Thursday, January 27, 2022

ഞെട്ടിക്കുന്ന 'ഭൂതകാലം' !!




ഒരു ഫാമിലി ഡ്രാമ മൂഡിൽ തുടങ്ങുമ്പോഴും ദുരൂഹമായ എന്തൊക്കെയോ കാര്യങ്ങൾ സംഭവിക്കാനുണ്ടെന്ന സൂചനകൾ നൽകി കൊണ്ടാണ് 'ഭൂതകാല'ത്തിന്റെ ടൈറ്റിൽ തെളിയുന്നത്. അപ്പോഴും പ്രേക്ഷകരുടെ ഊഹങ്ങൾക്കനുകൂലമായി ഒന്നും സംഭവിപ്പിക്കാതെ തീർത്തും സംവിധായകന്റെ നിയന്ത്രണത്തിലൂടെയായിരുന്നു സിനിമയിലെ ഓരോ സീനുകളും വന്നു പോയത്.

ഒരു ഹൊറർ സിനിമയുടെ കഥാ പരിസരത്തു നിന്ന് ഒഴിവാക്കാനാകാത്ത പല കാര്യങ്ങളും 'ഭൂതകാലത്തി'ലും ആവർത്തിക്കപ്പെടുന്നുണ്ട് എന്ന് പരാതിപ്പെടാമെങ്കിലും മലയാളത്തിലെ മുൻകാല ഹൊറർ സിനിമകളെ വച്ച് നോക്കുമ്പോൾ ഭയം എന്ന വികാരത്തെ അവതരണപരമായും പ്രകടനപരമായും ഗംഭീരമായി എക്സിക്യൂട്ട് ചെയാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

കഥാപാത്രങ്ങളെയും അവരുടെ സാഹചര്യത്തെയുമൊക്കെ വ്യക്തമായി ബോധ്യപ്പെടുത്തി തരുന്നത് കൊണ്ട് തന്നെ ഓരോ സീനുകളിലുമുള്ള കഥാപാത്രങ്ങളുടെ വിചാര വികാരങ്ങളും മാനസിക സംഘർഷങ്ങളുമൊക്കെ പ്രേക്ഷകരിലേക്ക് എളുപ്പത്തിൽ കണക്ട് ചെയ്യാൻ സംവിധായകന് സാധിക്കുന്നു.

ഒരു ഹൊറർ സിനിമ കാണാൻ പോകുകയാണ് എന്ന അർത്ഥത്തിൽ കാണേണ്ട സിനിമയല്ല 'ഭൂതകാലം'. സിനിമയുടെ കഥയിലേക്ക് അത്ര മേൽ സ്വാഭാവികമായി വന്നു പോകുന്ന ഒന്ന് മാത്രമാണ് ഭയം. 

അതിനപ്പുറം സിനിമയിൽ നിറഞ്ഞു നിൽക്കുന്നത് ഒരു അമ്മ-മകൻ ബന്ധത്തിലെ പ്രശ്നങ്ങളും പൊരുത്തക്കേടുകളും പിന്നീട് അവർക്ക് പരസ്പ്പരമുണ്ടാകുന്ന തിരിച്ചറിവുകളുമൊക്കെയാണ്.

വേണമെങ്കിൽ ഒരു ഹൊറർ സിനിമ മാത്രമാക്കി എടുക്കാമായിരുന്ന ഒരു പ്ലോട്ടിലേക്ക് ഈ അമ്മ-മകൻ കഥ ചേർന്ന് കിടക്കുന്നിടത്തു തന്നെയാണ് 'ഭൂതകാലം' വ്യത്യസ്തമായ ആസ്വാദനം തരുന്നത്.

നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ വിശ്വസിക്കാതെയും മനസ്സിലാക്കാതെയും പോകുന്നതാണ് എന്റെ പേടി എന്ന് വിനു പറയുമ്പോൾ അത് ഭയം എന്താണ് എന്ന ചോദ്യത്തിന്റെ വേറിട്ട ഉത്തരമാകുന്നു.

ശബ്ദ ദൃശ്യങ്ങൾ കൊണ്ടും സാങ്കേതിക മികവ് കൊണ്ടുമൊക്കെ ഹൊറർ സിനിമകളെ വിജയിപ്പിച്ചെടുക്കാൻ സാധിക്കുമെങ്കിലും കഥാപാത്ര പ്രകടനങ്ങൾ കൊണ്ട് കാണുന്നവരിൽ ഭയപ്പാട് ഉണ്ടാക്കുക എന്നത് അത്ര എളുപ്പമല്ല. ആ വെല്ലുവിളിയെ രാഹുൽ സദാശിവൻ ഗംഭീരമായി തന്നെ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുണ്ട്.

ആകെ മൊത്തം ടോട്ടൽ = രേവതി - ഷൈൻ നിഗം ടീമിന്റെ അസാധ്യ പ്രകടനം കൊണ്ട് തന്നെയാണ് 'ഭൂതകാല'ത്തിലെ ഹൊറർ സീനുകൾക്ക് ഇത്രത്തോളം മികച്ച ആസ്വാദനം ലഭിച്ചത്. കഥാപാത്രങ്ങൾ അനുഭവിക്കുന്ന അതേ പേടി സ്‌ക്രീനിൽ നിന്ന് കാണുന്നവനിലേക്ക് എത്തിക്കുന്ന സംവിധായകന്റെ മിടുക്കിനെ അഭിനന്ദിക്കാതെ പാകമില്ല.

*വിധി മാർക്ക് = 8/10

-pravin-

Friday, January 21, 2022

പുതുമയില്ലാത്ത കഥയെ അവതരണം കൊണ്ട് ഗംഭീരമാക്കിയപ്പോൾ !!


അച്ഛനെ കൊന്നവനോടുള്ള പ്രതികരവുമായി ഇറങ്ങി തിരിക്കുന്ന മക്കളുടെ കഥ എന്ന ഒറ്റ വരി വിശേഷണത്തിൽ ഒതുങ്ങി പോവുമായിരുന്ന ഒരു സിനിമയെ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന സിനിമയാക്കി മാറ്റിയതിൽ സംവിധായകന്റെ കൈയ്യൊപ്പുണ്ട് .

നായക സങ്കൽപ്പങ്ങളോ നായക പരിവേഷങ്ങളോ ഇല്ലാതെ പ്രധാന കഥാപാത്രങ്ങളെയെല്ലാം നെഗറ്റിവ് ഷെയ്ഡിലൂടെ മാത്രം പറഞ്ഞവതരിപ്പിക്കുന്ന സിനിമ എന്ന നിലക്കും ശ്രദ്ധേയമാണ് 'കടസീല ബിരിയാണി'.
സ്നേഹ വാത്സല്യത്തോടെ സംസാരിക്കുന്ന അമ്മ കഥാപാത്രങ്ങൾക്കൊന്നും ഈ സിനിമയിൽ പ്രസക്തിയില്ല .. അതിന് പകരം അച്ഛനെ കൊന്നതിന് പകരം വീട്ടാൻ മക്കൾക്ക് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്ന ഒരു അമ്മ കഥാപാത്രമുണ്ട് .

ശബ്ദത്തിലൂടെ മാത്രമാണ് സിനിമയിൽ അവതരിപ്പിക്കപ്പെടുന്നുള്ളൂവെങ്കിലും ആ അമ്മ കഥാപാത്രം ആത്യന്തികമായി വയലൻസിന്റെ പ്രതിരൂപമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
ഒരാൾ ഒരു കുറ്റം ചെയ്തു പോകുന്നത് പല സാഹചര്യങ്ങളിൽ നിന്നാകാം എന്നാൽ ഏതു സാഹചര്യമായാലും കുറ്റം ചെയ്താലേ സമാധാനമാകൂ എന്ന തരക്കാരുമുണ്ട്. ഇവിടെ കുറ്റത്തെയും കുറ്റവാസനയേയും ആ തലത്തിൽ രണ്ടായി തന്നെ ചിത്രീകരിച്ചു കാണാം.
അച്ഛന്റെ മരണത്തിന് പ്രതികാരം ചോദിക്കാൻ നിർബന്ധിതരാകുന്ന മൂത്ത രണ്ടു മക്കളിൽ നിന്ന് വ്യത്യസ്തമായി മൂന്നാമത്തെ മകൻ ആ പ്രതികാര ചിന്തയെ ഭയത്തോടെ എതിർക്കുന്നത് കാണാം.
അക്രമ സ്വഭാവത്തോട് യാതൊരു മമതയുമില്ലാത്ത ഒരാളായിട്ടു പോലും അതേ മകന് മറ്റൊരു ഘട്ടത്തിൽ നിലനിൽപ്പിന്റെ ഭാഗമായി അക്രമത്തെ ഉൾക്കൊള്ളേണ്ടി വരുകയും ചെയ്യുന്നുണ്ട്.
കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറുമ്പോഴും ജീവനും ജീവിതവും അതിജീവനവും മരണവുമൊക്കെ കറുത്ത ഹാസ്യമായി മാറുന്നത് കാണാം പല സീനുകളിലും. ആ തലത്തിൽ കാണാൻ സാധിക്കുമ്പോൾ മാത്രമേ ഈ സിനിമയുടെ ആസ്വാദനവും പൂർത്തിയാകുകയുള്ളൂ. അഥവാ അത്തരത്തിലുള്ള അവതരണവും കഥാപാത്ര പ്രകടനങ്ങളുമാണ് 'കടസീല ബിരിയാണി'യുടെ ആസ്വാദനവും .
ഒരു കൊമേഴ്സ്യൽ സിനിമയുടെ ക്യാമറാ ഗിമ്മിക്കുകൾ ഒന്നുമില്ലാതെ തന്നെ 'കടസീല ബിരിയാണി'യെ മികച്ച ദൃശ്യാവിഷ്ക്കരമാക്കി മാറ്റാൻ അസീം മുഹമ്മദ് - ഹെസ്റ്റിൻ ജോസഫ് ടീമിന്റെ ഛായാഗ്രഹണത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയിച്ചവരെല്ലാം ഒരു പോലെ ഗംഭീര പ്രകടനമായിരുന്നു . വസന്ത് സെൽവം, ദിനേഷ് മണി , വിജയ് റാം, വിശാൽ റാം എല്ലാവരും കിടു . ഹക്കീം ഷാജഹാന്റെ ആ സൈക്കോ വില്ലൻ വേഷം തന്നെയാണ് അതിൽ ഏറ്റവും എടുത്തു പറയേണ്ടത്. സ്ഥിരം സൈക്കോ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ മാനറിസങ്ങൾ കൊണ്ട് വില്ലൻ കഥാപാത്രത്തെ ഗംഭീരമാക്കാൻ ഹക്കീമിന് സാധിച്ചു.
ആകെ മൊത്തം ടോട്ടൽ = അവതരണം കൊണ്ടും കഥാപാത്ര പ്രകടനങ്ങൾ കൊണ്ടും ഗംഭീരമാക്കിയ സിനിമ. വില്ലൻ പൂണ്ടു വിളയാടിയ സിനിമ എന്ന് പറഞ്ഞാലും തെറ്റില്ല.

*വിധി മാർക്ക് = 7.5/10
-pravin-

Saturday, January 8, 2022

ത്രില്ലർ സിനിമ പോലൊരു ഡോക്യൂമെന്ററി !!













2010 ൽ '1 boy 2 Kittens' എന്ന പേരിൽ ഫെയ്‌സ് ബുക്കിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. രണ്ടു പൂച്ചക്കുട്ടികളെ ഒരു വാക്വം ബാഗിലാക്കി ശ്വാസം മുട്ടിച്ചു കൊല്ലുന്ന ആ വീഡിയോക്കെതിരെ സങ്കടം കൊണ്ടും രോഷം കൊണ്ടുമൊക്കെ ഒരുപാട് പേര് പ്രതികരിക്കുകയുണ്ടായി.

എന്നാൽ വെറുതെ പ്രതികരിച്ചു മാത്രം പോകാതെ ആ ക്രൂരത ചെയ്തവനെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം എന്ന് ആഗ്രഹിച്ചു കൊണ്ട് അക്കൂട്ടത്തിൽ ചിലർ പിന്നീട് ഫെയ്‌സ് ബുക്കിൽ ഒരു ഗ്രൂപ്പ് തുടങ്ങി.
ആരാണ് കൊലയാളി എന്ന് വ്യക്തമാകാത്ത, ഒരു റൂമിനുള്ളിൽ വച്ച് ചിത്രീകരിച്ച ആ വീഡിയോവിൽ നിന്ന് പരമാവധി തെളിവുകളും സൂചനകളും ശേഖരിച്ചു കൊണ്ട് അജ്ഞാതനായ ആ സൈക്കോയെ തേടി രണ്ടു വർഷത്തോളം ലോകം മുഴുക്കെ അവർ അന്വേഷണം തുടർന്നു.
തനിക്ക് പിന്നാലെ ഒരു കൂട്ടം പേർ അന്വേഷണവുമായി വരുന്നുണ്ടെന്ന് മനസ്സിലാക്കിയ സൈക്കോയെ സംബന്ധിച്ച് അവിടുന്നങ്ങോട്ട് അതൊരു ഗെയിം ആയി മാറുകയായിരുന്നു.

ഒരിക്കലും പിടിക്കപ്പെടാത്ത വിധം ലോകത്തിന്റെ പല കോണുകളിൽ നിന്ന് അയാൾ സമാന ക്രൂരതകൾ ആവർത്തിക്കുകയും അതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു കൊണ്ടേയിരുന്നു.
പൂച്ചക്കുട്ടികളെ കൊന്നു കൊണ്ട് തുടങ്ങിയ ആ ക്രൂര വിനോദം ഒരു മനുഷ്യന്റെ കൊലപാതകം വരെ എത്തിയതോടെയാണ് സൈക്കോ അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധനായത്.
ലൂക്ക മഗ്നോട്ട എന്ന പേരടക്കം ആറിലധികം പേരുകളോടെ എഴുപതോളം ഫെയ്‌സ്ബുക്ക് പേജുകളും ഇരുപതോളം വെബ് സൈറ്റുകളുമൊക്കെയായി ഇന്റർനെറ്റ് ലോകത്തിൽ അഴിഞ്ഞാടിയ സൈക്കോയെ 2012 ൽ ഇന്റർപോൾ അറസ്റ്റ് ചെയ്യുകയുണ്ടായി.
ലുക്കാ മഗ്നോട്ടയുടെ അറസ്റ്റിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചതിൽ വലിയ പങ്കു വഹിച്ചത് ജോൺ ഗ്രീനും, ഡിയാന തോംസണും അടക്കമുള്ളവരുടെ ആ ഫെയ്‌സ് ബുക്ക് കൂട്ടായ്‌മയുടെ നേതൃത്വത്തിലുള്ള അന്വേഷണങ്ങളും കണ്ടു പിടിത്തങ്ങളുമായിരുന്നു.
ഈ കേസിന്റെ വിശദമായ വിവരങ്ങളാണ് നെറ്ഫ്ലിക്സ് പുറത്തിറക്കിയ 'Dont F**k with Cats' എന്ന ഡോക്യൂമെന്ററിയിലൂടെ പങ്കു വക്കുന്നത്.

ഒരു ക്രൈം ത്രില്ലർ സിനിമ പോലെ തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലടിച്ചു കാണാൻ സാധിക്കുന്ന ഒരു ക്രൈം ഡോക്യൂമെന്ററി സീരീസ് ആണ് 'Dont F**k with Cats'. മൂന്ന് എപ്പിസോഡുകൾ മാത്രമുള്ള ഈ ഡോക്യൂമെന്ററി കാണുന്നവരെ മുഴുവൻ മുൾമുനയിൽ നിർത്തും എന്ന കാര്യത്തിൽ തർക്കമില്ല.
ഒരു സിനിമയിലൂടെ പ്രേക്ഷകനെ ത്രില്ലടിപ്പിക്കാൻ പല ഗിമ്മിക്കുകൾ ഉപയോഗിക്കാൻ സാധിക്കും പക്ഷെ അത് പോലൊരു ത്രില്ല് ഡോക്യൂമെന്ററിയിലൂടെ നൽകാൻ സാധിക്കുക എന്നത് ചെറിയ കാര്യമല്ല. തിരഞ്ഞെടുത്ത വിഷയവും, അതിന്റെ അവതരണവും, പങ്കെടുക്കുന്നവരുടെ വിശദീകരണ ശൈലിയുമൊക്കെ അത്ര മേൽ മികച്ചു നിൽക്കുമ്പോൾ മാത്രം സംഭവിക്കാവുന്ന ഒന്ന്.
ഈ ഡോക്യൂമെന്ററിയെ ഇത്ര മേൽ മികച്ചതാക്കി മാറ്റിയതിൽ ഒരു വലിയ പങ്ക് ജോൺ ഗ്രീനിനും, ഡിയാന തോംസണിനും തന്നെയാണ്. അത്ര മേൽ ഗംഭീരമായ അവതരണ ശൈലിയിലൂടെയാണ്, തീർത്തും ആധികാരികമായി കേസന്വേഷണ കാലത്തെ നിർണ്ണായകമായ കാര്യങ്ങളും കണ്ടെത്തലുകളും മറ്റും അവർ വെളിപ്പെടുത്തുന്നത്.
ആകെ മൊത്തം ടോട്ടൽ = നിർബന്ധമായും കണ്ടിരിക്കേണ്ട ഡോക്യൂമെന്ററികളിൽ ഒന്ന് എന്ന് നിസ്സംശയം പറയാം.

*വിധി മാർക്ക് = 8.5/10
-pravin-