Monday, November 2, 2020

കണ്ണീരോർമ്മകളിലും ചിരിക്കുന്ന റൂണ !!


നാൽപ്പതു മിനുട്ട് മാത്രം ദൈർഘ്യമുള്ള ഒരു ഇമോഷണൽ ഡോക്യുമെന്ററിയാണ് 'Rooting For Roona'. റൂണയെ കുറിച്ച് മുൻപ് ഒരു ലേഖനം വായിച്ചിരുന്നെങ്കിലും അവളെ ഇങ്ങനൊരു ഡോക്യൂമെന്ററിയിലൂടെ കണ്ടറിഞ്ഞപ്പോൾ ഹൃദയം വിങ്ങിപ്പൊട്ടി കൊണ്ടേയിരുന്നു. നാൽപ്പത് മിനുട്ടു നീണ്ട കാഴ്ചയിൽ എത്ര തവണ കരഞ്ഞു എന്നറിയില്ല. പക്ഷേ ഓരോ കാഴ്ചയിലും അവൾ മനസ്സിലേക്ക് കൂടുതൽ അടുത്തു വന്നു. വേദനകൾ സഹിക്കുന്നതിനിടയിലും ഒരു ചിരിയിലൂടെ കാണുന്ന ഓരോരുത്തരുടെയും മകളായി മാറാൻ അവൾക്ക് സാധിച്ചിരുന്നു.

തലച്ചോറിൽ വെള്ളം നിറയുന്ന അസുഖവുമായി ജനിച്ചു വീണ റൂണയുടെ ഒരു ഫോട്ടോ 2013 ൽ വൈറലാകുകയുണ്ടായി.
അന്നവൾക്ക് 17 മാസം മാത്രം പ്രായം. 94 സെന്റിമീറ്റർ വലിപ്പമുള്ള വലിയ തലയും കുഞ്ഞുടലുമായി കിടക്കുന്ന റൂണയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റി.

ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും അവൾക്ക് വേണ്ട സഹായങ്ങൾ പറന്നെത്തി. വിദഗ്‌ദ്ധ ചികിത്സയിലൂടെ അവളുടെ അസുഖം മാറ്റിയെടുക്കാനാകുമെന്ന് ഡോക്ടർമാർ പ്രത്യാശ നൽകി.

ത്രിപുരയിലെ അഗർത്തലക്കടുത്തുള്ള ജിരാനിയ ഖോള എന്ന കൊച്ചു ഗ്രാമത്തിനപ്പുറം വലിയ ഒരു ലോകമുണ്ടെന്ന് അവളുടെ അച്ഛനമ്മമാർക്ക് ബോധ്യപ്പെട്ടു. അബ്ദുളും ഫാത്തിമയും മകൾ റൂണക്ക് വേണ്ടി ലോകത്തിന്റെ ഏതറ്റം വരെയും പോകാൻ തയ്യാറായി. റൂണയോട് അവർക്കുണ്ടായിരുന്ന നിരുപാധികമായ സ്നേഹവും കരുതലും റൂണയെ വേദനകൾക്കിടയിലും കൂടുതൽ ശക്തയാക്കി കൊണ്ടേയിരുന്നു.

ഡൽഹിയിലെ ചികിത്സാ കാലത്ത് അഞ്ചു മാസങ്ങൾക്കിടെ നിരവധി സർജറികൾക്ക് അവൾ വിധേയമായി. 94 സെന്റിമീറ്ററിൽ നിന്നും 58 സെന്റിമീറ്ററിലേക്ക് അവളുടെ തല ചുരുങ്ങി വന്നപ്പോൾ അത് പ്രതീക്ഷയുടെ പുതിയ ആകാശമായി മാറി. ഡൽഹി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി ത്രിപുരയിലെ ഗ്രാമത്തിലേക്ക് മടങ്ങി വരുമ്പോൾ ഒരു ഗ്രാമം മുഴുവൻ അവളെ നിറഞ്ഞ പുഞ്ചിരികളോടെ സ്വീകരിച്ചു.

റൂണയുമായി ബന്ധപ്പെട്ട വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ ഒരു കാലത്തിന് ശേഷം കാര്യമായി പരിഗണിച്ചില്ലെങ്കിലും അവളുടെ ദൈനം ദിന ജീവിതം ഡോക്യൂമെന്ററിയിലേക്ക് വേണ്ടി നിരന്തരം പകർത്തപ്പെട്ടു. ഡോക്യൂമെന്ററി സംവിധായിക പവിത്ര ചലത്തിനും കൂട്ടർക്കും അക്കാലയളവിൽ റൂണയോടും കുടുംബത്തോടും വല്ലാത്തൊരു ആത്മബന്ധം രൂപപ്പെട്ടു.

2014 കാലത്ത് റൂണ കൂടുതൽ സന്തോഷവതിയായി കാണപ്പെട്ടു. റൂണ ഒരിക്കൽ പോലും സംസാരിച്ചില്ലെങ്കിലും അവൾ വളരെ ഭംഗിയായി ചിരിച്ചു കൊണ്ട് എല്ലാവരോടും ആശയ വിനിമയത്തിലേർപ്പെടുമായിരുന്നു. റൂണയും ഫാത്തിമയുമായുള്ള ഗാഢമേറിയ സ്നേഹ നിമിഷങ്ങളെല്ലാം തന്നെ ഡോക്യൂമെന്ററിയിലെ ഏറ്റവും മികച്ച സീനുകൾ കൂടിയായി മാറി.

2016 ൽ റൂണക്ക് തുണയായി ഒരു കുഞ്ഞനുജൻ കൂടി വന്നു. റൂണയുടെ അവസാന ഘട്ട സർജറി നടത്തുന്നതുമായി ബന്ധപ്പെട്ട് ഫാത്തിമക്കും അബ്ദുളിനും ഉണ്ടായിരുന്ന ഭയങ്ങൾ പലതായിരുന്നു. ഓപ്പറേഷൻ ചെയ്‌താൽ ഇപ്പോഴുള്ള റൂണയെ നഷ്ടപ്പെടുമോ എന്ന് അവർ അതിയായി ആശങ്കപ്പെട്ടു.

നിരന്തരമായ നിർബന്ധങ്ങൾക്ക് ശേഷം 2017 ൽ റൂണയെ ആശുപത്രിയിലേക്ക് എത്തിക്കുകയുണ്ടായി. പക്ഷെ അവൾക്ക് ചിക്കൻപോക്സ് പിടിപെട്ടിരുന്ന കാരണം കൊണ്ട് ഓപ്പറേഷൻ നടത്താനായില്ല.

ചിക്കൻ പോക്സ് മാറിയ ശേഷം റൂണയെ ചികിത്സിക്കാമെന്നും അവൾ പൂർണ്ണമായും ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നുമൊക്കെയുള്ള ഡോക്ടർമാരുടെ മറുപടികളിൽ ഫാത്തിമ ഏറെ സന്തോഷിച്ചു. പക്ഷേ ആ സന്തോഷത്തിനൊന്നും തുടർ അവസരങ്ങൾ നൽകാതെ ഒരു മാസത്തിനുള്ളിൽ അവൾ എല്ലാ കഷ്ടതകളിൽ നിന്നും എന്നന്നേക്കുമായി വിട വാങ്ങി.

ഒരു സിനിമയിലായിരുന്നെങ്കിൽ ക്ലൈമാക്സ് മാറ്റിയെഴുതപ്പെടുമായിരുന്നു. പക്ഷേ ഇവിടെ അബ്ദുളും ഫാത്തിമയും പവിത്രയുമടക്കം റൂണയെ സ്നേഹിച്ച എല്ലാം മനുഷ്യരും ഏറ്റവും നിസ്സഹായരായി നിന്ന് പോവുകയാണുണ്ടായത്. 

റൂണയുടെ വേർപാടിന് ശേഷമുള്ള അബ്ദുളിന്റെയും ഫാത്തിമയുടെയും ജീവിതം ഇപ്പോഴും പതറാതെ മുന്നോട്ട് തന്നെ പോകുകയാണ്. റൂണയുടെ കുഞ്ഞനുജൻ അക്തറിന്റെ മുഖത്തെ ചിരിയിൽ റൂണയുടെ അതേ ചിരി കാണാം.


ഇന്നും തന്റെ സ്വപ്നങ്ങളിൽ സ്ഥിരമായി വന്നു പോയി കൊണ്ടിരിക്കുന്ന റൂണയെ കുറിച്ച് ഫാത്തിമ വാചാലയാകുന്നത് കാണുമ്പോൾ സന്തോഷിക്കണമോ കരായണമോ എന്നറിയാതെ മനസ്സ് വിങ്ങുന്നത് നമുക്ക് മാത്രമാണ്. 

റൂണ നമുക്കെല്ലാം ഒരു ഓർമ്മപ്പെടുത്തലാണ്..പല അർത്ഥങ്ങളിൽ !!

'Rooting For Roona' എന്ന ഡോക്യൂമെന്ററി കാണാതെ നിങ്ങൾക്ക് സ്കിപ് ചെയ്തു പോകാം. പക്ഷേ റൂണയെ അറിയാതെ പോകരുത് ഒരാളും. 

-pravin-

1 comment:

  1. അതെ
    റൂണ നമുക്കെല്ലാം ഒരു ഓർമ്മപ്പെടുത്തലാണ്..പല അർത്ഥങ്ങളിൽ !!

    ReplyDelete