എയർ ഡെക്കാന്റെ സ്ഥാപകനെന്ന നിലക്ക് മാത്രം അറിയാവുന്ന ജി ആർ ഗോപിനാഥിന്റെ സംഭവ ബഹുലമായ ജീവിത കഥയെ ത്രസിപ്പിക്കുന്ന ഒരു സിനിമാനുഭവമാക്കി സമ്മാനിച്ചതിന് സംവിധായിക സുധാ കൊങ്കരയോട് നന്ദി അറിയിക്കുന്നു. ഒപ്പം സൂര്യയിലെ പഴയ ആ നടിപ്പിൻ നായകനെ ഗംഭീരമായി തിരിച്ചു തന്നതിനും.
വിമാന യാത്ര സാധാരണക്കാരന് അപ്രാപ്യമായ ഒരു കാലത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ അങ്ങിനെ ഒരു സംവിധാനം ഉണ്ടാക്കിയെടുക്കാൻ പുറപ്പെട്ട ജി ആർ ഗോപിനാഥിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അദ്ദേഹം അനുഭവിച്ച മാനസിക സംഘർഷങ്ങളുമൊക്കെ എത്ര മാത്രമായിരുന്നു എന്ന് രണ്ടു മണിക്കൂറിനുള്ളിൽ നമ്മളെ ബോധ്യപ്പെടുത്തി തരുന്നുണ്ട് 'സൂരറൈ പോട്ര്'.
ടാറ്റ എയർലൈൻസ് തുടങ്ങാൻ ഇരുപത് വർഷം രത്തൻ ടാറ്റയെ വരെ കാത്തിരുപ്പിച്ച DGCA യുടെ അതേ ഓഫിസ് വരാന്തയിൽ നെടുമാരന്റെ കാത്തിരിപ്പിന് പോലും പ്രസക്തിയില്ല എന്ന് പരിഹസിച്ചു പറയുന്ന സീനിൽ സൂര്യയുടെ മുഖത്തെ റിയാക്ഷൻ സർക്കാർ ഓഫിസുകളിൽ പല തവണ കയറി ഇറങ്ങേണ്ടി വരുന്ന ഓരോ സാധാരണക്കാരന്റെയുമായിരുന്നു.
പണമുള്ളവൻ വാങ്ങുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ സാധാരണക്കാർക്ക് എന്നും ഒരു സ്വപ്നം മാത്രമായി നിലനിൽക്കണം എന്ന ചിന്താഗതിക്കാർക്കുള്ള മറുപടിയായിരുന്നു എയർ ഡെക്കാന്റെ സ്വപ്നസാക്ഷാത്‍ക്കാരത്തിലൂടെ ജി ആർ ഗോപിനാഥ് നൽകിയത്.
സൂര്യയുടെ നെടുമാരൻ മാത്രമല്ല അപർണ്ണയുടെ ബൊമ്മിയും ഉർവ്വശിയുടെ അമ്മ വേഷവും പരേഷ് റാവലിന്റെ പരേഷ് ഗോസ്വാമിയും അടക്കം എല്ലാവരും നിറഞ്ഞാടിയ സിനിമയായി മാറി 'സൂരറൈ പോട്ര്' .
ആകെ മൊത്തം ടോട്ടൽ = കോവിഡ് ഇല്ലായിരുന്നെങ്കിൽ തിയേറ്ററിൽ ആഘോഷമാകേണ്ടിയിരുന്ന സൂര്യയുടെ ഒരു സിനിമ എന്ന നിലക്ക് ഒരു നഷ്ടബോധം തോന്നുമ്പോഴും ഈ കാലയളവിൽ OTT റിലീസിൽ കണ്ടാസ്വദിച്ച സിനിമകളിൽ ഒന്നാം സ്ഥാനത്ത് നിർത്താവുന്ന സിനിമയായി മാറുന്നു 'സൂരറൈ പോട്ര്'
*വിധി മാർക്ക് = 8/10
-pravin-
OOT യിൽ കോവിഡ്നുശേഷം റിലീസ് ചെയ്‌തവയിൽ ഏറ്റവും മികച്ച ഇന്ത്യൻ സിനിമ തന്നെയാണിത് ..!
ReplyDelete