2010 ൽ '1 boy 2 Kittens' എന്ന പേരിൽ ഫെയ്‌സ് ബുക്കിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. രണ്ടു പൂച്ചക്കുട്ടികളെ ഒരു വാക്വം ബാഗിലാക്കി ശ്വാസം മുട്ടിച്ചു കൊല്ലുന്ന ആ വീഡിയോക്കെതിരെ സങ്കടം കൊണ്ടും രോഷം കൊണ്ടുമൊക്കെ ഒരുപാട് പേര് പ്രതികരിക്കുകയുണ്ടായി.
എന്നാൽ വെറുതെ പ്രതികരിച്ചു മാത്രം പോകാതെ ആ ക്രൂരത ചെയ്തവനെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം എന്ന് ആഗ്രഹിച്ചു കൊണ്ട് അക്കൂട്ടത്തിൽ ചിലർ പിന്നീട് ഫെയ്‌സ് ബുക്കിൽ ഒരു ഗ്രൂപ്പ് തുടങ്ങി.
ആരാണ് കൊലയാളി എന്ന് വ്യക്തമാകാത്ത, ഒരു റൂമിനുള്ളിൽ വച്ച് ചിത്രീകരിച്ച ആ വീഡിയോവിൽ നിന്ന് പരമാവധി തെളിവുകളും സൂചനകളും ശേഖരിച്ചു കൊണ്ട് അജ്ഞാതനായ ആ സൈക്കോയെ തേടി രണ്ടു വർഷത്തോളം ലോകം മുഴുക്കെ അവർ അന്വേഷണം തുടർന്നു.
തനിക്ക് പിന്നാലെ ഒരു കൂട്ടം പേർ അന്വേഷണവുമായി വരുന്നുണ്ടെന്ന് മനസ്സിലാക്കിയ സൈക്കോയെ സംബന്ധിച്ച് അവിടുന്നങ്ങോട്ട് അതൊരു ഗെയിം ആയി മാറുകയായിരുന്നു.
പൂച്ചക്കുട്ടികളെ കൊന്നു കൊണ്ട് തുടങ്ങിയ ആ ക്രൂര വിനോദം ഒരു മനുഷ്യന്റെ കൊലപാതകം വരെ എത്തിയതോടെയാണ് സൈക്കോ അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധനായത്.
ലൂക്ക മഗ്നോട്ട എന്ന പേരടക്കം ആറിലധികം പേരുകളോടെ എഴുപതോളം ഫെയ്‌സ്ബുക്ക് പേജുകളും ഇരുപതോളം വെബ് സൈറ്റുകളുമൊക്കെയായി ഇന്റർനെറ്റ് ലോകത്തിൽ അഴിഞ്ഞാടിയ സൈക്കോയെ 2012 ൽ ഇന്റർപോൾ അറസ്റ്റ് ചെയ്യുകയുണ്ടായി.
ലുക്കാ മഗ്നോട്ടയുടെ അറസ്റ്റിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചതിൽ വലിയ പങ്കു വഹിച്ചത് ജോൺ ഗ്രീനും, ഡിയാന തോംസണും അടക്കമുള്ളവരുടെ ആ ഫെയ്‌സ് ബുക്ക് കൂട്ടായ്‌മയുടെ നേതൃത്വത്തിലുള്ള അന്വേഷണങ്ങളും കണ്ടു പിടിത്തങ്ങളുമായിരുന്നു.
ഈ കേസിന്റെ വിശദമായ വിവരങ്ങളാണ് നെറ്ഫ്ലിക്സ് പുറത്തിറക്കിയ 'Dont F**k with Cats' എന്ന ഡോക്യൂമെന്ററിയിലൂടെ പങ്കു വക്കുന്നത്.
ഒരു സിനിമയിലൂടെ പ്രേക്ഷകനെ ത്രില്ലടിപ്പിക്കാൻ പല ഗിമ്മിക്കുകൾ ഉപയോഗിക്കാൻ സാധിക്കും പക്ഷെ അത് പോലൊരു ത്രില്ല് ഡോക്യൂമെന്ററിയിലൂടെ നൽകാൻ സാധിക്കുക എന്നത് ചെറിയ കാര്യമല്ല. തിരഞ്ഞെടുത്ത വിഷയവും, അതിന്റെ അവതരണവും, പങ്കെടുക്കുന്നവരുടെ വിശദീകരണ ശൈലിയുമൊക്കെ അത്ര മേൽ മികച്ചു നിൽക്കുമ്പോൾ മാത്രം സംഭവിക്കാവുന്ന ഒന്ന്.
ഈ ഡോക്യൂമെന്ററിയെ ഇത്ര മേൽ മികച്ചതാക്കി മാറ്റിയതിൽ ഒരു വലിയ പങ്ക് ജോൺ ഗ്രീനിനും, ഡിയാന തോംസണിനും തന്നെയാണ്. അത്ര മേൽ ഗംഭീരമായ അവതരണ ശൈലിയിലൂടെയാണ്, തീർത്തും ആധികാരികമായി കേസന്വേഷണ കാലത്തെ നിർണ്ണായകമായ കാര്യങ്ങളും കണ്ടെത്തലുകളും മറ്റും അവർ വെളിപ്പെടുത്തുന്നത്.
ആകെ മൊത്തം ടോട്ടൽ = നിർബന്ധമായും കണ്ടിരിക്കേണ്ട ഡോക്യൂമെന്ററികളിൽ ഒന്ന് എന്ന് നിസ്സംശയം പറയാം.
*വിധി മാർക്ക് = 8.5/10
-pravin-
No comments:
Post a Comment