Wednesday, October 15, 2014

സപ്തമ. ശ്രീ തസ്കരാ : - നമുക്ക് ചുറ്റും ഉള്ളതും ഇല്ലാത്തതുമായ ചില കള്ളന്മാർ

കായകുളം കൊച്ചുണ്ണി, ആലിബാബയും നാൽപ്പത്തിയൊന്നു കള്ളന്മാരും, അരക്കള്ളൻ മുക്കാക്കള്ളൻ, ആലിബാബയും ആറരക്കള്ളന്മാരും,  കിണ്ണം കട്ട കള്ളൻ, ചെപ്പടി വിദ്യ, മീശ മാധവൻ, താപ്പാന തുടങ്ങി നിരവധിയനവധി  സിനിമകളിലൂടെ കള്ളന്മാരുടെ കഥകൾ പലതും നമ്മൾ കണ്ടിട്ടുണ്ട്. ഈ വർഷം റിലീസായ ബി ഉണ്ണി കൃഷ്ണന്റെ "മിസ്റ്റർ ഫ്രോഡ്", ലാൽ ജോസിന്റെ വിക്രമാദിത്യൻ തുടങ്ങിയ സിനിമകളിലും  ചില കള്ളന്മാരെ നമ്മൾ കണ്ടു കഴിഞ്ഞു. ഇനി ഇതിൽപ്പരം കള്ളന്മാരെ കുറിച്ച് പുതിയതെന്ത് പറയാൻ എന്ന് വിചാരിച്ചിരിക്കുന്ന സമയത്താണ് വീണ്ടും ഒരു കളളൻ സിനിമ കടന്നു വരുന്നത്. ഇത്തവണ ഒരു കള്ളനു പകരം ഏഴു കള്ളന്മാരുടെ കഥയാണ് പറയാനുള്ളത്. ഈ സിനിമയുടെ വ്യത്യസ്തത എന്താണെന്ന് ചോദിക്കുന്നവർക്ക് ആദ്യത്തെ മറുപടിയെന്നോണമാണ് അനിൽ രാധാകൃഷ്ണ മേനോൻ തന്റെ സിനിമക്ക് "സപ്തമ. ശ്രീ തസ്കരാ  :" എന്ന് പേരിട്ടതെന്നു തോന്നുന്നു. 

ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട അനിലിന്റെ ആദ്യ സിനിമയായ 24 നോർത്ത് കാതം പുതുമയേറിയതും  വലിയ മോശം പറയാനില്ലാത്തതുമായ  ഒരു റോഡ്‌ മൂവിയായിരുന്നു.  അത് കൊണ്ട് തന്നെ ഏഴു കള്ളന്മാരുടെ കഥ പറയാനെത്തുന്ന  അനിൽ രാധാകൃഷ്ണ മേനോൻന്റെ പുതിയ സിനിമയിൽ പ്രേക്ഷകർ  ഏറെ പ്രതീക്ഷയർപ്പിച്ചാൽ കുറ്റം പറയാനില്ല.  തിരക്കഥ എന്ന രഞ്ജിത്ത് സിനിമയിൽ പ്രിഥ്വി രാജ് അവതരിപ്പിക്കുന്ന അക്ബർ അഹമ്മദ് എന്ന സംവിധായക കഥാപാത്രം പങ്കു വക്കുന്ന പ്രസക്തമായ  ഒരു നിരീക്ഷണം ഉണ്ട്. ഏതൊരു സംവിധായകന്റെയും ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി തന്റെ ആദ്യ സിനിമ അല്ല മറിച്ച് ആ സിനിമ ഉണ്ടാക്കിയ വിജയമാണ്. അത് കൊണ്ട് തന്നെ ഒരു സംവിധായകന്റെ ഏറ്റവും വലിയ ദൗത്യം രണ്ടാമത്തെ തന്റെ സിനിമ വിജയിപ്പിച്ചെടുക്കുക എന്നത് തന്നെയാണ്. ഇവിടെ അനിൽ രാധാകൃഷ്ണ മേനോനും ആ വെല്ലു വിളി നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമ വിജയിപ്പിച്ചെടുക്കുന്നതിൽ അനിൽ വിജയിച്ചു എന്ന് പറയാമെങ്കിലും ഒരു മികച്ച സിനിമയെന്ന നിലയിലുള്ള പൂർണ്ണത കൈവരിക്കാൻ സപ്തമ ശ്രീ തസ്ക്കരക്കാക്ക് സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. 

പ്രേക്ഷകനെ രസിപ്പിക്കുന്ന നർമ്മ മുഹൂർത്തങ്ങൾ സിനിമയിലുടനീളം ഉള്ളത് കൊണ്ട് സിനിമ ഒരു പ്രേക്ഷകനെയും നിരാശപ്പെടുത്തില്ല. അതേ സമയം തിരക്കഥയിലെ യുക്തി രഹിതമായ സന്ദർഭങ്ങളെ ചോദ്യം ചെയ്യാനും നിരീക്ഷിക്കാനും നിന്നാൽ സിനിമയെ അത്ര കണ്ട് പുകഴ്ത്താനും  സാധ്യമല്ല. പ്രേക്ഷകരെ രസിപ്പിക്കുക എന്നത് മാത്രമായിരിക്കാം ഒരു പക്ഷേ സംവിധായകന്റെയും  ലക്ഷ്യം. തൃശ്ശൂർ ഭാഷയാണ്‌ ഈ സിനിമയുടെ ഒരു ആത്മാവ് എന്ന് വേണമെങ്കിൽ പറയാം. കഥയേക്കാളും കഥാപാത്രങ്ങൾ കൈയ്യടി നേടുന്നത് ആ ഒരൊറ്റ കാരണം കൊണ്ടാണ്. മറ്റു സിനിമകളിലെ പോലെ നായക കഥാപാത്രത്തിന് ചുറ്റും നടക്കുന്ന സംഗതികളല്ല  ഈ സിനിമയിൽ കഥയായി വികസിക്കുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും അവരവരുടേതായ പ്രാധാന്യം സിനിമയിൽ പകുത്ത് നൽകപ്പെടുകയാണ് ചെയ്യുന്നത്. 

ചെമ്പൻ വിനോദ് അവതരിപ്പിച്ച മാർട്ടിൻ എന്ന കള്ളൻ വേഷമാണ് പ്രേക്ഷകരെ ഏറ്റവും കൂടുതൽ രസിപ്പിക്കുക എന്ന കാര്യത്തിൽ തർക്കമില്ല. ലിജോ ജോസ് പല്ലിശേരിയുടെ പള്ളീലച്ചൻ വേഷവും രസകരമായിരുന്നു. അസിഫ് അലി, നീരജ് മാധവ്, സുധീർ കരമന തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായപ്പോൾ പ്രിഥ്വി രാജ് എന്ന നടന് തൃശ്ശൂർ ഭാഷ വഴങ്ങാത്ത പ്രതീതി  സിനിമയിൽ പലയിടത്തും കാണപ്പെട്ടു (അതിന്റെ ന്യായീകരണങ്ങൾ ക്ലൈമാക്സ് തരുന്നുണ്ടെങ്കിൽ കൂടി). റെക്സ് വിജയന്റെ സംഗീതവും, സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ശരാശരി നിലവാരത്തിൽ ഒതുങ്ങി നിന്നു. 

ആകെ മൊത്തം ടോട്ടൽ = ലോജിക്കുകളെ കുറിച്ച് ചിന്തിക്കാതെ ചുമ്മാ കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ. ബോറടിപ്പിക്കില്ല എന്ന ഗ്യാരണ്ടി മാത്രം പറയാം. 

* വിധി മാർക്ക്‌ = 6.5/10 

-pravin-

7 comments:

  1. പ്രവാസലോകത്തിന്റെ തിരക്കുകൾക്കിടയിലും മലയാളത്തിലിറങ്ങുന്ന സിനിമകളെ പഠിക്കാൻ ശ്രമിക്കുന്ന കഴിവിനെ അഭിനന്ദിക്കുന്നു.....

    ReplyDelete
  2. തൃശ്ശൂർ ഭാഷയാണ്‌ ഈ സിനിമയുടെ
    ഒരു ആത്മാവ് എന്ന് വേണമെങ്കിൽ പറയാം.
    കഥയേക്കാളും കഥാപാത്രങ്ങൾ കൈയ്യടി നേടുന്നത്
    ആ ഒരൊറ്റ കാരണം കൊണ്ടാണ്. ...കറക്റ്റ് ..100 % ശരി

    ReplyDelete
    Replies
    1. അപ്പൊ സിനിമ കണ്ടൂ ല്ലേ ..അത് മതി

      Delete
  3. കുഴപ്പം ഇല്ലാത്ത പടം ആയിട്ടു തൊന്നി. പക്ഷെ എങ്ങനെ ആണു ഒരാൾക്കു മറ്റൊരാളുടെ പേരിൽ ജയിലിൽ കയറുക എന്നു മാനസിലായില്ല.

    ReplyDelete