ഒരു പുതുമുഖ സംവിധായകന്റെ സിനിമയാണെന്ന് പറയാൻ സാധിക്കാത്ത വിധമുള്ള മേയ്ക്കിങ് , നല്ല കാസ്റ്റിങ്.
ഒരു ഓഫീസ് മുറിയും വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളെയും വച്ച് ഒരൊറ്റ ദിവസത്തെ ചടുലമായ കൊലപാതക കേസ് അന്വേഷണം.
ട്രെയ്‌ലർ കണ്ടപ്പോൾ കിട്ടിയ പ്രതീക്ഷ വെറുതെയായില്ല. കാണുന്നവരെ ആദ്യവസാനം വരെ ത്രില്ലടിപ്പിക്കാൻ സിനിമക്ക് സാധിച്ചു.
രഞ്ജിത്ത് സജീവിന്റെ പോലീസ് ലുക്ക് സൂപ്പറായി. ചില സീനുകളിലൊക്കെ ഒരു ജോൺ എബ്രഹാം ലുക്ക് ആയിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യൽ സീനുകളൊക്കെ നീണ്ടു പോകുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ലാഗ് ഈ സിനിമയിൽ കണ്ടു കിട്ടില്ല. അത്ര മാത്രം കൃത്യതയോടെ അളന്നു മുറിച്ചെടുത്ത ചോദ്യോത്തര സീനുകളിലേക്ക് പ്രേക്ഷകർ താനേ ലയിച്ചു പോകും.
കുറ്റാന്വേഷണ സിനിമയുടെ മൂഡിൽ മുന്നേറുന്ന സിനിമക്ക് ഭീകരമായ ഒരു ഇന്റർവെൽ ബ്ലോക്ക് സെറ്റ് ചെയ്തതൊക്കെ രണ്ടാം പകുതിയിലേക്കുള്ള ആകാംക്ഷ വർദ്ധിപ്പിച്ചു.
ഫ്ലാഷ് ബാക്ക് വിവരണത്തിന്റെ കാര്യത്തിൽ സമീപ കാലത്ത് കണ്ടതിൽ വച്ച് മികച്ച ഒരു പ്രകടനമായി തോന്നി സിദ്ധീഖിന്റെത്.
തിരക്കഥ തന്നെയാണ് ഈ സിനിമയിലെ നായകൻ. അതിനൊപ്പം തന്നെ മികച്ചു നിന്ന എഡിറ്റിംഗ്, ബാക്ഗ്രൗണ്ട് സ്‌കോർ, ഛായാഗ്രഹണം. നൂറു ശതമാനം കുറ്റമറ്റ സിനിമയാണെന്ന അവകാശവാദമില്ല. പക്ഷെ തീർച്ചയായും വിജയം അർഹിക്കുന്ന സിനിമ.
അഭിനന്ദനങ്ങൾ സംജദ് - പ്രവീൺ വിശ്വനാഥ്. ദുരൂഹതകൾ തുടരുന്ന ഗോളത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.
©bhadran praveen sekhar


