Sunday, March 8, 2020

ട്രാൻസ് - ആത്മീയ ചൂഷണങ്ങളും വ്യാപാരങ്ങളും !!

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കാറൽ മാർക്സിന്റെ പ്രസ്താവനയുടെ ഒരു മികച്ച സിനിമാവിഷ്ക്കരമാണ് അൻവർ റഷീദിന്റെ 'ട്രാൻസ്'.

ഏറ്റവും ലാഭകരമായ വ്യാപാരം ലഹരിയുടേതാണെങ്കിൽ ഏറ്റവും നല്ല വിപണന സാധ്യതയുള്ള ലഹരിയാണ് മതവും വിശ്വാസവുമെന്ന് പറഞ്ഞു തരുന്നു സിനിമ.

അസുഖം വന്നാൽ ചികിത്സ വേണ്ട പ്രാർത്ഥനയും മന്ത്രിച്ചോതിയതും വഴിപാടുമൊക്കെ മതി എന്ന് വിശ്വസിച്ചു ജീവിക്കുന്ന ഒരു വലിയ വിഭാഗം ജനത നമുക്കിടയിൽ തന്നെയുണ്ട് എന്നിരിക്കെ 'ട്രാൻസ്' ഒരു എന്റർടൈൻമെന്റ് സിനിമാ കാഴ്ചയല്ല കണ്ടു ബോധ്യപ്പെടേണ്ട സത്യങ്ങളും കൂടിയാണ്.

മതത്തിന്റെ പേരിൽ നടക്കുന്ന ആത്മീയ വ്യാപാരങ്ങളും ചൂഷണങ്ങളും പ്രമേയവത്ക്കരിക്കപ്പെടുന്ന സിനിമയിലെവിടെയും മതം വിമർശിക്കപ്പെടാത്ത രീതിയിലാണ് വിൻസെന്റ് വടക്കൻ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ കുരു പൊട്ടുന്ന മതവികാരങ്ങൾക്കൊന്നും സിനിമയിൽ സ്ഥാനമില്ല. പക്ഷേ സിനിമയുടെ ഏറ് ശരിയായ രീതിയിൽ കൊള്ളേണ്ടവർക്ക് കൊള്ളും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

മോട്ടിവേഷണൽ സ്പീക്കറിൽ നിന്ന് ഒരു പാസ്റ്ററിലേക്കുള്ള വിജു പ്രസാദിന്റെ പരിണാമ വഴികളൊക്കെ ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട് സിനിമയിൽ.

കന്യാകുമാരിയിലെ ഒറ്റ മുറിയും കടലിന്റെ പശ്ചാത്തലവും, മുബൈയിലെ നഗരത്തിരക്കും കുടുസ്സുമുറികളുടെ തുറന്നിട്ട ജനലുകളും, ആൾക്കൂട്ടം നിറയുന്ന ഓഡിറ്റോറിയവും തൊട്ട് ആംസ്റ്റർഡാം വരെയുള്ള വിജുവിന്റെ ജീവിതത്തിലെ നിറമില്ലാത്തതും നിറമുള്ളതുമായ കാഴ്ചകളെ ഛായാഗ്രഹണ മികവു കൊണ്ട് വേറിട്ട് അടയാളപ്പെടുത്തുന്നു അമൽ നീരദ്.

വിജു പ്രസാദിന്റെ ഭൂത കാലവും വർത്തമാന കാലവും പറയുന്ന രംഗങ്ങളും, അയാളുടെയും കുഞ്ഞന്റെയും മാത്രവുമായ ഇടുങ്ങിയ ലോകവും കുഞ്ഞനോടുള്ള അയാളുടെ കരുതലുകളുമൊക്കെ വല്ലാത്തൊരു വൈകാരിക കഥാപാരിസരം ഉണ്ടാക്കുന്നുണ്ട് സിനിമയുടെ തുടക്കത്തിൽ.

ടൈറ്റിൽ കാർഡ് എഴുതി തെളിയും മുന്നേ തന്നെ 'ട്രാൻസ്' എന്ന സിനിമയെ നമ്മുടെ മനസ്സിലേക്ക് ചേക്കേറാൻ വിടുകയാണ് അൻവർ റഷീദ്. ട്രാൻസിലെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന കഥാഭാഗങ്ങളും അത് തന്നെ.

ചെറിയ രംഗങ്ങളിൽ വന്നു പോയ ശ്രീനാഥ്‌ ഭാസിയുടെയും വിനായകന്റേയുമൊക്കെ കഥാപാത്രങ്ങൾ പ്രകടന മികവുകൾ കൊണ്ട് ശ്രദ്ധേയമായപ്പോൾ സിനിമയിൽ മുഴുനീളെ ഉണ്ടായിട്ടും ചെമ്പൻ വിനോദിനൊന്നും വേണ്ടത്ര സ്‌ക്രീൻ പ്രസൻസ് പോലും കിട്ടാതെ പോകുന്നുണ്ട്. ഗൗതം മേനോന്റെ വില്ലൻ വേഷവും സൗബിന്റെ ചാനൽ അവതാരക വേഷവും നസ്രിയയുടെ പുതിയ ഗെറ്റപ്പിലുള്ള വരവുമൊക്കെ കൊള്ളാമായിരുന്നു.

റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനും സുഷിൻ ശ്യാം - ജാക്സൺ വിജയ് ടീമിന്റെ പശ്ചാത്തല സംഗീതവും ട്രാൻസിന്റെ ഭംഗി കൂട്ടുന്നതിൽ കാര്യമായൊരു പങ്കു വഹിച്ചിട്ടുണ്ട്.

2013 ൽ റിലീസായ ബാബു ജനാർദ്ദനന്റെ 'ഗോഡ് ഫോർ സെയിലി'ൽ പറഞ്ഞു വച്ച ചില കാര്യങ്ങളുടെ മികച്ച പുനരാവിഷ്ക്കാരമായി വേണമെങ്കിൽ ട്രാൻസിനെ പറഞ്ഞു വക്കാം. 'ഗോഡ് ഫോർ സെയിലി'ൽ സ്വയം ദൈവാവതാരമായി പ്രഖ്യാപിച്ച പ്രസന്നൻ നായർ വിശ്വാസി സമൂഹത്തിനു മുന്നിൽ സ്വാമി പൂർണ്ണാനന്ദയായി മാറുമ്പോൾ അതിന്റെ മറ്റൊരു പതിപ്പെന്നോണം ട്രാൻസിൽ മോട്ടിവേഷണൽ സ്‌പീക്കർ വിജു പ്രസാദ് അത്ഭുത പ്രവർത്തികൾ നടത്തുന്ന പാസ്റ്റർ ജോഷ്വാ കാൾട്ടൻ ആയി മാറുന്നു എന്ന് മാത്രം.

തൊട്ടാൽ പൊള്ളുന്ന ഒരു വിഷയത്തെ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നിടത്തു ട്രാൻസ് മികച്ചു നിക്കുമ്പോഴും ആദ്യ പകുതിയിലെ പിരിമുറുക്കം രണ്ടാം പകുതിയിൽ ഇല്ലാതെ പോകുന്നുണ്ട്. അതിന്റെ കാരണം തിരക്കഥാപരമായ പോരായ്മയെന്നോ അതുമല്ലെങ്കിൽ തിരക്കഥയിൽ പറഞ്ഞു വച്ച കാര്യത്തെ ബോധ്യപ്പെടുത്താൻ സാധിക്കാതെ പോയ അവതരണത്തിലെ പാക പിഴയെന്നോ പറയാം.

അങ്ങിനെ ഒരു പോരായ്മ നിലനിൽക്കുമ്പോഴും രണ്ടാം പകുതിയെ മോശമാക്കി മാറ്റാതെ നിലനിർത്തുന്നത് ഫഹദ് ഫാസിലിന്റെ ഒറ്റയാൾ പ്രകടനമാണ്. അത്ര മാത്രം എനർജറ്റിക് ആയൊരു ഫഹദ് കഥാപാത്രത്തെ ഇത് വരേയ്ക്കും കണ്ടിട്ടില്ല. ആ തലത്തിൽ ട്രാൻസ് എന്നത് കഥാപാത്രങ്ങളിൽ നിറഞ്ഞാടുന്ന ഫഹദ് എന്ന നടന്റെ ഗംഭീര ട്രാൻസ്ഫോർമേഷന്റെ കൂടി സിനിമയായി മാറുന്നു.

ആകെ മൊത്തം ടോട്ടൽ = മികച്ച ആദ്യ പകുതിയും കൈ വിട്ടു പോയ രണ്ടാം പകുതിയുമാണ് ട്രാൻസ്. എന്നിരുന്നാലും മേക്കിങ് മികവും പറഞ്ഞു വയ്ക്കുന്ന വിഷയം കൊണ്ടും ഫഹദിന്റെ പ്രകടനം കൊണ്ടുമൊക്കെ ട്രാൻസ് വേറിട്ട ആസ്വാദനം തരുന്നു. 

*വിധി മാർക്ക് = 7/10 

-pravin- 

1 comment:

  1. അതെ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കാറൽ മാർക്സിന്റെ പ്രസ്താവനയുടെ ഒരു മികച്ച സിനിമാവിഷ്കാരം തന്നെയാണ് ഈ സിനിമ . അൻവർ റഷീദ്  'ട്രാൻസ്'.നെ നന്നായി സിനിമയിലൂടെ ട്രാൻസിലേറ്റ് ചെയ്തിരിക്കുന്നു 

    ReplyDelete