Thursday, October 22, 2020

കണ്ടിരിക്കാവുന്ന  ഒരു ഹലാൽ സിനിമ !!




സിനിമയും ടിവിയുമൊക്കെ ഹറാമാണെന്ന് വിശ്വസിച്ചിരുന്ന മുസ്‌ലിം സുഹൃത്തുക്കൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ സക്കറിയയുടെ 'ഹലാൽ ലവ് സ്റ്റോറി' യെ രാഷ്ട്രീയ വായനക്കപ്പുറം വ്യക്തിപരമായ ഓർമ്മകളിലൂടെയാണ് ഞാൻ ആസ്വദിച്ചത്. 

2000 കാലത്ത് സുഹൃത്തായ കമാലിന്റെ കൂടെ സോളിഡാരിറ്റിയുടെ ടാബ്ലോ ഷോക്ക് പോയതും, കോളേജിൽ പഠിക്കുമ്പോൾ SIO യുടെ ഒരു സംവാദ പരിപാടിയിൽ പങ്കെടുത്തതുമടക്കമുള്ള പല സംഭവങ്ങളെ കുറിച്ചും ഓർത്തു പോയി. രാഷ്ട്രീയപരമായി യോജിക്കാനും വിയോജിക്കാനുമുള്ള പല കാര്യങ്ങളുമുണ്ടെങ്കിലും ഈ സിനിമയെ ഒരു സംഘടനാ സിനിമ മാത്രമായി ഒതുക്കി വിലയിരുത്തുന്നതിനോട് യോജിപ്പില്ല. 

വിശ്വാസപരമായി തെറ്റാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുള്ള ഒരു കലാരൂപത്തെ ഒരേ സമയം ഇഷ്ടപ്പെടുകയും എന്നാൽ വിശ്വാസത്തിനപ്പുറം ആ കലാരൂപത്തെ കൊണ്ട് നടക്കാനാകില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രത്യേക തരം കലാസ്വാദകർ നമുക്കിടയിലുണ്ട് എന്നത് വസ്തുതയാണ് എന്നിരിക്കെ ഈ സിനിമ കാണിച്ചു തരുന്ന കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ എന്തിന് മടിക്കണം ? 

സിനിമയെന്നാൽ ഹറാം എന്ന് ഒറ്റയടിക്ക് പറഞ്ഞിരുന്നവരൊക്കെ വലിയ തോതിൽ മാറി ചിന്തിക്കാൻ തുടങ്ങിയത് ഹോം സിനിമകൾ സജീവമായ ഒരു കാലയളവിൽ തന്നെയായിരുന്നു. ഒരു കുടുംബാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ നമുക്കിടയിൽ തന്നെയുള്ളവർ പല പല കഥാപാത്രങ്ങളായി വന്നപ്പോഴാണ് പ്രാദേശികതക്ക് ഒരു സിനിമയിൽ എത്ര മാത്രം ഭംഗി നൽകാൻ സാധിക്കും എന്ന് നമ്മൾ തിരിച്ചറിഞ്ഞത്.

ഇതേ പ്രാദേശികതയുടെ പശ്ചാത്തലത്തിൽ തന്നെയാണ് സക്കറിയയുടെ സുഡാനി ഒരു മുഴുനീള കൊമേഴ്സ്യൽ സിനിമയായി അവതരിപ്പിക്കപ്പെട്ടത്. പക്ഷേ സുഡാനിയോളം കഥാതന്തുവോ പ്രമേയ സാധ്യതയോ ഇല്ല എന്നത് കൊണ്ട് തന്നെ മേൽപ്പറഞ്ഞ പ്രാദേശികതയിൽ മാത്രമായി ഒതുങ്ങി പോകുന്നുണ്ട് 'ഹലാൽ ലവ് സ്റ്റോറി'.

സിനിമ പിടിക്കുന്ന കാര്യത്തിൽ പടച്ചവനെ പോലും കാര്യം പറഞ്ഞു സമ്മതിപ്പിക്കാനും ബോധ്യപ്പെടുത്താനും സാധിക്കും പക്ഷേ സംഘടനാ നേതാക്കളുടെ കാര്യത്തിൽ അതൊന്നും നടപ്പില്ല എന്ന് പറയുന്നുണ്ട് ഷറഫുവിന്റെ തൗഫീഖ്. ഇതിൽ തന്നെയുണ്ട് കലയോടുള്ള സംഘടനയുടെ നിലപാടും കലാപ്രേമിയായ സംഘടനാ പ്രവർത്തകന്റെ അവസ്ഥയും.
കലക്ക് ഒരു ഓപ്‌ഷൻ മാത്രമല്ല ഉള്ളത്, കല ഒരു ദിശയിലേക്കുള്ള ഒരു പാത മാത്രമല്ല എന്നൊക്കെയുള്ള തൗഫീഖിന്റെ വാദങ്ങളോട് യോജിക്കാം വിയോജിക്കാം. പക്ഷേ കല തന്നെ ഹറാമാണെന്ന ചിന്തയെ വച്ച് നോക്കുമ്പോൾ കലയെ ഹലാലായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ അത് നല്ലതാണെന്ന് പറയാനേ തോന്നുന്നുള്ളൂ.

ഇത്രയേറെ പരിമിതികൾക്കുള്ളിൽ നിന്ന് കഷ്ടപ്പെട്ട് സിനിമ കാണാനും സിനിമയെടുക്കാനും നിയോഗിക്കപ്പെട്ട ഒരു വിഭാഗം പേരുടെ മനസികാവസ്ഥകളും ചിന്തകളുമൊക്കെ അഭ്രപാളിയിൽ ആവിഷ്ക്കരിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ ? ആ നിയോഗം സക്കറിയക്കും മുഹ്‌സിനും കിട്ടിയതിന് പിന്നിൽ അവരുടെ തന്നെ ജീവിതാനുഭവങ്ങൾ ഏറെയുണ്ടാകും എന്ന് കരുതുന്നു.
ആകെ മൊത്തം ടോട്ടൽ = സുഡാനി ഫ്രം നൈജീരിയയോളം ഇഷ്ടപ്പെട്ടില്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു നാടൻ സിനിമയായി തന്നെ അനുഭവപ്പെട്ടു സക്കറിയയുടെ 'ഹലാൽ ലവ് സ്റ്റോറി'.ഗ്രേസ് ആന്റണി, ജോജു, ഇന്ദ്രജിത്ത്, ഷറഫു, അഭിറാം, പിന്നെ റഹീം സാഹിബ് ആയി വന്നയാളടക്കം എല്ലാവരും നന്നായിരുന്നു.

*വിധി മാർക്ക് = 5/10
-pravin-

1 comment:

  1. സിനിമയ്ക്കുള്ളിൽ വിരിയുന്ന ഒരു ഹലാൽ സിനിമ

    ReplyDelete