Wednesday, November 16, 2022

ഒരു വറൈറ്റി സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലർ!!!


ഫസ്റ്റ് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ കാണുമ്പോൾ മനസ്സിൽ കയറിക്കൂടിയ ഒരു ദുരൂഹതയായിരുന്നു 'റോഷാക്ക്' കാണാനുള്ള ആകാംക്ഷ വർദ്ധിപ്പിച്ചത്. അതേ ആകാംക്ഷയെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്തുന്നിടത്താണ് നിസ്സാം ബഷീറിന്റെ 'റോഷാക്ക്' വിജയിക്കുന്നത്.

ഒരു മിസ്സിംഗ്‌ കേസ് അന്വേഷണമെന്ന പോലെ തുടങ്ങി ദുരൂഹമായ കഥാ വഴികളിലൂടെ കൈ പിടിച്ചു നടത്തുന്നു സംവിധായകൻ. കാടും, പണി തീരാത്ത ഒറ്റപ്പെട്ട വീടും, ഇരുട്ടും, വിജനമായ വഴികളുമൊക്കെ കഥയിലെ നിഗൂഢതയെ ഇരട്ടിപ്പിച്ചു.
നിമിഷ് രവിയുടെ ദൃശ്യപരിചരണവും മിഥുൻ മുകുന്ദന്റെ പശ്ചാത്തല സംഗീതവും ഒത്തു ചേരുന്നിടത്താണ് 'റോഷാക്കി'ന്റെ ദുരൂഹമായ ഭംഗി എന്ന് പറയാം.
ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിന്റെ നിഗൂഢമായ ഭാവ ഭേദങ്ങളും മാനറിസങ്ങളുമൊക്കെ സമാനതകളില്ലാത്ത വിധം ഭംഗിയായി അവതരിപ്പിച്ചു മമ്മുക്ക. ഏതെങ്കിലും പഴയ മമ്മൂട്ടി കഥാപാത്രത്തെ അനുസ്മരിപ്പിക്കാത്ത വിധം പുതുമ നിറഞ്ഞ പ്രകടനമായിരുന്നു ഓരോ സീനിലും അദ്ദേഹത്തിന്റേത്.
കഥയിലെ നിഗൂഢത അതേ പടി സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും പകുത്തു നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് തിരക്കഥാകൃത്ത് സമീർ അബ്ദുൽ.

ഗ്രേസ് ആന്റണിയുടെ സുജാതയും, ഷറഫുദ്ധീൻറെ സതീശനും, കോട്ടയം നസീറിന്റെ ശശാങ്കനും സഞ്ജു ശിവരാമിന്റെ അനിയൻ കഥാപാത്രവുമൊക്കെ ആ തലത്തിൽ ശ്രദ്ധേയമാണ്. ആ കൂട്ടത്തിൽ പ്രകടനം കൊണ്ട് ഞെട്ടിച്ചത് ബിന്ദു പണിക്കരാണ്. ജഗദീഷിന്റെ കരിയറിലെ വേറിട്ട കഥാപാത്ര പ്രകടനത്തിന് വഴിയൊരുക്കി അഷ്‌റഫ്‌ .
ഒറ്റ വാക്കിൽ പറഞ്ഞു പോകാനാകുന്ന ഒരു ടിപ്പിക്കൽ പ്രതികാര കഥയെ വേറിട്ട അവതരണ രീതി കൊണ്ടും മെയ്ക്കിങ്ങിലെ പുതുമ കൊണ്ടും മികച്ചതാക്കി മാറ്റുന്നു നിസ്സാം ബഷീർ.
പ്രേതം എന്നത് ഒരാളുടെ തോന്നലോ അനുഭവമോ ആകാം. പക്ഷേ ആ തോന്നലിൽ/അനുഭവത്തിൽ ഒരു സത്യം ഉണ്ടെങ്കിൽ, ഒരു രഹസ്യം ഉണ്ടെങ്കിൽ അത് പുറത്തു വരിക തന്നെ ചെയ്യും. റോഷോക്ക് ഒരു പ്രേത സിനിമയല്ല പക്ഷേ പ്രേത സാമീപ്യമുള്ള ഒരു സിനിമ തന്നെയാണ്.
ഒരു മിസ്സിംഗ്‌ കേസ് ഫയൽ ചെയ്തു കൊണ്ട് പോലീസ് സ്റ്റേഷനിൽ തുടങ്ങി അതേ പോലീസ് സ്റ്റേഷനിൽ സിനിമ അവസാനിക്കുന്ന സമയത്തും കഥയും കഥയിലെ ദുരൂഹതയും തുടരുകയാണ്.
സിനിമയിൽ ഒരിടത്തും നമ്മൾ കണ്ടിട്ടില്ലാത്ത എന്നാൽ വേണ്ടുവോളം കേട്ടിട്ടുള്ള ദിലീപ് യഥാർത്ഥത്തിൽ ആരായിരിക്കാം..ലൂക്ക് ആന്റണി വീണ്ടും ദിലീപിനെ പ്രതീക്ഷിക്കുന്നുണ്ടോ.. ദിലീപ് വീണ്ടും വരുമോ..അയാളുടെ കഥാപാത്രം അത്ര മേൽ നിഗൂഢവും അജ്ഞാതവുമായി തുടരുന്ന പക്ഷം ഒരുപാട് ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട്..ഉത്തരങ്ങൾ തേടി നമ്മളും യാത്ര തുടരുന്നു.
ആകെ മൊത്തം ടോട്ടൽ = യുക്തി അളന്നു കൊണ്ട് മാത്രം സിനിമ കാണാൻ താൽപ്പര്യപ്പെടുന്നവർക്ക് റോഷാക്ക് നിരാശ സമ്മാനിച്ചേക്കാം. പക്ഷേ പുതുമ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് വ്യത്യസ്ത സിനിമാസ്വാദനം സമ്മാനിക്കുന്നു 'റോഷാക്ക്'.

*വിധി മാർക്ക് = 7.5/10

-pravin-

No comments:

Post a Comment