കൽക്കിയുടെ 'പൊന്നിയിൻ സെൽവൻ' വായിച്ചിട്ടില്ലാത്തത് കൊണ്ട് ഒരു മുൻവിധിയുമില്ലാതെ സിനിമ ആസ്വദിച്ചു കാണാൻ സാധിച്ചു. ഒറ്റ കേൾവിയിൽ മനസ്സിലാക്കാൻ പറ്റാതെ പോകുന്ന ഭാഷാ പ്രയോഗങ്ങൾ നിറഞ്ഞ ഡയലോഗുകൾ ഉള്ളപ്പോഴും തമിഴ് ഭാഷയുടെ കാവ്യ ഭംഗിയിൽ അതൊരു പ്രശ്നമായി അനുഭവപ്പെട്ടതേയില്ല.
ചോള സാമ്രാജ്യത്തിന്റെ വർത്തമാന കാല ചിത്രം കമൽ ഹാസ്സന്റെ ശബ്ദ വിവരണത്തിലൂടെ വരച്ചിടുന്നതിനൊപ്പം കഥയിലെ കഥാപാത്രങ്ങൾ ഒന്നിന് പുറകെ ഒന്നൊന്നായി സ്‌ക്രീനിൽ അവതരിക്കുന്നു.
വിക്രമിന്റെയും കാർത്തിയുടെയുമൊക്കെ ഇൻട്രോ സീൻ കുറച്ച് കൂടി പവർഫുൾ ആക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ജയറാമിന്റെ ആൾവാർ കടിയാൻ നമ്പിയും ഐശ്വര്യ ലക്ഷ്മിയുടെ പൂങ്കുഴലിയുമൊക്കെ നന്നായി തന്നെ അനുഭവപ്പെട്ടു.
ഒരു ഘട്ടത്തിൽ വിക്രമിൻറെ സ്ക്രീൻ സ്പേസ് ഇല്ലാതാകുകയും കാർത്തിയുടെ സ്ക്രീൻ സ്‌പേസ് കൂടുകയും ചെയ്തു. ഇടവേളക്ക് ശേഷം അത് പൂർണ്ണമായും ജയം രവിയിലേക്ക് മാറുന്നു. എന്നാൽ എല്ലായിടത്തും ഒരു പോലെ തിളങ്ങി നിന്നത് ഐശ്വര്യ- തൃഷ മാരാണ് എന്ന് പറയാതെ വയ്യ.അവരുടെ മുഖാ മുഖ സീനുകളും ഡയലോഗുകളുമൊക്കെ പലയിടത്തും നായകന്മാരെക്കാൾ മികച്ചു നിൽക്കുന്നു.
പകയും കുടിലതയും സൗന്ദര്യവുമുള്ള നന്ദിനിയെ ഐശ്വര്യ റായി ഗംഭീരമായി കൈകാര്യം ചെയ്യുമ്പോൾ അതിനെ എല്ലാ തലത്തിലും വെല്ലുന്ന ഒത്ത ഒരു എതിരാളിയുടെ വേഷം തൃഷയും മികവുറ്റതാക്കി.
ബാഹുബലിക്ക് ശേഷം വന്ന സിനിമകൾക്ക് നേരിടേണ്ടി വരുന്ന അതേ പ്രതിസന്ധി 'പൊന്നിയിൻ സെൽവ'ന്റെ യുദ്ധ രംഗങ്ങളിലും കാണാം. യുദ്ധരംഗങ്ങളിലെ ആവർത്തന വിരസത ഒഴിവാക്കുന്ന അവതരണമൊന്നും ഇനി പ്രതീക്ഷിക്കാതിരിക്കുന്നതാകും ഉചിതം.
ആദ്യ പകുതിയിൽ കുറച്ച് ലാഗ് അനുഭവപ്പെട്ടെങ്കിലും രണ്ടാം പകുതിയിൽ ജയം രവിയുടെ അരുൾ മൊഴി അഥവാ പൊന്നിയിൻ സെൽവന്റെ വരവോട് കൂടെയാണ് സിനിമ ത്രില്ലിംഗ് ആകുന്നത്. വിക്രമിനെയും കാർത്തിയെയും ക്ഷണ നേരം കൊണ്ട് മറി കടക്കുന്ന ഒരു പ്രകടനം ജയം രവിയിൽ നിന്ന് പ്രതീക്ഷിച്ചതായിരുന്നില്ല. അത്രക്കും മികവോടെയും കൃത്യതയോടെയും അയാൾ പൊന്നിയിൻ സെൽവനായി തിളങ്ങി എന്ന് പറയാം.
അധികാരത്തിന് വേണ്ടിയുള്ള തർക്കങ്ങളും ചതിയും യുദ്ധവും പക വീട്ടലുമൊക്കെ ഏതൊരു ഇതിഹാസ കഥയിലേതുമെന്ന പോലെ പൊന്നിയിൻ സെൽവനിലും കടന്നു വരുന്നുണ്ട്. പക്ഷെ ടൈറ്റിൽ കഥാപാത്രത്തിലേക്ക് മാത്രമായി ഒതുങ്ങാതെ, വെറും നായകന്മാരുടെ കഥ മാത്രമായി മാറാതെ നന്ദിനി-കുന്ദവൈ മാരെ കൂടി ഭാഗമാക്കി കൊണ്ടുള്ള ഒരു യുദ്ധ കഥയായി മാറുകയാണ് പൊന്നിയിൻ സെൽവൻ.
ആകെ മൊത്തം ടോട്ടൽ = മണിരത്നത്തിന്റെ ഇത് വരെയുള്ള ഏറ്റവും മികച്ച സിനിമയായി വിലയിരുത്താനാകില്ലെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിൽ പൊന്നിയിൻ സെൽവൻ ഉണ്ടാകുക തന്നെ ചെയ്യും. രവി വർമ്മന്റെ cinematography പൊന്നിയിൻ സെൽവന്റെ തിയേറ്റർ കാഴ്ചകൾക്ക് നൽകുന്ന മിഴിവ് എടുത്തു പറയേണ്ടതാണ്. രണ്ടാം ഭാഗം കൂടി കണ്ടു തീർന്നാൽ മാത്രമേ ആസ്വാദനം പൂർണ്ണമാകൂ എന്നതിനാൽ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിൽ തോന്നിയ കല്ല് കടികളെ മനഃപൂർവ്വം പരാമർശിക്കാതെ വിടുന്നു.
*വിധി മാർക്ക് = 8/10
-pravin-
No comments:
Post a Comment