റോഷൻ ആണ്ട്രൂസിനെ കുറിച്ചും ബോബി സഞ്ജയന്മാരെ കുറിച്ചും ഒരു മുഖവുര നൽകേണ്ട കാര്യമില്ല. ചുരുങ്ങിയ കാലയളവിൽ സാമൂഹിക പ്രസക്തമായതും അല്ലാത്തതുമായ ഒരുപാട് വിഷയങ്ങൾ സിനിമയെന്ന മാധ്യമത്തിലൂടെ സമൂഹത്തിലേക്ക് പങ്കു വച്ചവരാണ് മൂന്നു പേരും. ഇവരുടെ മുൻകാല സിനിമകളെ വച്ച് നോക്കുമ്പോൾ ഹൌ ഓൾഡ് ആർ യു വിന്റെ ആദ്യ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ സ്ത്രീ കേന്ദ്രീകൃതമായൊരു കഥ തിരഞ്ഞെടുത്തു എന്നതാണ്. ഈ അടുത്ത കാലങ്ങളിലായി ഇന്ത്യൻ സിനിമാ വിപണിയിൽ സ്ത്രീ കേന്ദ്രീകൃത കഥകൾക്ക് പ്രിയം കൂടുന്നുണ്ട് എന്നതൊരു ശ്രദ്ധേയമായ ഒരു വസ്തുത കൂടിയാണ്. സമീപ കാല ബോളിവുഡ് ബോക്സോഫീസ് വിജയങ്ങളായ English Vinglish, Lunch Box, Queen തുടങ്ങീ സിനിമകളിലെല്ലാം തന്നെ കേന്ദ്ര കഥാപാത്രങ്ങൾ യാഥാസ്ഥിതിക സ്ത്രീ സമൂഹത്തിന്റെ പ്രതിനിധികളാണ് എന്നിരിക്കെ, സമാന സ്ത്രീ പ്രതിരൂപത്തെ മറ്റൊരു കഥാ പശ്ചാത്തലത്തിൽ, വേറിട്ട രീതിയിൽ എങ്ങിനെ അവതരിപ്പിക്കാൻ സാധിക്കും എന്നതായിരിക്കാം തിരക്കഥാ രചനാ സമയത്ത് ബോബി സഞ്ജയന്മാർ നേരിട്ട പ്രധാന വെല്ലു വിളി. അതോടൊപ്പം ഒരു 'ശ്യാമളാ' പ്രതിബിംബം നിരുപമയിൽ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻ കരുതലുകളും അവർക്ക് സ്വീകരിച്ചേ മതിയാകുമായിരുന്നുള്ളൂ.
സ്ത്രീ ശാക്തീകരണ സിനിമകൾ എന്ന ലേബലിൽ കാണാനാകില്ലെങ്കിലും സ്ത്രീകൾ വ്യക്തിത്വ ബോധം ഉള്ളവരും തങ്ങളുടെ ഇച്ഛാ ശക്തിയെ തിരിച്ചറിഞ്ഞു കൊണ്ട് ജീവിക്കുന്നവരുമാകണം എന്നതടക്കമുള്ള മൃദു ആഹ്വാനങ്ങൾ വിഭാവനം ചെയ്യുന്നതായിരുന്നു മേൽപ്പറഞ്ഞ സിനിമകളെല്ലാം തന്നെ. എന്നാൽ വ്യക്തിനിഷ്ഠമായ ജീവിത ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് അപ്പുറമായി മേൽപ്പറഞ്ഞ സിനിമകളിലൊന്നും തന്നെ സ്ത്രീ കഥാപാത്രങ്ങൾക്ക് കാര്യമായി യാതൊന്നും നേടാനോ, പങ്കു വക്കാനോ, തുടങ്ങാനോ ,തുടരാനോ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അടുക്കളയുടെ നാല് ചുമരുകൾക്കുള്ളിൽ അല്ലെങ്കിൽ യാഥാസ്ഥിതിക കുടുംബത്തിന്റെ/ ഭർത്താവിന്റെ സംരക്ഷണത്തിൽ മാത്രം ഒതുങ്ങി കൂടേണ്ടി വരുന്ന സ്ത്രീ സമൂഹത്തിന്റെ മനം മടുപ്പുകൾക്ക് ഒരു ദീർഘ നിശ്വാസത്തിലൂടെ ആശ്വാസം പകരാൻ നിയോഗിക്കപ്പെട്ട സിനിമകളായി മാത്രം അവയിൽ പലതും ചുരുങ്ങി.
ബോക്സോഫീസ് വിജയങ്ങളായ സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ ഈ സ്ഥിരം ഫോർമാറ്റിൽ ഒരു നേരിയ വ്യത്യാസം രൂപപ്പെടുത്തുന്നതിലാണ് ബോബി സഞ്ജയന്മാർ വിജയിച്ചതെന്ന് പറയാം. കാരണം ഇവിടെ നിരുപമയുടെ വ്യക്തി ജീവിതം തീർത്തും വ്യക്തിനിഷ്ഠമായി അവതരിപ്പിക്കാനല്ല തിരക്കഥാകൃത്തുക്കൾ ശ്രമിക്കുന്നത് മറിച്ച് നിരുപമ എന്ന സ്ത്രീ വ്യക്തിത്വത്തെ സമൂഹവുമായി ബന്ധിപ്പിക്കാനാണ്. അതിന് ഏറ്റവും ലളിതമായ ഒരു ഉപാധിയായി അവർ കണ്ടെടുക്കുന്നതോ സ്ത്രീകളുടെ കുത്തക മേഖലയെന്ന് മുദ്രകുത്തപ്പെട്ട അടുക്കളയിൽ നിത്യേന അവൾ എടുത്തു പെരുമാറുന്ന പച്ചക്കറിയും അനുബന്ധ വിഷയങ്ങളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും. (സ്ത്രീയുടെ വിപ്ലവ ശബ്ദം ആരംഭിക്കുന്നത് അടുക്കളയിൽ നിന്ന് തന്നെ എന്ന ക്ലീഷേക്ക് മാറ്റം വരുത്താനാകില്ല ല്ലോ .)
തിരക്കഥയിൽ ഇടയ്ക്കു കയറി വരുന്ന യാദൃശ്ചികതകളുടെയും നാടകീയതകളുടെയും കുത്തൊഴുക്കിനെ നിയന്ത്രിക്കുന്നതിൽ റോഷൻ ആണ്ട്രൂസിന്റെ സംവിധാന മികവ് സിനിമയെ വേണ്ടുവോളം സഹായിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ സിനിമയിൽ നിരുപമയുടെ മുന്നോട്ടുള്ള യാത്രകളെ ഭംഗിയായി തന്നെ വിലയിരുത്താം. സംവിധായകനോട് ഒരൽപ്പമെങ്കിലും നെറ്റി ചുളിച്ച് ചോദിക്കേണ്ടതായുള്ള ഒരേ ഒരു ചോദ്യം ഇതാണ്- നിരുപമ എന്ന കഥാപാത്രത്തിന് ശക്തി പകരാൻ ഒരു മാരത്തോണ് ഓട്ടത്തിൽ പങ്കെടുപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? ഇനി ഉണ്ടായിരുന്നെങ്കിൽ തന്നെ വീട്ടമ്മയായ നിരുപമക്ക് മുട്ടറ്റം നീളമുള്ള മുടിയും മാരത്തോണിൽ ഓടുന്ന നിരുപമക്ക് നീളക്കുറവുള്ള മുടിയും മതി എന്ന തീരുമാനം പുന പരിശോധിക്കേണ്ടതായിരുന്നില്ലേ? വേഷ വിധാനത്തിലുണ്ടായ ഈ ചെറിയ മാറ്റം പോലും നിരുപമ എന്ന മുഴുനീള കഥാപാത്രത്തിന്റെ അസ്തിത്വത്തെ വരെ ബാധിക്കുന്നതല്ലേ?
മഞ്ജു വാര്യരുടെ പഴയ കാല അഭിനയ വിസ്മയമൊന്നും നിരുപമയിൽ കാണാൻ സാധിക്കില്ലെങ്കിലും ദീർഘ കാലമായി മഞ്ജു വാര്യർ ഇല്ലാത്ത സിനിമകളെ കണ്ടു പരിചയിക്കേണ്ടി വന്ന പ്രേക്ഷകവൃന്ദത്തിന് നിരുപമ ഒരു വലിയ ആശ്വാസം നൽകുക തന്നെ ചെയ്യും. കുഞ്ചാക്കോ ബോബൻ, കുഞ്ചൻ, കനിഹ, ലാലു അലക്സ്, വിനയ് ഫോർട്ട് തുടങ്ങീ ഒട്ടനവധി താരങ്ങൾ സിനിമയിൽ അവരുടേതായ വേഷങ്ങൾ ഭംഗിയാക്കി. രണ്ടു മൂന്നു സീനുകളിൽ മാത്രം വന്നു പോയ കലാ രഞ്ജിനിയുടെ അമ്മ വേഷം ഏറെ ചിരി പടർത്തിയപ്പോൾ മാധവിയമ്മയായി വന്ന സേതുലക്ഷ്മി ആദ്യം ചിരിപ്പിക്കുകയും പിന്നീടൊരു ഘട്ടത്തിൽ ജീവിതത്തിലെ ഒറ്റപ്പെടലിന്റെ വേദന വെളിപ്പെടുത്തി കൊണ്ട് പ്രേക്ഷകരുടെ കണ്ണ് നനയിക്കുകയും ചെയ്യുന്നു. ഗോപീ സുന്ദറിന്റെ സംഗീതമാണോ റഫീഖ് അഹമ്മദിന്റെ വരികളാണോ ശ്രേയാ ഘോഷലിന്റെ ആലാപനമാണോ "വിജനതയിൽ .. എന്ന ഗാനത്തെ മനോഹരമാക്കിയത് എന്ന് പറയ വയ്യ.
മഞ്ജു വാര്യരുടെ പഴയ കാല അഭിനയ വിസ്മയമൊന്നും നിരുപമയിൽ കാണാൻ സാധിക്കില്ലെങ്കിലും ദീർഘ കാലമായി മഞ്ജു വാര്യർ ഇല്ലാത്ത സിനിമകളെ കണ്ടു പരിചയിക്കേണ്ടി വന്ന പ്രേക്ഷകവൃന്ദത്തിന് നിരുപമ ഒരു വലിയ ആശ്വാസം നൽകുക തന്നെ ചെയ്യും. കുഞ്ചാക്കോ ബോബൻ, കുഞ്ചൻ, കനിഹ, ലാലു അലക്സ്, വിനയ് ഫോർട്ട് തുടങ്ങീ ഒട്ടനവധി താരങ്ങൾ സിനിമയിൽ അവരുടേതായ വേഷങ്ങൾ ഭംഗിയാക്കി. രണ്ടു മൂന്നു സീനുകളിൽ മാത്രം വന്നു പോയ കലാ രഞ്ജിനിയുടെ അമ്മ വേഷം ഏറെ ചിരി പടർത്തിയപ്പോൾ മാധവിയമ്മയായി വന്ന സേതുലക്ഷ്മി ആദ്യം ചിരിപ്പിക്കുകയും പിന്നീടൊരു ഘട്ടത്തിൽ ജീവിതത്തിലെ ഒറ്റപ്പെടലിന്റെ വേദന വെളിപ്പെടുത്തി കൊണ്ട് പ്രേക്ഷകരുടെ കണ്ണ് നനയിക്കുകയും ചെയ്യുന്നു. ഗോപീ സുന്ദറിന്റെ സംഗീതമാണോ റഫീഖ് അഹമ്മദിന്റെ വരികളാണോ ശ്രേയാ ഘോഷലിന്റെ ആലാപനമാണോ "വിജനതയിൽ .. എന്ന ഗാനത്തെ മനോഹരമാക്കിയത് എന്ന് പറയ വയ്യ.
സിനിമക്ക് സമൂഹവുമായി തീർത്താൽ തീരാത്ത ബന്ധമുണ്ട്. സമൂഹത്തോടുള്ള കടമകൾ പാടെ തിരസ്ക്കരിക്കുന്ന രീതി സിനിമക്ക് അഭിലഷണീയമല്ല എന്നത് കൊണ്ട് തന്നെ വെറുമൊരു വിനോദത്തിനെന്ന രീതിയിൽ "ഹൌ ഓൾഡ് ആർ യു" കണ്ടിരിക്കാൻ സാധ്യമല്ല. സിനിമ പങ്കു വയ്ക്കുന്ന വിഷയം അല്ലെങ്കിൽ തുടങ്ങി വക്കുന്ന ചർച്ച അത്ര മേൽ സാമൂഹിക പ്രസക്തവും പ്രചോദനാത്മകവുമാണ്. നമ്മൾ നമ്മളോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു പ്രായം അത്ര വലിയ തടസ്സമാണോ ഒരു ചെറിയ കാര്യം ചെയ്യാൻ?
ആകെ മൊത്തം ടോട്ടൽ = ഈ അടുത്ത കാല മലയാള സിനിമകളിൽ ആർക്കെങ്കിലും എന്തെങ്കിലും ഒരു പ്രചോദനം നൽകി എന്ന് കരുതേണ്ട സിനിമ. അല്ലറ ചില്ലറ നാടകീയ രംഗങ്ങളും യാദൃശ്ചികതകളുടെ കടന്നു കയറ്റവും ഒഴിച്ച് നിർത്തിയാൽ കണ്ടിരിക്കാവുന്ന നല്ലൊരു സാമൂഹിക കുടുംബ സിനിമ.
*വിധി മാർക്ക് = 6.5/10
-pravin-