Friday, August 30, 2024

മനുഷ്യ മനസ്സിന്റെ വികാര -വിചാരങ്ങളുടെ 'ഉള്ളൊഴുക്ക്' !


മനുഷ്യ മനസ്സിന്റെ വികാര -വിചാരങ്ങളുടെ ഉള്ളൊഴുക്കിൽ ആപേക്ഷികമായ ശരി തെറ്റുകൾക്ക് പ്രസക്തിയില്ല .പുറമേക്ക് എത്ര തന്നെ ശാന്തമായി ഒഴുകുമ്പോഴും മനുഷ്യ മനസ്സുകളുടെ ഉള്ളൊഴുക്കിന്റെ ഗതി വിഗതികൾ അത്ര മാത്രം പ്രവചനാതീതമാണ് .

ക്രിസ്റ്റോ ടോമിയുടെ 'ഉള്ളൊഴുക്കി'ലെ കേന്ദ്ര കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളിൽ ഇത്തരം സങ്കീർണ്ണതകൾ നിറഞ്ഞു നിൽക്കുന്നുണ്ട്..

പൊതുബോധങ്ങളെ തൃപ്തിപ്പെടുത്തുന്ന സിനിമയല്ല ഉള്ളൊഴുക്ക്. അതിന്റെ ഒഴുക്കിനെതിരെ നീന്തുന്ന സിനിമയാണ്. എന്നാൽ അവസാന ഘട്ടത്തിൽ സിനിമ മനഃപൂർവ്വം കുടുംബ പ്രേക്ഷകർക്ക് വേണ്ടി ചില വിട്ടുവീഴ്ചകൾ നടത്തുന്നുമുണ്ട്.

ശരി തെറ്റുകൾക്കപ്പുറം വൈകാരികമായ കഥാ പരിസരങ്ങളിൽ ലീലാമ്മയുടെയും അഞ്ജുവിന്റെയും പക്ഷം ചേരാൻ പ്രേക്ഷകർ നിർബന്ധിതരാകുന്നു.

ഉർവ്വശിയെന്ന മഹാനടിയെ സംബന്ധിച്ച് ലീലാമ്മയുടെ ആത്മസംഘർഷങ്ങൾ അഭിനയിച്ചു പ്രതിഫലിപ്പിക്കൽ ഒരു വലിയ ജോലിയല്ല. അവർ ഏറ്റെടുത്ത ജോലി ഗംഭീരമാക്കി എന്നത് വേറെ കാര്യം.

ഉർവ്വശിയുടെ ലീലാമ്മയെക്കാൾ പാർവതിയുടെ അഞ്ജുവിന്റെ മാനസികാവസ്ഥകൾക്ക് ഒരുപാട് തലങ്ങൾ ഉണ്ട് എന്ന് പറയാം. അത് ഒരു നേർ രേഖയിലൂടെ പാഞ്ഞു പോകുന്നതല്ല. തീർത്തും ഒരു പ്രെഷർ കുക്കറിനുള്ളിലെ ആവി പോലെ പൊട്ടി തെറിക്കാൻ വെമ്പുന്ന ഒന്നാണ്.


അങ്ങിനെ നോക്കുമ്പോൾ അഞ്ജുവിനെ ഉജ്ജ്വലമാക്കാൻ പാർവ്വതി നേരിട്ട സമ്മർദ്ദം ഉർവ്വശിക്ക് ഉണ്ടായില്ല എന്ന് പറയാം.

പ്രശാന്ത് മുരളി - കുറച്ചു സീനുകൾ കൊണ്ട് തന്നെ പുള്ളി തന്റെ കഥാപാത്രത്തെ കരിയർ ബെസ്റ്റ് ആക്കി മാറ്റി.

അർജുൻ രാധാകൃഷ്ണൻ, അലൻസിയർ, ജയ കുറുപ്പ് എന്നിവരും ശ്രദ്ധേയമായി തങ്ങളുടെ വേഷങ്ങളെ കൈകാര്യം ചെയ്തു.

കാറും കോളും മഴയും വെള്ളവും നിറഞ്ഞു നിൽക്കുന്ന കുട്ടനാടൻ കഥാപശ്ചാത്തലത്തെ സിനിമ ഭംഗിയായി തന്നെ പ്രയോജനപ്പെടുത്തി. പക്ഷേ വെള്ളം കേറി ഇറങ്ങി കൊണ്ടിരിക്കുന്ന വീടിന്റെ ചുറ്റുപാടുകളെയൊക്കെ വളരെ അശ്രദ്ധമായി ചിത്രീകരിച്ചിരിക്കുന്നത് കാണാം.

വെറുമൊരു അവിഹിത കഥയായി ഒതുങ്ങി പോകാതെ തിരഞ്ഞെടുത്ത പ്രമേയത്തെ രണ്ടു സ്ത്രീ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളിലൂടെ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'ഉള്ളൊഴുക്ക് ' മനസ്സ് തൊട്ടത്.

ഉർവശി-പാർവതി ടീമിന്റെ കഥാപാത്ര പ്രകടനങ്ങളും, സഹാനുഭൂതിയുണർത്തുന്ന ക്ലൈമാക്സുമൊക്കെ തന്നെയാണ് ഹൈലൈറ്റ്.

©bhadran praveen sekhar

No comments:

Post a Comment