Thursday, February 8, 2024

ക്യാപ്റ്റൻ മില്ലറിന്റെ സംഹാര താണ്ഡവം!!


എന്നും ഏത് കാലത്തും പ്രസക്തമായ പ്രമേയം. ലോക സിനിമകൾ തുടങ്ങി പ്രാദേശിക സിനിമകളിൽ വരെ നിരന്തരം പ്രമേയവത്ക്കരിക്കപ്പെട്ടിട്ടുള്ള അങ്ങിനെയൊരു കഥ മനസ്സിലാക്കാൻ ഭാഷ പോലും ആവശ്യമില്ല.

അരുൺ മാതേശ്വരന്റെ തന്നെ 'റോക്കി' യിലും 'സാനി കായിധ'ത്തിലുമൊക്കെ സമാന സംഗതികൾ കണ്ടെടുക്കാം. എത്ര പറഞ്ഞാലും അപ്രസക്തമാകാത്ത ആ പ്രമേയത്തിന്റെ വേറിട്ടതും മികച്ചതുമായ മറ്റൊരു ദൃശ്യാവിഷ്ക്കാരമായി മാറുകയാണ് 'ക്യാപ്റ്റൻ മില്ലർ'.

ബ്രിട്ടീഷ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യം ചർച്ച ചെയ്യപ്പെടുമ്പോൾ എതിരാളികൾ ബ്രിട്ടീഷുകാർ മാത്രമായി പറഞ്ഞു വക്കുന്നതിൽ നിന്ന് മാറി സ്വാതന്ത്ര്യം നിഷേധിക്കുന്നവരെയെല്ലാം എതിരാളികളായി പ്രഖ്യാപിക്കുന്നുണ്ട് സിനിമ.

ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ദേവീ രൂപം കല്ലിൽ കൊത്തി തീരുന്നത് വരെ മാത്രമേ പെരുന്തച്ചനെ വേണ്ടൂ. കല്ല് ദേവി ആയി കഴിഞ്ഞാൽ പെരുന്തച്ചൻ തീണ്ടാപ്പാടകലെ നിൽക്കേണ്ട വെറും ആശാരി മാത്രം. അത് പോലെ തന്നെയാണ് 'ക്യാപ്റ്റൻ മില്ലറി'ലെ ക്ഷേത്രവും അതിന് പുറത്തു നിൽക്കേണ്ടി വരുന്ന ജനതയും.

ജാതിയുടെ പേരിൽ സ്വന്തം നാട്ടുകാർ തന്നെ അടിച്ചമർത്തുന്ന ഒരു ജനത സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പോരാടുന്നതിലെ അർത്ഥശൂന്യത ചൂണ്ടി കാണിച്ചു കൊണ്ടാണ് ധനുഷിന്റെ ഈസ ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുന്നത്. പക്ഷേ ഈസയിൽ നിന്ന് മില്ലർ ആകുമ്പോൾ മാറുന്നത് പേരും വസ്ത്രവും മാത്രമാണ് വ്യവസ്ഥിതികളെല്ലാം സമാനമാണ് എന്ന് അയാൾക്ക് ബോധ്യപ്പെടുന്നു.

അരുൺ മാതേശ്വരന്റെ മുൻപത്തെ രണ്ടു സിനിമകളിലെയും പോലെ പല അദ്ധ്യായങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഓരോ അദ്ധ്യായങ്ങൾ കഴിയുമ്പോഴും സിനിമ മുറുകുന്നു.


സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പറ്റാത്ത വിധമുള്ള മേയ്ക്കിങ്. അവസാനത്തെ അരമണിക്കൂറോളം നീണ്ടു നിൽക്കുന്ന വാർ -ആക്ഷൻ സീനുകളൊക്കെ ക്ലൈമാക്സിന്റെ പവർ ഇരട്ടിപ്പിച്ചു.

സിദ്ധാർത്ഥ നുനിയുടെ മികച്ച ഛായാഗ്രഹണം. ചേസിംഗ് സീനുകൾ, വെടിവപ്പ് സീനുകൾ, സ്ഫോടനങ്ങൾ എല്ലാം സ്‌ക്രീൻ കാഴ്ചകളിൽ ഗംഭീരമായിരുന്നു.

കൂട്ടത്തിൽ എടുത്തു പറയേണ്ടത് ജി.വി പ്രകാശ് കുമാറിന്റെ സംഗീതം തന്നെ. ഈ സിനിമയെ വേറെ ലെവലിൽ എത്തിക്കുന്നതിൽ ആ സംഗീതം പ്രധാന പങ്കു വഹിക്കുന്നു. ധനുഷിന്റെ ഇൻട്രോ സീനിലൂടെ തന്നെ സിനിമയുടെ പക്കാ മൂഡിലേക്ക് നമ്മളെ കൊണ്ട് പോകുന്നത് അയാളുടെ പകരം വെക്കാനില്ലാത്ത സംഗീതമാണ്.

ധനുഷ്..ഒന്നും പറയാനില്ല ആദ്യം തൊട്ട് അവസാനം വരെ സ്‌ക്രീൻ പ്രസൻസ് കൊണ്ടും പ്രകടനം കൊണ്ടുമൊക്കെ ക്യാപ്റ്റൻ മില്ലറായി ആടി തിമിർത്തു.

ശിവരാജ് കുമാറിന്റെ സെങ്കണ്ണനും സിനിമയിൽ മികച്ചു നിന്നു. ധനുഷ് -ശിവരാജ്കുമാർ സ്‌ക്രീനിൽ കാണാൻ തന്നെ നല്ല രസമുണ്ട്.

സുന്ദീപ് കിഷൻ, പ്രിയങ്ക അരുൾ മോഹൻ, നിവേദിത സതീഷ് , ഇളങ്കോ കുമാരവേൽ, വിജി ചന്ദ്രശേഖർ, ജയപ്രകാശ്, ജോൺ കൊക്കൻ, അശ്വിൻ കുമാർ അടക്കം ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ വന്നു പോയവരൊക്കെ അവരവരുടെ റോൾ ഗംഭീരമാക്കി.

എല്ലാം കൊണ്ടും ഗംഭീര തിയേറ്റർ എക്സ്പീരിയൻസ്.

©bhadran praveen sekhar

No comments:

Post a Comment