Wednesday, June 25, 2025

Squid Game - Season 2 - Episodes 7

ഫസ്റ്റ് സീസണിന്റെ ഏഴയലത്ത് എത്തിയില്ല. ഫസ്റ്റ് സീസൺ കാണുമ്പോൾ അനുഭവപ്പെട്ട Game ന്റെ ഭീകരത, കഥാപാത്രങ്ങൾ തമ്മിലുള്ള ഇമോഷണൽ കണക്ഷൻസ്, അവരുടെ വേറിട്ട മാനസികാവസ്ഥകൾ അടക്കം പലതും ഈ സീസണിൽ കണ്ടു കിട്ടുന്നില്ല.

കഴിഞ്ഞ തവണ പറഞ്ഞവസാനിപ്പിച്ചിടത്ത് നിന്നുള്ള തുടക്കമൊക്കെ നന്നായെങ്കിലും പിന്നീടുള്ള എപ്പിസോഡുകളിൽ മുഷിവ് അനുഭവപ്പെട്ടു.

ആദ്യത്തെ സീസണിലെ മത്സരാർത്ഥികളെയൊക്കെ വച്ചു ഓർക്കുമ്പോൾ ഈ സീസണിൽ അതും ശോകമാണ്.

ഈ സീസണിലെ ഗെയിമുകളിൽ നമ്പർ അനുസരിച്ചു ഗ്രൂപ്പ് ഉണ്ടാക്കുന്ന കളി മാത്രമാണ് ഇഷ്ടപ്പെട്ടത്. അവിടുന്നങ്ങോട്ട് ആണ് രണ്ടാം സീസണിന് ഒന്ന് അനക്കം വച്ചത് പോലും.

Game ൽ തുടങ്ങി വോട്ടെടുപ്പും വെടി വെപ്പുമൊക്കെയായി ഈ സീസൺ വേറൊരു റൂട്ടിലേക്കാണ് കഥ കൊണ്ട് പോകുന്നത്.

നായകന്റെ ലക്ഷ്യത്തിനും ഈ സീസണും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് പറയേണ്ടി വരും .. ആ തലത്തിൽ ഇതിൽ നായകനെക്കാൾ സ്കോർ ചെയ്തത് വില്ലനാണ് എന്ന് പറയാം..നൈസായിരുന്നു വില്ലന്റെ ഗെയിം സ്ട്രാറ്റജി.

ഈ സീസൺ പറഞ്ഞവസാനിപ്പിച്ചിടത്തും ഒരു പൂർണ്ണതയില്ല.There’s no stopping the game.. എന്ന പോലെ തന്നെ ആയി കാര്യങ്ങൾ.

ആഹ്.. ഇനി മൂന്നാം സീസണിൽ നില മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

©bhadran praveen sekhar

Friday, June 20, 2025

പിടിച്ചിരുത്തുന്ന 'റോന്ത്' !!


നെടുനീളൻ ഡയലോഗുകളും ആക്ഷനും ഹീറോയിസവുമൊക്കെയായി നമ്മൾ കണ്ടു ശീലിച്ച പോലീസ് കഥാപാത്രങ്ങളിൽ നിന്ന് വിഭിന്നമായി റിയലിസ്റ്റിക് പോലീസ് ജീവിതങ്ങളാണ് ഷാഹി കബീറിയൻ സിനിമകളുടെ പ്രധാന ആകർഷണം. അതിന്റെ തുടർച്ച തന്നെയാണ് 'റോന്ത്‌'.

ജോസഫും, പ്രവീൺ മൈക്കലും, മണിയനും, സുനിതയും അടക്കമുള്ള പോലീസ് കഥാപാത്രങ്ങൾക്കിടയിലേക്ക് തന്നെയാണ് 'റോന്തി'ലെ യോഹന്നാനും, ദിൻനാഥുമൊക്കെ കയറി വരുന്നതെങ്കിലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ പോലീസ് ജീവിത കഥകളായി തന്നെ അടയാളപ്പെടുന്നു.

ഒരു പോലീസ് സ്റ്റേഷനും, ഒരൊറ്റ രാത്രിയിലെ സംഭവ വികാസങ്ങളും, അതൊക്കെ നേരിടേണ്ടി വരുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ വേറിട്ട മാനസിക സാഹചര്യങ്ങളും, വൈകാരികതയുമൊക്കെ ഇഴ ചേർന്ന് കിടക്കുന്ന കഥാ വഴികൾ.

ഷാഹി കബീറിന്റെ തിരക്കഥ തന്നെയാണ് 'റോന്തി'ന്റെ നട്ടെല്ല്.

കേന്ദ്ര കഥാപാത്രങ്ങളായ എസ്.ഐ യോഹന്നാനും, CPO ദിൻ നാഥിനുമൊപ്പം പോലീസ് ജീപ്പിൽ നമ്മളും റോന്ത് ചുറ്റാൻ പോകുന്ന ഒരു ഫീലാണ് സിനിമയുടെ പ്രധാന ആസ്വാദനം.

ഒരു പോലീസ് സ്റ്റേഷനിലെ സ്വാഭാവികമായ പ്രവർത്തന രീതികൾ കാണിച്ചു തുടങ്ങി രാത്രികാലങ്ങളിൽ നമ്മൾ ഉറങ്ങി കിടക്കുമ്പോൾ നമുക്ക് ചുറ്റുമുള്ള എന്തൊക്കെ കാര്യങ്ങളിൽ പോലീസിന്റെ ഇടപെടലുകൾ നടക്കുന്നു എന്നതിന്റെ സൂക്ഷ്മമായ അവതരണം.

പോലീസും പോലീസിങ്ങും രണ്ടാണ് എന്ന് നമ്മളെ കൃത്യമായി ബോധ്യപ്പെടുത്തുന്നു സിനിമ.

പോലീസ് ജീപ്പിലുള്ള റോന്ത് ചുറ്റലും രാത്രി കാല സീനുകളുമൊക്കെ മികവാർന്ന രീതിയിൽ ആവിഷ്‌ക്കരിച്ച ഛായാഗ്രഹണമായിരുന്നു മനേഷ് മാധവന്റേത്.

പോലീസിന്റെ രാത്രി കാല റോന്ത് ചുറ്റലിന് ഒരു ഹൊറർ ടച് കൊണ്ട് വന്നതും, ഉള്ളുലക്കുന്ന കാഴ്ചകളെ ക്രൈമിന്റെ അതി പ്രസരമില്ലാതെ ദൃശ്യവത്ക്കരിച്ചതുമൊക്കെ ശ്രദ്ധേയമായി തോന്നി. അനിൽ ജോൺസണിന്റെ പശ്ചാത്തല സംഗീതവും അതിനോട് ചേർന്ന് നിൽക്കുന്നതാണ്.

ദിലീഷ് പോത്തൻ - റോഷൻ മാത്യു ടീമിന്റെ പ്രകടനങ്ങൾ എടുത്തു പറയേണ്ടതാണ്. DYSP ജേക്കബിന്റെ വേഷത്തിൽ അരുൺ ചെറുകാവിലും, ദിലീഷ് പോത്തന്റെ ഭാര്യയുടെ വേഷത്തിൽ ലക്ഷ്മി മേനോനും ശ്രദ്ധേയമായി. അത് പോലെ ഒരൊറ്റ സീനിൽ വന്നു പോകുന്ന പല കഥാപാത്രങ്ങളും പേരില്ലാതെ തന്നെ മനസ്സിൽ തങ്ങി നിൽപ്പുണ്ട്.

'നായാട്ട്' സിനിമയിലെ പോലീസ് കഥാപാത്രങ്ങളായ പ്രവീൺ മൈക്കലിന്റെയും സുനിതയുടേയുമൊക്കെ റഫറൻസ് ഈ സിനിമയിലേക്ക് ബന്ധപ്പെടുത്തി കണ്ടപ്പോൾ ഷാഹി കബീർ സിനിമകളിലെ പോലീസ് കഥാപാത്രങ്ങൾ മറ്റൊരു കഥാപശ്ചാത്തലത്തിൽ സമീപ ഭാവിയിൽ ഒന്നിച്ചു പ്രത്യക്ഷപ്പെടാനുള്ള സാധ്യതകളെ കുറിച്ച് ചിന്തിച്ചു പോയി.

എന്തായാലും ഷാഹി കബീറിന്റെ തൂലികയിലൂടെ ഇനിയും പുതിയ പോലീസ് കഥാപാത്രങ്ങൾ വരട്ടെ, ആ പോലീസ് യൂണിവേഴ്‌സ് കൂടുതൽ വലുതാകട്ടെ. അഭിനന്ദനങ്ങൾ. !!

©bhadran praveen sekhar

Monday, June 16, 2025

ആഭ്യന്തര കുറ്റവാളി

നമ്മുടെ നീതി ന്യായ വ്യവസ്ഥയിൽ സ്ത്രീകൾക്ക് കിട്ടുന്ന പരിഗണനകളൊന്നും പുരുഷന് കിട്ടുന്നില്ലല്ലോ എന്ന ആൺ പരിഭവങ്ങളിൽ നിന്നാണ് 'ആഭ്യന്തര കുറ്റവാളി'യുടെ വൺ ലൈൻ രൂപപ്പെടുത്തിയിട്ടുള്ളത്. സ്ത്രീ സംരക്ഷണ നിയമങ്ങൾ പുരുഷന് എതിരെയുള്ള ആയുധമെന്നോണം പ്രയോഗിച്ച സമീപ കാല വാർത്തകൾ കൂടി കണക്കിലെടുക്കുമ്പോൾ ഇങ്ങിനെയൊരു വേർഷനിലെ കഥ പറച്ചിലിന് പ്രസക്തിയുണ്ട് താനും.

ബോളിവുഡിൽ അജയ് ബഹലിന്റെ സംവിധാനത്തിൽ വന്ന 'Section 375' ഒക്കെ ആ ഗണത്തിൽ ഗംഭീരമായി തോന്നിയ സിനിമയാണ്. പക്ഷേ അതൊന്നും 'ആഭ്യന്തര കുറ്റവാളി'യിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.

'IPC 498 A' പ്രകാരം ഗാർഹിക പീഡന കേസ് ചുമത്തപ്പെട്ട സഹദേവന്റെ ജീവിതമാണ് 'ആഭ്യന്തര കുറ്റവാളി' യുടെ മെയിൻ പ്ലോട്ട്. സഹദേവനെന്ത് പറ്റി എന്ന് അറിയിച്ചു കൊണ്ടുള്ള വിവരണങ്ങളിൽ കൂടിയാണ് കഥ മുന്നോട്ട് പോകുന്നത്.

പക്ഷേ സഹദേവന്റെ ജീവിത കഥ ഒരു മുഴുനീള സിനിമയിലേക്ക് വിവരിച്ചിടാൻ പാകത്തിൽ നല്ലൊരു തിരക്കഥ ഒരുക്കാൻ പറ്റിയിട്ടില്ല എന്നതാണ് പ്രധാന പ്രശ്നം . ഏതാനും പത്ര കഷ്ണ വാർത്തകൾ കൊണ്ട് ഏച്ചു കെട്ടി തുന്നിയൊരുക്കിയ ഒരു സിനിമ എന്നേ പറയാൻ പറ്റുന്നുള്ളൂ.

'കെട്ട്യോളാണ് എന്റെ മാലാഖ' യിൽ സ്ലീവാച്ചന്റെ കിടപ്പ് മുറിയിലെ പരക്കം പാച്ചിലിനെ ഓർമ്മപ്പെടുത്തുന്ന പോലെ ഇവിടെ സഹദേവന്റെ കിടപ്പ്മുറി സീനുകൾ മറ്റൊരു വിധത്തിൽ ചിട്ടപ്പെടുത്തി കാണാം.

പല സീനുകളിലും ടെലി സീരിയൽ നാടകീയത തെളിഞ്ഞു വന്നു. കോടതി സീനുകളിലെ നായകന്റെ ഉപദേശങ്ങളും നിർദ്ദേശങ്ങളുമൊക്കെ ഒരു തരം ക്ലാസ് എടുക്കൽ ലെവലിലേക്ക് പോയി.

കാസ്റ്റിങ്ങിലേക്ക് വരുമ്പോഴും ഇതേ പ്രശ്നമുണ്ട് - പ്രധാനമായും നായികമാർ.

ദൈർഘ്യം കുറഞ്ഞ സീനാണെങ്കിലും സിദ്ധാർഥ് ഭരതന്റെ പ്രകടനം കൂട്ടത്തിൽ ശ്രദ്ധേയമായി.

ഹരിശ്രീ അശോകൻ, ജഗദീഷ്, വിജയകുമാർ അടക്കമുള്ള നടന്മാർക്ക് കൊടുത്ത കഥാപാത്രങ്ങളൊക്കെ വച്ച് നോക്കിയാൽ അവർക്ക് ഗംഭീര റോളാണെന്ന് തോന്നിപ്പിക്കും. പക്ഷേ ദുർബ്ബലമായ തിരക്കഥയിലൂടെ അത് പറഞ്ഞവതരിപ്പിക്കുന്നിടത്ത് ആ കഥാപാത്രങ്ങൾക്കൊന്നും ഈ സിനിമയിൽ കാര്യമായൊന്നും ചെയ്യാനില്ലാത്ത അവസ്ഥയാകുന്നുണ്ട്.

ആനന്ദ് മന്മഥൻ - അസീസ് - ആസിഫ് അലി കോംബോ സീനുകൾ പിന്നെയും ഭേദം എന്ന് പറയാം.

'തലവൻ, 'ലെവൽ ക്രോസ്സ്', 'അഡിയോസ് അമിഗോ', 'കിഷ്കിന്ധാകാണ്ഡം', 'രേഖാചിത്രം', 'സർക്കീട്ട്'..അങ്ങിനെ കഴിഞ്ഞ കുറച്ചായി നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന ആസിഫ് അലിയുടെ ഫിലിമോഗ്രാഫിയിൽ 'ആഭ്യന്തരകുറ്റവാളി' യെ ചേർത്ത് വായിക്കാൻ തോന്നുന്നില്ല.

©bhadran praveen sekhar