Sunday, March 15, 2015

The Hunt - സമൂഹം ആരെയാണ് സത്യത്തിൽ വേട്ടയാടുന്നത്?

കുറ്റവാളികളെ  പൊതു ജനത്തിൽ നിന്ന് രക്ഷിച്ചെടുത്ത് സുഖകരമായ ജയിൽ വാസം ഒരുക്കുന്ന നിയമവും കോടതിയും നിലനിൽക്കുന്ന ഇന്നത്തെ സമൂഹത്തിൽ അതേ പ്രസക്തിയോടെ വിമർശനാത്മകമായി ചർച്ച ചെയ്യേണ്ട മറ്റൊരു വിഷയം കൂടിയുണ്ട്- വേട്ടയാടപ്പെടുന്ന കുറ്റാരോപിതർ. കുറ്റം എന്തെന്നോ അതാര് ചെയ്തെന്നോ അറിയാൻ ശ്രമിക്കാതെ കുറ്റാരോപിതരെ കുറ്റവാളിയായി മുദ്ര കുത്തുന്ന സമൂഹത്തിന്റെ മുൻ വിധികളെയും ക്രൂര വിനോദത്തെയും  പ്രമേയമാക്കിയ  സിനിമകളുടെ കൂട്ടത്തിലേക്ക് ചേർത്തെഴുതേണ്ട ഒരു സിനിമയാണ് തോമസ്‌ വിന്റെർബെർഗ് സംവിധാനം ചെയ്ത The Hunt (DanishJagten) . എണ്‍പത്തി ആറാമത് അക്കാദമിക് അവാർഡ് വേളയിൽ  മികച്ച വിദേശ ഭാഷാ സിനിമാ വിഭാഗത്തിലേക്ക് മത്സരിക്കാൻ  നാമ നിർദ്ദേശം ലഭിച്ച ഈ ഈ ഡാനിഷ് സിനിമക്ക് സമൂഹ  മനശാസ്ത്രവുമായി എന്ത് ബന്ധമാണുള്ളതെന്ന് നോക്കാം.

ഭീകരവാദം, രാജ്യദ്രോഹം, സ്ത്രീ പീഡനം, കൂട്ടക്കൊല  എന്നിങ്ങനെയുള്ള കേസുകളിൽ പ്രതി ചേർക്കപ്പെടുന്നവരോട് സമൂഹത്തിന് പറഞ്ഞറിയിക്കാനാകാത്ത  വെറുപ്പും  ദ്വേഷ്യവും തോന്നുന്നത് സ്വാഭാവികമാണ്. തരം കിട്ടുമെങ്കിൽ  അത്തരക്കാരെ വേണ്ട പോലെ  കൈകാര്യം ചെയ്യാനും ജനകീയ വിചാരണ എന്ന പേരിൽ നിയമം കൈയ്യേറി ശിക്ഷ നടപ്പിലാക്കാനുമൊക്കെ  ആഗ്രഹിക്കുന്നവരും കുറവല്ല. യഥാർത്ഥ  കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വിധിക്കാനോ നടപ്പിലാക്കാനോ സാധിക്കാതെ പോകുന്ന ഭരണകൂടത്തോടും നിയമ വ്യവസ്ഥകളോടുമുള്ള അമർഷമാണ് പലരെയും ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത് എന്ന്  വേണമെങ്കിൽ നമുക്ക് നിസ്സാരവത്ക്കരിക്കാം. അതേ സമയം കുറ്റം ആരോപിക്കപ്പെടുന്നവരും കേസുകളിൽ പ്രതി ചേർക്കപ്പെടുന്നവരുമെല്ലാം കുറ്റവാളികളാണ് എന്ന സമൂഹത്തിന്റെ മുൻവിധിയെ പൂർണ്ണമായും അംഗീകരിക്കാൻ ആകുമോ ? ഇത്തരം മുൻവിധികൾ  കാരണം വേട്ടയാടപ്പെടുന്ന  വ്യക്തിജീവിതങ്ങളെ അവഗണിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ സാധിക്കുമോ ? സാധാരണ സിനിമാക്കാർ ചർച്ച ചെയ്യാൻ ഇഷ്ടപ്പെടാത്ത അത്തരമൊരു വിഷയത്തെ നിരവധി ചോദ്യങ്ങളിലൂടെ വൈകാരികമായി അവതരിപ്പിക്കുകയാണ് തോമസ്‌ വിന്റെർബെർഗ് തന്റെ സിനിമയിലൂടെ ചെയ്തിരിക്കുന്നത്.  

ബാലികാ പീഡനം എന്നത് ഒരു പുതു വാർത്തയേ അല്ലാതായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു സിനിമയാണ് The Hunt. വൃദ്ധരും  യുവാക്കളും എന്തിനേറെ അച്ഛന്മാരും അമ്മാവന്മാരും  ഒരുപോലെ പ്രതി ചേർക്കപ്പെടുന്ന ഇത്തരം കേസുകളിൽ വാദി ഭാഗത്തിന്റെ മാത്രം വാക്കുകൾ കേൾക്കാനാണ്‌ നമ്മൾ ഇഷ്ടപ്പെടുന്നത്. സത്യം വാദിയുടെ കൂടെ മാത്രമേ ഉണ്ടാകൂ എന്ന മിഥ്യാ ധാരണയിൽ  പ്രതിയെ കുറ്റവാളിയായി ചിത്രീകരിക്കുന്ന പല സംഭവങ്ങളും ഇന്നത്തെ സമൂഹത്തിൽ നമുക്ക് കാണാൻ സാധിക്കും. വാദിക്ക് മാത്രം കിട്ടേണ്ട ഒന്നല്ല നീതി എന്ന് നിയമപാലകർ അടക്കമുള്ളവർ പറയുമെങ്കിലും അവരിൽ തന്നെ ഒരു വലിയ വിഭാഗം പേർ  വാദി ഭാഗം സത്യമെന്ന്  വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇത്തരം മുൻവിധികൾ  മൂലം പ്രതിക്ക് നീതി നിഷേധം നടത്തുന്നവർ സമൂഹത്തിനു മുന്നിലേക്ക്  ഒരു ഇരയെ കൂടിയാണ് സൃഷ്ടിച്ചു നൽകുന്നത് എന്നോർക്കാതെ പോകുന്നു. The Hunt എന്ന സിനിമയിൽ നമുക്ക് കാണാൻ സാധിക്കുക ഇത്തരത്തിൽ സമൂഹം സൃഷ്ടിച്ചെടുക്കുന്ന ഒരു ഇരയെയാണ്. 

നഴ്സറി സ്ക്കൂൾ ജീവനക്കാരനായ ലുക്കാസ് സ്ക്കൂളിനകത്ത്  വച്ച് അയാളുടെ  ഏറ്റവും അടുത്ത സുഹൃത്തിന്റെ മകൾ ക്ലാരയെ ലൈംഗിക ചൂഷണത്തിന് പലപ്പോഴായി ഇരയാക്കിക്കൊണ്ടിരിക്കുകയായിരുന്നു  എന്ന സ്ക്കൂൾ മാനേജ്മെന്റ്റ്  അധികൃതരുടെ കണ്ടു പിടിത്തം എല്ലാവരെയും ഞെട്ടിക്കുന്ന വാർത്തയായിരുന്നു. എന്നാൽ  ഇക്കാര്യത്തിൽ താൻ തീർത്തും നിരപരാധിയാണെന്നും സ്ക്കൂളിലെ കുട്ടികളെ സ്വന്തം മക്കളെ പോലെയാണ് കാണുന്നതെന്നും  ക്ലാര അക്കൂട്ടത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട മകളാണെന്നുമായിരുന്നു ലുക്കാസിന്റെ വിശദീകരണം. അതേ സമയം ക്ലാരയെ പോലെ മറ്റു കുട്ടികളും ലുക്കാസിനാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ള അന്വേഷണത്തിൽ എല്ലാ കുട്ടികളും ക്ലാരക്ക് സമാനമായ അനുഭവം അവ്യക്തമായി പറയുന്നതോട് കൂടെ   ലുക്കാസ് പൂർണ്ണമായും കുറ്റാരോപിതനാകുകയും സ്ക്കൂളിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്നു. തുടർന്നങ്ങോട്ട്‌ സമൂഹം അയാളെ   കുറ്റവാളിയായി കണ്ട് ഭ്രഷ്ട് കൽപ്പിക്കുകയും കൂടി ചെയ്യുമ്പോൾ ലുക്കാസിന്റെ വ്യക്തിജീവിതം എല്ലാ തലങ്ങളിലും തകർന്നടിയുകയാണ്. ഭാര്യയുമായി ആദ്യമേ അകന്നു കഴിഞ്ഞിരുന്ന ലുക്കാസിന് ആശ്വാസമേകിയിരുന്ന സുഹൃത്തുക്കളെല്ലാം തന്നെ ഈ സംഭവത്തോട് കൂടെ അയാളെ തീർത്തും ഒറ്റപ്പെടുത്തി കഴിഞ്ഞിരുന്നു.  

പിള്ള മനസ്സിൽ കള്ളമില്ലെന്നും, കുട്ടികളുടെ  മനസ്സ് നിഷ്ക്കളങ്കതയാൽ സമ്പന്നമാണെന്നും അത് കൊണ്ട് തന്നെ അവർ  ദൈവദൂതർക്ക് തുല്യരാണെന്നും തുടങ്ങി  നിരവധി നിരീക്ഷണങ്ങളും നിർവ്വചനങ്ങളുമുണ്ട് കുട്ടികളെയും അവരുടെ മനസ്സിനെയും കുറിച്ച്. എന്നാൽ കുട്ടികളുടെ  മനസ്സ് എത്ര മാത്രം  നിഗൂഡമാണ് എന്ന്  മനസിലാക്കാതെയാണ് മുതിർന്നവരും രക്ഷിതാക്കളും അവരുടെ നിഷ്ക്കളങ്കതയെ കുറിച്ച് മാത്രം വാചാലരാകുന്നത് എന്ന് ചൂണ്ടി കാണിക്കുന്ന പ്രസക്തമായ ഒരു രംഗമുണ്ട് സിനിമയിൽ. ക്ലാരയുടെ പിതാവും തന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ തിയോവിനോട്‌ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ ഒരവസരം തരണമെന്ന് കേഴുന്ന ലുക്കാസ് ക്ലാരയെ വിളിച്ച്  കാര്യങ്ങൾ ഒന്ന് കൂടി ചോദിച്ചറിയാൻ ആവശ്യപ്പെടുമ്പോൾ തിയോ പറയുന്ന മറുപടി തന്റെ നാല് വയസ്സുകാരി മകൾക്ക് ഇത്തരമൊരു കള്ളം പറഞ്ഞിട്ട് ഒന്നും കിട്ടാനില്ല എന്നത് കൊണ്ട് ഇക്കാര്യത്തിൽ അവളുടെ വാക്കുകൾ  മാത്രമേ തങ്ങൾക്ക്  വിശ്വസിക്കേണ്ടതുള്ളൂ  എന്നായിരുന്നു. ഇവ്വിധം  ലുക്കാസ് നേരിടുന്ന നിരവധി മാനസിക സംഘർഷങ്ങളെ അവതരിപ്പിച്ചു കൊണ്ട് മുന്നേറുന്ന സിനിമ  പിന്നീട് ഒരു ഘട്ടത്തിൽ ലുക്കാസിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്നുണ്ട്. നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട ശേഷം നഷ്ടപ്പെട്ട പലതും ലുക്കാസിന് തിരിച്ചു കിട്ടുന്നുണ്ടെങ്കിലും  തരം കിട്ടിയാൽ  സമൂഹം അയാളെ ഒളിഞ്ഞിരുന്നു ആക്രമിക്കുക തന്നെ ചെയ്യും എന്ന വെളിപ്പെടുത്തലോട് കൂടെയാണ് സിനിമ അവസാനിക്കുന്നത്. യഥാർത്ഥ കുറ്റവാളികൾ യാതൊരു ആശങ്കകളുമില്ലാതെ സമൂഹത്തിൽ സ്വൈരവിഹാരം  നടത്തുമ്പോൾ  നിശ്ശബ്ദരായി തുടരുന്ന സമൂഹം സത്യത്തിൽ ആരെയാണ് വേട്ടയാടുന്നത് എന്ന് അക്ഷരാർത്ഥത്തിൽ നമ്മൾ ചോദിച്ചു പോകേണ്ടിയിരിക്കുന്നു. 

ആരോപിക്കപ്പെടുന്ന കുറ്റം എന്തുമായിക്കോട്ടെ പ്രതിയുടെ  ഭാഗത്ത് നിന്ന് പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന  സിനിമകൾ താരതമ്യേന കുറവാണ്. ഉണ്ടെങ്കിൽ തന്നെ കൂടുതലും തീവ്രവാദം, കള്ളക്കടത്ത്, ഗുണ്ടാ മാഫിയ ബന്ധങ്ങൾ ആരോപിച്ച് അല്ലെങ്കിൽ ആ പേരിൽ കുറ്റവാളികൾ ആയവരുടെ ഭാഗത്ത് നിന്നുള്ള സിനിമകളാണ്. കുപ്രസിദ്ധിയാർജ്ജിച്ച  കുറ്റവാളികളെയും അധോലോക ഗുണ്ടകളെയുമടക്കം  ഹീറോ പരിവേഷം നൽകി സിനിമയിൽ അവതരിപ്പിക്കുക വഴി അക്കൂട്ടർക്ക്‌  പൊതു സമൂഹത്തിൽ കൂടുതൽ സ്വീകാര്യത നേടി കൊടുക്കുകയാണ് പല  മുഖ്യധാരാ സിനിമാക്കാരും ചെയ്തിട്ടുള്ളത് എന്നിരിക്കേ  വിവിധ കേസുകളിൽ കുറ്റാരോപിതർ മാത്രമായി കാലങ്ങളായി  തടവറകളിൽ കഴിയുന്നവരുടെ ജീവിതങ്ങളിലേക്കോ ചുറ്റുപാടുകളിലേക്കോ  എന്ത് കൊണ്ട്  ഒരു സിനിമാക്കാരന്റെയും  ക്യാമറകൾ അന്വേഷണാത്മകമായി  കടന്നു ചെല്ലുന്നില്ല എന്ന ചോദ്യത്തിന്റെ പ്രസക്തി കൂടെ ഇവിടെ പങ്കു വക്കപ്പെടേണ്ടതുണ്ട്. ന്യായമായ ഇരവാദവും അതിന്റെ കലാവിഷ്ക്കരണവും ഇന്നത്തെ സമൂഹത്തിൽ അവതരിപ്പിച്ചു കാണേണ്ടതിന്റെ ആവശ്യകത ഏറി വരുന്ന ഈ വേളയിലും  ഭൂരിപക്ഷ സിനിമാക്കാരും പുതു പ്രമേയങ്ങൾക്ക് വേണ്ടി ഇരുട്ടിൽ തപ്പുകയാണ്‌. അങ്ങിനെ ഇരുട്ടിൽ തപ്പുന്ന മുഖ്യധാരാ സിനിമാക്കാർക്ക്  നല്ലൊരു അവലംബ ഗ്രന്ഥം കൂടിയാണ് The Hunt എന്ന സിനിമയുടെ തിരക്കഥ. 

ആകെ മൊത്തം ടോട്ടൽ = ഒരു കഥയും കുറേ കഥാപാത്രങ്ങളും എന്നതിലുപരി  സിനിമയിലൂടെ എന്തെങ്കിലുമൊക്കെ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ മാത്രമാണ് ഒരു സാമൂഹിക കലാ മാധ്യമം എന്ന നിലയിൽ സിനിമ സമൂഹത്തിൽ ശക്തിപ്പെടുക എന്ന് ഓർമ്മപ്പെടുത്തുന്ന ഒരു നല്ല സിനിമ. 

*വിധി മാർക്ക് = 8/10 
-pravin- 

10 comments:

  1. വായിച്ചപ്പോൾ കാണണമെന്ന വലിയ ആഗ്രഹം. ഇത്തരം സിനിമകൾ എവിടെ ലഭ്യമാവുമെന്ന ഒരു സൂചനകൂടി ലേഖനത്തോടൊപ്പം ചേർത്തിരുന്നെങ്കിൽ നന്നായേനെ......

    പതിവുപോലെ പ്രവീണിന്റെ നല്ലൊരു സിനിമാവായന

    ReplyDelete
    Replies
    1. താങ്ക്യു പ്രദീപേട്ടാ .. ഓക്കേ ..ഇനി മുതൽ സിനിമകളുടെ ലഭ്യതയെ കുറിച്ച് കൂടി എഴുത്തിന്റെ അവസാനം സൂചിപ്പിക്കാം. ഈ സിനിമ യൂ ടൂബിൽ ഇല്ല . ടോരെന്റ്റ് വഴി ഡൌണ്‍ ലോഡ് ചെയ്യാവുന്നതാണ്. ഡാനിഷ് ഭാഷ ആയതിനാൽ സബ് ടൈറ്റിൽ ഉള്ളത് ഡൌണ്‍ ലോഡ് ചെയ്യുന്നത് നന്നായിരിക്കും. ലിങ്ക് ഞാൻ മെയിൽ ചെയ്യുകയോ എഫ് ബിയിൽ മെസ്സേജ് ചെയ്യുകയോ ചെയ്യാം ..

      Delete
  2. വിവിധ കേസുകളിൽ കുറ്റാരോപിതർ മാത്രമായി കാലങ്ങളായി തടവറകളിൽ കഴിയുന്നവരുടെ ജീവിതങ്ങളിലേക്കോ ചുറ്റുപാടുകളിലേക്കോ എന്ത് കൊണ്ട് ഒരു സിനിമാക്കാരന്റെയും ക്യാമറകൾ അന്വേഷണാത്മകമായി കടന്നു ചെല്ലുന്നില്ല എന്ന ചോദ്യത്തിന്റെ പ്രസക്തി കൂടെ ഇവിടെ പങ്കു വക്കപ്പെടേണ്ടതുണ്ട്. ന്യായമായ ഇരവാദവും അതിന്റെ കലാവിഷ്ക്കരണവും ഇന്നത്തെ സമൂഹത്തിൽ അവതരിപ്പിച്ചു കാണേണ്ടതിന്റെ ആവശ്യകത ഏറി വരുന്ന ഈ വേളയിലും ഭൂരിപക്ഷ സിനിമാക്കാരും പുതു പ്രമേയങ്ങൾക്ക് വേണ്ടി ഇരുട്ടിൽ തപ്പുകയാണ്‌. അങ്ങിനെ ഇരുട്ടിൽ തപ്പുന്ന മുഖ്യധാരാ സിനിമാക്കാർക്ക് നല്ലൊരു അവലംബ ഗ്രന്ഥം കൂടിയാണ് The Hunt എന്ന സിനിമയുടെ തിരക്കഥ.

    മാറ്റങ്ങളുടെ ധ്വനി

    ReplyDelete
  3. നോട്ട് ചെയ്തിരിക്കുന്നു ഭായ്.

    ReplyDelete
  4. കഴിഞ്ഞ കൊല്ലം ഏറ്റവും നല്ല വിദേശ ഭാഷാ ചിത്രത്തിനുള്ള കിട്ടുമെന്ന് കരുതിയ ഡാനിഷ് ചിത്രം. ഒരു കിടിലന്‍ ഡ്രാമ. 'ദ ഹണ്ട്' എന്ന ശീര്‍ഷകത്തെ സിനിമയുമായി ബന്ധിപ്പിക്കുന്ന ക്ലൈമാക്സ് സീന്‍ എത്ര മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്! ഹോളീവുഡില്‍ വില്ലന്‍ റോളുകളില്‍ പ്രത്യക്ഷപ്പെടുന്ന മാഡ് മെല്ക്കിന്‍ന്‍സണ്‍ ലൂക്കാസായി തകര്‍ത്ത് അഭിനയിച്ചിരിക്കുന്നു.

    ReplyDelete
    Replies
    1. കറക്റ്റ് ... ക്ലൈമാക്സ് ആണ് ഇതിന്റെ മാറ്റ് കൂട്ടുന്നത് . സിനിമയുടെ പേരിനെ വേണ്ട വിധത്തിൽ സിനിമയുമായി ബന്ധിപ്പിക്കാനും ഉപയോഗപ്പെടുത്താനും പല സിനിമകൾക്കും ആകാറില്ല ..ഇവിടെ അത് തീർത്തും അനുയോജ്യമാം വിധം കൂട്ടിയിണക്കിയിരിക്കുന്നു.

      Delete
  5. hallo mr parveen epoo thagalludea malayala filim reviwe onum kanunnilallo etha eppo malayalam padam kannunathu nirthiyo ????????????

    ReplyDelete