Tuesday, July 2, 2024

വെറുതെയൊരു 'ഗ്ർർർ' !!

2018 ലെപ്പോഴോ ആണെന്ന് തോന്നുന്നു തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ഒരാൾ ചാടിയതും ജീവനക്കാർ അയാളെ രക്ഷപ്പെടുത്തിയതുമായ വാർത്ത വരുന്നത്.

ആ ഒരു ചെറിയ കോളം വാർത്തയെ വച്ച് കോമഡി സിനിമാ പിടിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ അതിനൊത്ത തിരക്കഥ വേണമെന്ന് മാത്രം.

റോഡിലെ ഒരു കുഴിയെ വച്ച് 'ന്നാ താൻ കേസ് കൊട്' പോലുള്ള സിനിമകൾ വിജയിച്ചതിന്റെ പിന്നിലെ രഹസ്യം തിരക്കഥാ രചനയിലെ മികവാണ്.

ഇവിടെ 'ഗ്ർർർ' ലേക്ക് വന്നാൽ അമ്പേ ദുരന്തമാണ് സ്ക്രിപ്റ്റിങ് എന്ന് പറയേണ്ടി വരും. കഥാപാത്ര പ്രകടനങ്ങളിലേക്ക് വന്നാലും എടുത്തു പറയാൻ ഒന്നുമില്ലാത്ത അവസ്ഥ.

കള്ളു കുടിച്ചിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അഭിനയമൊക്കെ പരമ ബോറായിരുന്നു. യുവജനോത്സവ വേദികളിലെ മോണോ ആക്ട് ലെവലിലേക്ക് പോലും എത്താതെ പോയ പ്രകടനം. സുരാജ് തരക്കേടില്ലായിരുന്നു. ബാക്കി വന്നവരും പോയവരുമൊക്കെ അസ്സല് വെറുപ്പിക്കൽ.

കോമഡിയെന്ന പേരിൽ സുരാജ് - കുഞ്ചാക്കോ ടീം നടത്തുന്ന പ്രകടനങ്ങളൊക്കെ കണ്ടു കൊണ്ട് കിടക്കുന്ന ആ സിംഹം എന്തൊരു മണ കൊണാഞ്ചൻ ആണെന്ന് ചിന്തിച്ചു പോയി. എങ്ങനേലും സിംഹം അവരെ പിടിച്ചൊന്ന് തിന്നാൽ എല്ലാത്തിനും ഒരു അവസാനമാകുമല്ലോ എന്ന് വെറുതെ ഓർത്തു പോയ്‌.

പക്ഷേ നല്ലൊരു ഗർജ്ജനം പോയിട്ട് ഒരു ഞെരക്കം പോലും സമ്മാനിക്കാതെ സിംഹവും അവർക്കൊത്ത രീതിയിൽ ഒരു ബോറനായി മാറുകയായിരുന്നു.

എന്തായാലും തിരുവനന്തപുരം മൃഗശാലയിലെ സിംഹവും മറ്റു മൃഗങ്ങളും ഈ സിനിമ കാണാതിരിക്കട്ടെ..

©bhadran praveen sekha

No comments:

Post a Comment