Monday, October 8, 2012

Ek Tha Tiger


Kabul Express , New York എന്നീ സിനിമകള്‍ക്ക്‌ ശേഷം കബീര്‍ ഖാന്‍ സംവിധാനം ചെയ്ത സിനിമയാണ് Ek Tha Tiger. സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രധാന വേഷത്തിലെത്തിയ ഈ സിനിമ, ബോളിവുഡ് ബോക്സോഫീസിലെ ഒരു വമ്പന്‍ വിജയമായിരുന്നു. 

ഇന്ത്യയുടെ Research and Analysis Wing (RAW) ലെ ഓഫീസറായ അവിനാഷ് സിംഗ് റാത്തോഡ് (സല്‍മാന്‍ ഖാന്‍) 'ടൈഗര്‍' എന്ന ഔദ്യോഗിക കോഡ് നാമത്തിലാണ്  പൊതുവേ അറിയപ്പെടുന്നത്. അയര്‍ലണ്ടിലെ ട്രിനിറ്റി കോളേജില്‍ പ്രൊഫസ്സറായി ജോലി ചെയ്യുന്ന ഇന്ത്യന്‍ ശാസ്ത്രഞ്ജന്‍ കിഡ് വായ്‌  തന്‍റെ ശാസ്ത്ര നിരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും പാസ്കിതാനുമായി  പങ്കു വക്കുന്നു എന്ന രഹസ്യ സൂചനയെ തുടര്‍ന്ന്  അദ്ദേഹത്തെ അന്വേഷണ നിരീക്ഷണത്തിനു വിധേയമാക്കാന്‍ RAW തീരുമാനിക്കുന്നു. അതിനായി ടൈഗറിനെ നിയോഗിക്കുകയും ചെയ്യുന്നു. ഔദ്യോഗിക ജീവിതത്തിലെ തിരക്കുകള്‍ കാരണം കുടുംബ ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സമയം കിട്ടാതിരുന്ന ടൈഗര്‍, അയര്‍ലണ്ടില്‍ വച്ച് കിഡ് വായിയുടെ സഹായിയും ഡാന്‍സ് അക്കാദമിയിലെ വിദ്യാര്‍ഥിയുമായ സോയയെ (കത്രീന കൈഫ്‌ ) പരിചയപ്പെടാനും പ്രണയിക്കാനും ഇടയാകുന്നു. തുടര്‍ന്നങ്ങോട്ടുള്ള കോമഡിയും പ്രണയവും ആക്ഷനും സസ്പെന്‍സും എല്ലാമാണ് സിനിമയെ ഊര്‍ജ്ജസ്വരമാക്കുന്നത്. 

പേര് സൂചിപ്പിക്കുന്ന പോലെ ടൈഗറിന്റെ ധീരതയും, സാഹസികതയും , പ്രണയവും,  ആക്ഷനുമെല്ലാമാണ്  സിനിമയുടെ ഇതിവൃത്തം.  മൂന്നു നാല് മാസങ്ങള്‍ക്ക്  മുന്‍പ് ഇതേ ചേരുവയില്‍ ഇറങ്ങിയ സൈഫ് അലി ഖാന്‍റെ Agent Vinod മായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ സിനിമയ്ക്കു പല സാമ്യതകളും പ്രകടമാണ്. അതെ സമയം, Agent Vinod നെ അപേക്ഷിച്ച് നോക്കുമ്പോള്‍ Ek Tha Tiger എത്രയോ മികച്ചതും ആസ്വദനീയവുമാണ്.  

ഒരു 'കത്തി' പടം എന്നതിലുപരി സിനിമയില്‍ പലയിടത്തുമുള്ള  ഹൃദ്യമായ സംഭാഷണ രീതി ശ്രദ്ധേയമാണ്.  ക്ലൈമാക്സിലെ ആക്ഷന്‍ രംഗങ്ങളിലുള്ള  ചില 'കൊടും കത്തി' പ്രകടനങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ സിനിമയിലെ മിക്ക ആക്ഷന്‍ രംഗങ്ങള്‍ക്കും മോശമല്ലാത്ത  ഒരു ത്രില്ലിംഗ് സ്വഭാവം ഉണ്ടായിരുന്നു.  പഴയ കാല സിനിമകളില്‍ നായകനും നായികയും വില്ലന്മാരില്‍ നിന്ന് രക്ഷപ്പെടാന്‍ ജീപ്പും, കാറും , ലോറിയും, ചിലപ്പോളൊക്കെ ബോട്ടും ഹെലി കോപ്ടരും വരെ ഉപയോഗിച്ച് വരുന്നതായി നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഈ അടുത്ത കാലത്ത് ആ ട്രെന്‍ഡ് ഒന്ന് കൂടി മാറിയിരിക്കുന്നു.  

പല സിനിമകളിലും  നായികാ നായകന്മാരുടെ പലയാന രംഗങ്ങളില്‍ ട്രെയിന്‍ ഒരു രക്ഷാ വാഹനമെന്ന നിലയില്‍ വളരെ  പ്രാധാന്യത്തോടെ അവതരിപ്പിച്ചു   കണ്ടിട്ടുണ്ട്. പക്ഷെ , ഈ സിനിമയില്‍ പ്രേക്ഷകനെ അന്താളിപ്പിച്ചു കൊണ്ട് നായിക, വിമാനം ഓടിച്ചു പറത്തുകയും ആ വിമാനത്തിലേക്ക് വെടിയുണ്ടയേറ്റ  നായകന്‍ ബൈക്കോടിച്ചു  പാറി വന്നു വീഴുക വഴി രക്ഷപ്പെടുകയും ചെയ്യുന്നു.  അപ്രകാരം വിമാനം ഓടിച്ചു രക്ഷപ്പെടുന്ന നായികാ നായകന്മാര്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല എന്ന വിശ്വാസത്തോടെ തന്നെ പറയട്ടെ ഈ സിനിമ നിങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുക തന്നെ ചെയ്യും. 

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ തന്നെയാണെങ്കിലും 75 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ഈ സിനിമ ഇതിനകം സൂപ്പര്‍ ഹിറ്റ്‌ ആകുകയും ബോക്സോഫീസില്‍ 307 കോടി  വാരിക്കൂട്ടുകയും ചെയ്തു എന്ന് കണക്കുകള്‍ പറയുന്നു. എന്തരോ എന്തോ., നമ്മുടെ സ്വന്തം ബോളിവുഡ് അല്ലേ ,നമുക്ക് വിശ്വസിച്ചേ മതിയാകൂ. ഒരു  കാര്യം പറയാന്‍ വിട്ടു. കുറ്റം പറയരുതല്ലോ, നമ്മുടെ സല്‍മാനും കത്രീനയും വളരെ നല്ല രീതിയില്‍ തന്നെ അഭിനയിച്ചിരിക്കുന്നു.  

ആകെ മൊത്തം ടോട്ടല്‍ = കൂടുതല്‍ ഒന്നും ആലോചിക്കാതെ, ഒറ്റയിരുപ്പിനു കണ്ടിരിക്കാന്‍ പറ്റിയ, സാമാന്യം നല്ല ഒരു  കത്തിപ്പടം. ഒരു വട്ടം കാണുന്നതില്‍ ദോഷമില്ല. (ആദ്യമേ പറയട്ടെ,  കഥയ്ക്കും അഭിനയത്തിനും പ്രാധാന്യം കൊടുത്ത് കൊണ്ട് ഈ സിനിമ കാണാന്‍ ശ്രമിക്കരുത്.)

*വിധി മാര്‍ക്ക്‌ = 5/10
-pravin- 

6 comments:

  1. കൊള്ളാം , വിചാരണ വായിച്ചല്ലോ ഇനി ഇപ്പൊ കാണണോ?

    ReplyDelete
    Replies
    1. രൈനീ...ഇത് വായിച്ചെന്നു കരുതി സിനിമ കാണാതിരിക്കരുത്. ഇത് എന്‍റെ നിരീക്ഷണം മാത്രമാണ്. ഈ പോസ്ട്ടിനോടുള്ള മറുപടി താങ്കള്‍ സിനിമ കണ്ട ശേഷമാണ് അറിയിക്കേണ്ടത് .

      Delete
  2. കൊള്ളാം നല്ല വിവരണം.. പടം ഒന്ന് കാണണം എന്നുണ്ട്. മോന്‍ കുറച്ചുകൂടി വലുതാകാതെ തിയേറ്റര്‍ ഒരു റിസ്ക്‌ ആണ്. എന്തിനാ മറ്റുള്ളവരുടെ സന്തോഷം ഇല്ലാതാക്കുന്നത്.. :-)

    ReplyDelete
    Replies
    1. അരുണ്‍.. ,.. അദ്ദാണ്... സിനിമ കാണുക ...നിരീക്ഷണങ്ങള്‍ പങ്കു വക്കുക ... മോന്‍ പെട്ടെന്ന് വലുതാകട്ടെ. എന്നിട്ട് അച്ഛനും മോനും കൂടി ഒരുപാട് സിനിമകള്‍ കാണണം ട്ടോ.

      Delete
  3. പ്രവീണ്‍ മാര്‍ക്ക്‌ കൊടുക്കുന്നതില്‍ ഒരു പിശുക്കും കാട്ടുന്നില്ല എന്നൊരു അഭിപ്രായമുണ്ട്. ഇങ്ങനെ വാരിക്കോരി മാര്‍ക്ക്‌ കൊടുക്കരുത്. ഈ പടം ഞാന്‍ കണ്ടിട്ടില്ല, കാണാന്‍ ഉദ്ദേശവുമില്ല. സല്‍മാന് പകരം വേറെ ആരായിരുന്നാലും കാണാരുന്നു.

    ReplyDelete
    Replies
    1. ഹാ ഹാ...ഞാന്‍ മാര്‍ക്ക് കൊടുക്കുന്നത് എനിക്ക് ആ സിനിമയില്‍ നിന്ന് കിട്ടിയ ആസ്വാദനത്തിന്റെ അടിസ്ഥാനത്തിലാണ് ട്ടോ. പലരും കരുതുന്നത് സാങ്കേതികവും സംവിധാനവും സ്ക്രിപ്റ്റും ഒക്കെ നോക്കിയാണ് മാര്‍ക്ക് ഇടുന്നത് എന്നാണു. ഡയമണ്ട് നക്ലസില്‍ കുറഞ്ഞ മാര്‍ക്ക് ഇടുകയും ഹസ്ബണ്ട്സ് ഇന്‍ ഗോവയ്ക്ക് കൂടുതല്‍ മാര്‍ക്ക് ഇടുകയും ചെയ്തപ്പോള്‍ പലരും എന്റെ മാര്‍ക്കിടലിനെ വിമര്‍ശിച്ചിരുന്നു. പക്ഷെ, സംഗതി ഇതാണ്. രണ്ടു സിനിമയുടെയും ആസ്വാദനതലം രണ്ടു വിധമായിരുന്നു. എന്തായാലും നിര്‍ദ്ദേശം പരിഗണിക്കുന്നു ..

      Delete