ഒരു ഫാമിലി ഡ്രാമ മൂഡിൽ തുടങ്ങുമ്പോഴും ദുരൂഹമായ എന്തൊക്കെയോ കാര്യങ്ങൾ സംഭവിക്കാനുണ്ടെന്ന സൂചനകൾ നൽകി കൊണ്ടാണ് 'ഭൂതകാല'ത്തിന്റെ ടൈറ്റിൽ തെളിയുന്നത്. അപ്പോഴും പ്രേക്ഷകരുടെ ഊഹങ്ങൾക്കനുകൂലമായി ഒന്നും സംഭവിപ്പിക്കാതെ തീർത്തും സംവിധായകന്റെ നിയന്ത്രണത്തിലൂടെയായിരുന്നു സിനിമയിലെ ഓരോ സീനുകളും വന്നു പോയത്.
ഒരു ഹൊറർ സിനിമയുടെ കഥാ പരിസരത്തു നിന്ന് ഒഴിവാക്കാനാകാത്ത പല കാര്യങ്ങളും 'ഭൂതകാലത്തി'ലും ആവർത്തിക്കപ്പെടുന്നുണ്ട് എന്ന് പരാതിപ്പെടാമെങ്കിലും മലയാളത്തിലെ മുൻകാല ഹൊറർ സിനിമകളെ വച്ച് നോക്കുമ്പോൾ ഭയം എന്ന വികാരത്തെ അവതരണപരമായും പ്രകടനപരമായും ഗംഭീരമായി എക്സിക്യൂട്ട് ചെയാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളെയും അവരുടെ സാഹചര്യത്തെയുമൊക്കെ വ്യക്തമായി ബോധ്യപ്പെടുത്തി തരുന്നത് കൊണ്ട് തന്നെ ഓരോ സീനുകളിലുമുള്ള കഥാപാത്രങ്ങളുടെ വിചാര വികാരങ്ങളും മാനസിക സംഘർഷങ്ങളുമൊക്കെ പ്രേക്ഷകരിലേക്ക് എളുപ്പത്തിൽ കണക്ട് ചെയ്യാൻ സംവിധായകന് സാധിക്കുന്നു.
ഒരു ഹൊറർ സിനിമ കാണാൻ പോകുകയാണ് എന്ന അർത്ഥത്തിൽ കാണേണ്ട സിനിമയല്ല 'ഭൂതകാലം'. സിനിമയുടെ കഥയിലേക്ക് അത്ര മേൽ സ്വാഭാവികമായി വന്നു പോകുന്ന ഒന്ന് മാത്രമാണ് ഭയം.
അതിനപ്പുറം സിനിമയിൽ നിറഞ്ഞു നിൽക്കുന്നത് ഒരു അമ്മ-മകൻ ബന്ധത്തിലെ പ്രശ്നങ്ങളും പൊരുത്തക്കേടുകളും പിന്നീട് അവർക്ക് പരസ്പ്പരമുണ്ടാകുന്ന തിരിച്ചറിവുകളുമൊക്കെയാണ്.
വേണമെങ്കിൽ ഒരു ഹൊറർ സിനിമ മാത്രമാക്കി എടുക്കാമായിരുന്ന ഒരു പ്ലോട്ടിലേക്ക് ഈ അമ്മ-മകൻ കഥ ചേർന്ന് കിടക്കുന്നിടത്തു തന്നെയാണ് 'ഭൂതകാലം' വ്യത്യസ്തമായ ആസ്വാദനം തരുന്നത്.
നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ വിശ്വസിക്കാതെയും മനസ്സിലാക്കാതെയും പോകുന്നതാണ് എന്റെ പേടി എന്ന് വിനു പറയുമ്പോൾ അത് ഭയം എന്താണ് എന്ന ചോദ്യത്തിന്റെ വേറിട്ട ഉത്തരമാകുന്നു.
ശബ്ദ ദൃശ്യങ്ങൾ കൊണ്ടും സാങ്കേതിക മികവ് കൊണ്ടുമൊക്കെ ഹൊറർ സിനിമകളെ വിജയിപ്പിച്ചെടുക്കാൻ സാധിക്കുമെങ്കിലും കഥാപാത്ര പ്രകടനങ്ങൾ കൊണ്ട് കാണുന്നവരിൽ ഭയപ്പാട് ഉണ്ടാക്കുക എന്നത് അത്ര എളുപ്പമല്ല. ആ വെല്ലുവിളിയെ രാഹുൽ സദാശിവൻ ഗംഭീരമായി തന്നെ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുണ്ട്.
ആകെ മൊത്തം ടോട്ടൽ = രേവതി - ഷൈൻ നിഗം ടീമിന്റെ അസാധ്യ പ്രകടനം കൊണ്ട് തന്നെയാണ് 'ഭൂതകാല'ത്തിലെ ഹൊറർ സീനുകൾക്ക് ഇത്രത്തോളം മികച്ച ആസ്വാദനം ലഭിച്ചത്. കഥാപാത്രങ്ങൾ അനുഭവിക്കുന്ന അതേ പേടി സ്‌ക്രീനിൽ നിന്ന് കാണുന്നവനിലേക്ക് എത്തിക്കുന്ന സംവിധായകന്റെ മിടുക്കിനെ അഭിനന്ദിക്കാതെ പാകമില്ല.
*വിധി മാർക്ക് = 8/10
-pravin-
No comments:
Post a Comment