Friday, October 31, 2025

ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് !!


ഓരോ സീനിലും മെയ്കിങ് നിലവാരം അനുഭവപ്പെടുത്തി കൊണ്ടുള്ള കഥ പറച്ചിൽ.

ഒരു ടിപ്പിക്കൽ ഹൊറർ സിനിമയുടെ റൂട്ടിൽ തന്നെയാണല്ലോ കഥ പോകുന്നത് എന്ന് ചിന്തിപ്പിക്കുന്നിടത്ത് നിന്ന് പൊടുന്നനെയുള്ള ഒരു ഗിയർ മാറ്റം. ഇന്റർവെൽ ബ്ലോക്ക് ഒക്കെ സെറ്റ് ചെയ്തു വച്ചിരിക്കുന്നത് ആ ഒരു ലെവലിലാണ്. തരിപ്പ് സീൻ.

ഹൊറർ പടത്തിനുള്ളിൽ ത്രില്ലടിപ്പിക്കുന്ന ഒരു ഇൻവെസ്റ്റിഗെഷൻ സെഗ്മെന്റ് കൂടി ഉൾപ്പെടുത്തിയത് ആകാംക്ഷ വർദ്ധിപ്പിച്ചു. Visual ആയാലും Sound ആയാലും Background Score ആയാലും Dies Irae യിൽ എല്ലാം ഒന്നിനൊന്നു ഗംഭീരം.

ഷെഹ്‌നാദ് ജലാലിൻറെ ക്യാമറ, ക്രിസ്റ്റോ സേവ്യറിന്റെ മ്യൂസിക്.. രണ്ടും തിയേറ്റർ എക്സ്പീരിയൻസിന്റെ വീര്യം കൂട്ടുന്നു. കൂട്ടത്തിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം സിനിമയിലെ ചില ആർട്ട്‌ വർക്കുകൾ ആണ്.

സാങ്കേതിക നിലവാരം കൊണ്ട് എങ്ങിനെ ഇക്കാലത്ത് ഹൊറർ സിനിമകളുടെ ആസ്വാദനം വർധിപ്പിക്കാൻ സാധിക്കും എന്ന് അനുഭവഭേദ്യമാക്കുന്ന സംവിധാനം മികവ്.

പ്രേത രൂപങ്ങൾ കൊണ്ടുള്ള ഭയപ്പെടുത്തലിനെക്കാൾ, കഥാപാത്രങ്ങൾക്ക് അനുഭവപ്പെടുന്ന ഭയത്തെ പ്രേക്ഷകനിലേക്ക് പകർത്തുകയാണ് രാഹുൽ സദാശിവൻ ചെയ്യുന്നത്.

രാഹുൽ സദാശിവന്റെ ഹൊറർ സിനിമാ വീക്ഷണങ്ങൾക്ക് കൈയ്യടി കൊടുക്കാതെ പാകമില്ല.

പ്രണവ് മോഹൻലാലിലെ നടനെ തന്റെ സിനിമയിലേക്ക് കൃത്യമായി പാകപ്പെടുത്താൻ രാഹുൽ സദാശിവനു സാധിച്ചു. ജിബിൻ ഗോപിനാഥ്‌, ജയ കുറുപ്പ്, അരുൺ അജികുമാർ എന്നിവരുടെ പ്രകടനങ്ങൾ എടുത്തു പറയേണ്ടതാണ്.

'ഭൂതകാല'ത്തിലെ ജോർജ്ജെന്ന കഥാപാത്രത്തെ 'ഡീയസ് ഈറെ'യിലേക്ക് ബന്ധിപ്പിച്ചതൊക്കെ കൗതുകമുണർത്തി.

തിയേറ്റർ എക്സ്പീരിയൻസ് ആഗ്രഹിക്കുന്നവരെ എല്ലാ തലത്തിലും തൃപ്തിപ്പെടുത്തുന്ന പടം.

©bhadran praveen sekhar

No comments:

Post a Comment