2011-ൽ റിലീസായ തന്റെ ആദ്യ സിനിമ "Chillar Party" യിൽ വെറുമൊരു കുട്ടിപ്പട്ടാളത്തെ കൊണ്ടാണ് വികാസ് ബൽ പ്രേക്ഷക സമൂഹത്തെ ഒന്നടങ്കം കൈയ്യിലെടുത്തത് എങ്കിൽ മൂന്നു വർഷങ്ങൾക്ക് ഇപ്പുറം അത് വീണ്ടും സാധ്യമാക്കിയത് വെറുമൊരു നായികയെ കൊണ്ടാണ്. വികാസിന്റെ തന്നെ സിനിമയുടെ ഭാഷയിൽ പറയുകയാണെങ്കിൽ "റാണി". അവളാണ് പ്രേക്ഷകരെ കയ്യിലെടുക്കുന്ന ആ നായിക.
സിനിമ തുടങ്ങുന്നത് റാണിയുടെ (കങ്കണ രണാവത്) കല്യാണത്തിന്റെ രണ്ടു ദിവസം മുന്നേയുള്ള ഒരു സന്തോഷ മുഹൂർത്തത്തിൽ നിന്നാണ്. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചു വളർന്നതിന്റെ അടക്കവും ഒതുക്കവും നാണവും ഭയവുമെല്ലാം അവളിൽ സദാ പ്രകടമാണ്. അഞ്ചു വർഷത്തെ പ്രണയ സാക്ഷാത്ക്കാരം കൂടിയാണ് ഈ വിവാഹം എന്നതിനാൽ അതീവ സന്തോഷവതിയായാണ് അന്നേ ദിവസം അവൾ കാണപ്പെടുന്നത്. അതേ സമയം വിവാഹ ദിവസത്തോട് അടുക്കുന്ന നേരത്ത് ഏതൊരു പെണ്ണിനേയും പോലെ അവളും വിവിധ തരം മാനസിക സംഘർഷങ്ങളിലൂടെ സഞ്ചരിക്കുന്നു. വിവാഹത്തിന് രണ്ടു ദിവസം ബാക്കി നിൽക്കെ റാണിയെ വിവാഹം കഴിക്കാനാകില്ല എന്ന് പ്രതിശ്രുത വരനും മുൻ കാമുകനുമായ നായകൻ വിജയ് (രാജ് കുമാർ റാവു) വെളിപ്പെടുത്തുന്ന സമയത്ത് അവളും കുടുംബവും മാനസികമായി തകർന്നടിയുന്നുണ്ടെങ്കിലും ദീർഘ നേരത്തെ ദുഃഖ-മൌനങ്ങൾക്ക് ശേഷം അവളൊരു തീരുമാനമെടുക്കുന്നു. വിവാഹത്തിനും എത്രയോ മുൻപ് തീരുമാനിച്ചു ഉറപ്പിച്ചു വച്ചിരുന്ന പാരീസിലേക്കുള്ള മധുവിധ യാത്ര യാഥാർത്ഥ്യമാക്കണം. പാരീസ് യാത്ര അവളുടെ എന്നത്തേയും സ്വപ്നമാണ് എന്നിരിക്കെ, അതൊരു പക്ഷേ അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥക്ക് ഒരു ആശ്വാസവുമായേക്കാം എന്ന ചിന്തയിൽ റാണിയുടെ കുടുംബം അവളുടെ പാരീസ് യാത്രക്ക് പൂർണ്ണ സമ്മതവും നൽകുന്നു. അനിയനെ കൂടാതെ ഒറ്റക്കെവിടെയും ഇന്ന് വരെ പോയിട്ടില്ലാത്ത റാണി പാരീസിലേക്ക് ഒറ്റക്ക് മധുവിധു യാത്ര ചെയ്യാനൊരുങ്ങുന്നിടത്തു നിന്നാണ് സിനിമ അതിന്റെ പാളത്തിലൂടെ മുന്നോട്ട് നീങ്ങുന്നത്. പാരീസിലെ പ്രതികൂല സാഹചര്യങ്ങൾ, വെല്ലു വിളികൾ, പുതിയ അനുഭവങ്ങൾ, സുഹൃത്തുക്കൾ എന്നിവ അവളുടെ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു അല്ലെങ്കിൽ എന്ത് മാറ്റം വരുത്തുന്നു എന്നതാണ് സിനിമയുടെ ശിഷ്ട ഭാഗം പ്രേക്ഷകന് സമ്മാനിക്കുന്ന ദൃശ്യ വിരുന്ന്.
2012 ൽ റിലീസ് ചെയ്ത ഗൌരി ഷിണ്ടെയുടെ ശ്രീ ദേവി സിനിമ "English Vinglish" ഉം വികാസ് ബാലിന്റെ "Queen" ഉം തമ്മിൽ നേർത്ത സമാനതകൾ ഒരു പക്ഷേ നിരീക്ഷിക്കപ്പെട്ടേക്കാം . "English Vinglish" ലെ നായിക ശശി ഇംഗ്ലീഷ് അറിയാത്ത ഒരു സാധാരണ വീട്ടമ്മയും 'Queen' ലെ നായിക റാണി വിദ്യാ സമ്പന്നയുമാ ണ്. രണ്ടു പേർക്കും നേരിടേണ്ടി വരുന്ന വെല്ലു വിളികളും സാഹചര്യങ്ങളും രണ്ടാണ് എന്നിരിക്കെ ഒരു താരതമ്യ പഠനത്തിന്റെ സാധ്യതകൾ ഒരു പരിധി വരെ തള്ളിക്കളയാവുന്നതുമാണ്. എന്നിരുന്നാലും ഈ രണ്ടു സിനിമകളും പ്രതിനിദാനം ചെയ്യുന്ന കഥാപാത്രങ്ങൾ യാഥാസ്ഥിതിക സ്ത്രീ സമൂഹത്തിൽ നിന്നാണ് എന്ന കാര്യം നിരീക്ഷണ വിധേയമാണ്. രണ്ടു കഥാപാത്രങ്ങൾക്കും അവരവരുടെ ഇച്ഛാശക്തിയെ തിരിച്ചറിയുന്നതിനും വ്യക്തിബോധം ആർജ്ജിക്കുന്നതിനും നിമിത്തമാകുന്നത് ഒരു വിദേശ യാത്രയും അനുബന്ധ സംഭവ വികാസങ്ങളുമാണ് എന്നത് മറ്റൊരു കേവല സമാനത മാത്രം. എങ്ങിനെയൊക്കെ നിരീക്ഷിച്ചാലും യാഥാർത്ഥ്യ ബോധത്തോട് ഏറെ ചായ്‌വ് കാണിച്ച കഥാപാത്രം ശ്രീ ദേവിയുടെ ശശി തന്നെയാണെന്ന് സമ്മതിക്കേണ്ടി വരും. അതേ സമയം അഭ്രപാളിയിൽ ഭാവ പ്രകടന വിസ്മയം കാഴ്ച വക്കാൻ ശശിയേക്കാൾ കൂടുതൽ അവസരം കിട്ടിയത് കങ്കണയുടെ റാണിക്കാണ് താനും. വികാസ് ബാലിന്റെ തിരക്കഥയിൽ റാണി എന്ന നായികക്ക് അനുവദിച്ചു നൽകിയിട്ടുള്ള രംഗങ്ങളുടെ കടുപ്പവും വിസ്തൃതിയും തന്നെയാണ് അതിനു കാരണവും. തനിക്ക് അനുവദിച്ചു തന്നിട്ടുള്ള വിശാലമായ സ്പേസിൽ നിന്ന് കൊണ്ട് കഥാപാത്രത്തെ ഉജ്ജ്വലമാക്കുന്നതിൽ കങ്കണ രണാവത്ത് വിജയിക്കുകയും ചെയ്തിരിക്കുന്നു.
ക്ലീഷേ നായികാ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുകയാണ് Queen സിനിമയിലെ റാണി എന്ന കഥാപാത്രം. നായകന് പിന്നാലെ റൊമാന്റിക് നടനമാടാനോ പതിവ് ഉപഗ്രഹമായി നായകന് ചുറ്റും കറങ്ങാനോ നായികയെ ഉപയോഗപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല നായികക്ക് സിനിമയുടെ മുഴുവൻ സാധ്യതകളും തുറന്നു കൊടുക്കുകയുമാണ് സംവിധായകൻ ചെയ്യുന്നത്. അക്കാരണത്താൽ തന്നെ സിനിമയിലെ തന്റെ സഞ്ചാര വീഥിയിൽ നായികക്ക് പരിചയപ്പെടേണ്ടി വരുന്നത് നായകനെയോ സഹ നടനെയോ നടിമാരെയോ അല്ല, മറിച്ച് സിനിമ അനുശാസിക്കുന്ന വിവിധ സാഹചര്യങ്ങളിലെ ജീവസ്സുറ്റ കഥാപാത്രങ്ങളെ മാത്രം. ഒരു സ്ത്രീ ശാക്തീകരണ ഉദ്ദേശ്യത്തോടെയുള്ള സിനിമയല്ല Queen എങ്കിൽ കൂടി യാഥാസ്ഥിതികതയിൽ അടിഞ്ഞു കൂടി ജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെ ചിന്താസരണിയിൽ ഈ സിനിമ ഒരൽപ്പമെങ്കിലും ഊർജ്ജം പകർന്നു കൊടുക്കാതിരിക്കില്ല. എന്നാൽ സ്ത്രീ കേന്ദ്രീകൃതമായൊരു കഥ പറയുമ്പോൾ അതിലൊരു ഫെമിനിസത്തെ ഒളിച്ചു കടത്താൻ സാധ്യത ആരായുന്ന നിരൂപകർക്കും പ്രേക്ഷകർക്കും ഈ സിനിമ നിരാശ സമ്മാനിച്ചേക്കാം.
കങ്കണ രണാവത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ല് തന്നെയാണ് റാണി എന്ന കഥാപാത്രം. കങ്കണ തന്നെയോ ഇങ്ങിനെ അഭിനയിച്ചു തകർക്കുന്നത് എന്നതൊരു വേളയിൽ ചിന്തിച്ചു പോകും വിധമുള്ള ഒരു പിടിയിലധികം രംഗ നടന വിസ്മയങ്ങൾ Queen പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. ഭാഷാധീതമായ ഒരു ആഗോള സിനിമയായി പോലും Queen ഒരു പക്ഷേ പരിഗണിക്കപ്പെട്ടേക്കാം. അത്രക്കധികം അന്യഭാഷാ നടീ നടന്മാരെ കഥാപാത്രങ്ങളാക്കി കൊണ്ടാണ് Queen സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും മറ്റു ഇന്ത്യൻ സിനിമകളിൽ നിന്ന് വ്യത്യസ്തമാകുന്നത്. അക്കാരണത്താൽ തന്നെ ഏതൊരു ഭാഷാ പ്രേക്ഷകനും ഈ സിനിമ തുല്യ ആസ്വാദനം ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
ആകെ മൊത്തം ടോട്ടൽ = മുൻവിധികളില്ലാതെ കാണാൻ തയ്യാറായാൽ പൂർണ്ണ ആസ്വാദനം ലഭിക്കുന്ന ഒരു സൂപ്പർ സിനിമ.
* വിധി മാർക്ക് = 9/10
-pravin-
ഒരു കൊങ്കണ സിനിമ .......10/10
ReplyDeleteഹ ഹ ...അത് കറക്റ്റ്
Deleteകണ്ടിരുന്നു.
ReplyDeleteഇഷ്ടമായി.
ഇഷ്ടമായി എന്നൊരു വാക്ക് പോരാ ഈ സിനിമ ഇഷ്ടമായി എന്ന് പറയാൻ ..വാചക പിശുക്കൻ !!
Deleteഇഷ്ടം.....ആശംസകൾ
ReplyDeleteനന്ദി ചന്തുവേട്ടാ ..
Deleteവായനയിൽ നിന്നും കിട്ടിയത് നല്ലൊരു ഫിമേൽ ഓറിയന്റഡ് സ്റ്റോറി ആണ്,
ReplyDeleteകാണാൻ ശ്രമിക്കും...............
ഷാജ്വൊ ...ഇയ്യീ കാണും കാണും ന്നു പറയുന്ന സിനിമയൊക്കെ കാണുണ്ടോ ശെരിക്കും .. ഏയ് ..എനിക്കൊരു സംശയം ..
Deleteക്ലീഷേ നായികാ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുകയാണ് Queen സിനിമയിലെ റാണി എന്ന കഥാപാത്രം. നായകന് പിന്നാലെ റൊമാന്റിക് നടനമാടാനോ പതിവ് ഉപഗ്രഹമായി നായകന് ചുറ്റും കറങ്ങാനോ നായികയെ ഉപയോഗപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല നായികക്ക് സിനിമയുടെ മുഴുവൻ സാധ്യതകളും തുറന്നു കൊടുക്കുകയുമാണ് സംവിധായകൻ ചെയ്യുന്നത്.
ReplyDeleteഎന്തായാലും റാണിയെ ഒന്ന് കാണണം...
കണ്ടേച്ചും വാ മുരള്യേട്ടാ ..
Deleteനേരത്തെ കണ്ടിരുന്നു ..ഒരുപാടു ഇഷ്ടപ്പെട്ട ഒരു സിനിമ .
ReplyDeleteതാങ്ക്യു ..
Deleteകുറെനാളിനു ശേഷം ഒത്തിരി ഇഷ്ടമായ സിനിമ! യഥാസ്ഥിതികം ആയ ചുറ്റുപാടില്‍ നിന്നും ഇങ്ങനെയൊക്കെ ആകാന്‍ പറ്റും എന്ന് സിനിമയെങ്കിലും കാണിക്കുമ്പോള്‍ സന്തോഷം ആണ്.. literally 10 /10 ഞാനും കൊടുക്കും :)
ReplyDeleteപത്തിൽ പത്തോ ? എന്റമ്മോ ..അപ്പൊ ഈ സിനിമ ഇക്ഷ അങ്ങട് പിടിച്ചിരിക്കുന്നു എന്ന് സാരം ...
Deleteഎനിക്കും കാണണം അന്നു , കാണാനൊത്തില്ല, പൊതുവെ അവരുടെ അഭിനയം എനികിഷ്ടമാണ്,
ReplyDeleteകങ്കണയുടെ മികച്ച അഭിനയം ഈ സിനിമയിൽ തന്നെ. നോ സംശയം
Delete