Tuesday, April 30, 2024

എട മോനെ..വേറെ ലെവൽ പടം !!


Re introducing Fa.Fa എന്ന് വെറുതെ സ്‌ക്രീനിൽ എഴുതി കാണിച്ചതല്ല എന്ന് ബോധ്യപ്പെടുത്തുന്ന മേയ്ക്കിങ്. ആദ്യാവസാനം വരെ 'ആവേശം' കൊള്ളിക്കുന്ന അവതരണം.

എല്ലാത്തിലുമുപരി എനർജറ്റിക് പ്രകടനം കൊണ്ടും ഡയലോഗ് ഡെലിവെറി കൊണ്ടും വ്യത്യസ്ത ഗെറ്റപ്പും മാനറിസങ്ങളുമൊക്കെ കൊണ്ട് ഒരു സിനിമയെ മൊത്തത്തിൽ ഫഹദ് ഫാസിൽ കയ്യാളുന്ന കാഴ്ച.

ബാംഗ്ലൂരിൽ പഠിക്കാനെത്തുന്ന പിള്ളേര് സെറ്റിന്റെ ചോരത്തിളപ്പും അർമ്മാദവുമൊക്കെ കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ ആദ്യത്തെ കുറച്ചു സമയം കൊണ്ട് തന്നെ നമ്മളെ പിടിച്ചിരുത്തുന്നുണ്ട്. പതിയേ അവരുടെ കഥയിലേക്ക് രംഗണ്ണനെന്ന ഗ്യാങ്ങ്സ്റ്ററും കൂടെ വരുന്നതോടെ പിന്നെയുള്ള സീനുകളൊക്കെയും സംഭവ ബഹുലമാകുകയാണ്.

വെള്ളയും വെള്ളയുമിട്ട് വരുന്ന രംഗനിൽ എവിടെയോ പഴയ ഷമ്മി ഒളിഞ്ഞിരിക്കുന്നില്ലേ എന്ന് സംശയത്തോടെ നോക്കിയെങ്കിലും ആദ്യത്തെ ഒന്ന് രണ്ടു സീൻ കൊണ്ട് തന്നെ രംഗന്റെ റേഞ്ച് അതുക്കും മേലെയാണ് എന്ന് ഫഹദ് ബോധ്യപ്പെടുത്തി.

ആദ്യാവസാനം വരെ ഒരു രക്ഷയുമില്ലാത്ത ഫ.ഫാ ഷോ അരങ്ങേറുന്ന അതേ സമയത്ത് സ്‌ക്രീനിൽ ഫഹദിനൊപ്പം തന്നെ ആടി തിമിർക്കുന്നു സജിൻ ഗോപു.

രംഗണ്ണന്റെ സ്വന്തം അമ്പാൻ. ചില സീനുകളിൽ രംഗണ്ണനെ വരെ കടത്തി വെട്ടുന്ന പ്രകടനങ്ങൾ കൊണ്ട് നമ്മളെ ഞെട്ടിക്കുന്നു. അമ്പാൻ - രംഗ കോംബോ സീനുകളൊക്കെ ആ നിലക്ക് 'ആവേശ'ത്തിന്റെ ആത്മാവായി മാറുന്നു.കൂട്ടത്തിൽ പിള്ളേരുടെ പ്രകടനങ്ങളും നന്നായിരുന്നു.

സമീർ താഹിറിന്റെ ഛായാഗ്രഹണവും വിവേക് ഹർഷന്റെ എഡിറ്റിങ്ങുമൊക്കെ ആവേശത്തിന്റെ ചടുലത കൂട്ടി. പിന്നെ എന്നത്തേയും പോലെ സുഷിൻ ശ്യാമിന്റെ സംഗീതവും കൂടി ആകുമ്പോൾ സിനിമ വേറെ ലെവലിൽ എത്തുന്നു.

ഒരു ഗ്യാങ്സ്റ്റർ സിനിമയുടെ സ്ഥിരം കെട്ടു മട്ടു ഭാവങ്ങളിൽ നിന്ന് മാറി കോമഡിയും ആക്ഷനും ഇമോഷനുമൊക്കെ ഒരു പോലെ ഗംഭീരമായി സമന്വയിപ്പിച്ച സിനിമ എന്ന നിലക്ക് ശ്രദ്ധേയമാണ് 'ആവേശം'.

വളരെ ചെറിയ ഒരു കഥയെ പരിമിതമായ കഥാപരിസരത്തിൽ ചുരുങ്ങിയ കഥാപാത്രങ്ങളെ വച്ച് പറഞ്ഞവതരിപ്പിക്കാനുള്ള ജിത്തു മാധവന്റെ കഴിവ് 'രോമാഞ്ച'ത്തിൽ നിന്ന് 'ആവേശ'ത്തിലേക്ക് എത്തുമ്പോൾ കൂടിയിട്ടേ ഉള്ളൂ.

രംഗന്റെ കഥ സത്യത്തിൽ അപൂർണ്ണമാണ്. ആരും അധികം അന്വേഷിച്ചിട്ടില്ലാത്ത, സത്യമേത് നുണയേത് എന്നറിയാത്ത, ഒരുപാട് അടരുകൾ ഉള്ള രംഗന്റെ യഥാർത്ഥ ജീവിത കഥ എന്തായിരിക്കാം? രംഗണ്ണന്റെ തരാ തരം കഥകൾ പറയുന്ന അമ്പാന്റെയുള്ളിലും കാണില്ലേ അതിന്റെ ചില ഉത്തരങ്ങൾ? സിനിമ കഴിഞ്ഞാലും അങ്ങിനെ പലതും ആലോചിച്ച് ആവേശം കൂടുകയേ ഉള്ളൂ .

©bhadran praveen sekhar

No comments:

Post a Comment