Thursday, June 27, 2019

'ഉണ്ട'യുള്ള സിനിമ

ഒരു ചെറിയ കഷ്ണം പത്ര വാർത്തയിൽ നിന്ന് ഇത്രയേറെ സാമൂഹിക വിഷയങ്ങൾ കോർത്തിണക്കി കൊണ്ട് ഒരു നാടിന്റെ-നാട്ടുകാരുടെ- അതിലുപരി ഈ കാലഘട്ടത്തിന്റെയൊക്കെ രാഷ്ട്രീയം തികഞ്ഞ ജനാധിപത്യമര്യാദയോട് കൂടി പറഞ്ഞവതരിപ്പിക്കാൻ സാധിച്ചു എന്നുള്ളിടത്താണ് 'ഉണ്ട' ഒരു സമകാലീന സാമൂഹിക രാഷ്ട്രീയ സിനിമയായി മാറുന്നത്. 

പോലീസിന്റെ ഒരു ദിവസം തുടങ്ങുന്നതു തൊട്ട് പുതിയ ചുമതലയേറ്റടുെത്തു കൊണ്ടുള്ള അവരുടെ യാത്രാ ഒരുക്കങ്ങളും പുറപ്പാടുകളുമൊക്കെയായി മനോഹരമായി വരച്ചു കാണിച്ചു തരുന്ന കേരളാ പോലീസിനെ ഭീതിജനകമായ മറ്റൊരു സാമൂഹിക അന്തരീക്ഷത്തിലേക്ക് പറിച്ചു നടുന്ന സീനുകൾ. കേരളാന്തരീക്ഷത്തിൽ മാത്രം പരിശീലിച്ചു പഴകിയ ഒരു പോലീസ് സേനക്ക് കേരളത്തിന് പുറത്ത് നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും ബന്ധപ്പെട്ട സർക്കാരുകളിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന അവഗണനകളുമൊക്കെ കേവലം സിനിമാ സ്‌ക്രീൻ കാഴ്ചകളായി ഒതുക്കാതെ കാണുന്നവനെ അനുഭവപ്പെടുത്താൻ സിനിമക്ക് സാധിക്കുന്നു. 

മാവോയിസ്റ്റുകളെ ജനാധിപത്യ വിരുദ്ധരും ഭീകരവാദികളുമായി പ്രതിഷ്ഠിക്കുമ്പോഴും ജനാധിപത്യ വിശ്വാസികൾ എന്ന് കണക്കാക്കപ്പെടുന്ന രാഷ്ട്രീയക്കാരുടെ തെമ്മാടിത്തരവും ഗുണ്ടായിസവും ജനാധിപത്യ വിരുദ്ധമായി കാണാൻ സർക്കാരുകൾക്ക് സാധിക്കുന്നുണ്ടോ എന്ന ചോദ്യം ഉയർന്നു പോകുന്ന സീനുകളുണ്ട്. ബൂത്തു കൈയ്യേറി ഓഫിസറെ മർദ്ദിക്കുകയും കള്ളവോട്ടുകളിലൂടെ തിരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരൊക്കെ ഭീകരർ അല്ലാതാകുന്ന സ്ഥിതി വിശേഷം. 

എത്രത്തോളം കരുതലും സുരക്ഷയുമൊരുക്കി കൊണ്ടാണ് ഛത്തീസ്‌ഗാഡ് പോലുള്ള സ്ഥലങ്ങളിൽ പോലീസ് സേന ജനാധിപത്യത്തിന് കാവലാളാകുന്നത് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സിനിമ. ഒരു ഘട്ടത്തിൽ തമാശ രൂപേണ പറഞ്ഞു തുടങ്ങിയ കാര്യങ്ങളെല്ലാം ഭയാനകമായ സാഹചര്യങ്ങളായിരുന്നെന്ന് തിരിച്ചറിഞ്ഞു കൊണ്ട് പ്രവർത്തിക്കാൻ നിർബന്ധിതരാകുമ്പോഴും ഈഗോയും ദുരഭിമാനവും നിവർത്തികേടും സഹാനുഭൂതിയും ദുഷിപ്പുകളുമൊക്കെ പേറുന്ന പല വിധം മനുഷ്യരുടെ യൂണിഫോമിട്ട രൂപമാണോ കേരളാ പോലീസെന്ന് ചിന്തിച്ചു പോകും. 

അകത്തു നിന്നും പുറത്തു നിന്നുമായി ഇത്രയേറെ ഭീഷണികളും അടിച്ചമർത്തലുകളും നേരിടുമ്പോഴും അതി രാവിലെ വോട്ട് ചെയ്യാനെത്തുന്ന ഗ്രാമവാസികൾ ഇന്ത്യൻ ജനാധിപത്യത്തിനു നൽകുന്ന വിശ്വാസത്തിന്റെയും പിന്തുണയുടെയും കാൽഭാഗമെങ്കിലും ഭരണകൂടം തിരിച്ചു അവർക്ക് നൽകുന്നുണ്ടോ എന്നത് വേദനിപ്പിക്കുന്ന ചോദ്യമായി മനസ്സിൽ അവശേഷിക്കുന്നു. 

ആദിവാസി സമൂഹത്തിൽ നിന്ന് പോലീസിലെത്തിയ ബിജു എന്ന കഥാപാത്രം ഈ സിനിമയുടെ നിലപാടുപരമായ മാണിക്യമാണ്. ആ കഥാപാത്രത്തെ മുൻനിർത്തി കൊണ്ട് തന്നെ ഒരേ സമയം സമൂഹത്തിന്റെ ദുഷിച്ച ചിന്താഗതിയെ തുറന്നു കാണിക്കുകയും അത് തിരുത്തിപ്പിക്കുകയും ചെയ്യുന്നുണ്ട് സിനിമ. നമ്മുടെ ജീവിതം എങ്ങിനെയാകണമെന്ന് വേറൊരാൾ തീരുമാനിക്കുന്ന അവസ്ഥ ഭീകരമാണ് അത് സഹിക്കാൻ പറ്റില്ല സാറേ എന്ന് പറയുന്ന പിസി ബിജുകുമാർ ഛത്തീസ്‌ഗഡ്‌ വിട്ടു പോകുന്ന സമയത്ത് തെളിയിച്ചിട്ടു പോകുന്ന ഒരു വിളക്കുണ്ട്. ആ വിളക്കിന്റെ വെളിച്ചം തന്നെയാണ് ഈ സിനിമയുടെ ചിന്ത. ആദിവാസി ഊരുകളിലെ ആ വെളിച്ചം കെടാതെ സൂക്ഷിക്കാൻ, അവരെ കൂടെ നിർത്താൻ, മുഖ്യധാരാ സമൂഹത്തിലേക്ക് നയിക്കാൻ, സംവരണമെന്തിന് എന്ന് ചിന്തിക്കുന്നവർക്ക് മറുപടി നൽകാൻ ലുക്മാന്റെ ബിജു കുമാറിനെ പോലുള്ള കഥാപാത്രങ്ങൾ സിനിമയിലൂടെയെങ്കിലും നമുക്കിടയിലേക്ക് ഇറങ്ങി വരേണ്ടതുണ്ട്. 

മമ്മൂട്ടി എന്ന താരത്തെ കാണാൻ കിട്ടാതെ പോയ സിനിമയുടെ അവസാന സീനുകളിലാണ് ചെറിയ അഡ്ജസ്റ്റ്മെന്റുകൾ നടക്കുന്നത്. മണി സാറും ടീമും അവിടെ സ്ട്രോങ്ങ് ആയി പൊരുതിയാലേ ജീവിതത്തിലേക്കൊരു മടക്കമുള്ളൂ എന്നത് കൊണ്ട് തന്നെ റിയലിസ്റ്റിക് അവതരണത്തിന്റെ സാധ്യതകളെ അവസാന സീനുകളിൽ നിന്ന് വെട്ടിക്കളയുന്നു. 

ആകെ മൊത്തം ടോട്ടൽ = മണി സാറിന്റെയും ടീമിന്റെയും കൈയ്യിലെ തോക്കുകളിൽ ഉണ്ടയില്ലായിരുന്നിരിക്കാം. പക്ഷേ നിലപാടുപരമായി ഒരുപാട് ഉണ്ടകൾ ഉള്ള ഒരു നല്ല തോക്കാണ് ഖാലിദ് റഹ്മാന്റെ ഈ  സിനിമ. സജിത്ത് പുരുഷന്റെ ഛായാഗ്രഹണവും മികച്ചു നിന്നു. അവതരണപരമായി ഒരുപാട് സാധ്യതകൾ ഉളള പ്രമേയത്തിന്റെ ഏറ്റവും ലളിതമായ അവതരണമായി 'ഉണ്ട' എന്നത് ഒരു പോരായ്മയായി ചിലരെങ്കിലും പറഞ്ഞേക്കാം. പക്ഷെ പറഞ്ഞു കാട് കയറാത്ത  ആ ലാളിത്യം തന്നെയാണ് ഈ കൊച്ചു സിനിമയുടെ മികവ് എന്ന് പറയേണ്ടി വരുന്നു. 

*വിധി മാർക്ക് = 7.5/10 

-pravin-


1 comment:

  1. വെടി തീർന്നിട്ടും പുകയുന്ന 'ഉണ്ട '

    ReplyDelete