Thursday, July 11, 2019

ഓസ്‌ക്കാറിലേക്ക് ഒരു സിനിമാ യാത്ര


സിനിമക്കുള്ളിലെ സിനിമയല്ല ഇത് ഒരു സിനിമാക്കാരന്റെയും അയാളുടെ സിനിമയുടെയും കഥയാണ്..അയാൾക്ക് ചുറ്റിലുമുള്ളവരുടെയും അയാൾ കണ്ടു മുട്ടുന്നവരുടേയുമൊക്കെ കഥയാണ്. 

മലയാള സിനിമാ ലോകത്ത് നിന്നും ഓസ്‌ക്കാറിലേക്ക് നീളുന്ന തന്റെ സിനിമാജീവിത യാത്രയിൽ ഇസ്ഹാക്ക് നേരിടുന്ന പ്രതിസന്ധികളും അയാളുടെ അനുഭവങ്ങളും പ്രതീക്ഷകളും തിരിച്ചറിവുകളുമൊക്കെ സിനിമയെ നെഞ്ചിലേറ്റുന്ന ഏതൊരാളെയും അനുഭവഭേദ്യമാക്കും വിധം അവതരിപ്പിച്ചിട്ടുണ്ട് സലിം അഹമ്മദ്. 

സലിംകുമാറിന്റെ മൊയ്തുവും, സിദ്ധീഖിന്റെ പ്രിൻസുമൊക്കെ ടൊവിനൊയുടെ ഇസഹാഖിനൊപ്പം തന്നെ നമ്മുടെ മനസ്സിൽ കുടിയേറുന്നുണ്ട് പല സീനുകളിൽ കൂടി. ഇസ്ഹാഖിന്റെ 'മിന്നാമിനുങ്ങളുടെ ആകാശം' നമ്മൾ കണ്ടറിയാത്ത ഒരു സിനിമയെങ്കിലും അനുഭവിച്ചറിയുന്ന നോവായി അത് മാറുന്നത് മൊയ്തുക്ക എന്ന കഥാപാത്രത്തിലൂടെയാണ്. ഭ്രാന്ത് ഒരു അസുഖമല്ല ചിലതിനോടുള്ള ഇഷ്ടക്കൂടുതലാണെന്നും അത് സിനിമയോട് ഒരുപാടുണ്ടായിരുന്ന ആളായിരുന്നു താനെന്നും പറയുന്ന പ്രിൻസിനു സിനിമയെ ഒഴിവാക്കി ജീവിതം തിരഞ്ഞെടുക്കേണ്ടി വന്നപ്പോൾ അനുഭവിക്കേണ്ടി വന്ന മനഃസംഘർഷം സ്‌ക്രീനിൽ നിന്നും പ്രേക്ഷകനിലേക്ക് എത്തുന്നുണ്ട്. 

സിനിമ തന്നെ ജീവിതമെന്നു പറയാമെങ്കിലും സിനിമയും ജീവിതവും രണ്ടു തന്നെയാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് മൊയ്തുക്ക. നമുക്ക് ചുറ്റിലുമുള്ള ജീവിതങ്ങളെ സിനിമയിലേക്ക് പറിച്ചു നടാൻ സാധിക്കുമെങ്കിലും സിനിമയിലെ കാര്യങ്ങൾ അതേ പടി ജീവിതത്തിൽ സംഭവിക്കുന്നില്ല. സിനിമ മാത്രമെന്ന് അറിഞ്ഞിട്ടും സിനിമ നൽകുന്ന അനുഭവപ്പെടുത്തലുകളിലൂടെയാണ് അത് മനുഷ്യ മനസ്സുകളെയും ജീവിതത്തെയുമൊക്കെ കുളിരണയിക്കുന്നതും സന്തോഷിപ്പിക്കുന്നതും. 

സിനിമ ഒരാളുടെ മാത്രം ശ്രമമല്ല ഒരുപാട് പേരുടെ കഴിവും സഹകരണവുമൊക്കെ കൂടി ഒത്തു ചേരുമ്പോൾ സംഭവിക്കുന്ന ഒരു ക്രിയാത്മകതയാണ്. അങ്ങിനെയെങ്കിൽ കൂടി സിനിമ ആത്യന്തികമായി മികവറിയിക്കുന്നത് അതിന്റെ സംവിധായകനിൽ കൂടിയാണ് എന്ന് പറഞ്ഞു വെക്കുന്നുണ്ട് ശ്രീനിവാസന്റെ അരവിന്ദൻ എന്ന കഥാപാത്രം. പൂച്ചയും കാക്കയും നായയുമൊക്കെ സിനിമയിൽ നന്നായി അഭിനയിച്ചു എന്ന് പറഞ്ഞു കേക്കാമെങ്കിലും അവരൊന്നും ഒരു സിനിമ സംവിധാനം ചെയ്തു എന്ന് കേൾക്കാത്തത് അത് കൊണ്ടാണെന്ന അരവിന്ദന്റെ വാദം ശരി വക്കുന്നത് സലിം അഹമ്മദ് എന്ന പ്രതിഭാധനനായ സംവിധായകനെ തന്നെയാണ്. 

സിനിമ കഴിഞ്ഞിട്ടും മായാതെ മനസ്സിൽ നിൽക്കുന്ന ഒരു ദൃശ്യമുണ്ട്. മിന്നാമിനുങ്ങുകൾ മിന്നി പാറി കളിക്കുന്ന കുന്നിൻ മുകളിൽ പോയി നിക്കുന്ന മൊയ്തുക്ക. സ്വന്തം സിനിമയിൽ ചിത്രീകരിക്കാൻ സാധിക്കാതെ പോയ ആ ദൃശ്യം നേരിട്ട് കണ്ടു വരുന്ന ഇസ്ഹാഖ്‌. എന്തൊരു ഗംഭീര സീനായിരുന്നു അത്. മധു അമ്പാട്ട് സംവിധായകനെ പോലും മറി കടന്നു ചിന്തിച്ചു പോയിരിക്കുമോ ആ സീൻ എടുക്കുമ്പോൾ എന്ന് ആലോചിച്ചു പോയി. 

പ്രതിസന്ധികളെ തരണം ചെയ്യാൻ വലിയൊരു ഊർജ്ജം തരുന്ന, ജീവിക്കാൻ വീണ്ടും പ്രേരിപ്പിക്കുന്ന അദൃശ്യമായ ഒരു ശക്തി ആ കുന്നിൻ മുകളിലുണ്ടെന്ന് ആദ്യം അനുഭവിച്ചറിഞ്ഞ മൊയ്തുക്കയുടെ അതേ വഴിയിലൂടെ ഇസഹാഖിനെയും നടത്തിച്ചത് ആരായിരിക്കാം ? മനസ്സിൽ സങ്കടങ്ങൾ പെയ്തിറങ്ങുമ്പോൾ ഞാനിങ്ങനെ ഒറ്റക്ക് ഈ കുന്നിൻ മുകളിലെ മരച്ചുവട്ടിൽ വന്നിരിക്കാറുണ്ട് എന്ന് ആദാമിന്റെ മകൻ അബുവിനോട് പറഞ്ഞ പഴയ ഉസ്താദിനെ ഓർത്തു പോയ സീൻ കൂടിയാണത്. അബുവും ഉസ്താദും സംസാരിച്ചു നിന്ന അത് പോലൊരു കുന്നിന്റെ മറ്റൊരു ദൃശ്യാവിഷ്ക്കാരത്തിൽ ഉസ്താദിന് പകരം മൊയ്തുക്കയും അബുവിനു പകരം ഇസഹാഖും വന്നു നിൽക്കുന്നു. 

നമ്മളെക്കാൾ കഴിവും യോഗ്യതയുമുള്ള ഒരുപാട് പേര് ലോകത്തുണ്ടായിട്ടും അക്കൂട്ടത്തിൽ നിന്ന് നമ്മളെ പടച്ചോൻ ഇത്രയിടം വരെ കൈ പിടിച്ചു ഉയർത്തിയിട്ടുണ്ടെങ്കിൽ നമ്മൾ പടച്ചോന് അത്ര മാത്രം പ്രിയപ്പെട്ടവരായത് കൊണ്ടാണ് എന്ന ഓർമ്മപ്പെടുത്തൽ നമ്മുടെ മനസ്സുകളിലേക്ക് വീശുന്ന വെളിച്ചത്തിന് കണക്കില്ല. തീർച്ചയായും സലിം അഹമ്മദ് എന്ന സംവിധായകനും ഇതേ പടച്ചവന്റെ ഒരു തിരഞ്ഞെടുപ്പാണ്. അത് കൊണ്ട് തന്നെ ഇസഹാഖെന്ന കഥാപാത്രം അഭ്രപാളിയിലെ വെളിച്ചത്തു നിക്കുമ്പോൾ അതേ കഥാപാത്രത്തിന്റെ നിഴലിൽ സലിം അഹമ്മദിനെ ആരെങ്കിലും കണ്ടു പോയാൽ അതിൽ തെറ്റ് പറയാനില്ല. 

ആകെ മൊത്തം ടോട്ടൽ = ഇടക്കിത്തിരി ലാഗ് ഉണ്ടെന്നതൊഴിച്ചാൽ സിനിമാ പ്രേമികളുടെ മനസ്സിൽ തട്ടുന്ന ഒരു നല്ല സിനിമയാണ് ഓസ്‌ക്കാർ. ഒരു സിനിമ ഉണ്ടാകുന്നതിനു പിന്നിലെ കഷ്ടപ്പാടുകളും കടമ്പകളും തൊട്ട് ഓസ്‌ക്കാർ നോമിനേഷനുമായി ബന്ധപ്പെട്ടു നമുക്കറിയാത്ത കാര്യങ്ങളെ കുറിച്ചൊക്കെ പറഞ്ഞു പോകുന്ന സിനിമ ഹൃദ്യമായ സംഭാഷണങ്ങളുടെ കൂടിയാണ്. എല്ലാ സിനിമകളുടെയും ഭാഷ ഒന്നാണ് - ദൃശ്യം. ആ ഭാഷ ഉൾക്കൊള്ളുമ്പോൾ സിനിമക്ക് ഒരൊറ്റ ലോകമേ ഉള്ളൂ- ആസ്വാദനം. ലോകത്തിന്റെ പല ഭാഗത്തിരുന്നു സിനിമ കണ്ട് ഇഷ്ടപ്പെടുമ്പോൾ പ്രേക്ഷകർ നൽകുന്ന കൈയ്യടികൾ തന്നെയാണ് ഓസ്ക്കാറിനെക്കാൾ വലിയ അവാർഡ്. സിനിമയെ സ്നേഹിക്കുന്നവർ കാണാതെ പോകരുത് ഈ 'ഓസ്‌ക്കാർ'. 

*വിധി മാർക്ക് = 7.5/10 

-pravin- 

1 comment:


  1. ഓസ്കർ കണ്ടിട്ടില്ല - നല്ല വിശകലനം

    ReplyDelete