H. വിനോദിന്റെ 'തീരൻ', രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' പോലുള്ള സിനിമകളുടെ അതേ പ്ലോട്ടിൽ ഏറെക്കുറെ അതേ റൂട്ടിലൂടെ തന്നെ കഥ പറഞ്ഞു പോകുമ്പോഴും 'കണ്ണൂർ സ്‌ക്വാഡി'ന് അതിന്റെതായ ഒരു വ്യക്തിത്വം നൽകാൻ സംവിധായകൻ റോബി വർഗ്ഗീസ് രാജിന് സാധിച്ചിട്ടുണ്ട്.
പ്രമേയപരമായ സാമ്യതകളെയെല്ലാം മറി കടക്കുന്ന അവതരണ മികവിലൂടെയാണ് കണ്ണൂർ സ്‌ക്വാഡ് കൈയ്യടി നേടുന്നത്.
H വിനോദിന്റെ 'തീരനോ'ളം പോന്ന സിനിമയല്ലെങ്കിൽ കൂടി, രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' തരാതെ പോയ സിനിമാറ്റിക് എക്സ്പീരിയൻസ് കണ്ണൂർ സ്‌ക്വാഡിൽ വേണ്ടുവോളമുണ്ട് എന്ന് പറയാം.
കണ്ണൂർ സ്‌ക്വാഡ്ന്റെ മിഷൻ ആരംഭിക്കുന്നത് തൊട്ടങ്ങോട്ട് സിനിമയുടെ വേഗവും താളവുമൊക്കെ ഒന്നാകുകയാണ്.
കണ്ണൂരിൽ നിന്ന് തുടങ്ങി ഉത്തർപ്രദേശിന്റെ ഉൾഗ്രാമങ്ങളിലേക്ക് നീളുന്ന കേസ് അന്വേഷണം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനപ്പുറം മികച്ച ഒരു റോഡ് മൂവിയുടെ ഭാവഭേദങ്ങൾ സമ്മാനിക്കുന്നു കണ്ണൂർ സ്‌ക്വാഡിന്.
രാവും പകലും ഭൂപ്രദേശവുമൊക്കെ മാറി മറയുമ്പോഴും കഥാഗതിക്കനുസരിച്ചുള്ള മുഹമ്മദ് റാഹിലിന്റെ ദൃശ്യപരിചരണങ്ങൾ ശ്രദ്ധേയമായിരുന്നു. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും കൂടി ചേരുമ്പോൾ അതിന്റെ എഫക്ട് ഇരട്ടിക്കുന്നു.
കേരള -കർണ്ണാടക ബോർഡറിൽ നിന്ന് തുടങ്ങി ഇന്ത്യ -നേപ്പാൾ ബോർഡർ വരെയുള്ള കഥാ വഴികളിലൂടെ ജോർജ്ജ് മാർട്ടിനും കൂട്ടർക്കുമൊപ്പം സിനിമ കാണുന്ന നമ്മളും സഞ്ചരിക്കുന്നു.
ഈ അന്വേഷണ യാത്രയിൽ അവരുടെ പോലീസ് വാഹനം പോലും പതിയെ ഒരു കഥാപാത്രമായി മാറുന്നുണ്ട്. ആ വണ്ടിയോടുള്ള ഒരു ഇമോഷനൊക്കെ നന്നായി വർക് ഔട്ട് ആകുന്നതും അത് കൊണ്ടാണ്.
കേരളം വിട്ട് മറ്റൊരു സംസ്ഥാനത്ത് ജോലിയുടെ ഭാഗമായി എത്തിപ്പെടുന്ന കേരളാ പോലീസിന്റെ നിസ്സഹായാവസ്ഥകളും പരിമിതികളുമൊക്കെ വിശദമായി ചിത്രീകരിച്ചു കണ്ടത് ഖാലിദ് റഹ്മാന്റെ 'ഉണ്ട'യിലാണ് .
'ഉണ്ട'യിൽ മമ്മൂട്ടിയുടെ S.I മണികണ്ഠനും കൂട്ടർക്കും നേരിടേണ്ടി വന്ന വെല്ലുവിളികളുടെ മറ്റൊരു പതിപ്പെന്ന പോലെ 'കണ്ണൂർ സ്‌ക്വാഡി'ലെ ASI ജോർജ്ജ് മാർട്ടിനും സംഘവും കേസ് അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലായി പ്രതിസന്ധികളിൽ അകപ്പെടുന്നത് കാണാം .
RDX ൽ വില്ലന്മാരോട് നമുക്ക് കലിപ്പ് തോന്നാൻ കാരണമാകുന്ന ചില രംഗങ്ങൾ ഉള്ളത് പോലെ ഇവിടെയും വില്ലന്മാരോട് അടങ്ങാത്ത വൈരം ഉണ്ടാക്കി തരുന്ന സീനുകൾ ഉണ്ട്.
ആദ്യമേ ആരൊക്കെയാണ് വില്ലൻമാർ എന്ന് കാണിച്ചു തരുന്നത് കൊണ്ട് സസ്പെൻസിനു സിനിമയിൽ പ്രാധാന്യമില്ല. പകരം പോലീസിന് പിടി കൊടുക്കാതെ മുങ്ങി നടക്കുന്ന വില്ലന്മാരെ തേടിയുള്ള യാത്രയിലാണ് എല്ലാ ത്രില്ലും.
വില്ലന്മാർ പ്രകടനം കൊണ്ട് മികച്ചു നിക്കുമ്പോഴാണ് സിനിമയുടെ ത്രില്ല് കൂടുന്നത്. രണ്ടു മെയിൻ വില്ലന്മാർ ഉണ്ടെങ്കിലും ഒരാൾക്ക് ഒരു ഡയലോഗ് പോലും കൊടുക്കാതെ ഒതുക്കിയത് എന്തിനാണ് എന്ന് ഒരു പിടിയുമില്ല. ഹിന്ദി വില്ലന്മാരൊക്കെ കിടു ആയിരുന്നു.
അസീസ് -റോണി-ശബരീഷ് കോമ്പോ തരക്കേടില്ലായിരുന്നു. എന്നാലും അവരുടെ ടീം സ്പിരിറ്റ് അനുഭവപ്പെടുത്തുന്ന സീനുകൾ ഇല്ലാതെ പോയി. അതേ സമയം ആദ്യവസാനം വരെ സൈബർ സെല്ലിൽ ഇരുന്ന് കോർഡിനേറ്റ് ചെയ്ത ശരത് സഭയുടെ കഥാപാത്രമൊക്കെ നന്നായിട്ടുമുണ്ട്.
ഫൈറ്റ് സീനുകളെല്ലാം കിടിലനായിരുന്നു. പ്രായത്തെ വക വെക്കാത്ത വിധം മമ്മുക്ക ആക്ഷൻ സീനുകളിലൊക്കെ മറ്റാരേക്കാളും തിളങ്ങി.
'ഉണ്ട'യിലെ പോലെ രാഷ്ട്രീയം പറയുന്നില്ലെങ്കിലും ഉത്തരേന്ത്യയിൽ വച്ചുള്ള ഒരു സീനിൽഇതെന്താ ഇവിടെ ഇങ്ങിനെയൊക്കെ എന്ന് ചോദിക്കുന്ന ജോസിനോട് ഇത് കേരളമല്ല അത് തന്നെ എന്ന് മറുപടി പറയുന്ന ജോർജ്ജ് മാർട്ടിൻ തന്നെ ധാരാളം.
ആകെ മൊത്തം ടോട്ടൽ = വർക്കാകാതെ പോയ ചില ഇമോഷണൽ സീനുകളും അല്ലറ ചില്ലറ ക്‌ളീഷേകളുമൊക്കെ ഒഴിച്ച് നിർത്തിയാൽ കണ്ണൂർ സ്‌ക്വാഡ് എല്ലാ തലത്തിലും തൃപ്‍തിപ്പെടുത്തിയ സിനിമയാണ്.
*വിധി മാർക്ക് = 8/10
-pravin-
No comments:
Post a Comment