കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിൽ ഇന്ത്യയോട് കലിപ്പ് തോന്നുന്ന പാകിസ്താൻ ആർമി ജനറൽ ഇന്ത്യയെ നശിപ്പിക്കാൻ ചെകുത്താനുമായി കൂട്ട് കൂടുന്നത് തൊട്ടാണ് 'പഠാൻ' സ്‌ക്രീനിൽ കത്തിക്കയറുന്നത്. കൊഞ്ചം പോലും ലോജിക്കലായി ചിന്തിക്കാൻ അവസരം തരാതെ അറഞ്ചം പുറഞ്ചം ആക്ഷൻ സീനുകളുടെ അയ്യര് കളിയാണ് പിന്നീടങ്ങോട്ട്.
ദുബായ് അങ്ങാടിയിൽ കൂടെ നടത്തുന്ന കാർ ചേസിംഗും ബോംബേറും അതിനും പുറമേ ബിൽഡിങ്ങുകൾക്കിടയിലൂടെയും റോഡിനു മുകളിലൂടെയുമൊക്കെയുള്ള ഹെലികോപ്റ്റർ അഭ്യാസങ്ങളും എല്ലാം കൂടി കാണുമ്പോൾ എന്റെ പൊന്നോ ഇതൊക്കെ എന്തൊരു ഓവറാക്കൽ ആണെന്ന് ചിന്തിച്ചു പോകും . പിന്നെ കുറച്ച് ഓവറായാലല്ലേ എല്ലാരും ശ്രദ്ധിക്കൂ എന്നല്ലേ. രണ്ടും കൽപ്പിച്ച് ഈ സിനിമയിൽ ഇതിങ്ങനെ ഒക്കെയാണ് ഭായ് എന്ന് സ്വയം അങ്ങട് ബോധ്യപ്പെടുക. അതാണീ പടത്തിന്റെ ആസ്വാദനത്തിനുള്ള ഒരു ലൈൻ.
യാതൊരു പുതുമകളും അവകാശപ്പെടാനില്ലാത്ത സ്ഥിരം സ്പൈ ത്രില്ലർ സിനിമകളിൽ കണ്ടു കിട്ടാവുന്ന സംഗതികളൊക്കെ തന്നെയാണ് 'പഠാൻ' സിനിമയിലും ആവർത്തിക്കപ്പെടുന്നതെങ്കിലും ഷാരൂഖ് ഖാന്റെ സ്‌ക്രീൻ പ്രസൻസിൽ നമ്മൾ മതി മറന്നു പോകുന്നു. അൻപത്തിയേഴാം വയസ്സിലും തന്റെ മെയ് വഴക്കം കൊണ്ട് ആക്ഷൻ സീനുകളുടെ ഭംഗി വർദ്ധിപ്പിക്കുന്നു ഷാരൂഖ് ഖാൻ.
ദീപികയുടെ ബിക്കിനിയുടെ കളർ മാത്രം നോക്കി ബോയ്‌കോട്ട് ചെയ്യാനിറങ്ങിയ മരപ്പാഴുകൾക്ക് അറിയുമോ ഒരു സിനിമക്ക് വേണ്ടിയും , അതിലെ കഥാപാത്രത്തിന് വേണ്ടിയും അവരെടുക്കുന്ന അധ്വാനങ്ങൾ എത്രയെന്ന്. 'പഠാൻ' ആഘോഷിക്കുന്നത് ദീപികയുടെ ആ ഡെഡിക്കേഷനെ കൂടിയാണ്.
ഒരു ഷാരൂഖ് ഖാൻ സിനിമ എന്ന് പറഞ്ഞു വക്കാനാകാത്ത വിധം ജോൺ എബ്രഹാമിന്റെ വില്ലനേയും സൽമാൻ ഖാന്റെ അതിഥി വേഷത്തേയും 'പഠാൻ' സിനിമയിൽ ഉപയോഗിച്ച് കാണാം.
'ധൂമി'ലെ വില്ലൻ കഥാപാത്രത്തെ ഓർമ്മപ്പെടുത്തുന്ന സീനുകളുണ്ടെങ്കിലും ജോണിന്റെ കരിയറിൽ ജിം എന്ന വില്ലനെ വേറിട്ട് തന്നെ അടയാളപ്പെടുത്താനാകും.
യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്സിലെ പുതുമുഖമായ പഠാനും പഴയ ടൈഗറും ഒന്നിച്ചു സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന സീനുകളെല്ലാം കോരിത്തരിപ്പുണ്ടാക്കി. ട്രെയിനിന് മുകളിൽ കൂടെയുള്ള സല്ലു ഭായിയുടെ ആ വരവ് തന്നെ ഒന്നൊന്നര സീനായിരുന്നു. സത്യം പറയാല്ലോ ടൈഗറിന് മുന്നിൽ പഠാൻ ഒന്നുമല്ലാതായി പോകുന്ന നിമിഷങ്ങൾ.
ഒരു ആപത്തു സമയത്ത് രക്ഷകനായി അവതരിക്കുകയും എല്ലാത്തിനുമൊടുവിൽ തളർന്നിരിക്കുന്ന പഠാനെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് നമുക്കിനിയും പലതും ചെയ്തു തീർക്കേണ്ടതുണ്ട് എന്നൊക്കെ ടൈഗർ പറയുമ്പോൾ അത് സിനിമക്കപ്പുറം ബോളിവുഡ് സിനിമാ ലോകത്തിന് കൊടുക്കുന്ന ആത്മവിശ്വാസം ചെറുതല്ല.
നവംബറിൽ 'ടൈഗർ 3' വരാനിരിക്കുന്നു. പഠാനും, കബീറും, ടൈഗറും, സോയയും , റുബിനയുമൊക്കെ ഇനി ഒരുമിച്ചു പ്രത്യക്ഷപ്പെടുന്ന സിനിമകളും ബോളിവുഡിൽ വിദൂരമല്ല. യാഷ് രാജിന്റെ സ്‌പൈ യൂണിവേഴ്സ് കൂടുതൽ വിപുലീകരിക്കപ്പെടുമായിരിക്കും.
ഏത് രാജ്യമായാലും അവരവരുടെ ജനങ്ങളെ സംരക്ഷിക്കാനാണ് സൈന്യവും സർക്കാരുമൊക്കെ ഉള്ളത്. യുദ്ധം ചെയ്യുന്നതിൽ പോലും ധാർമ്മികത ഉണ്ടാകണം. യുദ്ധവെറികളുമായി നടക്കുന്ന ഭരണാധികാരികൾ രാജ്യത്തിനും ലോകത്തിനും ഭീഷണിയാണ്. ഒരു രാജ്യത്തിൻറെ ശത്രു എന്ന് പറയുന്നത് അയൽരാജ്യത്തെ സൈനികൻ തന്നെയാകണം എന്നില്ല സ്വന്തം രാജ്യത്തെ സൈനികനായാലും മതി എന്നൊക്കെ പറയാതെ പറഞ്ഞു വെക്കുന്നു 'പഠാൻ'.
ആകെ മൊത്തം ടോട്ടൽ = ഒരു സിനിമ എന്ന നിലക്ക് നോക്കുമ്പോൾ ഒരുപാട് പോരായ്മകൾ എടുത്തു പറയാനുണ്ട് 'പഠാനി'ൽ. അതിലേറ്റവും പ്രധാനപ്പെട്ടത് കെട്ടുറപ്പുള്ള ഒരു തിരക്കഥ ഈ സിനിമക്കില്ല എന്നത് തന്നെയാണ്. ഇത്രയും കോടികൾ മുടക്കി എടുക്കുന്ന സിനിമയിൽ പോലും വി.എഫ്.എക്സിന്റെ ന്യൂനതകൾ എടുത്തു കാണാം. എന്നിട്ടും 'പഠാൻ' ബോക്സ് ഓഫിസിൽ നേട്ടം കൊയ്തപ്പോൾ അതൊരു രാഷ്ട്രീയ വിജയം കൂടിയായി മാറുകയാണ് ചെയ്തത്.
*വിധി മാർക്ക് = 5.5/10
-pravin-
No comments:
Post a Comment