ഹൊറർ-കോമഡി ഴോനർ ഒരു കൈ വിട്ട കളിയാണ് . ഹൊറർ ഫീലും വേണം കോമഡി വർക് ഔട്ട് ആക്കുകയും വേണം. പക്ഷേ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ പാളിയാൽ തീർന്നു. 'ഹലോ മമ്മി' യുടെ കേസിൽ ആദ്യ പകുതി അക്കാര്യത്തിൽ വിജയിച്ചു. രസകരമായ അവതരണം.
ഷറഫുവിന്റെ കോമഡി സീനുകളൊക്കെ തിയേറ്ററിൽ നല്ല ഓളത്തിൽ ചിരിച്ചു തന്നെ ആസ്വദിച്ചു . പക്ഷെ ഇടവേളക്ക് ശേഷം പടം കൈയ്യീന്ന് പോയ പോലെയായി.
ശരിക്കും പറഞ്ഞാൽ ഇതിന്റെ കഥ സൂപ്പറാണ്. മരിച്ചു പോയിട്ടും ഭൂമിയിൽ നിന്ന് വിട്ടു പോകാതെ മകളുടെ എല്ലാ വിധ കാര്യങ്ങളിലും ഇടപെട്ടു കൊണ്ടേയിരിക്കുന്ന ഒരു മമ്മി പ്രേതം.
കഥയുടെ രസച്ചരട് ആദ്യ പകുതി വരെ എൻഗേജിങ് ആക്കി നിർത്തിയ സ്ക്രിപ്റ്റിനു നേരെ വിപരീതമായി മാറുന്നു രണ്ടാം പകുതി. ഹൊററും കോമഡിയും സെന്റിമെൻസും ഒക്കെ കൂടെ മിക്സിയിലിട്ടടിച്ചപ്പോൾ മെയിൻ കഥയുമായുള്ള കണക്ഷൻ വേറിട്ടു പോയ അവസ്ഥ.
എന്റെ പൊന്നു മാത്താ. എന്റെ പൊന്നു എബി. എന്ന ലൈനിലേക്ക് തന്നെ വീണ്ടും മടങ്ങി പോകുന്ന പ്രകടനമാണ് ഐശ്വര്യ ലക്ഷ്മിയുടേത്.
അജു വർഗ്ഗീസ്, ജോണി ആന്റണി, ബിന്ദു പണിക്കർ എന്നിവരുടെ കഥാപാത്രങ്ങളൊക്കെ പല സീനുകളിലും അധികപ്പറ്റായി അനുഭവപ്പെട്ടു.
സണ്ണി ഹിന്ദുജയുടെ ഗെറ്റപ്പും വരവുമൊക്കെ കൊള്ളാമായിരുന്നു. പക്ഷേ ചിത്രം വരക്കാൻ വേണ്ട ചുമരില്ലാതെ പോയി. ക്ലൈമാക്സ് സീനുകളിലൊക്കെ അത് എടുത്തു കാണിക്കുന്നുണ്ട്. ഗ്രാഫിക്സ് കൊണ്ടുള്ള ഗിമ്മിക്കുകളൊക്കെ വല്ലാതെ വിരസതയുണ്ടാക്കി.
എന്തോ ആദ്യ പകുതി കൊണ്ട് മാത്രമേ തൃപ്തിപ്പെട്ടുള്ളൂ. അഹ്. ഇനി രണ്ടാം ഭാഗത്തിൽ എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കാം.
©bhadran praveen sekhar
No comments:
Post a Comment