Saturday, August 31, 2024

ബ്രഹ്മാണ്ഡ സിനിമ !!

'ബ്രഹ്മാണ്ഡ സിനിമ' എന്ന വിശേഷണത്തിനു എന്ത് കൊണ്ടും യോഗ്യതയുള്ള സിനിമ. മഹാഭാരതത്തിന്റെ ഏടുകളിൽ നിന്ന് തിരഞ്ഞെടുത്ത സംഭവങ്ങളെ പൂർണ്ണമായും മറ്റൊരു കഥയിലേക്ക് പറിച്ചു നട്ട് കൊണ്ട് ഫിക്ഷന്റെ സ്വാതന്ത്ര്യത്തിൽ മെനഞ്ഞെടുത്ത അതി ഗംഭീര പ്ലോട്ട്. അതിനെ എല്ലാ തലത്തിലും മികവുറ്റതാക്കിയ ഒരു ഗംഭീര ദൃശ്യാവിഷ്ക്കാരം.

ആശയം കൊണ്ടും അവതരണം കൊണ്ടും നിർമ്മിതി കൊണ്ടുമൊക്കെ സമകാലീന ഇന്ത്യൻ സിനിമയിൽ 'കൽക്കി' ഒരു സംഭവം തന്നെയായി മാറുന്നു. 

തുടക്കം മുതൽ ഒടുക്കം വരെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ സാധിക്കാത്ത വിധം മറ്റൊരു കാലത്തിലേക്കും ലോകത്തിലേക്കും നമ്മളെ കൊണ്ട് പോകുന്നു എന്നത് തന്നെയാണ് 'കൽക്കി'യുടെ ആസ്വാദനം.


ആദ്യ പകുതിയിൽ പലരും വിരസതയെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും വ്യക്തിപരമായി എനിക്ക് അങ്ങിനെ ഒരു കല്ല് കടി അനുഭവപ്പെട്ടില്ല.

പ്രഭാസിന്റെ അത്ര ഗംഭീരമല്ലാത്ത ഫസ്റ്റ് ഇൻട്രോയും കോമഡി കലർത്തി കൊണ്ടുള്ള കഥാപാത്രനിർമ്മിതിയുമൊക്കെ കൊണ്ടാണ് രണ്ടാം പകുതിയിലുള്ള പ്രഭാസിന്റെ സെക്കന്റ് ഇൻട്രോ കലക്കിയത്.

അതിനുമപ്പുറം വരാനിരിക്കുന്ന കൽക്കിയുടെ ബാക്കി പതിപ്പിൽ പ്രഭാസ് കഥാപാത്രത്തിന്റെ ഹൈപ്പ് സെറ്റ് ആക്കാനും ഇത് സഹായിച്ചു.

പറയുമ്പോൾ ഇത് പ്രഭാസ് പടമെന്നും പ്രഭാസിന്റെ തിരിച്ചു വരവാണെന്നും പറയാമെങ്കിലും അമിതഭ് ബച്ചന്റെ സ്ക്രീൻ പ്രസൻസും ആക്ഷൻ സീനുകളുമൊക്കെ പ്രഭാസിന്റെ പ്രഭ കെടുത്തി കളയും വിധമായിരുന്നു. അമ്മാതിരിയായിരുന്നു ബിഗ് ബി ഷോ. 

കുറച്ചു സീനുകൾ കൊണ്ട് ഉലകനായകനും കുറച്ചധികം സീനുകൾ കൊണ്ട് ബിഗ് ബിയും 'കൽക്കി'യെ ഹൈജാക് ചെയ്‌തെന്ന് പറയാം.

ദീപിക പദുക്കോൺ, ശോഭന, അന്ന ബെൻ അടക്കമുള്ളവരുടെ സ്ത്രീ കഥാപാത്രങ്ങളും, DQ, രാജമൗലി, വിജയ് ദേവരകൊണ്ട അടക്കമുള്ളവരുടെ ഗസ്റ്റ് അപ്പിയറൻസ് സീനുകളുമൊക്കെ ശ്രദ്ധേയമായി.

നന്ദി.. നാഗ് അശ്വിൻ.. ഇങ്ങിനെയൊരു മായാലോകത്തിന്റെ കാഴ്ചകളിലേക്ക് കൈ പിടിച്ചു കൊണ്ട് പോയതിന്.

കാഴ്ച കൊണ്ടും ശബ്ദം കൊണ്ടുമൊക്കെ വേറിട്ട തിയേറ്റർ ആസ്വാദനം സമ്മാനിച്ച കൽക്കിയുടെ രണ്ടാം പതിപ്പിനായുള്ള കാത്തിരിപ്പാണ് ഇനി.

©bhadran praveen sekha

No comments:

Post a Comment