായിക്കൂടെ? ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമെല്ലാം മനുഷ്യർ  എത്തിപ്പെടാൻ ആഗ്രഹിക്കുന്നത് പോലെ  ഭൂമി എന്ന ഗ്രഹത്തിലേക്ക് മറ്റേതെങ്കിലും ഗ്രഹത്തിലുള്ളവർ എത്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ടോ ഇല്ലയോ എന്ന് ആര് കണ്ടു?  അങ്ങിനെ ഒരു നാൾ ആരെങ്കിലും ഭൂമിയിൽ എത്തിപ്പെട്ടാൽ അവർ ഭൂമിയെ ഏതു വിധത്തിലായിരിക്കും നിരീക്ഷിക്കുന്നുണ്ടാകുക? ഇത്തരം  ചോദ്യ ചിന്തകളിൽ നിന്നാണ്  പി.കെ യുടെ കഥാബീജം ഉണ്ടായിട്ടുള്ളത്. ശാസ്ത്രീയമായ ഉത്തരങ്ങൾ  നൽകേണ്ട  സംശയങ്ങൾക്ക് പകരം ഭാവനയിലൂടെ രസകരമായ ഒരു കഥാന്തരീക്ഷം തീർക്കുകയും  ആക്ഷേപ ഹാസ്യത്തിലൂടെ ഗൌരവമായി ചിന്തിക്കേണ്ട വിഷയങ്ങളെ സരസമായി അവതരിപ്പിക്കുകയുമാണ് പി.കെയിലൂടെ രാജ്കുമാർ ഹിരാനി ചെയ്തിരിക്കുന്നത്. 

അന്യഗ്രഹത്തിൽ നിന്ന് ഭൂമിയിലേക്ക് എത്തുന്ന പി.കെ യുടെ (അമീർ ഖാൻ) നിരീക്ഷണങ്ങളിലൂടെയാണ് സിനിമ പല വിഷയങ്ങളും പ്രേക്ഷകനുമായി ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. പി.കെ  ഭൂമിയിലേക്ക് നഗ്നനായാണ് എത്തുന്നത്. അന്യഗ്രഹജീവികൾക്ക് വസ്ത്ര സങ്കൽപ്പമില്ല എന്നത് കൊണ്ട് തന്നെ മനുഷ്യരുടെ വസ്ത്രധാരണത്തെ കൌതുകത്തോടെയാണ് പി.കെ നിരീക്ഷിക്കുന്നത്. ഓരോ  ആളുകളും ചെയ്യുന്ന ജോലിക്കും ജീവിക്കുന്ന ചുറ്റുപാടിനും അനുസരിച്ച്  പല വിധമാണ് വസ്ത്രം ധരിക്കുന്നതെന്നും,  അതിൽ തന്നെ ആണിനും പെണ്ണിനും വെവ്വേറെ വസ്ത്രധാരണമാണ് എന്നുമൊക്കെ പി.കെ  മനസ്സിലാക്കുമ്പോൾ  വസ്ത്രധാരണം ശരിയല്ല എന്ന നിലപാടല്ല സിനിമ അറിയിക്കുന്നത്. മറിച്ച് വസ്ത്രധാരണത്തിൽ മനുഷ്യൻ പുലർത്തുന്ന സൂക്ഷ്മതകളെ കുറിച്ച് രസകരമായി ഓർമ്മപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. വസ്ത്രം ധരിക്കാതെയാണ് അന്യഗ്രഹത്തിൽ തങ്ങൾ ജീവിക്കുന്നത് എന്ന് പി.കെ പറയുമ്പോൾ ജഗ്ഗു (അനുഷ്ക്കാ ശർമ്മ) അത്ഭുതത്തോടെ ചോദിക്കുന്നത് നിങ്ങൾക്ക് നാണം തോന്നില്ലേ അല്ലെങ്കിൽ വിചിത്രമായി തോന്നുന്നില്ലേ അത്തരം രീതികൾ  എന്നാണ്. അതിനുള്ള പി കെ യുടെ മറുപടിയും രസകരമാണ്. ജനാലയിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് മരക്കൊമ്പിലിരിക്കുന്ന കാക്കയെ ചൂണ്ടി കാണിച്ച് പി.കെ പറയുന്നത്  - ദാ ആ ഇരിക്കുന്ന കാക്കയും നഗ്നനാണ്. ആ കാക്ക കഴുത്തിൽ ഒരു ടൈ കെട്ടി ഇരുന്നാൽ മാത്രമേ ഇതെല്ലാം വിചിത്രമായി തോന്നൂ എന്നാണ്. ഇത്തരത്തിൽ സരസമായാണ് പി.കെയുടെ നിരീക്ഷണങ്ങളെ സിനിമയിലുടനീളം സംവിധായകൻ അവതരിപ്പിക്കുന്നത്. ഇതെല്ലാം  ആസ്വദിക്കുമ്പോഴും ഒരു കൂട്ടം പ്രേക്ഷകർ പി.കെ യെ മതവിരോധിയും നിരീശ്വര വാദിയുമായി മുദ്ര കുത്താനുള്ള പ്രധാന കാരണം മനുഷരുടെ വിവിധ മത ദൈവ സങ്കൽപ്പങ്ങളോടും ആചാരാനുഷ്ഠാനങ്ങളോടും പി.കെ ഉന്നയിക്കുന്ന ചില സംശയങ്ങളും ചോദ്യങ്ങളും കൊണ്ട് മാത്രമാണ്. അതിന്റെയെല്ലാം  ഉത്തരത്തിനായി ചിന്തിക്കാൻ തുടങ്ങിയാൽ ഇന്ന് കാണുന്ന മതവിശ്വാസ-ആചാരങ്ങളിലെ  പല പൊള്ളത്തരങ്ങളും എതിർക്കപ്പെടും. ഈ എതിർപ്പ് ഏറ്റവും കൂടുതൽ ബാധിക്കുക ദൈവത്തിന്റെയും വിശ്വാസികളുടെയും ഇടയിൽ സജീവമായി നിലനിൽക്കുന്ന മാനേജർമാരെയും അനുബന്ധ മത സംഘടനകളെയുമാണ്  എന്നത് കൊണ്ട് തന്നെയാണ്  വിശ്വാസിയുടെ മതവികാരം വ്രണപ്പെട്ടു എന്ന ഒച്ചയെടുപ്പുകൾക്ക് നമ്മുടെ ചെവികൾ സ്ഥിരം ഇരയാകുന്നത്. 

ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയുമാണ് സംവിധായകൻ ആക്ഷേപഹാസ്യത്തിനായി  കൂടുതലായും  ഉന്നം വച്ചിരിക്കുന്നത്  എന്ന ആക്ഷേപം ചില പ്രേക്ഷകർ ഉന്നയിക്കുന്നുണ്ടായിരുന്നു. ഇക്കൂട്ടർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്‌.  പി.കെ യുടെ കാഴ്ചകളിൽ കൂടിയും  നിരീക്ഷണങ്ങളിലൂടെയുമാണ്‌ സിനിമ മുന്നേറുന്നത്.  പി.കെ എത്തിപ്പെടുന്ന ഇന്ത്യാ രാജ്യത്തിന്റെ ഭൂരിപക്ഷ മതവിശ്വാസവും ആരാധനാരീതികളും ഹിന്ദുത്വവുമായി ബന്ധപ്പെട്ടതാണ് എന്ന കാര്യത്തിൽ തർക്കമില്ല ല്ലോ. ആ സ്ഥിതിക്ക് സ്വാഭാവികമായും അയാളുടെ കണ്ണിൽ കാണുന്ന കാഴ്ചകളെ തന്നെയാണ് സംവിധായകൻ ദൃശ്യവത്ക്കരിച്ചിരിക്കുന്നത് എന്ന് നിരീക്ഷിക്കേണ്ടിയിരിക്കുന്നു. എന്ന് കരുതി മറ്റു മതവിഭാഗങ്ങളെയും അവരുടെ ആചാര രീതികളെയും  പരാമർശിക്കാതെ സിനിമ പോകുന്നുമില്ല. അതിന്റെ ഉദാഹരണമാണ്  അമ്പലത്തിലേക്ക് പൂജക്ക്‌ കൊണ്ട് പോകുന്ന സാധനങ്ങളുമായി പി.കെ ഒരു ക്രിസ്ത്യൻ പള്ളിയിലേക്ക് എത്തുന്നതും അവിടെ നിന്ന് എതിർപ്പ് നേരിടുന്ന രംഗവും. ക്രിസ്ത്യൻ മതവിശ്വാസ  പ്രകാരം വീഞ്ഞിനുള്ള പ്രസക്തി മനസിലാക്കി കൊണ്ടാണ് പിന്നീട് പി.കെ വീഞ്ഞുമായി മുസ്ലീം പള്ളിയിലേക്ക് പോകുന്നത്. അവിടെയാകട്ടെ ദൈവത്തിനു വീഞ്ഞ് നിഷിദ്ധവുമാണ്. ഇത്തരത്തിൽ ആശയക്കുഴപ്പത്തിലാകുന്ന പി.കെ യുടെ മനസ്സിൽ മനുഷ്യരുടെ  ദൈവ സങ്കൽപ്പം എന്താണെന്നത് അവ്യക്തമായി തുടരുകയും ചെയ്യുന്നു. ദൈവപ്രീതിക്കായി പണം ചിലവാക്കുന്ന കാര്യത്തിൽ മറ്റേത് മതസ്ഥരേക്കാളും മുന്നിൽ  ഹിന്ദുക്കളാണ് ഉണ്ടാകുക എന്ന നഗ്നസത്യം ഹിന്ദു വിശ്വാസികൾ അംഗീകരിച്ചില്ലെങ്കിലും അത് സത്യമല്ല എന്ന്  കണ്ഠക്ഷോഭം  നടത്താതിരിക്കാനുള്ള സഹിഷ്ണുതയെങ്കിലും അവർ കാണിക്കേണ്ടിയിരിക്കുന്നു. 

ഹിന്ദു മതത്തിലെ ദൈവങ്ങളെയും ക്ഷേത്രാരാധനാ രീതികളെയും അധിക്ഷേപിച്ചു എന്നതാണ് മറ്റു ചിലരുടെ പരാതി. എന്നാൽ ഒരു മതത്തെയോ ആചാര രീതികളെയോ പി.കെ അവഹേളിക്കുന്നില്ല. അതേ സമയം  ദൈവത്തിനും വിശ്വാസിക്കുമിടയിൽ ഇടനിലക്കാരനായി നിന്ന് മുതലെടുപ്പ് നടത്തുന്നവരെ ആക്ഷേപ ഹാസ്യത്തിനായി പി.കെ തിരഞ്ഞെടുക്കുന്നുണ്ട്. വിഗ്രഹം വിൽപ്പനക്കാരും, ക്ഷേത്രം പൂജാരികളും, ആൾ ദൈവങ്ങളും അവരിലെ ചില ഉദാഹരണങ്ങൾ മാത്രം. വിഗ്രഹാരാധന, പൂജ, മറ്റ് ആചാരങ്ങൾ  എന്നിവക്ക്  പിന്നിലുള്ള ഉദ്ദേശ്യശുദ്ധിയെയോ  ശാസ്ത്രീയ വശങ്ങളെയോ വിചാരണ ചെയ്യാൻ  പി.കെ ശ്രമിക്കുന്നില്ല. ഒരേ ദൈവത്തെ പല രീതിയിൽ അറിയാൻ ശ്രമിക്കുന്ന മതങ്ങൾ മനുഷ്യരുടെ ഇടപെടലുകളാൽ മലിനമാക്കപ്പെടുന്ന അവസ്ഥയെ അടിവരയിട്ടു പറയുക മാത്രമാണ് പി.കെ ചെയ്യുന്നത്. എല്ലാവരും ദൈവത്തിന്റെ സൃഷ്ടിയാണ് എന്ന് പി.കെ തന്നെ പറയുന്നുമുണ്ട്.  പി.കെ ഒരു നിരീശ്വരവാദിയല്ല എന്ന് അതിൽ നിന്ന് തന്നെ വ്യക്തം.  മനുഷ്യർക്കിടയിൽ വിഭാഗീയത വളർത്തുന്നതിൽ ദൈവത്തിന് പങ്കില്ല. ദൈവം ഒരാളെയും ഒരു മതത്തിന്റെ ലേബൽ പതിപ്പിച്ച ശേഷമല്ല ഭൂമിയിലേക്ക് അയക്കുന്നത് എന്ന് പി.കെ പറയുമ്പോൾ അത് ഒരു മതവിരോധത്തിന്റെ വാക്കായല്ല മറിച്ച്  മാനവികതക്ക് വില കൽപ്പിക്കുന്ന യഥാർത്ഥ ദൈവത്തിന്റെ വാക്ക് കടമെടുത്ത് പറഞ്ഞതായി വേണം കരുതാൻ. മനുഷ്യരെ  സൃഷ്ടിച്ച ദൈവത്തെ ആരാധിക്കാതെ മനുഷ്യർ സൃഷ്ടിച്ച ദൈവത്തെ ആരാധിക്കുന്നതാകരുത് ഒരു വിശ്വാസിയുടെ ദൈവസങ്കൽപ്പം എന്ന പി.കെയുടെ വാക്കിനാൽ യഥാർത്ഥ ദൈവമോ മതമോ വിശ്വാസിയോ ആരും തന്നെ ഹനിക്കപ്പെടുന്നില്ല, വ്രണപ്പെടുന്നില്ല. ഹനിക്കപ്പെടുന്നത് ദൈവത്തെയും ദൈവ വിശ്വാസത്തെയും വാണിജ്യവത്ക്കരിക്കുന്ന   കള്ളനാണയങ്ങൾ അഥവാ പി.കെയുടെ ഭാഷയിലെ റോംഗ് നമ്പറുകൾ മാത്രമാണ്. 

ആകെ മൊത്തം ടോട്ടൽ = 2012 ൽ റിലീസായ ഉമേഷ്‌ ശുക്ലയുടെ "ഓ മൈ ഗോഡ്' സിനിമയുടെ പ്രമേയവും ഏറെക്കുറെ അതിൽ വിമർശിക്കപ്പെടുന്ന കഥാപാത്രങ്ങളും മറ്റു സംഗതികളുമെല്ലാം പി.കെയിലും ആവർത്തിക്കപ്പെടുന്നുണ്ടെങ്കിലും അവതരണത്തിലെ പുതുമ കൊണ്ടും അമീർ ഖാന്റെ പ്രകടന മേന്മ കൊണ്ടും രാജ്കുമാർ ഹിരാനിയുടെ സംവിധാന മികവു കൊണ്ടുമെല്ലാം പി.കെ മികച്ചൊരു സിനിമാസ്വാദനം ഉറപ്പ് തരുന്നു. കണ്ടിരിക്കേണ്ട സിനിമകളുടെ ലിസ്റ്റിലേക്ക് ഒന്ന് കൂടി ചേർത്തു വായിക്കാം - പി.കെ. 

*വിധി മാർക്ക് = 9/10 
-pravin-

32 comments:

 1. ഇന്നെന്തായാലും ഒന്ന് കാണണം .

  ReplyDelete
  Replies

  1. അപ്പൊ ഇത് വരെ കണ്ടില്ലേ ? വേഗം പോയ്‌ കാണ് പഹയാ

   Delete
 2. ഞാന്‍ പത്തില്‍ പത്തും കൊടുത്തു ഈ സിനിമയ്ക്ക്!!

  ReplyDelete
  Replies
  1. അമ്പട വില്ലാ ...പത്തും കൊടുത്തോ ..

   Delete
 3. നല്ല അഭിപ്രായമായിരുന്നു തുടക്കം മുതൽ

  ReplyDelete
  Replies
  1. ങേ ..കണ്ടില്ലേ ഇത് വരെ ..

   Delete
 4. ശാസ്ത്രീയമായ ഉത്തരങ്ങൾ നൽകേണ്ട സംശയങ്ങൾക്ക്
  പകരം ഭാവനയിലൂടെ രസകരമായ ഒരു കഥാന്തരീക്ഷം തീർക്കുകയും
  ആക്ഷേപ ഹാസ്യത്തിലൂടെ ഗൌരവമായി ചിന്തിക്കേണ്ട വിഷയങ്ങളെ സരസമായി
  അവതരിപ്പിക്കുകയുമാണ് പി.കെയിലൂടെ രാജ്കുമാർ ഹിരാനി ചെയ്തിരിക്കുന്നത്.

  കണ്ടിഷ്ട്ടപ്പെട്ട ഒരു പടമാണിത്....
  ഇവിടെയു.കെയിൽ റിലീസ് ചെയ്ത 200 കേന്ദ്രങ്ങളിളും
  അഫ്ഘാൻ/ പാക്കികളൊക്കെ , ഈ പടം കണ്ട് കൊണ്ടിരിക്കുമ്പോൾ

  എഴുന്നേറ്റ് നിന്നാണ് കൈയ്യടിക്കുന്നത് ...!

  ReplyDelete
  Replies
  1. മുരളിയേട്ടാ ..ആ കൂട്ടത്തിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നില്ലേ ?

   Delete
 5. കളക്ഷന്‍ റെക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന PK യ്ക്കും,
  അണിയറപ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍..

  മികച്ച റിവ്യൂ തയ്യാറാക്കിയ പ്രവീണിന് അനുമോദനങ്ങള്‍..

  ReplyDelete
  Replies
  1. റൊമ്പ നന്ട്രി ഡിയർ അക്കക്കുക്കാ

   Delete
 6. Praviyeee ഞാന്‍ പത്തില്‍ പത്തും കൊടുത്തു ഈ സിനിമയ്ക്ക്!!
  മികച്ച റിവ്യൂ തയ്യാറാക്കിയ പ്രവീ അനുമോദനങ്ങള്‍..

  ReplyDelete
  Replies
  1. അമ്പടാ ഷംസ്വാ ..ഇജ്ജും കൊടുത്തോ പത്തിൽ പത്ത് ..

   Delete
 7. ഗുഡ് അനലൈസ് .....

  ReplyDelete
 8. അമീർ ഖാൻ കലക്കി

  ReplyDelete
 9. പികെയെക്കുറിച്ച് ഇതിലും നല്ലൊരു റിവ്യൂ എഴുതാനില്ല ചേട്ടാ.. ചിരിക്കാനും ചിന്തിക്കാനും ഒരുപാടുള്ളൊരു ചിത്രം.. അഭിനന്ദനങ്ങൾ :) (y) എന്റെയും വക പത്തിൽ പത്ത്..

  ReplyDelete
  Replies
  1. അപ്പൊ കുഞ്ഞുറുമ്പും പത്തിൽ പത്തു കൊടുത്ത് ല്ലേ ... താങ്ക്യു ട്ടോ

   Delete
 10. ഒരു വല്ലാത്ത സിനിമയാണ് ഇത്. ഒരു നിമിഷം പോലും ബോറടി തോന്നില്ല. അത്രക്ക് ക്ലാസ് മൂവി. ഏത് മതത്തില്‍ നില്‍ക്കുന്നവരായാലും അവരെ ആ മതത്തില്‍ തങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെക്കുറിച്ച് ഒരു പുനര്‍ചിന്തനം നടത്താന്‍ പ്രേരിപ്പിക്കുന്നു. നല്ല റിവ്യൂ പ്രവീണ്‍. ഞാനും ഒന്നെഴുതി നോക്കട്ടെ..കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവിടെ പറയാം..

  ReplyDelete
  Replies
  1. എഴുതൂ ... നമുക്ക് വല്ലാതെ ഇഷ്ടപ്പെടുന്നതിനെ കുറിച്ചും ഇഷ്ട്ടപ്പെടാത്തതിനെ കുറിച്ചും ധാരാളമായി എഴുതാൻ സാധിക്കും. ഈ സിനിമയെ ഇനിയും ഒരുപാട് ഭാഗങ്ങളിൽ നിന്ന് നിരീക്ഷിക്കാൻ സാധിക്കുമെന്നാണ് എന്റെ വിശ്വാസം

   Delete
 11. അപൂർവ്വമായി മാത്രം സിനിമ കാണാറുള്ളതുകൊണ്ട് ഇവിടെ ചർച്ച ചെയ്യാറുള്ള പല സിനിമകളും വായനക്കു ശേഷമാണ് കണ്ടിട്ടുള്ളത്. ഇത്തവണ പതിവിൽനിന്നു വ്യത്യസ്ഥമായി ഞാൻ കണ്ട് ആസ്വദിച്ച ഒരു സിനിമയാണ് പ്രവീൺ ചർച്ച ചെയ്യുന്നത്.

  പി.കെ പോലുള്ള സിനിമകളാണ് നമുക്ക് ആവശ്യം. ഇന്നത്തെ കാലത്തിന് ആവശ്യമായ വലിയൊരു സന്ദേശത്തെ മനോഹരമായ ഒരു മാധ്യമത്തിലൂടെ അവതരിപ്പിച്ച ഈ സിനിമയുടെ പ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നു

  പതിവു ശൈലിയിൽ നന്നായി വിലയിരുത്തി.....

  ReplyDelete
  Replies
  1. തീർച്ചയായും ഇത്തരം സിനിമകൾ കാലഘട്ടത്തിന്റെ ആവശ്യകത തന്നെയാണ് ... ഹൃദയം നിറഞ്ഞ നന്ദി പ്രദീപേട്ടാ

   Delete
 12. എന്നെ ഇത്രയേറെ ചിരിപ്പിച്ച പടം ഉണ്ടായിട്ടില്ല, സിനിമ ഒരു രസകരമായ അനുഭവമാക്കി ഇതു മാറ്റുന്നുണ്ട്...ഓ മൈ ഗോഡിലും, പ്രഭുവിന്റെ മകനിലും ഇതൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും രസകരമായതു ഈ സിമിമയിലാണ്..എങ്കിലും സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ഒരു കാര്യമോര്‍ത്തു, ഈ സിനിമ ആ വിഷയത്തെ വെറും തമാശയാക്കി ഗൌരവത്തിലാക്കിയില്ല, ഒരു ബാക്കി ചിന്തക്ക് ഇടം കൊടുത്തില്ല എന്നു, കാരണം അതിന്റെ തമാശസീനുകളായിരുന്നു മനസ്സില്‍ കൂടുതല്‍ നിന്നിരുന്നത്

  ReplyDelete
  Replies
  1. ഒരേ വിഷയം മേൽപ്പറഞ്ഞ മൂന്നു സിനിമകളിലും മൂന്നു രീതിയിലാണ് ചർച്ച ചെയ്യുന്നത് എന്നത് തന്നെയാണ് പ്രധാന വ്യത്യാസം .. തമാശയെങ്കിലും കാര്യം കാര്യം തന്നെയായി സിനിമ പങ്കു വക്കുന്നുണ്ട്. ആഴത്തിലുള്ള വിശകലനവും വിമർശനവും നടന്നില്ല എന്നത് സത്യം ..

   Delete
 13. ചിന്തയ്ക്ക് വിഷയീഭവിക്കേണ്ട ഗൌരവതരമായ ചില വിഷയങ്ങള്‍ കളിമട്ടില്‍ കാണിയുടെ മനസ്സിലേക്കിട്ടുകൊടുക്കുന്ന വര്‍ണ്ണമനോഹരമായ പി.കെ സിനിമ ഭാവനാശാലിത്വത്തിന്റെ വിവേകപൂര്‍വ്വകമായ വിനിയോഗവുമാണ്‌.

  കര്യമാത്രപ്രസക്തമായ വിലയിരുത്തല്‍ വളരെ യുക്തിപൂര്‍വ്വകമായിരിക്കുന്നു.
  ആശംസകള്‍.

  ReplyDelete
  Replies
  1. ഹൃദയം നിറഞ്ഞ നന്ദി ഈ വിലയേറിയ അഭിപ്രായങ്ങൾക്ക് ..

   Delete