Saturday, February 15, 2025

ഏത് കാലത്തും പ്രസക്തിയുള്ള വിഷയം..ഗംഭീര അവതരണം !!


പൊന്നും സ്ത്രീധനവുമൊക്കെ പ്രമേയവത്ക്കരിക്കപ്പെട്ട മുൻകാല മലയാള സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമായൊരു കഥാപശ്ചാത്തലത്തിൽ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'പൊന്മാ'ന് തിളക്കം കൂടുന്നത്.

ജി.ർ ഇന്ദുഗോപന്റെ കഥകൾ മികച്ചു നിൽക്കുമ്പോഴും അത് സിനിമകളായി മാറുമ്പോൾ തിരക്കഥയുടെ പേരിൽ അതൃപ്തികൾ ഉണ്ടാകാറുണ്ടായിരുന്നു. 'വോൾഫ്', 'ഒരു തെക്കൻ തല്ലു കേസ്', 'കാപ്പ' പോലുള്ള സിനിമകളുടെ സ്ക്രിപ്റ്റിങ്ങിൽ പറ്റിയ പാളിച്ചകൾ ഇവിടെ കണ്ടു കിട്ടില്ല.

'പൊന്മാ'ന്റെ തിരക്കഥാ രചനയുടെ കാര്യത്തിൽ ഇന്ദു ഗോപൻ - ജസ്റ്റിൻ മാത്യു ടീം അഭിനന്ദനമർഹിക്കുന്നു.

ബേസിലിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളുടെ ലിസ്റ്റിൽ പൊന്മാനിലെ അജേഷ് എന്നും ആദ്യം ഉണ്ടായിരിക്കുക തന്നെ ചെയ്യും.

'ആവേശ'ത്തിലെ അമ്പാന്റെ ഒരു തരി ഷെയ്ഡ് പോലും കടന്ന് വരാത്ത വിധം മരിയാനോയെ ഗംഭീരമാക്കി സജിൻ ഗോപു.

ലിജോ മോൾ, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൽ, സന്ധ്യാ രാജേന്ദ്രൻ, ജയാ കുറുപ്പ് എല്ലാവരും നന്നായിട്ടുണ്ട്.

അജേഷും മരിയാനോയും തമ്മിലെ മുഖാമുഖ സീനുകളും സംഭാഷണങ്ങളുമൊക്കെ സിനിമക്ക് ഒരു ത്രില്ലിംഗ് മൂഡ് ഉണ്ടാക്കുന്നതിൽ വിജയിച്ചു.

സ്വർണ്ണത്തിന് വേണ്ടി ചെളിയിൽ കിടന്നുള്ള ഫൈറ്റ് സീനിലെ പല ഷോട്ടുകളും 'ഈ പുഴയും കടന്നി'ലെ ദിലീപ് - മേഘനാദൻ ഫൈറ്റിനെ ഓർമ്മിപ്പിച്ചുവെങ്കിലും സ്‌ക്രീൻ കാഴ്ചയിൽ അതൊക്കെ ഗംഭീരമായി തന്നെ തോന്നി.

'നാലഞ്ചു ചെറുപ്പക്കാരി'ലെ ആ ഒരാൾ സംവിധായകൻ ജ്യോതിഷ് ശങ്കർ തന്നെ ആയിരുന്നു എന്നത് സിനിമയുടെ മൊത്തത്തിലുള്ള റിസൽട്ടിൽ ഗുണം ചെയ്തു എന്ന് പറയാം.

പൊന്നിന്റെ കണക്ക് പറഞ്ഞു നടത്തുന്ന കല്യാണവും, കല്യാണ വീട്ടിലെ പണപ്പിരിവും, കല്യാണപ്പെണ്ണിനെ സ്വർണ്ണം ധരിപ്പിച്ച് പ്രദർശന വസ്തുവാക്കി ഇരുത്തുന്നതുമൊക്കെ സുഖകരമല്ലാത്ത യാഥാർഥ്യങ്ങളുടെ നേർ കാഴ്ചയാണ്.

കൊല്ലത്തിന്റെ പ്രാദേശികതയിൽ പറഞ്ഞവതരിപ്പിക്കുന്നു എന്നേയുള്ളൂ. പൊന്നിന്റെ പേരിൽ പെണ്ണ് ബാധ്യതയാകുന്ന ഏതൊരിടത്തും പൊന്മാന്റെ കഥയുണ്ട്.

പുരോഗമന ചിന്തകളും പാർട്ടി നിലപാടുമൊക്കെ പുറമേക്ക് പറയുമ്പോഴും സ്ത്രീധന സമ്പ്രദായത്തെ തള്ളിക്കളയാനാകാതെ അതിന്റെ ഭാഗമാകേണ്ടി വരുന്ന സഖാവ് ബ്രൂണോയും, അധ്വാനിച്ചു ജീവിക്കുന്ന ആണെന്ന മേനി പറയുമ്പോഴും സ്വർണ്ണം വേണ്ടെന്ന് പറയാൻ പറ്റാത്ത മരിയാനോയും, സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയായി മാറുമ്പോഴും കിട്ടിയ സ്വർണ്ണം നോക്കി ചിരിക്കുന്ന സ്റ്റെഫിയുമൊക്കെ ഉള്ളിടത്തോളം കാലം പി.പി അജേഷുമാർക്ക് പൊന്മാനായി വരാതിരിക്കാനാകില്ല.

ഒരു തരി പൊന്നില്ലാതെ പെണ്ണിന് ജീവിക്കാൻ പറ്റുമോ എന്ന ചോദ്യത്തെ സിനിമ അവശേഷിപ്പിക്കുന്നത് മനഃപൂർവ്വമാണ്. ആ ചോദ്യം കൊണ്ട് വേണം തിയേറ്റർ വിടാൻ.

©bhadran praveen sekhar

No comments:

Post a Comment