കോമഡിയും സസ്‌പെൻസും ട്വിസ്റ്റുകളുമൊക്കെ ഗംഭീരമായി സമന്വയിപ്പിച്ച ഒരു കിടിലൻ പടം. എല്ലാ തരം പ്രേക്ഷകരെയും ആദ്യാവസാനം ഒരു പോലെ എൻഗേജിങ് ആക്കുന്ന ഉഗ്രൻ മേക്കിങ്.
സൂക്ഷ്മതയുള്ള തിരക്കഥയും കഥാപാത്ര നിർമ്മിതികളും 'സൂക്ഷ്മദർശിനി'യുടെ മാറ്റ് കൂട്ടുന്നു.
വളരെ ചെറിയ ഒരു കഥാപരിസരത്തിനുള്ളിൽ നിന്ന് കൊണ്ട് നാലഞ്ചു വീടുകളുകളേയും അവിടെ താമസിക്കുന്ന കഥാപാത്രങ്ങളെയും പരസ്പ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള കഥ പറച്ചിൽ ശ്രമകരമായ ദൗത്യം തന്നെയാണ്.
'നോൺ സെൻസി'ൽ നിന്ന് 'സൂക്ഷ്മദർശിനി'യിലേക്ക് എത്തിയപ്പോഴേക്കും സംവിധായകന്റെ റോളിൽ MC ജിതിൻ മിന്നിത്തിളങ്ങുന്നു.
മുഖ്യകഥാപാത്രങ്ങളെ പോലെ ശ്രദ്ധേയമായ രീതിയിൽ സിനിമയിലെ വീടുകളെ ചിത്രീകരിച്ചതൊക്കെ വ്യത്യസ്തത അനുഭവപ്പെടുത്തി.
സാധാരണ ഇത്തരം സസ്പെൻസ് ത്രില്ലർ പടങ്ങളിൽ നമുക്ക് ഊഹിക്കാൻ പാകത്തിൽ പല സംഗതികളും കഥയുടെ പാതി വഴിക്കലെത്തുമ്പോഴെങ്കിലും കിട്ടും. അവിടെയാണ് 'സൂക്ഷ്മദർശിനി' ഒരു അസാധാരണ സിനിമയായി മാറുന്നത്.
ആദ്യ പകുതിയിൽ പോയിട്ട് രണ്ടാം പകുതിയുടെ മുക്കാലും പിന്നിടുമ്പോഴും നമ്മുടെ ഊഹോപോഹങ്ങൾക്കൊന്നും ഒരു പ്രസക്തിയുമില്ലാത്ത വിധമാണ് സിനിമയുടെ പോക്ക്. അഥവാ നമ്മളെ സമർത്ഥമായി കബളിപ്പിക്കുന്ന ആഖ്യാന ശൈലിയാണ് ഈ സിനിമയുടെ വലിയൊരു പ്ലസ്.
ചമ്മൻ ചാക്കോയുടെ എഡിറ്റിങ്, ക്രിസ്റ്റോ സേവ്യറുടെ മ്യൂസിക്, ശരൺ വേലായുധന്റെ ഛായാഗ്രഹണം. ഈ മൂന്നും കൂടി സിനിമക്കു സമ്മാനിക്കുന്ന ചടുലത എടുത്തു പറയേണ്ടതാണ്.
സ്‌ക്രീൻ സ്പേസിൽ ബേസിലും നസ്രിയയുമൊക്കെ മുന്നിട്ട് നിൽക്കുമ്പോഴും സിദ്ധാർഥ് ഭരതനൊക്കെ കുറഞ്ഞ സീനുകളിൽ കൂടെ നൈസായി സ്‌കോർ ചെയ്തു പോകുന്നു. ഈ പടത്തിലെ പുള്ളിയുടെ രസകരമായ കഥാപാത്രമൊക്കെ ഇനി ആഘോഷിക്കപ്പെടാൻ പോകുന്നതേയുള്ളു.
അയൽപക്കത്ത് താമസിക്കുന്നത് ആരൊക്കെയാണെന്ന് അറിയാൻ താല്പര്യപ്പെടാതെയും സാധിക്കാതെയുമൊക്കെ പോകുന്ന ഈ ഒരു കാലത്ത് അയൽപക്കത്ത് എന്ത് നടക്കുന്നു എന്നതിലേക്കുള്ള പ്രിയ ദർശിനിയുടെ കൗതുക കാഴ്ചകൾക്കും അന്വേഷണത്തിനുമൊക്കെ സിനിമക്കുമപ്പുറം സാമൂഹിക പ്രസക്തിയുണ്ട്.
നന്ദി.. MC ജിതിൻ- അതുൽ രാമചന്ദ്രൻ- ലിബിൻ ടി.ബി.. ഇങ്ങിനൊരു രസികൻ കോംബോയിൽ ഒരു വേറിട്ട ത്രില്ലർ പടം സമ്മാനിച്ചതിന്.
©bhadran praveen sekhar


.jpg)
No comments:
Post a Comment