Saturday, October 7, 2023

ആറ്റ്ലിയുടെ ഒരു കളർ മാഷപ്പ് മാസ്സ് പടം !!


ലോജിക്കൊന്നും നോക്കാതെ ആക്ഷൻ മാസ്സ് മസാല പടങ്ങൾ ആസ്വദിക്കാൻ സാധിക്കാറുള്ളത് കൊണ്ടും പ്രത്യേകിച്ച് മുൻവിധികൾ ഒന്നുമില്ലാതെ കണ്ടത് കൊണ്ടുമൊക്കെയാകാം ഈ 'ജവാൻ' എന്നെ തൃപ്തിപ്പെടുത്തി. നമ്മൾ മുൻപ് കണ്ട പല സിനിമകളുടെ പ്രമേയങ്ങളെയും സീനുകളേയും കഥാപാത്രങ്ങളെയുമൊക്കെ സമാസമം മിക്സ് ചെയ്തുണ്ടാക്കിയ ഒരു മാഷപ്പ് ആണ് ജവാൻ എന്നതിൽ തർക്കമില്ലെങ്കിലും ആ മാഷപ്പ് ആറ്റ്ലി ഗംഭീരമായി ചെയ്തു വച്ചിട്ടുണ്ട് എന്ന് സമ്മതിക്കാൻ മടിക്കേണ്ട കാര്യമില്ല.

കോർപ്പറേറ്റ് കമ്പനികളുടെ കടം എഴുതി തള്ളുകയും താരതമ്യേന ചെറിയ തുകയുടെ കടത്തിന്റെ പേരിൽ കർഷകരെ ആത്മത്യയിലേക്ക് തള്ളി വിടുകയും ചെയ്യുന്ന ഗവര്മെന്റിനെതിരെയാണ് ജവാൻ ആദ്യം സംസാരിക്കുന്നത്. 'കത്തി'യും 'മഹർഷി'യുമടക്കം പല സിനിമകളെയും ഓർത്ത് പോകുമ്പോഴും ജവാൻ പറയുന്ന കാര്യങ്ങളുടെയൊന്നും പ്രസക്തി നഷ്ടപ്പെടുന്നില്ല.

ഉത്തരേന്ത്യയിലെ സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥകളൊക്കെ സിനിമയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഓക്സിജൻ സിലിണ്ടർ ഇല്ലാത്ത കാരണത്താൽ മരണപ്പെട്ട യുപിയിലെ ഗൊരഖ്‌ പൂരിലെ കുഞ്ഞുങ്ങളെയും അന്ന് അതിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കിയ കഫീൽ ഖാനെയുമൊക്കെ ഓർമ്മിപ്പിക്കുന്ന സീനുകൾ.

കറൻസി നിരോധനത്തെയും, ഡിജിറ്റൽ ഇന്ത്യയെയും, ടാക്സ് സിസ്റ്റത്തെയുമൊക്കെ ട്രോളിയ 'മെർസൽ' സിനിമയിലും ആശുപത്രി ഒരു പ്രമേയം ആയിരുന്നല്ലോ. കോടികൾ മുടക്കി പ്രതിമകളും അമ്പലങ്ങളുമല്ല ആശുപത്രികൾ കെട്ടാനാണ് സർക്കാർ ശ്രമിക്കേണ്ടത് എന്ന ഡയലോഗെല്ലാം അന്ന് കൊള്ളേണ്ടയിടത്ത് തന്നെ കൊണ്ടു.

ശങ്കറിന്റെ 'മുതൽവ'നും 'ഇന്ത്യ'നും, 'ശിവാജി'യുമൊക്കെ സംസാരിച്ച അതേ കാര്യങ്ങൾ ജവാന് വേണ്ടി ആറ്റ്ലിയും പ്രമേയവത്ക്കരിക്കുന്നുണ്ട്. 'മുതൽവനി'ൽ ഒരൊറ്റ ദിവസത്തേക്ക് മാത്രമായി മുഖ്യമന്ത്രി ആകുന്ന നായകൻ മണിക്കൂറുകൾക്കുള്ളിൽ നാട്ടിൽ പലതും നടപ്പിലാക്കുന്ന പോലെ 'ജവാനി'ലെ നായകനും മണിക്കൂറുകൾ കൊണ്ട് പല സാമൂഹിക പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നു.

ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുമോ അല്ലെങ്കിൽ ഇതിലൊക്കെ എന്ത് യുക്തിയാണ് എന്ന് ചിന്തിക്കുന്നതിനേക്കാൾ, യുക്തിയില്ലെങ്കിലും സിനിമകളിൽ കൂടെയെങ്കിലും ഇത്തരം വിഷയങ്ങളിൽ നീതി നടപ്പിലാക്കപ്പെടുന്നത് കാണുമ്പോഴുള്ള ഒരു ആശ്വാസമാണ് തോന്നിയത്.

ഫാക്റ്ററികളിൽ നിന്നുള്ള വിഷ വാതകം ശ്വസിച്ചു മരിക്കേണ്ടി വരുന്ന ജനതയും, ആയുധ ഇടപാടുകളിലെ അഴിമതി കാരണം ശത്രുവിന്റെ വെടിയേറ്റ് മരിക്കേണ്ടി വരുന്ന പട്ടാളക്കാരുമൊക്കെ ഒരേ ഭരണകൂടത്തിന്റെ ഇരകളാണ്.

സർക്കാരിനെ ചോദ്യം ചെയ്യുന്നവർ രാജ്യ ദ്രോഹികളായി ചിത്രീകരിക്കപ്പെടുന്ന കാലത്ത് ഈ സിനിമ കാണുമ്പോൾ അനുഭവപ്പെടുന്ന ആത്മരോഷത്തിന് അറുതിയുണ്ടാക്കാൻ സിനിമയിലെ നായകന് സാധിക്കുന്നുണ്ടെങ്കിൽ അത് സംവിധായകന്റെ വിജയമായി കാണാനേ സാധിക്കൂ.

വെറുമൊരു മാസ്സ് മസാലാ എന്റർടൈനർ എന്ന് ഒറ്റയടിക്ക് പറഞ്ഞു വക്കാനാകാത്ത വിധം 'ജവാൻ' സിനിമക്ക് ഒരു രാഷ്ട്രീയമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് ക്ലൈമാക്സ് സീനുകൾ. വരാനിരിക്കുന്ന ലോക് സഭാ ഇലക്ഷനിൽ ജനങ്ങൾ ആർക്ക് വോട്ട് ചെയ്യണം അല്ലെങ്കിൽ ആർക്ക് വോട്ട് ചെയ്തേ മതിയാകൂ എന്ന സൂചന അതിലുണ്ട്.

മുരുഗദോസിന്റെ 'സർക്കാർ' സിനിമയിൽ പറഞ്ഞു വച്ച കാര്യങ്ങൾ തന്നെയെങ്കിലും ജാനാധിപത്യ സംവിധാനത്തിൽ നമ്മുടെ ചൂണ്ടു വിരലിന്റെ പ്രസക്തിയും വോട്ടിന്റെ വിലയുമൊക്കെ ഒന്ന് കൂടെ അടിവരയിട്ട് പറയുന്നുണ്ട് 'ജവാൻ'


ഷാരൂഖ് ഖാനെ പോലെയൊരു സൂപ്പർ താരത്തെ ആഘോഷിക്കാൻ വേണ്ട ചേരുവകളൊക്കെ ജവാനിൽ ധാരാളമുണ്ട്. മൂന്ന് നാല് ഗെറ്റപ്പുകളിൽ സ്‌ക്രീൻ പ്രസൻസ് കൊണ്ടും പ്രകടനം കൊണ്ടുമൊക്കെ ഷാരൂഖ് ഖാൻ നിറഞ്ഞാടി എന്ന് പറയാം.

ഷാരൂഖ്-നയൻ താര കോമ്പോ തരക്കേടില്ലായിരുന്നു. വിജയ് സേതുപതിയുടെ വില്ലൻ ഓക്കേ ആയിരുന്നെങ്കിലും ആ വില്ലന് കൊടുത്ത ഹൈപ്പ് വച്ച് നോക്കുമ്പോൾ വിജയ് സേതുപതിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത പോലെ അനുഭവപ്പെടുത്തി.

ഷാരൂഖ് ഖാൻ - ദീപിക പദുകോൺ ജോഡി നന്നായിരുന്നു. നയൻ താരയുടെ നായികാ വേഷത്തേക്കാൾ ദീപികയുടെ എക്സ്റ്റണ്ടട് കാമിയോ വേഷം നന്നായി തോന്നി. 'ബിഗിലി'ലെ പോലെ 'ജവാനി'ലെ പെൺപടയും നായകനൊപ്പം ആദ്യവസാനം വരെ നിറഞ്ഞു നിന്നു. സഞ്ജയ്‌ ദത്തിന്റെ മാധവൻ നായർ ഓണ സദ്യയെ പ്രമോട്ട് ചെയ്യാൻ വന്ന പോലെയായി.

ആകെ മൊത്തം ടോട്ടൽ = അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ജി.കെ വിഷ്ണുവിന്റെ ഛായാഗ്രഹണവുമൊക്കെ അറ്റ്ലിയുടെ പടത്തിന് ഒരു ആനച്ചന്തം നൽകുന്നുണ്ട്. റൂബന്റെ എഡിറ്റിങ് ജവാനെ ചടുലമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഘ്യമുണ്ടെങ്കിലും ബോറടിപ്പിച്ചില്ല ജവാൻ.

*വിധി മാർക്ക് = 7/10

-pravin-

No comments:

Post a Comment