നോയ്ഡയിൽ അരങ്ങേറിയ കൊലപാതക പരമ്പരയാണ് സിനിമയുടെ ഇതിവൃത്തം എന്നൊക്കെ പറയുമ്പോൾ സ്വാഭാവികമായും നമ്മൾ പ്രതീക്ഷിക്കുന്ന ചില സംഗതികൾ ഉണ്ട്. പ്രത്യേകിച്ച് ഒരു ക്രൈം ത്രില്ലർ സിനിമയിൽ ഒഴിച്ച് കൂടാനാകാത്ത ചേരുവകൾ എന്ന് നമ്മൾ വിചാരിച്ചു വച്ചിരിക്കുന്ന കാര്യങ്ങൾ. എന്നാൽ Sector 36 ലേക്ക് വന്നാൽ അതൊരു പൊളിച്ചെഴുത്താണ്.
ഇവിടെ കുറ്റകൃത്യം വിശദീകരിക്കപ്പെടുന്നു. അന്വേഷണം വേണ്ട രീതിയിൽ നടക്കുന്നില്ല. ഇരകൾക്ക് നീതി കിട്ടുന്നില്ല. പോലീസിലാകട്ടെ ഒരാൾക്കും ഹീറോ പരിവേഷവുമില്ല. യഥാർത്ഥ വേട്ടക്കാർ സിസ്റ്റത്തിന്റെ പഴുതുകളിൽ കൂടി രക്ഷപ്പെടുന്നു .
എന്നിട്ടും ഈ സിനിമയുമായി നമ്മൾ കണക്ട് ആയിപ്പോകുന്നത് വിവരിക്കപ്പെടുന്ന കേസിന്റെ ഭീകരത കൊണ്ടാണ്. ഇവിടെ ത്രില്ലടിപ്പിക്കുന്ന സിനിമാറ്റിക് മുഹൂർത്തങ്ങളില്ല. പകരം കേസിന്റെ സാമൂഹിക യാഥാർഥ്യത്തെ നിരാശയോടെ അംഗീകരിക്കേണ്ടി വരും.
'Sector 36' ന്റെ ഹൈലൈറ്റ് എന്നത് വിക്രാന്ത് മസ്സി - ദീപക് ഡോബ്രിയാൽ ടീമിന്റെ പ്രകടനമാണ് .
താൻ നടത്തിയ കൊലപാതക പരമ്പരയെ യാതൊരു കുറ്റബോധമോ ഭയമോ ഇല്ലാതെ അഭിമാനത്തോടെ വിശദീകരിക്കുന്ന ദൈർഘ്യമേറിയ സീനിൽ പ്രേം സിംഗിന്റെ ശരീര ഭാഷയും നോട്ടവും ചിരിയുമൊക്കെ പടർത്തുന്ന ഭീകരത
വിക്രാന്ത് മസ്സിയുടെ കരിയറിലെ മികച്ച അഭിനയ മുഹൂർത്തങ്ങളായി മാറുന്നു.
അതേ സീനിൽ വിക്രാന്തിന് അഭിമുഖമായി ഒരേ ഇരുപ്പാണ് ദീപക് ഡോബ്രിയാൽ. ഒരു പോലീസുകാരൻ എന്ന നിലക്ക് ഈ കേസിൽ അയാൾ ചോദിക്കാൻ ഉദ്ദേശിച്ചിരുന്ന ചോദ്യങ്ങളൊക്കെയും അപ്രസക്തമായ അവസ്ഥ. ഒറ്റയാൾ പ്രകടനം കൊണ്ട് വിക്രാന്ത് സ്‌കോർ ചെയ്തു പോകുന്ന അതേ സീനിൽ റിയാക്ഷനുകൾ കൊണ്ട് ദീപക് മറ്റൊരു അഭിനയക്കളരി ഒരുക്കുന്ന ഗംഭീര കാഴ്ച.
©bhadran praveen sekhar