Saturday, August 24, 2024

എല്ലാം കൊണ്ടും മഹാരാജ !!

ഒരു ടിപ്പിക്കൽ പ്രതികാര കഥയുടെ വൺ ലൈൻ സ്റ്റോറിയെ പല അടരുകളുള്ള കരുത്തുറ്റ തിരക്കഥയാക്കി മാറ്റിയതിനൊപ്പം അതിനെ ഗംഭീരമായി തന്നെ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് നിധിലൻ സ്വാമിനാഥന്റെ 'മഹാരാജ'ക്ക് കയ്യടിച്ചു പോകുന്നത്.

രസകരമായ ഒരു അന്താക്ഷരി മത്സരത്തിൽ തുടങ്ങി പൊടുന്നനെ ഒരു ദുരന്ത കഥാ പരിസരത്തിന്റെ കാഴ്ചയും സമ്മാനിച്ച് പതിയെ ഒരു അച്ഛന്റെയും മകളുടെയും കഥയായി പരിണാമം പ്രാപിച്ച് മറ്റൊരു ഘട്ടത്തിൽ പോലീസ് സ്റ്റേഷനിൽ തമ്പടിക്കുകയാണ് സിനിമ.

അവിടുന്നങ്ങോട്ടുള്ള ഓരോ സീനുകളും സിനിമയെ സംബന്ധിച്ച് പുതിയ കഥാവഴികളിലേക്കുള്ള ഗിയർ മാറ്റങ്ങളാണ്.

പരസ്പ്പര ബന്ധമില്ലാത്ത പല കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെ ഓരോരോ അധ്യായം കണക്കെ സ്‌ക്രീനിൽ തെളിയുന്നു.

കാലം മാറിയും മറഞ്ഞും വരുന്ന കഥയിൽ പാമ്പും, കുരങ്ങുബൊമ്മയും, സ്വർണ്ണമാലയും, കൂളിംഗ് ഗ്ലാസും, ക്ഷൗരക്കത്തിയും, കുപ്പത്തൊട്ടിയുമൊക്കെ കഥാപാത്രങ്ങളായി വന്നു പോകുന്നു.

മുടിവെട്ടുകാരനെ നായകനാക്കുകയും അവനു മഹാരാജ എന്ന് പേരിടുകയും ജീവൻ രക്ഷിച്ച കാരണത്താൽ കുപ്പത്തൊട്ടിക്ക് ലക്ഷ്മിയെന്ന പേരിട്ട് പൂജിക്കുന്നതിലുമൊക്കെ സിനിമ അതിന്റെ രാഷ്ട്രീയം പങ്കിടുന്നു.

നായക പ്രതിനായക സംഘട്ടനങ്ങളിലേക്ക് നയിക്കുന്ന സംഭവ വികാസങ്ങൾക്കൊപ്പം അവർ രണ്ടു പേരും പ്രതിനിധീകരിക്കുന്ന ന്യായ - അന്യായ പക്ഷങ്ങളുടെ ചോര ചിന്തുന്ന പോരാട്ടത്തിന്റെ കാഴ്ച കൂടിയായി മാറുന്നു 'മഹാരാജ'.

ഇത്തരം കഥകളിൽ ശക്തരും അതി ക്രൂരരുമായ വില്ലന്മാർ ഉണ്ടാകുമ്പോൾ മാത്രമേ നായകൻറെ പ്രസക്തി കൂടുകയുള്ളൂ. നായകൻറെ ഹിംസക്ക് നീതിയുടെ പരിവേഷം നേടി കൊടുക്കാൻ അത് സഹായിക്കും. മഹാരാജയുടെ വിജയത്തിൽ വലിയ പങ്ക് വഹിക്കുന്നതും അത്തരം വില്ലന്മാരാണ്.


വിജയ് സേതുപതിയെ സംബന്ധിച്ച് വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രമല്ലെങ്കിൽ കൂടി മഹാരാജയെ പുള്ളി ഗംഭീരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ആ തലത്തിൽ നോക്കുമ്പോൾ അനുരാഗ് കശ്യപിന്റെ സെൽവം എന്ന കഥാപാത്രത്തിനാണ് സിനിമയിൽ സ്കോപ് ഉണ്ടായിരുന്നത്.

ഡയലോഗ് സീനുകളിൽ ലിപ് സിങ്കിന്റെ കല്ല് കടികൾ ഉണ്ടെങ്കിലും മക്കൾ സെൽവനൊപ്പം നിറഞ്ഞാടാൻ അനുരാഗ് കശ്യപിന് സാധിച്ചു. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിലൊക്കെയുള്ള പ്രകടനങ്ങൾ.

നടരാജൻ സുബ്രമണ്യം, സിംഗംപുലി, മണികണ്ഠൻ, വിനോദ് സാഗർ എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധേയമായിരുന്നു.

അഭിരാമിയുടെയും മമത മോഹൻ ദാസിന്റെയുമൊക്കെ കഥാപാത്രങ്ങളേക്കാൾ സിനിമയിൽ സ്‌പേസ് ഉണ്ടായിരുന്നത് മഹാരാജയുടെ മകളുടെ കഥാപാത്രത്തിനാണ്.

ആഖ്യാന മികവ് കൊണ്ട് ആദ്യാവസാനം വരെ ആകാംക്ഷയുടെയും വൈകാരികതയുടേയുമൊക്കെ കയറ്റ ഇറക്കങ്ങളിൽ കൂടെ നമ്മെ കൊണ്ട് പോകുന്ന സിനിമയിൽ എടുത്തു പറയേണ്ട മറ്റു രണ്ടു കാര്യങ്ങൾ ഫിലോമിൻ രാജിന്റെ എഡിറ്റിങ്ങും അജനീഷ് ലോക്നാഥിന്റെ സംഗീതവുമാണ്.

മക്കൾ സെൽവന്റെ അൻപതാം സിനിമയെ എല്ലാ അർത്ഥത്തിലും രാജകീയമാക്കിയ സംവിധായകന് തന്നെയാണ് മുഴുവൻ കൈയ്യടിയും.

©bhadran praveen sekhar

No comments:

Post a Comment