ആക്ഷൻ - വയലൻസ് - പോലീസ് കുറ്റാന്വേഷണ കഥകൾ കളം നിറഞ്ഞു നിൽക്കുന്ന മലയാള സിനിമയുടെ ഇപ്പോഴത്തെ അന്തരീക്ഷത്തിൽ ഒരു എന്റെർറ്റൈനെർ പടമെന്ന നിലക്ക് ചുമ്മാ കണ്ടിരിക്കാവുന്ന പടമാണ് 'ബ്രോമാൻസ്'.
അരുൺ ഡി ജോസിന്റെ ഇതിന് മുന്നേ വന്ന സിനിമകളിലെ പോലെ ഒരു കൂട്ടം ചെറുപ്പക്കാരെ ഫോക്കസ് ചെയ്തു കൊണ്ടുള്ള കഥ പറച്ചിൽ തന്നെയാണ് ഇവിടെയും.
'ജോ ആൻഡ് ജോ' യിലെ പരസ്പ്പരം കലഹിക്കുന്ന ആങ്ങള-പെങ്ങളെ പോലെ 'ബ്രോമാൻസി'ൽ വിപരീത സ്വഭാവങ്ങളുടെ പേരിൽ അടികൂടുന്ന സഹോദരന്മാരെ കാണാം.
ബിന്റോ- ഷിന്റോ സഹോദരന്മാർക്കിടയിലെ രസക്കേടുകളെ വച്ച് പറയാൻ ശ്രമിക്കുന്ന രസകരമായ ഒരു വൺ ലൈൻ സ്റ്റോറിക്കപ്പുറം അതിനൊത്ത ഒരു തിരക്കഥയൊന്നും ബ്രോമാൻസിനു വേണ്ടി ഒരുക്കിയിട്ടില്ല.
മാത്യു തോമസ് നല്ല നടൻ തന്നെയാണ് പക്ഷേ എന്തോ ബിന്റോയെ ഓവറാക്കി കുളമാക്കി എന്ന് പറയാനാണ് തോന്നുന്നത്. കലിപ്പ് മൂക്കുമ്പോൾ ഉള്ള മാത്യുവിന്റെ അലറി വിളി സീനുകളൊക്കെ സിനിമയുടെ ഫൺ മൂഡിനെ പോലും ഇല്ലാതാക്കുന്നുണ്ട്.
ഈ സിനിമയിലേക്ക് അർജ്ജുൻ അശോകനെ എന്തിന് കാസ്റ്റ് ചെയ്തു എന്ന് തോന്നിപ്പിക്കും വിധം പുള്ളിയെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കാതെ അവസാനം വരെ നിഷ്ക്രിയനാക്കി നിർത്തിയ പോലെയായിരുന്നു. അവസാനമാണ് ഒരനക്കം ആ കഥാപാത്രത്തിന് കിട്ടുന്നത്.
ഷാജോണും മഹിമയുമൊക്കെ കിട്ടിയ റോളിൽ പറ്റുന്ന പോലെയൊക്കെ ചെയ്തിട്ടുണ്ട്.
ഈ സിനിമയിൽ പക്ഷെ ഫുൾ മാർക്കും കൊണ്ട് പോകുന്നത് സംഗീത് പ്രതാപാണ്. സംഗീതിന്റെ ഹരിഹരസുതൻ വന്നു കയറിയതിനു ശേഷമുള്ള സീനുകളിലെ കോമഡികളൊക്കെയാണ് വർക് ഔട്ട് ആയി തോന്നിയത്.
'ഈ അമൽ ഡേവിസ് ഒരു രസികൻ തന്നെ' എന്ന കമെന്റ് എല്ലാം കൊണ്ടും സംഗീത് പ്രതാപിന്റെ ഹരിഹര സുതനായിട്ടുള്ള പ്രകടനത്തോട് ചേർന്ന് നിൽക്കുന്നു. അയാളുടെ ഭാവ പ്രകടനങ്ങളും ഡയലോഗ് ഡെലിവറിയിലെ ടൈമിങ്ങുമൊക്കെ പക്കാ ആയിരുന്നു.
ഒരർത്ഥത്തിൽ സംഗീത് പ്രതാപാണ് 'ബ്രോമാൻസിനെ' വീഴാതെ ചുമലിലേറ്റുന്നത് പോലും.
©bhadran praveen sekhar
No comments:
Post a Comment