Monday, September 2, 2013

Madras Cafe - An Indian Political Espionage Thriller

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ  ഇന്നും  മറക്കാനാകാത്ത ഒരു സംഭവമാണ് രാജീവ്‌ ഗാന്ധി വധം. തമിഴ് പുലികളെയും, രാജീവ്‌ ഗാന്ധി വധത്തെയും പരാമർശിച്ചു കൊണ്ട് നിരവധി സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്തിട്ടുണ്ട്. സന്തോഷ്‌ ശിവൻ സംവിധാനം ചെയ്ത് 1998 ഇൽ റിലീസ് ചെയ്ത "The Terrorist", 2002 ഇൽ മണി രത്നത്തിന്റെ  സംവിധാനത്തിൽ വന്ന  "കന്നത്തിൽ മുത്തമിട്ടാൽ",  ആർ. കെ സെൽവമണി സംവിധാനം ചെയ്ത് 2007 ഇൽ റിലീസായ "കുറ്റപത്രികൈ" എന്നിവ അതിനുദാഹരണങ്ങളാണ്. ഈ സിനിമകളിലെല്ലാം തന്നെ LTTE പ്രവർത്തനങ്ങളും, രാജീവ്‌ ഗാന്ധി വധത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളും, തമിഴ് പുലികളും സർക്കാരും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളും അങ്ങിനെ നിരവധി വിഷയങ്ങൾ ഭാവനത്മകമായും അല്ലാതെയും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. ഒരു പക്ഷേ, വളരെ ആധികാരികമായി, എന്നാൽ  കുറഞ്ഞ തോതിൽ മാത്രം ഭാവനാത്മകത ഉപയോഗിച്ച്  രാജീവ് ഗാന്ധി വധാന്വേഷണം വളരെ ചടുലമായി അവതരിപ്പിച്ചത്  മലയാളത്തിൽ മേജർ രവി സംവിധാനം ചെയ്ത് 2007 ൽ റിലീസായ "മിഷൻ 90 ഡെയ്സ്" എന്ന സിനിമയിലായിരിക്കും. സിനിമ പ്രേക്ഷകരെ രസിപ്പിക്കാനും ത്രില്ലടിപ്പിക്കാനും വേണ്ടി മാത്രമാണ് എന്ന ചിന്താഗതിക്കാർക്ക് "മിഷൻ 90 ഡെയ്സ്" ഒരു പക്ഷേ  നിരാശ സമ്മാനിച്ചിരിക്കാം.  അതേ സമയം രാജീവ ഗാന്ധി വധാന്വേഷണം ഘട്ടം ഘട്ടമായി വ്യക്തമായ വിവരണങ്ങളിലൂടെ  അറിയാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ തന്റെ സിനിമ നന്നായി അവതരിപ്പിക്കാൻ മേജർ രവിക്ക് സാധിച്ചിട്ടുമുണ്ട്. 

ഇവിടെ മേൽപ്പറഞ്ഞ സിനിമകളിൽ നിന്നെല്ലാം വീണ്ടും വ്യത്യസ്തമാകുകയാണ് ഷൂജിത് സിർക്കാരിന്റെ "മദ്രാസ് കഫെ" എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം, 'മദ്രാസ് കഫെ' ചർച്ച ചെയ്യുന്നതും പറഞ്ഞെത്തുന്നതും ആരും ഇത് വരെ ഈ വിഷയത്തിൽ പറയാതിരുന്ന  ഒരു കാര്യത്തിലേക്കാണ്- രാജീവ് ഗാന്ധി എന്ന പ്രധാനമന്ത്രിയെ നമുക്ക് നഷ്ട്ടപ്പെടില്ലായിരുന്നു എന്ന ദുഃഖ സത്യത്തിലേക്ക്. പ്രധാനമന്ത്രി അപകടത്തിലാണ് എന്ന് മുൻകൂട്ടി അറിഞ്ഞിട്ടും അദ്ദേഹത്തെ രക്ഷപ്പെടുത്താൻ സാധിക്കാതിരുന്ന  ഒരു കൂട്ടം സഹപ്രവർത്തകരെയും, പ്രധാനമന്ത്രി കൊല്ലപ്പെടണം എന്ന് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഒരു പോലെ  ആഗ്രഹിച്ച ചില ദുഷ്ട ശക്തികളെയും കുറിച്ചാണ് സിനിമ കൂടുതലും പറയുന്നത്. ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യ നടത്തിയ ശ്രമങ്ങൾക്കിടയിൽ സ്വന്തം ജീവൻ ബലി കഴിക്കേണ്ടി വന്ന പട്ടാളക്കാർ ആർക്കു വേണ്ടിയാണ് അന്യരാജ്യത്ത് മരിച്ചു വീണത്‌  എന്ന വലിയൊരു ചോദ്യവും   ചില സീനുകളിൽ ഉയർന്നു വരുന്നുണ്ട്. 

അതീവ രഹസ്യ സ്വഭാവവും  അപകടസാധ്യത ഏറെയുമുള്ള ഒരു ജോലിയുടെ ഭാഗമെന്നോണം മേജർ വിക്രമിന് (ജോണ്‍ എബ്രഹാം) തന്റെ വ്യക്തി ജീവിതത്തിൽ പല നഷ്ടങ്ങളും സഹിക്കേണ്ടി വരുന്നുണ്ട്. സംഭവിക്കുന്ന നഷ്ടങ്ങളിൽ  ഒരു പരിധിക്കപ്പുറം അയാൾ തളരുന്നില്ല; അതേ സമയം ഔദ്യോഗിക ജീവിതത്തിലെ  കൃത്യ നിർവഹണത്തിലുണ്ടായ  പരാജയം  മേജർ വിക്രമിനെ ഒരായുഷ്ക്കാലത്തേക്ക് അലട്ടുന്നതും ഖേദപ്പെടുത്തുന്നതുമായിരുന്നു. രാജീവ് ഗാന്ധി വധത്തിനു പിന്നിലെ രാഷ്ട്രീയവും അന്തർ ദേശീയവുമായി നടന്ന വിവിധ ഗൂഡാലോചനകളെ കുറിച്ച്  വേണ്ടതിലധികം തെളിവുകൾ നൽകിയിട്ടും അതിനെ തൃണവൽക്കരിച്ചു കളയുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് മേജർ വിക്രമിന്റെ ചില പാഴ് ശ്രമങ്ങളിലൂടെ സിനിമ പ്രേക്ഷകന് കാണിച്ചു തരുന്നുണ്ട്. ഇതിനെ ഭാവനാത്മകമെന്നോ, വസ്തുതാപരമെന്നോ,വെറും  കെട്ടിച്ചമച്ച കഥകളെന്നോ എങ്ങിനെ വേണമെങ്കിലും വിളിക്കാം. പക്ഷെ എങ്ങിനെ വിളിക്കണം എന്ന് തീരുമാനിക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായ  പ്രേക്ഷകരാണ്. എന്തായാലും ഒരു കാര്യം ഉറപ്പ്. നമ്മൾ കണ്ടതും വായിച്ചതും അറിഞ്ഞതുമല്ല ചരിത്രം. അല്ലെങ്കിൽ അത് മാത്രമല്ല ചരിത്രം. ഇനിയും അറിയാനുള്ളതും , അറിയപ്പെടാനുള്ളതുമായ ഒരു  നിഗൂഡതയാണ് ഈ വിഷയത്തിലെ യഥാർത്ഥ ചരിത്രം. ആ തലത്തിലേക്ക് ചിന്തിക്കേണ്ടിയിരിക്കുന്ന  ചില ആധികാരിക വിവരണങ്ങൾ സിനിമ പ്രേക്ഷകനുമായി പങ്കു വക്കുന്നുണ്ട്. 

ഈ സിനിമയുമായി ബന്ധപ്പെട്ട് തമിഴ് നാട്ടിലെ  പ്രമുഖ രാഷ്ട്രീയ പാർട്ടികൾ എൽ.ടി.ടി.ഇയെ കുറിച്ച്  പറഞ്ഞ അഭിപ്രായങ്ങളും വിപ്ലവ കഥകളും മറ്റു വിവാദങ്ങളും രാജീവ്‌ ഗാന്ധി വധത്തെ പരോക്ഷമായി ന്യായീകരിക്കുന്നതും  പുലി പ്രഭാകറിന്റെയും എൽ . ടി . ടി . ഇ യുടെയും കലാപ പ്രവർത്തനങ്ങളെ പ്രത്യക്ഷമായി തന്നെ അംഗീകരിക്കുകയും ചെയ്യുന്ന ചില സംഗതികളാണ്. തമിഴ് ദേശീയ വാദത്തിന്റെ ഭീകരമായ ഈ അവസ്ഥയെ തന്നെയാണ് സിനിമയിൽ National Threat എന്ന് വിശേഷിപ്പിക്കുന്നതും. എന്ന് കരുതി ഇത് ഒരിക്കലും തമിഴനോ തമിഴ് നാടിനോ എതിരായ സിനിമയല്ല. വംശഹത്യകൾക്കും  മറ്റു സാമുദായിക -പ്രാദേശിക -ദേശീയ കലാപങ്ങൾക്കും ഇടയിൽ പിടഞ്ഞു വീഴേണ്ടി വരുന്ന  നിരപരാധികളായ ഒരു സമൂഹത്തിന്റെ മനോവികാരത്തിനും അവരുടെ ദുരിതത്തിനും മുന്നിൽ അത്തരം വിഭാഗീയ ചിന്തകളുടെ  പ്രസക്തി വെറും വട്ട പൂജ്യം മാത്രമാണ്. 

2012 ഇൽ റിലീസ് ചെയ്ത "വിക്കി ഡോണർ " സിനിമയ്ക്കു ശേഷം ജോണ്‍ എബ്രഹാം രണ്ടാമതും നിർമാതാവായ സിനിമയാണ് മദ്രാസ് കഫെ. വിക്കി ഡോണറിന്റെ വിജയത്തിന് ശേഷം സംവിധായകനായി ഷൂജിത് സിർക്കാരും, തിരക്കഥാകൃത്തായി ജൂഹി ചതുർവേദിയും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. ഈ സിനിമയിൽ പക്ഷേ ജൂഹിക്ക് സംഭാഷണ ചുമതല മാത്രമേ ഉള്ളൂ. സോമനാഥ്ദേ, ശുഭേന്ദു ഭട്ടാചാര്യ എന്നിവരാണ് സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. മേജർ വിക്രം സിംഗ് എന്ന സാങ്കൽപ്പിക കേന്ദ്ര കഥാപാത്രം ഒഴിച്ച് ബാക്കി സിനിമയിൽ വിവരിക്കപ്പെടുന്ന ഓരോ സീനിനും  അതിന്റെതായ ആധികാരികത ഉണ്ടെന്നു തന്നെ സംവിധായകനും സംഘവും അടി വരയിട്ടു പറയുന്നു. വിക്രം സിംഗ് എന്ന കഥാപാത്രം  സാങ്കൽപ്പികമാണെങ്കിലും നായകന് അമാനുഷികത കൽപ്പിച്ചു കൊടുക്കുന്ന ബോളിവുഡ് സംവിധായകരിൽ നിന്നും ഷുർജിത് വേറിട്ട്‌ നിൽക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരും ഇന്റലിജൻസ് ഓഫീസർമാരും  വികാര വിക്ഷോഭങ്ങൾക്ക് അടിമപ്പെടുന്ന വെറും  സാധാരണ മനുഷ്യരിൽ ഉൾപ്പെടുന്നവർ തന്നെയാണെന്ന്  പ്രേക്ഷകരെ ചില വേളകളിൽ  ബോധ്യപ്പെടുത്താനും ഷുർജിത് ശ്രമിച്ചിരിക്കുന്നു.  

 ശ്രീലങ്കൻ ദുരിത ബാധിത പ്രദേശങ്ങളും, കലാപത്തിനു ഇരയായവരും സിനിമ തുടങ്ങുമ്പോൾ തന്നെ പ്രേക്ഷകനെ ഞെട്ടിപ്പിക്കുന്ന കാഴ്ചയായി മാറുന്നുണ്ട്. കമൽ ജീത് നേഗിയുടെ ച്ഛായാഗ്രഹണം വാക്കുകൾക്കും അപ്പുറം അഭിനന്ദനീയമാണ്. സിനിമയുടെ ഏക പോരായ്മയായി മുഴച്ചു നിന്നത് അവ്യക്തമായ രീതിയിൽ സീനുകളെ ബന്ധിപ്പിച്ച എഡിറ്റിംഗ് ആണ്. ആധികാരികമായ വിവരണങ്ങളിൽ കൂടി സിനിമ പലതും വെളിപ്പെടുത്തുന്നുണ്ടെങ്കിലും ക്യാമറയുടെ ദ്രുത ചലനവും പെട്ടെന്നുള്ള സീൻ മാറ്റവും പ്രേക്ഷകരെ അലോസരപ്പെടുത്തുന്നതാണ്. ഇക്കാരണം കൊണ്ട് തന്നെ സിനിമയിലെ ചില ഭാഗങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ അവ്യക്തത സൃഷ്ടിക്കുന്നു. 

ആകെ മൊത്തം ടോട്ടൽ = രാജീവ്‌ ഗാന്ധി വധത്തെ കുറിച്ച് ഇത് വരെ ചർച്ച ചെയ്യാത്ത തലങ്ങളിൽ കൂടി കഥ പറയുന്ന ഒരു നല്ല പൊളിറ്റിക്കൽ ത്രില്ലർ. പക്ഷേ, ഒരു entertainer മനസ്സോടെ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ  നിരാശപ്പെടും. 

*വിധി മാർക്ക്‌ = 7/10 

-pravin-

22 comments:

  1. മേജര്‍ രവി പറഞ്ഞതാണ്‌ ഇതുവരെ പറഞ്ഞതില്‍ ഇഷ്ടപെട്ടത്.ഇത് ???ടിക്കറ്റ്‌ കൌണ്ടറിനു മുന്‍പില്‍ നിന്നും വേണ്ടാന്നും പറഞ്ഞു പോന്നതാ കാണാതെ പിന്നെ പലരും പറഞ്ഞു നല്ലതാന്നു.എന്നാല്‍ നോക്കി കളയാം .പ്രവി സത്യാഗ്രഹ വന്നിട്ടുണ്ട് പ്രകാശ്ജയുടെ അതും കണ്ടോളൂ.

    ReplyDelete
    Replies
    1. മേജർ രവിയുടെ മിഷൻ 90 ഡെയ്സിനു ഉണ്ടായ ചടുലത ഈ സിനിമയ്ക്കു ഉണ്ടെന്നു ഞാൻ പറയില്ല . രണ്ടും രണ്ടായി തന്നെയാണ് കാണേണ്ടത് പക്ഷെ . ആ സിനിമയിൽ മമ്മുക്കയൊക്കെ ചെയ്തതിന്റെ കാൽ ഭാഗം പോലും ജോണ്‍ ഈ സിനിമയിൽ ചെയ്തിട്ടില്ല . എന്നാലും സിനിമ ആകെ മൊത്തം നന്നായി ചെയ്തിട്ടുണ്ട് താനും . സത്യാഗ്രഹ കാണണം . പ്രകാശ് ഝാ ഫിലിമുകളെ പോലെ ത്രില്ലിംഗ് സ്വഭവം മറ്റു പൊളിറ്റിക്കൽ സിനിമകൾക്ക് ഉണ്ടാകാറില്ല . ഇവിടെ റിലീസ് ആയിട്ടുണ്ടായിരുന്നു . ഞാൻ പക്ഷെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിക്ക് കയറി . അടുത്ത ആഴ്ച വേറെ ഒന്നുമില്ലെങ്കിൽ സത്യാഗ്രഹ കാണും ..

      Delete
    2. എല്ലാവര്ക്കും പരിചയമുള്ള വിഷയമാണ്‌ സത്യാഗ്രഹ പറയുന്നത് .നമ്മുക്കറിയുന്നതില്‍ കൂടുതല്‍ പറയുന്നതില്‍ പരാജയപെട്ടുപോയി .അതൊരു ചെറിയ പോരായ്മയാണ് പിന്നെ പ്രകാശ്‌ജാ ടച്ച്‌ അങ്ങോട്ടു ശരിക്കും ഉണ്ടായില്ല.കണ്ടു നോക്ക്.

      Delete
    3. കാണാം.. പ്രകാശ് ഝായുടെ മുന്നേയുള്ള പടങ്ങളേക്കാൾ ചക്രവ്യൂഹ് എനിക്ക് നല്ലോം ഇഷ്ടായിരുന്നു .. ഇത് എന്തായാലും കാണണം ..

      Delete
  2. entertainer പ്രതീക്ഷിച്ചപ്പോൾ ഉണ്ടായ നിരാശയേക്കാൾ എത്രയോ കൂടുതലാണ് 'ആധികാരികത'യുടെ നാട്യം കൊണ്ട് ഈ സിനിമ നല്കിയ നിരാശ. ഈ സിനിമ 'വെളിപ്പെടുത്തുന്നു' എന്നു പറയുന്ന മിക്ക കാര്യങ്ങളും ഒരുതരം പ്രോപ്പഗാണ്ട മാത്രമായിട്ടാണ് എനിക്കനുഭവപ്പെട്ടത്. സാങ്കേതികമായി ഒരു ഹോളിവൂഡ്‌ ഫീൽ ഉണ്ട് എന്നതുമാത്രമായിരുന്നു ഒരാശ്വാസം.

    ReplyDelete
    Replies
    1. സുദീപ് പറഞ്ഞതിനെ മുഴുവനായും തള്ളി കളയാനാകില്ല . പക്ഷെ സിനിമ പറഞ്ഞു വന്ന വഴിയിൽ ചിന്തിക്കുമ്പോൾ ..we will smell something wrong knw .. ആധികാരികത ഉണ്ടെന്നു സംവിധായകനും ടീമും പറയുമ്പോൾ എന്ത് കൊണ്ടോ അതും മുഴുവനായി കാണാതിരിക്കാൻ സാധിക്കുന്നില്ല . ചരിത്രം പലപ്പോഴും വളച്ചൊടിക്കപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നതിനാൽ ഈ വിഷയത്തിലും ചെറിയ സ്കോപ്പുണ്ട് അങ്ങിനെ ചിന്തിക്കാൻ ..ഫിക്ഷനും ചരിത്രവും കൂടി കുഴഞ്ഞാൽ എന്താകും ..അത് തന്നെ കാര്യം ..

      Delete
  3. ഇത് വായിച്ചപ്പോള്‍ സിനിമ കാണാന്‍ ആഗ്രഹം തോന്നുന്നു.....

    ReplyDelete
    Replies
    1. പ്രദീപേട്ടാ .. എന്തായാലും കണ്ടു നോക്കൂ .. ഒരു must watch ആണെന്ന് ഞാൻ പറയില്ല ..എന്നാലും കാണാം ..

      Delete
  4. enikkennum pattaala sinimakal oru haramaayirunnu...
    kuttikkaalath kandathilereyum atharam thanne...
    kettidatholam oru investigation feel cheyyunnu.
    pinne bollywood aayathu kond theepaarunna rangangalkk kuravundaakillennu karuthaam.
    vikaara nirbharamaaya nimishangal john nalkumennu pratheekshikkunnu.
    kaananam.udaneyalla... saavadhaanam..

    ReplyDelete
    Replies
    1. @ രിനൂ ... ഇത്രേം വല്യ പട്ടാള ആരാധന ഉണ്ടായിട്ടു നീ മനുഷ്യനെ "ഇടങ്ങേർ" ആക്കാനല്ലേ പട്ടാളക്കാരൻ ആകാഞ്ഞത് ? വല്യ ചതിയായി പോയി ട്ടാ ...

      >>"വിക്രം സിംഗ് എന്ന കഥാപാത്രം സാങ്കൽപ്പികമാണെങ്കിലും നായകന് അമാനുഷികത കൽപ്പിച്ചു കൊടുക്കുന്ന ബോളിവുഡ് സംവിധായകരിൽ നിന്നും ഷുർജിത് വേറിട്ട്‌ നിൽക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരും ഇന്റലിജൻസ് ഓഫീസർമാരും വികാര വിക്ഷോഭങ്ങൾക്ക് അടിമപ്പെടുന്ന വെറും സാധാരണ മനുഷ്യരിൽ ഉൾപ്പെടുന്നവർ തന്നെയാണെന്ന് പ്രേക്ഷകരെ ചില വേളകളിൽ ബോധ്യപ്പെടുത്താനും ഷുർജിത് ശ്രമിച്ചിരിക്കുന്നു. ">>>

      ഇതിൽ നീ കരുതുന്ന പോലെ തീ പാറും പോരാട്ടങ്ങൾ ഇല്ല കേട്ടോ .. സാധാരണക്കാരനായ ആർമി ഓഫീസർ ..അത്രേ ഉള്ളൂ .. ജോണിന്റെ പ്രകടനം സിനിമയിൽ മികച്ചു നിന്നു എന്ന് പറയാനാകില്ല . എന്നാലും comfortable ..

      Delete
  5. അവലോകനം നന്നായി.
    എപ്പോഴെങ്കിലും ഇതൊന്നു കാണണം

    ReplyDelete
  6. പ്രവീണ്‍ പറഞ്ഞത് ശരിയാണ് ഒരു എന്റർറ്റൈനെർ കാണാൻ ആയി ഇരിക്കുന്നവരെ നിരാശപ്പെടുത്തും ..ഒരു ഹോളിവുഡ് സിനിമയുടെ തോന്നൽ ഉളവാക്കി ..നല്ല ചായാഗ്രഹണം ...പക്ഷെ ഒരു സിനിമ എന്നാ നിലയിൽ ,ഇഷ്ടപ്പെട്ടില്ല ...ചില ഭാഗങ്ങൾ ആർക്കും മനസിലവരുത് എന്ന ലക്ഷ്യത്തോടെ എടുത്തപോലെ ..
    പ്രവീണ്‍ സിനിമയെ പറ്റി നന്നായി പറഞ്ഞു

    ReplyDelete
    Replies
    1. നന്ദി ദീപു ....cinematography വളരെ മികച്ചു നിന്ന ഒന്നായിരുന്നു .

      Delete
  7. ഒരു രണ്ടാമൂഴമോ...വടക്കന്‍വീരഗാഥയൊ പോലെ ചില ഉടച്ചുവാര്‍ക്കലും നിരപ്പാക്കലും ഒക്കെ ഈ സിനിമയില്‍ നടന്നിരിക്കുന്നു..ചരിത്രം പലപ്പോഴും വരുന്ന തലമുറയ്ക്ക് വേണ്ടി എഴുതപ്പെട്ടതാണ്..സത്യം അങ്ങനെയല്ലല്ലോ...നിരുപണം മികവ് പുലര്‍ത്തിയിരിക്കുന്നു..

    ReplyDelete
    Replies
    1. അതെ തുളസീ .. ചരിത്രവും സത്യവും രണ്ടും രണ്ടു ദിശയിലാണ് ..അപൂർവമായി മാത്രമേ രണ്ടും സംഗമിക്കുന്നുള്ളൂ .. നന്ദി തുളസീ ഈ വായനക്കും അഭിപ്രായത്തിനും

      Delete
  8. ഒരു സിമിമ കണ്ടിട്ട് വര്‍ഷം രണ്ടോ മൂന്നോ ആയി !
    ഇതൊന്നു കാണാന്‍ ശ്രമിക്കും !
    ഈ നല്ല വിവരണത്തിന് വേണ്ടി ...... :)

    ReplyDelete
    Replies
    1. ഹി ഹി ..സിനിമ കണ്ടിട്ട് കുറെ കാലമായതു കൊണ്ടാണോ സിനിമ എന്നത് സിമിമ എന്ന് മാറി എഴുത്യത് ? ഹീ ഹീ ..നന്ദി അസ്രൂ ഈ വരവിനും അഭിപ്രായത്തിനും ..

      Delete
  9. ചരിത്രവും സിനിമയും രണ്ടാണ് ... എന്തായാലും ചിത്രം കണ്ടിട്ട ബാക്കി അഭിപ്രായം ഞാന്‍ പിന്നാലെ അറിയിക്കാം ":)

    ReplyDelete
    Replies
    1. അതെ , രണ്ടും രണ്ടു തന്നെയാണ് ..എന്തായാലും സിനിമ കാണൂ ......നന്ദി ആർഷ

      Delete
  10. ഇനിയിപ്പോൾ ഇതിന്റെ സിഡി വാങ്ങി കാണണം

    ReplyDelete