കാടിന്റെ മക്കളുടെ കഥയോ സിനിമയോ അല്ല അവരുടെ പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങൾ മാത്രമാണ് മനോജ് കാനയുടെ 'കെഞ്ചിര'. അത് കൊണ്ട് തന്നെ കൊമേഴ്സ്യൽ സിനിമകളിൽ പലപ്പോഴായി അവതരിപ്പിച്ചു കണ്ടിട്ടുള്ള ആദിവാസി സമൂഹത്തിന്റെ രൂപ ഭാവങ്ങളൊന്നും കെഞ്ചിരയിൽ പരതേണ്ടതില്ല.
അവതരണത്തിലെ റിയലിസം കൊണ്ടും പേരറിയാത്ത ഒരു കൂട്ടം ആദിവാസി അഭിനേതാക്കളുടെ അഭിനയമല്ലാത്ത ജീവിത പ്രകടനം കൊണ്ടുമൊക്കെ ജീവനുള്ള സിനിമാ നിർമ്മിതിയായി മാറുന്നു 'കെഞ്ചിര'.
ഛായാഗ്രഹണം, സൗണ്ട് ഡിസൈൻ, പണിയ ഭാഷയിലുള്ള സംഭാഷണങ്ങൾ, സംഗീതം അങ്ങിനെ എല്ലാം വേറിട്ട മികച്ച സിനിമാനുഭവമായി എന്ന് തന്നെ പറയാം.
എന്ത് കൊണ്ട് ആദിവാസി സമൂഹം പാർശ്വവത്ക്കരിക്കപ്പെട്ടു എന്ന ചോദ്യമോ ഉത്തരമോ അല്ല എങ്ങിനെയൊക്കെ അവർ ഈ കാലത്തും അന്യവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതിന്റെ നേർ കാഴ്ചകളാണ് 'കെഞ്ചിര'.
മുതലാളിമാർക്കും സർക്കാരിനും പോലീസിനും രാഷ്ട്രീയക്കാർക്കും എന്ന് വേണ്ട സകല മേലാളന്മാർക്കും ചൂഷണം ചെയ്യാൻ നിയോഗിക്കപ്പെടുമ്പോഴും പരാതികളില്ലാതെ തങ്ങൾക്ക് നേരെയുള്ള സകല അനീതികളോടും സമരസപ്പെട്ടു കൊണ്ട് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കാലാകാലങ്ങളായി കുടിയിറക്കപ്പെടുകയും കുടിയേറുകയും ചെയ്യേണ്ടി വരുന്ന സാധു മനുഷ്യ ജന്മങ്ങളെ സംവിധായകൻ കൃത്യമായ രാഷ്ട്രീയ ബോധത്തോടെയും ബോധ്യത്തോടെയുമാണ് അഭ്രപാളിയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
ആകെ മൊത്തം ടോട്ടൽ = 'കെഞ്ചിര' പോലെയൊരു സിനിമ നിർമ്മിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ബോധ്യങ്ങളുണ്ടെങ്കിൽ ആ സിനിമ കാണാൻ തീരുമാനിക്കുന്നതിലുമുണ്ട് ഒരു രാഷ്ട്രീയം. ഈ സിനിമ കാണുമ്പോൾ അത് അവശ ജനതയോടുള്ള ഒരു ഐക്യ ദാർഢ്യം പ്രഖ്യാപിക്കൽ കൂടിയായി മാറുന്നു. സിനിമയുടെ രാഷ്ട്രീയം സിനിമ കാണുന്നവർക്കുള്ളിലേക്ക് കൂടി പകരാൻ സാധിച്ചതിൽ മനോജ് കാനക്ക് അഭിമാനിക്കാം.
*വിധി മാർക്ക് = 7.5/10
-pravin-
കെഞ്ചിര' പോലെയൊരു സിനിമ നിർമ്മിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ബോധ്യങ്ങളുണ്ടെങ്കിൽ ആ സിനിമ കാണാൻ തീരുമാനിക്കുന്നതിലുമുണ്ട് ഒരു രാഷ്ട്രീയം. ഈ സിനിമ കാണുമ്പോൾ അത് അവശ ജനതയോടുള്ള ഒരു ഐക്യ ദാർഢ്യം പ്രഖ്യാപിക്കൽ കൂടിയായി മാറുന്നു. സിനിമയുടെ രാഷ്ട്രീയം സിനിമ കാണുന്നവർക്കുള്ളിലേക്ക് കൂടി പകരാൻ സാധിച്ചതിൽ മനോജ് കാനക്ക് അഭിമാനിക്കാം.
ReplyDelete