Wednesday, October 13, 2021

Sweet Tooth (Web Series - Season 1- Episodes 8)


Half Human അല്ലെങ്കിൽ Half Animal ആയിട്ട് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ Hybrid എന്ന് വിശേഷിപ്പിക്കുന്നു. H5G9 എന്ന വൈറസ് പടരാൻ കാരണം ഹൈബ്രിഡുകളാണോ അതോ ഈ വൈറ

സുകൾ കാരണമാണോ ഹൈബ്രിഡ് ഉണ്ടാകുന്നത് എന്നറിയാത്ത ഒരു അവസ്ഥയിൽ ജനിച്ചു വീഴുന്ന പല ഹൈബ്രിഡുകളെയും മനുഷ്യർക്ക് ഉപേക്ഷിക്കേണ്ടിയോ അല്ലാത്ത പക്ഷം ഒളിപ്പിച്ചോ വളർത്തേണ്ടി വരുന്നു.
ഒരേ സമയം ഹൈബ്രിഡുകളെ മനുഷ്യർ ഭയക്കുകയും വേട്ടയാടുകയും ചെയ്യുന്ന സാഹചര്യമാണ് കഥയിലേത്.

തന്റെ ഹൈബ്രിഡ് കുഞ്ഞിനെ ആരുമറിയാതെ ഒരു കാട്ടിനുള്ളിൽ കൊണ്ട് പോയി രഹസ്യമായി വളർത്താൻ തീരുമാനിക്കുന്ന അച്ഛനിൽ നിന്ന് തുടങ്ങി പതിയെ ഗസ് എന്ന ഹൈബ്രിഡിന്റെ ജീവിതത്തെ മുൻനിർത്തി കൊണ്ടുള്ള കഥ പറച്ചിലാണ് Sweet Tooth ൽ.

വർഗ്ഗപരവും ജനിതകപരവുമായി ബോഡി ഷെയ്‌മിനെ ആഘോഷിക്കുന്നവരുടെ ഇടയിലേക്ക് മാൻ കൊമ്പുള്ള ഗസിനേയും പന്നിയുടെ മൂക്കും ചെവിയുമുള്ള വെന്റിയെയും കറുത്ത് തടിച്ച ബിഗ് മാനേയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് നിർത്തിയത് ശ്രദ്ധേയമായി.

വൈറസ് ബാധിതരോടുള്ള കാടൻ നിയമങ്ങളും പട്ടാള മേധാവിയുടെ വില്ലത്തരങ്ങളും ഡോക്ടർമാരുടെ നിസ്സഹായാവസ്ഥകളുമൊക്കെ കഥയുടെ ഭാഗമായി വരുമ്പോഴും Sweet Tooth ലെ ആശ്വാസ മുഖങ്ങളായി മാറുന്നത് ബിഗ് മാനെയും ഐമീ ഏദനെയും പോലുള്ള മനുഷ്യരാണ്. ഹൈബ്രിഡുകളോടുള്ള അവരുടെ കാഴ്ചപ്പാടുകൾ നമുക്കുള്ള മനോഹര കാഴ്ചകളാക്കി മാറ്റുന്നു സംവിധായകൻ.

പബ്ബയോടൊപ്പമുള്ള ഗസിന്റെ ജീവിതം പൊടുന്നനെ വഴി മാറുന്നിടത്ത് നിന്നാണ് അവൻ അമ്മയെ തേടി യാത്രയാകുന്നത് . അമ്മയിലേക്കെത്താനുള്ള അവന്റെ യാത്രാ മദ്ധ്യേ കഥകൾ മാറുന്നു. പലരും വേർപിരിയുന്നു, പുതിയ ലക്ഷ്യങ്ങളുമായി പലരും ഒത്തു കൂടുന്നു, പ്രതീക്ഷകളോടെ വീണ്ടും ചിലർ കടന്നു വരുന്നു, അങ്ങിനെയങ്ങിനെ എട്ടു എപ്പിസോഡുകൾ കൊണ്ട് തന്നെ മനസ്സ് തൊടുന്നു 'Sweet Tooth'. ബാക്കി കഥകളുമായി എത്രയും വേഗം സെക്കൻഡ് സീസൺ വരട്ടെ .. Waiting for Season 2.

ആകെ മൊത്തം ടോട്ടൽ = വിവിധ തരം വൈറസുകളെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ കോവിഡ് മഹാ മാരി കാലത്ത് കാണേണ്ട ഒരു ഫീൽ ഗുഡ് വെബ് സീരീസ് ആണ് 'Sweet Tooth'. മാസ്ക്കും ക്വാറന്റൈനും തൊട്ട് ഒരു കൊറോണ വൈറസ് ലോകത്താകമാനം സൃഷ്ടിച്ച മാറ്റങ്ങളും അനിശ്ചിതത്വങ്ങളുമൊക്കെ എന്താണെന്ന് വളരെ വ്യക്തമായി അനുഭവിച്ചു പരിചയിച്ചത് കൊണ്ട് തന്നെ Sweet Tooth ന്റെ കഥയിലേക്ക് പെട്ടെന്ന് ഇഴുകി ചേരാൻ സാധിക്കും.

*വിധി മാർക്ക് = 8/10

-pravin-

1 comment:

  1. Sweet Tooth ഇനി കാണാൻ note ചെയ്ത് വെച്ചിട്ടുണ്ട്

    ReplyDelete