Tuesday, November 29, 2022

വ്യത്യസ്തനായ സീരിയൽ കില്ലർ.. പുതുമയുള്ള കഥാപാശ്ചാത്തലം!!

കണ്ടു മടുത്ത സീരിയൽ കില്ലർ കഥകളിൽ നിന്ന് വ്യത്യസ്തമായി പറഞ്ഞവതരിപ്പിക്കുന്നിടത്താണ് ആർ. ബാൽകിയുടെ 'ചുപ്' വേറിട്ട ഒരു സിനിമാനുഭവം ആകുന്നത്.

എല്ലാ സീരിയൽ കില്ലർമാരെയും പോലെ ഈ സിനിമയിലെ കില്ലർക്കും ഉണ്ട് ഒരു ഭൂതകാലം. ആ ഭൂതകാലം തന്നെയാണ് അയാളെ സീരിയൽ കില്ലർ ആക്കുന്നതും. ഒട്ടും പുതുമയില്ലാത്ത ഈ പ്ലോട്ടിലെ പുതുമ എന്ന് പറയുന്നത് കൊല ചെയ്യാൻ കില്ലർ കണ്ടെത്തുന്ന കാരണങ്ങളും കൊല ചെയ്യുന്ന ശൈലിയും അതിനൊത്ത വേറിട്ട അവതരണവുമാണ്.
സത്യസന്ധമല്ലാതെ സിനിമാ റിവ്യൂ എഴുതി ഏറ്റവും കുറഞ്ഞ സ്റ്റാർ മാർക്ക് നൽകുന്ന റിവ്യൂവറെ അവരുടെ തന്നെ റിവ്യൂവിൽ നിന്ന് തിരഞ്ഞെടുക്കുന്ന പദപ്രയോഗങ്ങൾക്കനുസരിച്ചു ഹീനമായി കൊല്ലുന്ന ശൈലി.
ഈ കഥയിൽ പോലീസ് അന്വേഷണത്തിന്റെ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങൾ ഇല്ല. ഇരയെ തേടി വേട്ടക്കാരൻ വരുന്ന ഭീകര നിമിഷങ്ങൾ ഇല്ല. പകരം അതാത് കൊലപാതകങ്ങൾ അതാത് സമയത്ത് അങ്ങിനെ നടക്കുകയാണ്.
കൊലപാതകി ആരാണെന്നുള്ള സസ്പെൻസിന് ഒട്ടും തന്നെ പ്രസക്തി നൽകാതെ സിനിമ എന്ന കലയെ പ്രസക്തമായി പ്രയോജനപ്പെടുത്തുക മാത്രമാണ് ബാൽകി ചെയ്യുന്നത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് 'കാഗസ് കെ ഫൂൽ' സിനിമയുടെ റഫറൻസുകൾ കോർത്തു വച്ചു കൊണ്ടുള്ള മനോഹരമായ അവതരണം.


















1959 ൽ ഇറങ്ങിയ ഗുരു ദത്തിന്റെ 'കാഗസ് കേ ഫൂൽ' സാമ്പത്തികമായി പരാജയപ്പെടുകയും വിമർശനങ്ങൾ ഏറ്റു വാങ്ങുകയുമുണ്ടായിരുന്നു. ഇന്ത്യയിൽ ഇറങ്ങിയ ആദ്യത്തെ സിനിമാസ്കോപ് സിനിമ കൂടിയായിരുന്നു അത്. ആ സിനിമയുടെ തകർച്ചക്ക് ശേഷം ഗുരു ദത്ത് പിന്നീട് മറ്റൊരു സിനിമ സംവിധാനം ചെയ്തില്ല.
ഒരു കാലത്ത് സ്വീകരിക്കപ്പെടാതെ പോയ സിനിമയെ പിന്നീട് 80കളിൽ നിരൂപക പ്രശംസ കൊണ്ട് ക്ലാസ്സിക്കായി വാഴ്ത്തിയെങ്കിലും അന്ന് അത് കേൾക്കാൻ ഗുരു ദത്ത് ജീവിച്ചിരുന്നില്ല.
കാഗസ് കേ ഫൂൽ സിനിമയിലെ നായക കഥാപാത്രത്തെ തന്റെ സിനിമയിലെ നായകനുമായി കൂട്ടിയിണക്കി കൊണ്ട് കഥ പറഞ്ഞപ്പോൾ 'ചുപ്' ഗുരു ദത്തിനുള്ള സമർപ്പണം കൂടിയാക്കി മാറ്റി ആർ ബാൽകി.

ആകെ മൊത്തം ടോട്ടൽ = DQ വിന്റെ പ്രകടനം കൊള്ളാമായിരുന്നു.. പക്ഷേ ഹിന്ദി ഡയലോഗ് ഡെലിവെറിയിൽ ആദ്യത്തെ രണ്ടു ഹിന്ദി സിനിമകളെ വച്ചു നോക്കുമ്പോൾ പുറകോട്ട് പോയ പോലെ. പെർഫെക്ട് ആയി തോന്നിയില്ല. അതൊഴിച്ചാൽ DQ നന്നായി ചെയ്തിട്ടുണ്ട്. സണ്ണി ഡിയോളും പൂജാ ഭട്ടുമൊക്കെ ഉണ്ടെന്ന് പറയാം എന്നല്ലാതെ പ്രകടനം കൊണ്ട് ഈ സിനിമയിൽ അവർ കാര്യമായി ഒന്നും അനുഭവപ്പെടുത്തിയില്ല.

*വിധി മാർക്ക് = 7/10
©bhadran praveen sekhar

No comments:

Post a Comment