Tuesday, February 28, 2023

സമാനതകളില്ലാത്ത 'ഇരട്ട' !!


ജനിതക വിത്തുകളാലും അജ്ഞാതമായ എന്തോ ഒന്നിന്റെ ഇടപെടൽ കൊണ്ടും കുട്ടിക്കാലത്തെ കാഴ്ചകളാലും ഉണ്ടാക്കപ്പെടുന്നവനെ മനുഷ്യൻ എന്ന് വിളിക്കുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയുടെ തുടക്കത്തിൽ കൈതേരി സഹദേവനെയും റോയ് ജോസഫിനെയും വട്ടു ജയനെയുമൊക്കെ പരിചയപ്പെടുത്തിയ ശേഷം എഴുതിയിടുന്ന വരികളാണിത്. ഇതേ വരികൾ കൊണ്ട് തന്നെ 'ഇരട്ട'യിലെ വിനോദ്-പ്രമോദ് സഹോദരൻമാരെയും പരിചയപ്പെടുത്താൻ സാധിക്കും.

ഒന്നിച്ചു കളിച്ചു വളർന്നവർ പൊടുന്നനെ രണ്ടു ജീവിത സാഹചര്യങ്ങളിലേക്ക് പറിച്ചു നടപ്പെടുമ്പോൾ അവരുടെ ലോകം രണ്ടായി മാറുന്നു.. അവരുടെ കാഴ്ചകളും അനുഭവങ്ങളും രണ്ടായി മാറുന്നു. കാണാൻ ഒരു പോലെയുളള ഇരട്ട സഹോദരന്മാർ തീർത്തും വ്യത്യസ്ത സ്വഭാവമുള്ള രണ്ടു പേരായി വഴി പിരിഞ്ഞു പോകുന്ന കാഴ്ച.

സ്വഭാവപരമായ വൈരുദ്ധ്യങ്ങൾ നിലനിൽക്കുമ്പോഴും അവർ രണ്ടു പേരുടെയും ജീവിതം പരസ്പ്പരം ബന്ധിതമായിരുന്നു. പ്രമോദ് -വിനോദ് ഇരട്ടകളുടെ ജീവിതത്തിലെ ഈ സങ്കീർണ്ണതയെ തന്നെയാണ് സംവിധായകൻ സിനിമയിൽ വരച്ചിടുന്നത്.

ഒരു പോലീസ് ക്രൈം ത്രില്ലർ സിനിമയുടെ കഥാപരിസരത്തിൽ നിന്ന് കൊണ്ട് കഥ പറയുമ്പോഴും ടിപ്പിക്കൽ കുറ്റാന്വേഷണ സിനിമയുടെ പാതയിലൂടെ സഞ്ചരിക്കുന്നില്ല 'ഇരട്ട'. പകരം വിനോദ് -പ്രമോദ് ഇരട്ടകളുടെ ജീവിതത്തെ അന്വേഷണാത്മകമാക്കി കൊണ്ടുള്ള അവതരണത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

'ജോസഫി'ലും, 'നായാട്ടി'ലുമൊക്കെ ചെയ്ത പോലീസ് കഥാപാത്ര പ്രകടനങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോഴും ഒരു സീനിൽ പോലും അതിനോടൊന്നും സാമ്യത തോന്നിക്കാത്ത വിധം രണ്ടു വ്യത്യസ്ത പോലീസ് കഥാപാത്രങ്ങളായി നിറഞ്ഞാടുന്നു ജോജു ജോർജ്ജ്.


രണ്ടു പോലീസ് കഥാപാത്രങ്ങൾ എന്നതിനുമപ്പുറത്തേക്ക് രണ്ടു ഷെയ്ഡിലുള്ള രണ്ടു കഥാപാത്രങ്ങളെ വ്യത്യസ്ത മാനറിസങ്ങൾ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടുമൊക്കെ രണ്ടായി തന്നെ അനുഭവപ്പെടുത്താൻ ജോജുവിന് സാധിച്ചു. ഇരട്ടകളായിട്ടുള്ള ജോജുവിന്റെ ഒറ്റയാൾ പ്രകടനം ഈ സിനിമക്ക് നൽകുന്ന മൈലേജ് ചെറുതല്ല.

വിനോദിനുള്ളിലെ മനുഷ്യനെ തൊട്ടറിയുന്ന, പറയാൻ കാര്യമായൊരു ഡയലോഗ് പോലുമില്ലാത്ത മാലിനിയെന്ന കഥാപാത്രത്തെ അഞ്ജലി അനായാസേന കൈകാര്യം ചെയ്തു കാണാം. ഒരു വാക്കും മിണ്ടാതെ തന്നെ ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥയും സാഹചര്യവുമൊക്കെ ആഴത്തിൽ ബോധ്യപ്പെടുത്തുന്ന പ്രകടനമായിരുന്നു അഞ്ജലിയുടേത്. അതേ സമയം ശ്രിന്ദയുടെ മന്ത്രി വേഷം ഈ സിനിമയിലെ ഒരു മിസ്‌കാസ്റ്റിംഗ് ആയി അനുഭവപ്പെടുന്നുണ്ട്.

കൊലപാതകത്തിന് ഉത്തരം തേടുന്ന ഒരു സിനിമയായി തുടങ്ങി വൈകാരികമായ കഥാ മുഹൂർത്തങ്ങളിലൂടെ സഞ്ചരിച്ച് ഉള്ളുലക്കുന്ന ക്ലൈമാക്സ് സീനിലേക്ക് എത്തുന്നത് വരെയുള്ള സിനിമയുടെ ദൈർഘ്യം രണ്ടു മണിക്കൂറിൽ ഒതുക്കി കൊണ്ട് അവതരിപ്പിക്കുമ്പോഴും ഒരൽപ്പം സ്ലോ പേസിലാണ് കഥ പറച്ചിൽ എന്നത് ചിലരെ നിരാശപ്പെടുത്താം. പക്ഷേ ഈ സിനിമയെ സംബന്ധിച്ച് ആ സ്ലോ പേസ് വിനോദ്-പ്രമോദ് ഇരട്ടകളുടെ ജീവിതത്തിന്റെ ഗതിവേഗവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.

ആകെ മൊത്തം ടോട്ടൽ = മനസ്സിനെ വേട്ടയാടുന്ന ക്ലൈമാക്സ് സീൻ തന്നെയാണ് 'ഇരട്ട'യുടെ ഏറ്റവും മികച്ച ഭാഗം ..ശരി തെറ്റുകൾക്കപ്പുറം, മാറി മറയുന്ന ബോധ്യങ്ങൾക്കും തിരിച്ചറിവുകൾക്കും എല്ലാത്തിനും ഒടുവിലും നഷ്ടപ്പെട്ടു പോകുന്ന അല്ലെങ്കിൽ നഷ്ടപ്പെടുത്തേണ്ടി വരുന്ന ജീവിതങ്ങൾ ..ഇരട്ട ജീവിതങ്ങളെ അനുഭവഭേദ്യമാക്കിയ രോഹിത് എം.ജി കൃഷ്ണൻ നവാഗത സംവിധായകനെന്ന നിലക്ക് പ്രതീക്ഷ സമ്മാനിക്കുന്നു.

*വിധി മാർക്ക് = 7.5/10

-pravin-

No comments:

Post a Comment