പറയാൻ കാര്യപ്പെട്ട ഒരു കഥയൊന്നുമില്ലെങ്കിലും രണ്ടു മണിക്കൂർ ബോറടിപ്പിക്കാതെ തിയേറ്ററിലിരുന്ന് കാണാവുന്ന ഒരു വെടിക്കെട്ടാണ് 'റൈഫിൾ ക്ലബി'ൽ ആഷിഖ് അബു ഒരുക്കി വച്ചിരിക്കുന്നത്.
ശ്യാം പുഷ്ക്കരൻ -ദിലീഷ് കരുണാകരൻ- സുഹാസ് ഒക്കെ കൂടി ചേർന്ന് എഴുതിയ നിലക്കുള്ള ഒരു മികച്ച തിരക്കഥയൊന്നും ഈ സിനിമക്ക് അവകാശപ്പെടാനില്ല. പകരം തോക്കുകൾ കൊണ്ടുള്ള പോരാട്ടത്തിന് അനുയോജ്യമായ ഒരു ഉഗ്രൻ കഥാപശ്ചാത്തലവും അതിലേക്ക് വേണ്ട ചേരുവകളുമൊക്കെ കൃത്യമായി എഴുതി ചേർത്തിരിക്കുകയാണ്.
ചുമരിൽ തൂക്കി വച്ചിട്ടുള്ള ഫോട്ടോകളിൽ ആണെങ്കിലും KPAC സണ്ണിയും KPAC അസീസുമൊക്കെ ഈ സിനിമയിൽ തങ്ങളുടേതായ കഥാപാത്ര സാന്നിധ്യം അറിയിക്കുന്നു.
ഏറെക്കാലത്തിന് ശേഷം വാണി വിശ്വനാഥിന്റെ ഒക്കെ ഒരു പവർഫുൾ സ്‌ക്രീൻ പ്രസൻസ് കണ്ടതിലും സന്തോഷം. ശരിക്കും അവരെയൊക്കെ മലയാള സിനിമ എത്രത്തോളം മിസ്സ് ചെയ്യുന്നു എന്നറിയിക്കാൻ ഇതിലെ രണ്ടു മൂന്ന് സീനുകൾ തന്നെ ധാരാളം.
വാണി വിശ്വനാഥ് സീനിൽ നിറഞ്ഞു നിക്കുന്നത് കൊണ്ടാകാം സുരഭിയും, ഉണ്ണിമായയും ദർശനയുമൊക്കെ തോക്ക് കൊണ്ട് എന്ത് അഭ്യാസം കാണിച്ചാലും അത് കണ്ണിൽ പെടുന്നില്ല.
വിജയരാഘവനെ സംബന്ധിച്ച് അത്ര വലിയ വെല്ലുവിളി ഒന്നുമില്ലായിരുന്നു കുഴുവേലി ലോനപ്പനെ അവതരിപ്പിക്കുക എന്നത്. വീൽ ചെയറിൽ ഇരുന്ന ഒരേ ഇരുപ്പിൽ പുള്ളി അത് നൈസായി ചെയ്തു എന്ന് മാത്രം.
വിനീത് കുമാറിന്റെ റൊമാന്റിക് സ്റ്റാർ ഷാജഹാനും, കിരൺ പീതാംബരന്റെ പ്രൊഡക്ഷൻ മാനേജർ രാപ്പാടിയും, സുരേഷ് കൃഷ്ണയുടെ ഡോക്ടർ ലാസറും, പ്രശാന്ത് മുരളിയുടെ തോക്കേന്തിയ പള്ളീലച്ചനുമൊക്കെയാണ് കൂട്ടത്തിൽ ഏറ്റവും രസകരമായി തോന്നിയത്.
ദിലീഷ് പോത്തന്റെയും വിഷ്ണു അഗസ്ത്യയുടെയും തോക്കും പിടിച്ചുള്ള ചില ഗെറ്റപ്പുകൾ അവരുടെ തന്നെ ' ഒ. ബേബി'യിലെ ചില സീനുകളെ ഓർമ്മിപ്പിച്ചു. 'ഓ. ബേബി'യിലെ പോലെ ഒരു വെളുത്ത നായ 'റൈഫിൾ ക്ലബി'ലും കാണാം.
ഹനുമാൻ കൈൻഡ് സൂരജിന്റെ പ്രകടനം സിനിമക്ക് കൊടുക്കുന്ന മൈലേജ് ചെറുതല്ല. റൈഫിൾ ക്ലബ്ബിലേക്ക് ഭീര കേറി വരുന്ന സീനൊക്കെ അന്ത ലെവലിൽ ഓളം ഉണ്ടാക്കുന്നുണ്ട്.
അനുരാഗ് കശ്യപ് കൂടി കളത്തിലേക്ക് ഇറങ്ങുന്നിടത്ത് നിന്നാണ് യഥാർത്ഥ വെടിക്കെട്ട് തുടങ്ങുന്നത്.
ഒരു ഭാഗത്ത് അനുരാഗ് കശ്യപ് ആൻഡ് ടീമിന്റെ അത്യാധുനിക തോക്കുകളിൽ നിന്ന് ചന്നം പിന്നം പായുന്ന വെടിയുണ്ടകൾ.. മറുഭാഗത്ത് ദിലീഷ് പോത്തന്റെ സെക്രട്ടറി അവറാൻ ആൻഡ് ടീമിന്റെ അതി പുരാതന തോക്കുകളിൽ നിന്ന് എണ്ണം പറഞ്ഞു പായുന്ന വെടിയുണ്ടകൾ. ഇത് രണ്ടും കൂടി ചേരുന്ന വെടിക്കെട്ടിന്റെ ആസ്വാദനമാണ് 'റൈഫിൾ ക്ലബ്'.
കടുവച്ചാലിൽ അവറാനായി ദിലീഷ് പോത്തൻ തിമിർത്തെങ്കിലും ദയാനന്ദ് ബാരെയായി അഴിഞ്ഞാടാൻ അനുരാഗ് കശ്യപിന് വേണ്ടത്ര അവസരം കൊടുത്തില്ല എന്ന പരാതിയുണ്ട്.
'ഗന്ധർവ്വ ഗാനം..' പാട്ടൊക്കെ ഭീഷ്മപർവ്വത്തിലെ 'രതിപുഷ്പ'ത്തിന്റെ ട്രാക്ക് പിടിക്കുന്നത് പോലെ തോന്നി. പാട്ടും ബീറ്റും രണ്ടു ദിശയിലേക്ക് പോകുന്ന പോലെ ഒരു കല്ല് കടി. അതൊഴിച്ചു നിർത്തിയാൽ റെക്സ് വിജയൻറെ ബാക്ഗ്രൗണ്ട് സ്‌കോർ നന്നായിരുന്നു.
ആഷിഖ് അബുവിന്റെ സംവിധാനത്തേക്കാൾ ഛായാഗ്രഹണ മികവ് ഒരു രണ്ടു മൂന്ന് പടി മുന്നിലാണ്.
കാസ്റ്റിങ് ഗംഭീരമായി അനുഭവപ്പെടുമ്പോഴും കഥാപാത്രങ്ങളുടെ എണ്ണക്കൂടുതൽ സിനിമയിലെ ആക്ഷൻ സീനുകളിൽ ഒരു ബാധ്യതയാകുന്നുണ്ട്. സീനിൽ തിക്കും തിരക്കും വരുമ്പോൾ പലരെയും ശ്രദ്ധിക്കാൻ പറ്റാതെ പോകുന്ന ഒരു അവസ്ഥ.
അമൽ നീരദ് പടങ്ങളിലെ തോക്കും വെടി വെപ്പുമൊന്നും മനസ്സിൽ വച്ച് കാണാതിരുന്നാൽ ആഷിഖ് അബുവിന്റെ 'റൈഫിൾ ക്ലബ്' നിരാശപ്പെടുത്തില്ല. തിയേറ്റർ എക്സ്പീരിയൻസിൽ തന്നെ കാണേണ്ട പടം.
©bhadran praveen sekhar