ഉറക്കം മരണവും ഉണർവ്വ് ജീവിതവുമാണ് എന്ന തിരുക്കുറൾ തന്നെയാണ് 'നൻപകൽ നേരത്ത് മയക്കം' സിനിമയുടെ ആത്മാവ്. ഓരോ ഉറക്കവും ഒരു മരണമാണ് എന്ന സിനിമയിലെ വാചകം ഉറക്കത്തെ മരണവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ഖുർആൻ സൂക്തങ്ങളെയും ഓർമ്മപ്പെടുത്തുന്നുണ്ട്.
ജെയിംസും സുന്ദരവും ഒരാളിലൂടെ തന്നെ പകർന്നാടുമ്പോഴും ആ രണ്ടു കഥാപാത്രങ്ങളുടെയും മാനസികസ്ഥിതികളെ വ്യത്യസ്തമായി ആവാഹിച്ചഭിനയിച്ച മികവിന്റെ നടനരൂപമായി മാറുന്നു മമ്മുക്ക. ജെയിംസാണോ സുന്ദരമാണോ യാഥാർഥ്യം എന്ന് തിരിച്ചറിയാൻ സാധിക്കാത്ത തലത്തിലേക്ക് എത്തുന്നുണ്ട് ആ പ്രകടനം.
ജെയിംസ് എന്ന വ്യക്തിയെ കേന്ദ്രീകരിച്ചു കൊണ്ടുള്ള കഥയെങ്കിലും അവതരണത്തിൽ അത് അയാളുടെ മാത്രം കഥയായി ചുരുങ്ങാതെ അയാൾക്ക് ചുറ്റുമുള്ളവരിലേക്കും അയാളുടെ ചുറ്റുപാടുകളിലേക്കും പടരുന്നത് കാണാം.
കാറ്റ് വീശുന്ന ചോളപ്പാടങ്ങളും അതിന് നടുക്കിലെ വിജനമായ വഴിയും വഴിയിൽ നിൽക്കേണ്ടി വന്ന ബസും, ഡ്രൈവറും, യാത്രക്കാരുമൊക്കെ സ്‌ക്രീൻ കാഴ്ചക്കപ്പുറം പ്രതീകാത്‌മകമായി മാറുന്നു.
ഒരു കഥാപാത്രത്തിന് പിന്നാലെയും പായാതെ തന്നെ തേനി ഈശ്വറിന്റെ കാമറ എല്ലാം പകർത്തി കൊണ്ടേയിരുന്നു. പല ആംഗിളുകളിൽ നിന്നുള്ള കാഴ്ചകൾ സ്‌ക്രീനിൽ കൂടി ചേരുന്നിടത്താണ് അതിന്റെ ഭംഗി.
ഒരാളുടെ ഉച്ച മയക്കം എത്ര പേരുടെ ജീവിതങ്ങളെയാണ് അൽപ്പ നേരത്തേക്കെങ്കിലും മാറ്റി മറക്കുന്നത്. ഒരു പരിചയവുമില്ലാത്ത ഒരിടത്ത് വണ്ടി ഇങ്ങിനെ നിന്ന് പോകുമെന്നോ തീർത്തും അപരിചിതരായ ഏതൊക്കെയോ ആളുകളുടെ വീട്ടിൽ കിടന്നുറങ്ങേണ്ടി വരുമെന്നൊക്കെ ഈ യാത്രയിൽ നമ്മളാരെലും ചിന്തിച്ചിരുന്നോ എന്ന് ബെന്നി ചോദിക്കുന്നുണ്ട്. എന്താ ലേ ..എന്ന അയാളുടെ മറുപടി തന്നെ അതിന്റെ ഉത്തരം.
വസ്ത്രം മാറുന്ന അതേ ലാഘവത്തിൽ ജെയിംസ് സുന്ദരമായി മാറുന്ന രംഗം ഓർത്തു പോകുന്നു. അയാളുടെ ദേശവും ഭാഷയും വിശ്വാസവും സ്വഭാവവും വീടും കുടുംബവുമൊക്കെ എത്ര പെട്ടെന്നാണ് മാറി മറയുന്നത്.
ഉണർന്ന് എണീക്കുമ്പോൾ തലേ ദിവസത്തെ ഓർമ്മകൾ നമുക്കില്ലെങ്കിൽ അത് നമ്മുടെ മരണമാണ് . ഓർമ്മകൾക്ക് തുടർച്ചയില്ലെങ്കിൽ നമ്മൾ മറ്റൊരാളായി മാറി കഴിഞ്ഞു.
ഈ സിനിമയിൽ മാനസികമായി ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന രണ്ടു സ്ത്രീ കഥാപാത്രങ്ങൾ ജെയിംസിന്റെയും സുന്ദരത്തിന്റെയും ഭാര്യമാരാണ്.
രൂപത്തിൽ തന്റെ ഭർത്താവായി തുടരുമ്പോഴും തന്റേതല്ലാത്ത വിധം മാനസികമായി മറ്റൊരാളായി മാറിയ ജെയിംസിനെ നിസ്സഹായയായി നോക്കി നിക്കേണ്ടി വരുന്ന സാലി ഒരു ഭാഗത്ത്.. മറുഭാഗത്ത്, രൂപം കൊണ്ട് മറ്റൊരാളുടെ ഭർത്താവ് എന്ന് ഉറപ്പുള്ളപ്പോഴും സ്വഭാവ സംസാരങ്ങൾ കൊണ്ടും പെരുമാറ്റം കൊണ്ടും ഇത് തന്റെ ഭർത്താവ് സുന്ദരം തന്നെ എന്ന് ചിന്തിക്കേണ്ടി വരുന്ന പൂവല്ലി. അവർക്കിടയിലെ ആ ഒരു dilemma യെ അതി തീവ്രമായി തന്നെ സിനിമയിൽ ചിത്രീകരിച്ചു കാണാം.
ഇതേ dilemma യുടെ മറ്റൊരു വേർഷൻ ജെയിംസ് / സുന്ദരം കഥാപാത്രങ്ങളിലും കാണാം. തന്റെ സ്വത്വം ചോദ്യം ചെയ്യപ്പെടുന്നിടത്ത് സുന്ദരം വികാരാധീനനാകുന്നുണ്ട്. തനിക്ക് ഒരിക്കലും ഉൾക്കൊള്ളാനാകാത്ത ജെയിംസ് എന്ന സ്വത്വത്തെ അയാൾ തള്ളിക്കളയുന്നു. എന്നാൽ മറ്റൊരു ഘട്ടത്തിൽ താൻ സുന്ദരം അല്ലെന്നുള്ള സംശയം മനസ്സിൽ തോന്നി തുടങ്ങുന്ന സമയത്ത് അയാളുടെ മാനസികസ്ഥിതി മറ്റൊന്നായി മാറുകയാണ്.
എന്ത് കൊണ്ട് തന്നെ ആരും സുന്ദരമായി കാണുന്നില്ല അല്ലെങ്കിൽ തന്നോട് ആ നിലക്ക് സംസാരിക്കാൻ പോലും തയ്യാറാകുന്നില്ല എന്ന ചിന്ത അയാളുടെ യഥാർത്ഥ സ്വത്വത്തെ അന്വേഷിക്കുന്നതാണ്. ആ രണ്ടു കഥാപാത്രങ്ങൾക്കിടയിൽ നടക്കുന്ന പരകായപ്രവേശങ്ങളെ സാധ്യമാക്കുന്ന ആ ഉച്ച മയക്കം അനിവാര്യമായി മാറുന്നത് അപ്പോഴാണ്.
നമ്മുടെ ജീവിതത്തിൽ മുൻപ് എപ്പോഴോ സംഭവിച്ച ഒരു കാര്യം സമാനമായി വീണ്ടും നടക്കുന്ന പോലെ അനുഭവപ്പെടുന്ന അവസ്ഥയായ ദേജാവൂ ഏതെങ്കിലും ടൈം ലൂപ്പ് വഴി യഥാർത്ഥത്തിൽ നമുക്ക് സംഭവിക്കുന്നത് തന്നെയാകുമോ എന്ന് ചിന്തിപ്പിച്ചിരുന്നു 'ചുരുളി'. ഏറെക്കുറെ സമാനമായി 'നൻപകൽ നേരത്ത് മയക്കം' പല സ്വപ്ന ചിന്തകളെയും ഉണർത്തുന്നു.
യാഥാർഥ്യമെന്ന് നമ്മളെ അനുഭവപ്പെടുത്തുകയും എന്നാൽ സ്വപ്നത്തിലായിരുന്നെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്യുന്ന നിമിഷങ്ങൾക്കുള്ളിൽ തന്നെ എന്തൊക്കെയോ നേടുകയും നഷ്ടപ്പെടുകയും ചെയ്തവരായി നമ്മൾ എപ്പോഴൊക്കെയോ മാറിയിട്ടില്ലേ?
ആർക്കറിയാം നമ്മുടെ ഉറക്കങ്ങളിൽ നമ്മുടെ മനസ്സ് എവിടെയൊക്കെ അലയാൻ പോകുന്നുണ്ടെന്ന്.. ആരുടെയൊക്കെ രൂപങ്ങളിൽ ആരെയൊക്കെയോ കാണാൻ ഏതൊക്കെയോ സ്ഥലങ്ങളിൽ പോയി തിരിച്ചു വരുന്നതൊന്നും അറിയാതെ ഉണരുന്നവരാകുമോ നമ്മളും..അറിയില്ല !!
'നൻപകൽ നേരത്ത് മയക്കം' മനസ്സിൽ ഇപ്പോഴും തുടരുകയാണ്. അവസാനമില്ലാത്ത ഒരു സിനിമ പോലെ.. സുന്ദരത്തിന്റെ സ്വത്വത്തെ തിരിച്ചറിഞ്ഞ ആ നായ ബസിനെ പിന്തുടർന്ന് പോകുന്ന പോലെ ഏതെങ്കിലും ഉച്ച മയക്കങ്ങളിൽ നമ്മളെ തേടിയും ആരെങ്കിലും വരുന്നുണ്ടാകുമോ?
ആകെ മൊത്തം ടോട്ടൽ = ലിജോ ജോസ് പെല്ലിശ്ശേരിയുടെ മറ്റൊരു മികച്ച സിനിമ.
*വിധി മാർക്ക് = 8.5 /10
-pravin-
No comments:
Post a Comment