Tuesday, April 2, 2024

ഭാഷാതീതമായ ആടുജീവിതം..മികവുറ്റ സിനിമാവിഷ്ക്കാരം !!


ഏതെങ്കിലും ഒരു നോവൽ സിനിമയാക്കപ്പെടുമ്പോൾ ഒരാചാരം പോലെ പറയുന്ന 'നോവലിനോട് സിനിമ നീതി പുലർത്തിയില്ല' എന്ന പരാതി 'ആടുജീവിത'ത്തിന്റെ കാര്യത്തിലും തുടരുമായിരിക്കാം .. പക്ഷേ ഒരു സിനിമാ സൃഷ്ടി എന്ന നിലക്ക് ആടുജീവിതം ഭാഷാതീതമായി തന്നെ സ്വീകരിക്കപ്പെടും എന്നതിൽ ഒരു തർക്കവും വേണ്ട. അത്ര മാത്രം സമൃദ്ധമായ ദൃശ്യ ഭാഷയിലാണ് ബ്ലെസ്സി 'ആടുജീവിതം' ഒരുക്കിയിരിക്കുന്നത്.

പദ്മരാജന്റെ 'ഓർമ്മ'യെ 'തന്മാത്ര'യിലേക്ക് മാറ്റി നട്ടത് പോലെ ബെന്യാമിന്റെ 'ആടുജീവിത'ത്തിൽ നിന്ന് ബ്ലെസ്സി ഉണ്ടാക്കിയെടുത്ത ഒരു 'ആടുജീവിത'മാണിത്. കാഴ്ചയുടെയും കേൾവിയുടെയും അനുഭവപ്പെടുത്തലിന്റേയുമൊക്കെ അതി തീവ്രമായ ആടുജീവിതം.

നോവൽ വായിച്ചവരെയും വായിക്കാത്തവരെയും ഒരു പോലെ പൊള്ളിക്കുന്ന തീവ്ര വൈകാരിക രംഗങ്ങൾ. പത്തു പതിനാലു വർഷ കാലയളവിൽ ചെയ്തു തീർത്ത സിനിമ എന്നത് വെറുതെ പറഞ്ഞു പോകാനുള്ളതല്ല എന്ന് എല്ലാ തലത്തിലും അനുഭവഭേദ്യമാക്കാൻ സംവിധായകനും അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും സാധിച്ചിട്ടുണ്ട്.

ആട്ടിൻകൂട്ടത്തിൽ ഇരിക്കുന്ന നജീബിന്റെ ശോഷിച്ച രൂപം കാണിക്കാതെ, എല്ലാ ദയനീയതയും നിറഞ്ഞു നിൽക്കുന്ന അയാളുടെ രണ്ടു കണ്ണുകളെ മാത്രം നിലാവിന്റെ വെളിച്ചത്തിൽ കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ ആദ്യ സീന് കൊണ്ട് തന്നെ നമ്മളെ ആ മസറയിലേക്ക് എത്തിക്കുന്നു.


പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്ര പ്രകടനം എന്ന് നിസ്സംശയം പറയാവുന്ന ഒന്ന് തന്നെയാണ് ആടുജീവിതത്തിലെ നജീബ്. രൂപം കൊണ്ടും ഭാവം കൊണ്ടും നജീബായി പരകായ പ്രവേശം നടത്തുന്ന ഇത് പോലൊരു പൃഥ്വിരാജിനെ വേറൊരു സിനിമയിലും ഇനി കാണാൻ സാധിക്കില്ല.

സാധാരണ ഗതിക്ക് പൃഥ്വിരാജിന്റെ ഡയലോഗ് ഡെലിവെറിയിൽ അനുഭവപ്പെട്ടിരുന്ന കല്ല് കടികൾ ഈ സിനിമയിൽ ഉണ്ടായില്ല എന്നത് കഥാപാത്ര പ്രകടനത്തിന്റെ മികവ് കൂട്ടി.

ഇബ്രാഹിം ഖാദിരിയായി വന്ന ജിമ്മി ജീൻ ലൂയിസ് അനായാസേന ആ കഥാപാത്രത്തെ അവതരിപ്പിച്ചു കാണാം.

ഹക്കീമായി വന്ന ഗോകുലിന്റെ പ്രകടനം പൃഥ്വിരാജിനൊപ്പം തന്നെ എടുത്തു പറയാവുന്നതാണ്. നജീബ് -ഹക്കീം കൂടി കാഴ്ചയൊക്കെ മനസ്സ് തകർക്കുന്ന രംഗമായി മാറുന്നുണ്ട്.

ഒരു പുതുമുഖക്കാരന്റെതായ യാതൊരു പതർച്ചയുമില്ലാതെ ഗോകുൽ ആ വേഷം ഗംഭീരമായി ചെയ്തു. ഹക്കീമിന്റെ അവസാന സീനുകളൊക്കെ ഗോകുൽ വേറെ ലെവലിലേക്ക് എത്തിച്ചു. 

എ. ആർ റഹ്മാന്റെ സംഗീതവും , റസൂൽ പൂക്കുട്ടിയുടെ ശബ്ദ മിശ്രണവും ആട് ജീവിതത്തിന്റെ കഥാപരിസരത്തെയും കഥാ സാഹചര്യങ്ങളെയും മനസ്സിലേക്ക് കൂടുതൽ വലിച്ചടുപ്പിക്കുന്നതായിരുന്നു.

പുഴയിലെ നനഞ്ഞ മണലിലും മരുഭൂമിയിലെ നനുത്ത മണലിലും ഒരു പോലെ ഇഴുകി ചേർന്നു കിടക്കുന്ന നജീബിന്റെ ജീവിതത്തെ എഡിറ്റിങ്ങിലൂടെ മനോഹരമായി അടയാളപ്പെടുത്താൻ ശ്രീകർ പ്രസാദിന് സാധിച്ചിട്ടുണ്ട്.
മരുഭൂമി ചിത്രീകരിച്ചു കണ്ടിട്ടുള്ള മുൻ കാല സിനിമകളിൽ നിന്നൊക്കെ വേറിട്ട് നിൽക്കുന്ന കാഴ്ചകകളൊരുക്കിയ സുനിൽ കെ.സിന്റെ ഛായാഗ്രാഹണം ആടുജീവിതത്തിന്റെ മറ്റൊരു മികവാണ്.


മരുഭൂമിയുടെ ആകാശ ദൃശ്യങ്ങൾ, വിദൂര ദൃശ്യങ്ങൾ, രാത്രി - പകൽ ദൃശ്യങ്ങൾ എന്നതിനുമപ്പുറം മഴയും വെയിലും മണൽക്കാറ്റുമടക്കമുള്ള മരുഭൂമിയുടെ കാലാവസ്ഥാ വ്യതിയാനമൊക്കെ വേറിട്ട തിയേറ്റർ ആസ്വാദനം സമ്മാനിച്ചു.

CGI - VFX, വസ്ത്രാലങ്കാരം, മെയ്ക് അപ് അടക്കം ഒരു സിനിമയിലെ എല്ലാ വിഭാഗവും ഒരു പോലെ മികവ് പുലർത്തുന്ന സിനിമയായി തന്നെ വിലയിരുത്താം 'ആടുജീവിത'ത്തെ.

ക്ലൈമാക്സിൽ സൈനുവിനെ നജീബ് കാണുന്ന രംഗമോ, യഥാർത്ഥ നജീബിന്റെ വിവരണങ്ങളോ കാണിക്കാതെ ഇങ്ങിനെ പറഞ്ഞവസാനിപ്പിക്കേണ്ടിയിരുന്നോ എന്ന് പരാതിപ്പെടുന്നവർ ഉണ്ടായേക്കാം. പക്ഷേ ഇപ്പോഴത്തെ ക്ലൈമാക്സ് തന്നെയാണ് ഈ സിനിമക്ക് ഏറ്റവും അനുയോജ്യം എന്നാണ് എന്റെ പക്ഷം.

തിയേറ്ററിൽ നിന്ന് കാണേണ്ട സിനിമ എന്നതിനേക്കാൾ ശബ്ദ -ദൃശ്യത്തിന്റെ കാര്യത്തിൽ ഏറ്റവും മികച്ച തിയേറ്ററുകളിൽ നിന്ന് തന്നെ ആസ്വദിക്കേണ്ട സിനിമാനുഭവമാണ് 'ആടുജീവിതം'. 
©bhadran praveen sekhar

No comments:

Post a Comment