നെഗറ്റിവ് റിവ്യൂകൾ ഒരുപാട് കേട്ടിട്ട് തന്നെയാണ് സിനിമക്ക് പോയതെങ്കിലും പുഷ്പ 2 വ്യക്തിപരമായി എന്നെ നിരാശപ്പെടുത്തിയില്ല.
ആദ്യ ഭാഗത്തിൽ സുകുമാർ സെറ്റ് ചെയ്തു വച്ച ഒരു പുഷ്പയുണ്ട്. അയാൾ ഒരളവ് വരെ മാസ്സാണെങ്കിലും അത്ര തന്നെ ഇമോഷണലുമാണ് പല കാര്യത്തിലും.
രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ പുഷ്പ ഫയർ അല്ല വൈൽഡ് ഫയർ ആണെന്ന് പറയുന്നത് പോലെ, നാഷണൽ അല്ല ഇന്റർനാഷണൽ ആണ് എന്ന് പറയുന്ന പോലെ - ആ കഥാപാത്രത്തെയും ഒന്ന് പുനർ നിർമ്മിച്ചിട്ടുണ്ട്.
ഒരു ഭാഗത്ത് ആളെ കടിച്ചു പറിച്ചു കീറുന്ന തരത്തിൽ അക്രമോത്സുകമാകുമ്പോൾ മറുഭാഗത്ത് അയാൾ സ്നേഹ ബന്ധങ്ങളുടെ മുറിപ്പാടിൽ വാവിട്ട് നിലവിളിക്കുന്നുണ്ട്. സർവ്വതിനെയും അധികാര ഗർവ്വിൽ അടക്കി വാഴുന്ന ഫയർ ബ്രാൻഡ് പുഷ്പ വെറും ഫ്‌ളവർ ആകുന്നത് ഭാര്യയുടെ മുന്നിൽ മാത്രം.
ഭാര്യയെ അനുസരിക്കുന്നവനും പേടിക്കുന്നവനുമൊക്കെ ജീവിതത്തിൽ നാശം സംഭവിക്കുമെന്ന് പറയുന്നതിന്റെ നേർ വിപരീതത്തെയാണ് പുഷ്പയെടുക്കുന്നത്.
തന്റെ 'ഫീലിംഗ്' ശമിപ്പിക്കാനായി പുഷ്പയുടെ മാസ്സ് വേഷം പലപ്പോഴായി അഴിപ്പിച്ചു വക്കുന്ന ശ്രീവല്ലിയുടെ ഭാര്യാ കഥാപാത്രത്തെ ട്രോളുന്ന പോസ്റ്റുകൾ ശ്രദ്ധിച്ചിരുന്നു. പക്ഷെ സിനിമയിൽ ആ സീനുകൾ കാണുമ്പൊൾ അത് സുകുമാറിന്റെ പൊളിച്ചെഴുത്ത് ആയിട്ടാണ് തോന്നിയത് .
ഈ സിനിമയിൽ അല്ലാതെ ഒരു ഭാര്യാ കഥാപാത്രം ഭർത്താവിനോട് ഇങ്ങിനെ പെരുമാറി കണ്ടിട്ടില്ല. അതോ Animal സിനിമയിലെ രൺബീറിന്റെ ആൽഫാ മെയിൽ സിൻഡ്രോം രശ്‌മികയുടെ ശ്രീവല്ലിയെ സ്വാധീനിച്ചിരിക്കുമോ ?
ഫഹദിന്റെ ഭൻവാർ സിംഗ് മോശമായെന്ന് പറയുന്നവരോടും വിയോജിപ്പുണ്ട്. ഒരു സൈക്കോ ഷെയ്ഡ് ഉള്ള കഥാപാത്രം തന്നെയെങ്കിലും കിട്ടിയ വേഷം ഫഹദ് നന്നായി തന്നെ ചെയ്തിട്ടുണ്ട്. അഥവാ അയാളുടെ ഗ്രാഫ് താഴേക്ക് പോയിട്ടുണ്ട് എന്ന് തോന്നിയാൽ തന്നെ അത് ഫഹദ് എന്ന നടന്റെ കുഴപ്പമായി കാണാനും ആകില്ല. കാരണം 'പുഷ്പ 2' അല്ലു അർജ്ജുൻ ഷോക്കാണ് മുൻതൂക്കം കൊടുക്കുന്നത്.
അല്ലു അർജ്ജുൻ സാരിയുടുത്ത് നാരങ്ങാമാല കഴുത്തിലിട്ടു നിൽക്കുന്ന ഫോട്ടോയെ നോക്കി ട്രോളാൻ എളുപ്പമാണ്. പക്ഷെ ആ വേഷത്തിൽ പുള്ളി സ്‌ക്രീനിൽ ആടിപ്പാടി അനുഭവപ്പെടുത്തുന്ന ഒരു എനർജി വേറെ ലെവലാണ്.
നാഷണൽ അവാർഡ് വാങ്ങിച്ച പ്രകടനം എന്നൊന്നും പറയാനില്ലെങ്കിലും അല്ലു അർജ്ജുനിലെ സ്റ്റാർ മെറ്റീരിയൽ സ്‌ക്രീനിൽ ഫയർ ബ്രാൻഡായി തന്നെ തീ പടർത്തുന്നുണ്ട്.
രണ്ടാം ഭാഗത്തിലെ ഇന്റർനാഷണൽ കഥ മാത്രം പ്രതീക്ഷിച്ചു കാണാൻ വന്ന പലർക്കും പുഷ്പയുടെ ഫാമിലി സ്റ്റോറി കാണേണ്ടി വന്നതിൽ നിരാശ ഉണ്ടായിട്ടുണ്ടാകും. പക്ഷെ ആ പ്ലോട്ടും വ്യക്തിപരമായി എന്നെ മുഷിമിപ്പിച്ചില്ല.
രണ്ടാം പകുതിയിലെ പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളോട് അടുക്കുമ്പോഴുള്ള ചില സംഗതികളൊക്കെ ഒന്ന് കൂടെ നന്നാക്കി ചെയ്യാമായിരുന്നു എന്ന പരാതി ഒഴിച്ച് നിർത്തിയാൽ പുഷ്പ 2 എന്നിലെ ആസ്വാദകനെ തൃപ്തിപ്പെടുത്തി.
ഇത്തരം പടങ്ങളുടെ original പതിപ്പ് മാത്രമാണ് കാണാറുള്ളത് എന്നത് കൊണ്ട് യഥാർത്ഥ കഥാപശ്ചാത്തലത്തിന്റെയും കഥാപാത്ര സംഭാഷണത്തിന്റെയുമൊക്കെ റിയൽ ഫീൽ നഷ്ടപ്പെടാറില്ല എന്നതും അതിന്റെ ഒരു കാരണമാകാം.
ആദ്യ ഭാഗത്തേക്കാൾ നന്നായോ മോശമായോ എന്ന ചർച്ചക്കും പ്രസക്തിയില്ല. കാരണം കഥ ഇനിയും തീർന്നിട്ടില്ല ല്ലോ !!
ജപ്പാൻ തുറമുഖത്ത് നിന്ന് തുടങ്ങുന്ന പുഷ്പയുടെ ഇന്റർനാഷ്ണൽ ഇൻട്രോ പുഷ്പ 3 യിലേക്കുള്ള കാത്തിരിപ്പായി മാറുന്നു. എല്ലാം അവസാനിച്ചു എന്ന് തോന്നിപ്പിക്കുന്നിടത്ത് വീണ്ടും പലതും തുടങ്ങാനിരിക്കുകയാണ്.
©bhadran praveen sekhar
No comments:
Post a Comment