Monday, December 8, 2025

വേറിട്ട സിനിമാ പ്രതിഭാസം !!


വെറുമൊരു സിനിമ എന്നതിനപ്പുറത്തേക്ക് തിയേറ്ററിനുളളിൽ കാഴ്ചയുടെയും കേൾവിയുടെയുമൊക്കെ വ്യത്യസ്തമായൊരു അനുഭവ ലോകം സൃഷ്ടിക്കുന്നുണ്ട് 'എക്കോ'.

മലയാളത്തേയും മലയ് ഭാഷയേയുമൊക്കെ പരസ്പ്പരം ബന്ധിപ്പിക്കുന്ന വിശാലമായ കഥാഭൂമിക. കാടും മലയും നിറഞ്ഞു നിൽക്കുന്ന തീർത്തും വന്യമായ കഥാപശ്ചാത്തലം. ഒപ്പം ദുരൂഹമായ കഥാവഴികളും കഥാപാത്ര സൃഷ്ടികളും. സർവ്വയിടത്തും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന നായ്ക്കൾ.

സിനിമ തുടങ്ങി അവസാനിക്കും വരെ ഈ പറഞ്ഞ പ്ലോട്ടിനുള്ളിൽ നമ്മളെ ലോക്കാക്കുന്ന ഒരു മാജിക് ഉണ്ട് അവതരണത്തിൽ.

തിയേറ്ററിനുള്ളിലും നായ്ക്കൾ ഉണ്ടോ എന്ന് സംശയിപ്പിക്കുന്ന വിധമുള്ള മേയ്ക്കിങ്. സ്‌ക്രീൻ കാഴ്ചക്കപ്പുറം ആ കാടും മലയുമൊക്കെ അത്രത്തോളം അനുഭവഭേദ്യമാകുന്നുണ്ട്.

രണ്ടാം ലോക മഹായുദ്ധ കാലത്ത് മലേഷ്യയിലേക്ക് ജപ്പാൻ നടത്തിയ അധിനിവേശമൊക്കെ പരാമർശ വിധേയമാകുന്നിടത്താണ് കഥ നടക്കുന്ന ഒരു കാലഘട്ടം വെളിപ്പെടുന്നത്. അത് പോലെ മണിയോർഡർ അയച്ചതിന്റെയും സാധനങ്ങൾ വാങ്ങിയതിന്റെയുമൊക്കെ പൈസ കണക്കും , മല കയറുന്ന ജീപ്പിന്റെയും തടി കയറ്റി പോകുന്ന ലോറിയുടേയുമൊക്കെ മോഡലും, കഥാപാത്രങ്ങളുടെ വസ്ത്രധാരണവുമൊക്കെ കൂടി വായിച്ചെടുക്കുമ്പോൾ കിട്ടുന്നതാണ് കഥയിലെ മറ്റൊരു കാലഘട്ടം.

സംരക്ഷണവും തടവുമൊക്കെ എങ്ങിനെ ഒരേ അർത്ഥത്തിൽ വായിച്ചെടുക്കാൻ സാധിക്കുമെന്ന ചിന്തയുടെ വിത്തിൽ നിന്ന് പടർന്ന് പിടിച്ച നിഗൂഢമായ ഒരു കാടാണ് 'എക്കോ' എന്ന് നിരീക്ഷിക്കാം . മനുഷ്യ മനസ്സുകളുടെ വന്യതയും സങ്കീർണ്ണതയും നിസ്സഹായതയും ഒരു പോലെ പടർന്ന് പിടിച്ചുണ്ടായ കാട്.

കഥാപാത്ര സൃഷ്ടികളിലെ സൂക്ഷ്മത എടുത്തു പറയേണ്ട കാര്യമാണ്. പകയും, സ്വാർത്ഥതയും, ചതിയും, ദുരൂഹതയും , ദയനീയതയും, ക്രൗര്യവും, പ്രതികാരവും, വിധേയത്വവും, കുറ്റബോധവുമൊക്കെ പേറി നടക്കുന്ന, പല ഷെയ്ഡുകളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ.

സന്ദീപ് പ്രദീപ്, വിനീത്, സൗരഭ് സച്ദേവ, നരേൻ, അശോകൻ, ബിനീഷ് പപ്പു, സഹീർ മുഹമ്മദ്, രഞ്ജിത്ത് ശേഖർ, പിന്നെ മറ്റു മലേഷ്യൻ നടീനടന്മാർ അടങ്ങുന്നവരുടെ കാസ്റ്റിങ്ങും പ്രകടനങ്ങളുമൊക്കെ ഗംഭീരമായിരുന്നു.

ഒരു പദപ്രശ്നം പൂരിപ്പിച്ച് ഉത്തരം കണ്ടെത്തുമ്പോഴുണ്ടാകുന്ന മോമെന്റ്റ് പോലെ സിനിമയെ മറ്റൊരു ലെവലിൽ കൊണ്ടെത്തിക്കുന്ന ക്ലൈമാക്സ്.

ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, ഓഡിയോഗ്രാഫി, കലാസംവിധാനം, എഡിറ്റിങ് അടക്കമുള്ള ഏത് വിഭാഗം നോക്കിയാലും പൂർണ്ണ തൃപ്തി തരുന്ന സിനിമ.

ബഡ്ജറ്റിന്റെ കോടി കിലുക്കമോ , സൂപ്പർ താരങ്ങളുടെ സാന്നിധ്യമോ ഒന്നുമല്ല കാമ്പുള്ള കഥയും പുതുമയുള്ള അവതരണവുമൊക്കെ തന്നെയാണ് മലയാള സിനിമയുടെ തലയെടുപ്പ് എന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തി തരുന്നു 'എക്കോ'.

നന്ദി ദിൻജിത് അയ്യത്താൻ - ബാഹുൽ രമേശ്.. മലയാള സിനിമയ്ക്ക് നിങ്ങൾ നൽകിയ വേറിട്ട സിനിമാപരിഷ്‌കരണങ്ങൾക്കും സംഭാവനകൾക്കും. !!

©bhadran praveen sekhar