പരിമിതികൾക്കുള്ളിൽ നിന്ന് ചിത്രീകരിച്ച സിനിമ എന്ന് അനുഭവപ്പെടുത്താത്ത വിധം കഥാപരവും അവതരണപരവും സാങ്കേതികപരവുമായ ഒരു സിനിമയിലെ എല്ലാ വശങ്ങളും ഒരു പോലെ മികച്ചു നിന്നതിന്റെ ഫലമാണ് 'C U Soon' ന്റെ ആസ്വാദനപരമായ വിജയം.
മൊബൈൽ സ്‌ക്രീൻ കാഴ്ചകളിലൂടെ രണ്ടു വ്യക്തികൾ തമ്മിൽ ഓൺലൈനിൽ പരിചയപ്പെടുന്നതും അവരുടെ ബന്ധം വികസിപ്പിക്കുന്നതുമൊക്കെ ഉറ്റു നോക്കാൻ നിർബന്ധിതരാക്കി കൊണ്ടുള്ള തുടക്കം തന്നെ മതി 'C U Soon' വേറിട്ട ഒരു സിനിമ തന്നെ എന്ന് ഉറപ്പിക്കാൻ.
ജിമ്മി കുര്യനും അനുമോളും കെവിനുമൊക്കെ ഇടയിൽ ഒരു അദൃശ്യ സാന്നിദ്ധ്യമായി പ്രേക്ഷകരെ കൊണ്ട് നിർത്തുന്നുണ്ട് മഹേഷ് നാരായണൻ.
കോവിഡ് കാലത്ത് virtual cinematography യുടെ സാധ്യത ആഴത്തിൽ പഠിച്ചിട്ട് തന്നെയാണ് മഹേഷ് ഈ പണിക്കിറങ്ങിയത് എന്ന് ഓരോ സീനിൽ നിന്നും ഷോട്ടിൽ നിന്നും നമുക്ക് മനസ്സിലാക്കാം.
ഉള്ളു പൊള്ളിക്കുന്ന ചില സാമൂഹിക യാഥാർഥ്യങ്ങളെ പ്രമേയവത്ക്കരിക്കുന്നതോടൊപ്പം
ഈ ഡിജിറ്റൽ കാലത്ത് നമ്മുടെയൊക്കെ സ്വകാര്യതയെന്നു പറയുന്നത് ദാ ഇത്രയൊക്കെയേ ഉള്ളൂ എന്ന് ഭീകരമായി ബോധ്യപ്പെടുത്താനും കൂടി ശ്രമിക്കുന്നുണ്ട് സിനിമ.
ഏകാംഗ അഭിനയത്തിന്റെ കലർപ്പൊന്നുമില്ലാതെ തീർത്തും റിയലിസ്റ്റിക്കായി പെരുമാറുന്ന പ്രകടനങ്ങൾ കൊണ്ട് വേറിട്ട് നിന്നു ഫഹദും റോഷനും ദർശനയുമൊക്കെ.
ആകെ മൊത്തം ടോട്ടൽ = ഒരു പരീക്ഷണാത്മക സിനിമ എന്ന നിലക്ക് തൃപ്തിപ്പെടുത്തുന്ന ഒരു ത്രില്ലറും മെലോഡ്രാമയുമൊക്കെയായി വിലയിരുത്താം മഹേഷിന്റെ 'C U Soon' നെ.
*വിധി മാർക്ക് = 8/10
-pravin-
നല്ല മെലോഡ്രാമയായിരുന്നു
ReplyDelete