'ഡിറ്റക്ടീവ്' തൊട്ടു 'ഊഴം' വരെഎത്തി നിൽക്കുന്ന തന്റെ സിനിമാ ജീവിതത്തിൽ ജിത്തു ജോസഫ് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടത് 'മെമ്മറീസി'ന്റെയും 'ദൃശ്യ'ത്തിന്റെയും പേരിലാണ്. ഡിറ്റക്ടീവ് തൊട്ടേ സസ്പെൻസ്/ ക്രൈം ത്രില്ലർ ശ്രേണിയിലുള്ള സിനിമകൾ ചെയ്യാനുള്ള ജിത്തുവിന്റെ താൽപ്പര്യവും കഴിവും പ്രകടമായിരുന്നുവെങ്കിലും 'മെമ്മറീസാ'ണ് ജിത്തുവിനെ മലയാളം സസ്പെൻസ് ത്രില്ലർ സിനിമകളുടെ പുതിയ തല തൊട്ടപ്പൻ സംവിധായകനാക്കി മാറ്റിയത്. ദൃശ്യത്തിന്റെ കൂടി വിജയത്തോടെ മലയാളി പ്രേക്ഷകർക്ക് മറിച്ചൊന്നു ചിന്തിക്കാതെ തന്നെ അത് അംഗീകരിക്കാനും സാധിച്ചു. ഈ രണ്ടു ത്രില്ലർ സിനിമകളുടെ ഗംഭീര വിജയത്തിനു ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത ' ലൈഫ് ഓഫ് ജോസൂട്ടി' തിയേറ്ററിൽ എത്തിയത് 'ട്വിസ്റ്റില്ല, സസ്പെൻസില്ല, ഒരു ജീവിതം മാത്രം' എന്ന ഒരു ടാഗ് ലൈനോട് കൂടിയായിരുന്നു. ടാഗ് ലൈനിൽ പറഞ്ഞത് സത്യമായിരുന്നെങ്കിലും ലൈഫ് ഓഫ് ജോസൂട്ടിക്ക് ടിക്കറ്റ് എടുത്തവരിൽ പലരും ജോസൂട്ടിയിലും ഒരു സസ്പെൻസ് ത്രില്ലർ പ്രതീക്ഷിച്ചു. മലയാളി പ്രേക്ഷകരുടെ മനസ്സിൽ ജിത്തു ജോസഫ് എന്നാൽ സസ്പെൻസ് ത്രില്ലർ സിനിമകളുടെ മാത്രം സംവിധായകൻ എന്ന നിലയിൽ അവ്വിധം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. ഈ ഒരു ബാധ്യത 'ഊഴം' സിനിമയെയും ബാധിക്കാനുള്ള സാധ്യത കണ്ടു കൊണ്ടാണ് സംവിധായകൻ തന്നെ സിനിമ ഇറങ്ങുന്നതിനു മുൻപേ 'ഊഴ'ത്തെ കുറിച്ചൊരു ഏകദേശ ധാരണ പ്രേക്ഷകരോട് പങ്കു വച്ചത്. പക്ഷേ its just a matter of time എന്ന് നിസ്സാരമായി പറഞ്ഞു തള്ളുന്ന പോലെയായിരുന്നില്ല ട്രെയിലർ പ്രേക്ഷകന് കൊടുത്ത പ്രതീക്ഷ. അത് കൂടിയായപ്പോൾ 'ഊഴം' എന്നത് പ്രതീക്ഷകളോടെ കാണേണ്ട സിനിമ തന്നെയാണ് എന്ന വിധത്തിലേക്ക് കാര്യങ്ങൾ വീണ്ടും മാറി മറഞ്ഞു.
ഇനി സിനിമയിലേക്ക് വരുമ്പോൾ സംഭവിക്കുന്നത് മറ്റൊന്നാണ്. 'മെമ്മറീസി'ന്റെ തുടക്കത്തിലെ പോലെ യൂണിഫോമിട്ട ഒരു കൂട്ടം ആളുകൾ കൈത്തോക്കുകളുമായി നിശബ്ദമായി ഒരു കെട്ടിടം വളയുന്നു. ഒറ്റ വ്യത്യാസം മാത്രം, മെമ്മറീസിൽ തോക്കുമായി കെട്ടിടം വളയുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന പൃഥ്വിരാജ് ഇവിടെ പ്രതി സ്ഥാനത്താണ്. കൈത്തോക്കുമായി തന്നെ പിടിക്കാൻ എത്തുന്ന പത്തോളം യൂണിഫോം ധാരികളിൽ നിന്നുമുള്ള നായകന്റെ ഓട്ടത്തിനും ഒളിച്ചിരുപ്പിനും ഇടയിൽ നിരവധി കട്ടുകൾ ഉണ്ടാക്കി അതിലൂടെയാണ് ഫ്ളാഷ് ബാക്ക് പറയുന്നത്. ഒരേ ലൊക്കേഷനിൽ കിടന്നുള്ള നായകൻറെ ദൈർഘ്യമേറിയ ഓട്ടവും തോക്ക് ധാരികളുടെ ചേസിങ്ങും മാത്രമുള്ള ഒരു സീനിനെ കഥാവാസാനം വരെ വലിച്ചു നീട്ടിക്കൊണ്ട് അതിനിടയിൽ വിരസമായ 'മാച്ച് കട്ടുകൾ' സൃഷ്ടിച്ചത് ഒരു ഘട്ടത്തിൽ മുഷിവുണ്ടാക്കുമ്പോഴും കഥയുടെ പ്രധാന പരിസരം എന്താണെന്നു വ്യക്തമാക്കി കഴിയുമ്പോൾ ത്രില്ലടിക്കാനുള്ളത് സിനിമയിൽ വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷ സംവിധായകൻ നിലനിർത്തുന്നു .
പ്രതികാരം എന്ന തീമിൽ നിന്ന് കൊണ്ട് മാത്രമുള്ള ഒരു കഥ പറച്ചിലിനാണ് ജിത്തു ശ്രമിച്ചിരിക്കുന്നത്. സ്വന്തം അച്ഛന്റെയും അമ്മയുടെയും പെങ്ങളുടെയും കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തി കൊല്ലുക എന്ന ദൗത്യത്തിലേക്ക് നായകൻറെ മനസ്സിനെ പെട്ടെന്ന് പാകപ്പെടുത്തി കാണിച്ചു കൊണ്ടുള്ള അവതരണം സിനിമയിൽ ആവശ്യം വേണ്ടി വന്ന അന്വേഷണകതക്കും സസ്പെന്സിനും ഒട്ടും പ്രസക്തിയില്ലാതാക്കി കളഞ്ഞു എന്ന് പറയേണ്ടി വരും. ആദ്യത്തെ അര മുക്കാൽ മണിക്കൂറിൽ തന്നെ വില്ലനാര് എന്ത് കൊണ്ട് നായകൻ അയാളെ കൊല്ലാൻ ആഗ്രഹിക്കുന്നു എന്നതടക്കുമുള്ള കാര്യകാരണങ്ങൾ വേഗത്തിൽ പറഞ്ഞവസാനിപ്പിക്കുന്നതിനാൽ സിനിമയിൽ ശേഷിക്കുന്ന സമയമത്രയും നായകന് വില്ലന്മാരെ കൊല്ലുന്നതിനു വേണ്ടി മാത്രമായും മാറുന്നു. കഥാപാത്ര സൃഷ്ടിയുടെ കാര്യത്തിലും തന്റെ മുൻകാല സിനിമകളിലെ പോലെയുള്ള സ്വാഭാവികത അനുഭവപ്പെടുത്താൻ 'ഊഴ' ത്തിൽ ജിത്തു ജോസഫിന് പൂർണ്ണമായും സാധിച്ചിട്ടില്ല. സ്വന്തം കുടുംബത്തെ ഇല്ലായ്മ ചെയ്ത വില്ലനോട് നായകന് തോന്നുന്ന പ്രതികാരമാണ് സിനിമയുടെ തീം എന്നിരിക്കെ ഈ ഒരു ചട്ടക്കൂട്ടിലേക്ക് അവശ്യം വേണ്ട വില്ലൻ + വില്ലന്റെ മക്കൾ + മറ്റു സഹായികൾ, പ്രതികാരത്തിന് ഇറങ്ങുന്ന നായകൻ + നായകന്റെ സഹായികൾ, ഇവർക്കിടയിൽ നോക്ക് കുത്തികളായി നിക്കേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥർ etc.. എന്ന വിധത്തിലുള്ള ഒരു സ്ഥിരം ഫോർമുലാ കഥാപാത്ര സൃഷ്ടിക്കാണ് ജിത്തു ജോസഫ് ശ്രമിച്ചിരിക്കുന്നത്.
തമിഴും മലയാളവും ഇടകലർത്തി സംസാരിക്കുന്ന നായകന്റെയും കുടുംബത്തിന്റെയും സംഭാഷണ ശകലങ്ങളിലും പൊരുത്തക്കേടുകൾ കാണാം. ഏറെ അടുപ്പമുള്ള കടുംബ സുഹൃത്ത് പൊടുന്നനെ കൊല്ലപ്പെട്ടു എന്ന് ടെലിവിഷനിലൂടെ അറിയുന്ന നായകൻറെ പെങ്ങളുടെയും അമ്മയുടെയും മുഖത്ത് സ്വാഭാവികമായുണ്ടാകേണ്ട ദുഖമോ ഞെട്ടലോ ഭയമോ ഇല്ല എന്ന് മാത്രമല്ല സ്വന്തം ഭർത്താവ്/അച്ഛൻ സുരക്ഷിതനാണ് എന്നറിയുന്ന നിമിഷം തൊട്ട് ആ ദുരന്ത വാർത്തയോട് അവർ ഏറെ ആശ്വാസപരമായും പ്രതികരിച്ചു തുടങ്ങുന്നു. കഥാപാത്രങ്ങളുടെ വൈകാരികത ആവശ്യപ്പെടുന്ന രംഗങ്ങളിൽ പോലും അതിനൊരു സ്പേസ് കൊടുക്കാൻ തയ്യാറാകാത്ത നിലപാടാണ് ജിത്തു കൈക്കൊണ്ടത്. ഇങ്ങിനെയുള്ള രസക്കേടുകൾ സിനിമയിൽ പലയിടത്തുംആവർത്തിക്കുമ്പോഴും പ്രതികാരം എന്ന തീമിലേക്ക് മാത്രം ഉറ്റുനോക്കി കൊണ്ടുള്ള ഒരു ആസ്വാദനത്തിനായി പ്രേക്ഷകനെ നിർബന്ധിക്കുകയാണ് സംവിധായകൻ. സസ്പെന്സിനോ അന്വേഷണത്തിനോ പ്രാധാന്യമില്ലാതാക്കി കൊണ്ട് നായകൻറെ പ്രതികാരവും വില്ലന്റെ ചെറുത്തു നിൽപ്പും ത്രില്ലിങ്ങായി അനുഭവപ്പെടുത്താനുള്ള ഒരു പരീക്ഷണമായിരുന്നിരിക്കാം ജിത്തുവിന്റെ 'ഊഴം'. അത് ബോധ്യപ്പെടുത്തി കൊണ്ടാണ് പശുപതിയുടെ ക്യാപ്റ്റൻ കഥാപാത്രം സിനിമയിലേക്ക് കടന്നു വരുന്നത്. ആഖ്യാന പദ്ധതിയിലെ മേൽപ്പറഞ്ഞ പരീക്ഷണം ആദ്യപകുതിയിൽ പലയിടത്തും പാളിയെങ്കിലും ജിത്തു ജോസഫ് എന്ന സംവിധായകന്റെ മിടുക്കും കൈയ്യടക്കവും പശുപതിയുടെ കഥാപാത്രത്തോടൊപ്പം സിനിമയിലേക്ക് പിന്നീടങ്ങോട്ട് തിരിച്ച് വരുന്നുണ്ട്.
സിനിമയിൽ അധികമൊന്നും ചർച്ച ചെയ്യുന്നില്ലെങ്കിലും ഗൗരവമായി ചർച്ച ചെയ്യേണ്ട ഒരു പ്രധാന വിഷയമായ മരുന്ന് കമ്പനികളുടെ ചൂഷണങ്ങളുടെയും ചതികളുടെയുമൊക്കെ പശ്ചാത്തലത്തിലാണ് വില്ലനെ പരിചയപ്പെടുത്തുന്നത്. എല്ലാ വിധ രാഷ്ട്രീയ സ്വാധീനങ്ങളും പിടിപാടുകളുമുള്ള ഒരു വില്ലനെ വെട്ടിലാക്കാൻ മാത്രമുള്ള തെളിവുകളോ ആരോപണങ്ങളോ ഒന്നും തന്നെ കൃഷ്ണമൂർത്തിയുടെ (ബാലചന്ദ്രമേനോൻ) കയ്യിലുള്ളതായി സിനിമ വെളിപ്പെടുത്തുന്നില്ല. പകരം, കുറെയേറെ പത്രത്താളുകളിൽ നിന്നും മാഗസിനുകളിൽ നിന്നും കൃഷ്ണമൂർത്തി വെട്ടിയെടുത്ത് കൊണ്ട് നടക്കുന്ന വാർത്താ ശകലങ്ങളെ അതീവ രഹസ്യ സ്വഭാവമുള്ള എന്തോ വലിയ തെളിവുകളായി ഹൈലൈറ്റ് ചെയ്യുകയാണ്. വിൽഫ്രഡ് മാർക്കസ് (ജയപ്രകാശ്) നിസ്സാരക്കാരനല്ല എന്ന് പ്രേക്ഷകന് വ്യക്തമാക്കി കൊടുത്ത ശേഷവും ഈ ഹൈലൈറ്റിങ്ങിനു കുറവ് വരുന്നില്ല എന്ന് മാത്രമല്ല നാലഞ്ചു കഷ്ണം പത്ര കുറിപ്പുകളെ രഹസ്യമായി സൂക്ഷിച്ചു വക്കാൻ പെടാ പാട് പെടുന്ന കൃഷ്ണമൂർത്തിയെയൊക്കെ ദയനീയമാം വിധം അവതരിപ്പിക്കുന്നുമുണ്ട് സംവിധായകൻ . കൃഷ്ണമൂർത്തിയുമായി വിൽഫ്രഡ് മാർക്കസിനുണ്ടാകുന്ന ശത്രുതയുടെ കാരണം പോലും ഒന്ന് രണ്ടു ചെറിയ സീനുകൾ കൊണ്ട് പറഞ്ഞവസാനിപ്പിക്കുന്ന സംവിധായകൻ തൊട്ടടുത്ത സീനുകളിലൂടെ തന്നെ നായകന്റെ കുടുംബത്തിന് സഡൻ ഡെത്ത് വിധിക്കുകയാണ്. കൃഷ്ണമൂർത്തിയെയും കുടുംബത്തെയും ഒന്നടങ്കം കൊല്ലാൻ തക്കതായ ശത്രുത്ര വിൽഫ്രഡ് മാർക്കസിന് ഉണ്ടായത് എങ്ങിനെയാണ്, കൃഷ്ണമൂർത്തിയുടെ അന്വേഷണം എങ്ങിനെ വിൽഫ്രഡ് മാർക്കസിലേക്ക് എത്തി, അയാളുടെ മരുന്ന് കമ്പനി സമൂഹത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണങ്ങൾ എന്തൊക്കെയായിരുന്നു എന്നതിന്റെയൊന്നും രംഗ വിശദീകരണങ്ങൾക്ക് ശ്രമിക്കാതെ നേരത്തെ സൂചിപ്പിച്ച പോലെ നായകന് പ്രതികാരം വീട്ടാനായി മാത്രം ഒരു "ഊഴം" സൃഷ്ടിക്കുക മാത്രമാണ് ജിത്തു ജോസഫ് ചെയ്തിട്ടുള്ളത്.
2007 -2008 കാലങ്ങളിൽ പൃഥ്വിരാജിനെ നായകനാക്കി ജിത്തു ചെയ്യാനുദ്ദേശിച്ച ഒരു പടമായിരുന്നു ഊഴം. അന്ന് ബിപിൻ പ്രഭാകറിന്റെ 'കാക്കി' സിനിമയുടെ തിരക്കിൽ പെട്ട് പോയ പൃഥ്വിരാജിന് ജിത്തുവിന്റെ സിനിമയുമായി സഹകരിക്കാൻ സാധിക്കാതെ പോയി. പ്രതികാര കഥകൾ എല്ലാ കാലത്തും വിറ്റു പോകാൻ എളുപ്പമാണ് എന്ന തിരിച്ചറിവായിരിക്കാം കാലം തെറ്റിയ സമയത്താണെങ്കിലും 'ഊഴം' സിനിമയുമായി മുന്നോട്ട് പോകാൻ ജിത്തുവും പൃഥ്വിയും ഒരു പോലെ തീരുമാനിച്ചതിനു പിന്നിലെ പ്രധാന കാരണം. അതിൽ തെറ്റില്ലായിരുന്നു. പക്ഷേ കാലം തെറ്റി ചെയ്യുന്ന സിനിമകളുടെ സ്ക്രിപ്റ്റിലും അവതരണത്തിലുമടക്കം കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തേണ്ടതില്ല എന്ന നിലപാട് തെറ്റായിരുന്നു എന്ന് ചൂണ്ടി കാണിക്കേണ്ടി വരുന്നുണ്ട് സിനിമ കഴിയുമ്പോൾ. പഴുതടച്ച തിരക്കഥകൾ കൊണ്ടും പിഴവുകൾ അനുഭവപ്പെടാത്ത അവതരണം കൊണ്ടും മികച്ചു നിന്ന ജിത്തുവിന്റെ മുൻകാല സിനിമകളെ കൂടി കണക്കിലെടുക്കുമ്പോൾ ഇത്തരം ചൂണ്ടി കാണിക്കലുകൾ അദ്ദേഹത്തോടുള്ള പ്രേക്ഷകന്റെ ഉത്തരവാദിത്തം കൂടിയാണ്.
ആകെ മൊത്തം ടോട്ടൽ = പ്രതികാര കഥകളെ ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ ചോദ്യങ്ങളൊന്നുമില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമ തന്നെയാണ് ഊഴം. ദൃശ്യവും മെമ്മറീസുമൊക്കെ മനസ്സിൽ താലോലിച്ചു കൊണ്ട് കാണുന്നവർക്ക് ഊഴം നിരാശയാകും എന്ന കാര്യത്തിൽ തർക്കമില്ല. സംവിധായകന്റെ മുൻകൂർ ജാമ്യം ഇവിടെ ഓർക്കുന്നതും നല്ലതാണ്. ഇതൊരു സസ്പെൻസ് ത്രില്ലർ അല്ല. ഒരു കുടുംബത്തെ കൊല്ലാക്കൊല ചെയ്തവനോടുള്ള വെറും പ്രതികാരത്തിന്റെ കഥയാണ്. ഇതിൽ സസ്പെന്സിനു റോളില്ല. പ്രതികാരം ത്രില്ലായി അനുഭവപ്പെട്ടാൽ അത് തന്നെയാണ് ഈ സിനിമ കൊണ്ട് ഉദ്ദേശിച്ചതും. ദിവ്യാ പിള്ളയുടെ നായികാ വേഷത്തെക്കാൾ സിനിമയിൽ കൊള്ളാം എന്ന് തോന്നിപ്പിച്ചത് രസ്ന അവതരിപ്പിച്ച നായകൻറെ പെങ്ങൾ കഥാപാത്രമാണ്. ബാലചന്ദ്രമേനോൻ, പൃഥ്വി രാജ്, ജയപ്രകാശ് തുടങ്ങിയവരുടെ പ്രകടനത്തെക്കാൾ ആകർഷണം തോന്നിയത് പശുപതി അവതരിപ്പിച്ച ക്യാപ്റ്റൻ കഥാപാത്രമായിരുന്നുവെങ്കിലും ഓവർ ഹൈപ്പുണ്ടാക്കി അവസാന സീനുകളിലേക്ക് എത്തുമ്പോഴേക്കും ക്യാപ്റ്റൻ എന്നത് ഒരു വിഡ്ഡി വേഷമായി ഒതുങ്ങിപ്പോകുന്നു. വില്ലന്റെ മക്കൾ വേഷം ചെയ്ത ആൻസനും ടോണിയും മോശമാക്കിയില്ല. അനിൽ ജോൺസന്റെ സംഗീതവും കൊള്ളാമായിരുന്നു.
*വിധി മാർക്ക് = 6/10
-pravin-
ഓണത്തിന് ഒപ്പം കാണണോ ഊഴം കാണണോ എന്ന ടോസ്സില്‍ ഒപ്പം കാണുകയായിരുന്നു. ഇത് വായിച്ചപ്പോള്‍ അത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു.
ReplyDeleteരണ്ടും രണ്ടാണെങ്കിലും ..രണ്ടിലും സമാനമായ ചിലതുണ്ട് .. 'ഒപ്പ'ത്തിലും 'ഊഴ'ത്തിലും വില്ലനെ പരിചയപ്പെടുത്തുന്ന കാര്യത്തിൽ രണ്ടു സംവിധായകരും ഏറെക്കുറെ സമാനമായ നിലപാടാണ് സ്വീകരിച്ചു കാണുന്നത്. കൂടുതൽ വളച്ചു കെട്ടൊന്നുമില്ലാതെ വില്ലൻ / കൊലയാളി ആരാണ് എന്ന് ആദ്യ അരമണിക്കൂറിൽ തന്നെ വെളിപ്പെടുത്തി കൊണ്ടുള്ള കഥാവതരണം തന്നെയാണ് രണ്ടു സിനിമകളിലും. 'ഒപ്പം' 'ഊഴ' ത്തിൽ നിന്നും വ്യത്യസ്തമാകുന്നത് അതിന്റെ ആദ്യപകുതിയിലുള്ള അന്വേഷണാത്മകത കൊണ്ടാണ്. 'ഊഴ'ത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ നായകൻറെ പ്രതികാരത്തിനെ മാത്രം ഫോക്കസ് ചെയ്യുമ്പോൾ 'ഒപ്പ'ത്തിൽ നായകന്റെ കഥാപാത്ര സവിശേഷതകളും, പ്രകടന സാധ്യതകളും, വില്ലന്റെ പ്രതികാരബുദ്ധിയുമെല്ലാം കൂട്ടിയിണക്കി കൊണ്ട് അന്വേഷണാത്മകമായ ഒരു കഥാപാരിസരം സൃഷ്ടിച്ചു കൊണ്ടുള്ള കഥ പറച്ചിലിനാണ് ശ്രമിച്ചിരിക്കുന്നത്.
Deleteജിത്തുവിന്റെ മുഴുവൻ മൂവികളെയും
ReplyDeleteവിലയിരുത്തി തുടങ്ങിയ ശേഷം , ഊഴത്തിൽ
മുഴുവനായും മുഴുകിയെഴുതിയ , ഒട്ടും ഉഴപ്പാതെയുള്ള
ഈ വിശകലനം ഉഷാറായിട്ടുണ്ട് കേട്ടോ പ്രവീൺ ഭായ്
എന്തായാലും ഊഴത്തോനൊപ്പം ഇറങ്ങിയ ഒപ്പമാണ് കാശ് വാരിയേതെന്ന് പറയുന്നു ...
Yes,,,കാശ് വാരിയത് ഒപ്പം തന്നെ .. 'ഒപ്പ'ത്തിലും 'ഊഴ'ത്തിലും വില്ലനെ പരിചയപ്പെടുത്തുന്ന കാര്യത്തിൽ രണ്ടു സംവിധായകരും ഏറെക്കുറെ സമാനമായ നിലപാടാണ് സ്വീകരിച്ചു കാണുന്നത്. കൂടുതൽ വളച്ചു കെട്ടൊന്നുമില്ലാതെ വില്ലൻ / കൊലയാളി ആരാണ് എന്ന് ആദ്യ അരമണിക്കൂറിൽ തന്നെ വെളിപ്പെടുത്തി കൊണ്ടുള്ള കഥാവതരണം തന്നെയാണ് രണ്ടു സിനിമകളിലും. 'ഒപ്പം' 'ഊഴ' ത്തിൽ നിന്നും വ്യത്യസ്തമാകുന്നത് അതിന്റെ ആദ്യപകുതിയിലുള്ള അന്വേഷണാത്മകത കൊണ്ടാണ്. 'ഊഴ'ത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ നായകൻറെ പ്രതികാരത്തിനെ മാത്രം ഫോക്കസ് ചെയ്യുമ്പോൾ 'ഒപ്പ'ത്തിൽ നായകന്റെ കഥാപാത്ര സവിശേഷതകളും, പ്രകടന സാധ്യതകളും, വില്ലന്റെ പ്രതികാരബുദ്ധിയുമെല്ലാം കൂട്ടിയിണക്കി കൊണ്ട് അന്വേഷണാത്മകമായ ഒരു കഥാപാരിസരം സൃഷ്ടിച്ചു കൊണ്ടുള്ള കഥ പറച്ചിലിനാണ് ശ്രമിച്ചിരിക്കുന്നത്.
Deleteഊഴം വ്യക്തിപരമായി എനിക്കത്ര ഇഷ്ടമുള്ള സിനിമയായിരുന്നില്ല. വേണമെങ്കില്‍ Just one tyme watch. കണ്ടില്ലെങ്കിലും ഒന്നും സംഭവിക്കാനില്ല എന്നൊരു ലൈന്‍. ചിത്രഭൂമിയില്‍ സിനിമകളെ ഒരുപാട് മോശമായി ചിത്രീകരിക്കാന്‍ പരിമിതിയുണ്ട്. Anyway praveen done good job. tz readable one. cngrts.
ReplyDeleteഒരു വട്ടം കണ്ടിരിക്കാം ..അദ്ദന്നെ ..വായനക്കും അഭിപ്രായത്തിനും നന്ദി മുരളി ..ഒരുപാട് മോശം എന്ന് പറയേണ്ട, ഉള്ളത് തോന്നിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല ല്ലോ
Deleteഓ.പ്രവീൺ പറഞ്ഞതു നന്നായി.ഇനി നമ്മളെ തേടി വരുമ്പോൾ ഊഴം കാണാമെന്ന് തീരുമാനിച്ചു.
ReplyDeleteസിനിമ അവലോകനം എല്ലാ സിനിമകൾക്കുമായി മാറ്റിവെച്ചൂടേ????
തീർച്ചയായും എല്ലാ തരം സിനിമകൾക്കും വേണ്ടി മാറ്റി വക്കാവുന്നതാണ് ..നിർദ്ദേശത്തെ സ്വീകരിക്കുന്നു ..
Deleteഉഗ്രൻ റിവ്യൂ....ചിത്രങ്ങളും...
ReplyDeleteTrailor കണ്ട് ഏറെ പ്രതീക്ഷയോടെയാണ് ഒപ്പം കണ്ടത്..പക്ഷേ trailor ന്റെ punch സിനിമയില്‍ അനുഭവപ്പെട്ടില്ല.അതേ സമയം ഊഴം trailor ആവേശംതന്നില്ല ..സിനിമ കൊള്ളാമെന്നാണ് അനുഭവപ്പെട്ടത്.ഒപ്പത്തിനേക്കാള് ഊഴത്തില്‍ അല്‍പ്പം യാഥാര്‍ത്ഥ്യങ്ങളില്ലേ എന്നു തോന്നി...ഒപ്പത്തിലെ chief justice ന് ജയരാമനോടുള്ള ബന്ധം അല്‍പ്പം അതിഭാവുകത്വം തരുന്നില്ലേ..ഊഴത്തില്‍ ക്യഷ്ണമൂര്ത്തിയുമായി ഒരു വമ്പന്‍ corporate ന് ശത്രുത വരികയും കുടുംബമൊന്നടന്കം കൊല്ലപ്പെടുകയും ചെയ്യുന്നതില്‍ വസ്തുതകള്‍ക്ക് നിരക്കുന്ന വിശദീകരണം ഉണ്ടെന്ന് തോന്നിയിരുന്നു...ആസ്വാദനത്തിലെ വ്യത്യാസമാവം..വിശകലനം നന്നായി..അഭിനന്ദനങ്ങള്‍..
ReplyDeleteഎനിക്ക് മറ്റൊന്നാണ് തോന്നിയത് ഒപ്പം കണ്ടപ്പോൾ .. 'ഒപ്പ'ത്തിലും 'ഊഴ'ത്തിലും വില്ലനെ പരിചയപ്പെടുത്തുന്ന കാര്യത്തിൽ രണ്ടു സംവിധായകരും ഏറെക്കുറെ സമാനമായ നിലപാടാണ് സ്വീകരിച്ചു കാണുന്നത്. കൂടുതൽ വളച്ചു കെട്ടൊന്നുമില്ലാതെ വില്ലൻ / കൊലയാളി ആരാണ് എന്ന് ആദ്യ അരമണിക്കൂറിൽ തന്നെ വെളിപ്പെടുത്തി കൊണ്ടുള്ള കഥാവതരണം തന്നെയാണ് രണ്ടു സിനിമകളിലും. 'ഒപ്പം' 'ഊഴ' ത്തിൽ നിന്നും വ്യത്യസ്തമാകുന്നത് അതിന്റെ ആദ്യപകുതിയിലുള്ള അന്വേഷണാത്മകത കൊണ്ടാണ്. 'ഊഴ'ത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ നായകൻറെ പ്രതികാരത്തിനെ മാത്രം ഫോക്കസ് ചെയ്യുമ്പോൾ 'ഒപ്പ'ത്തിൽ നായകന്റെ കഥാപാത്ര സവിശേഷതകളും, പ്രകടന സാധ്യതകളും, വില്ലന്റെ പ്രതികാരബുദ്ധിയുമെല്ലാം കൂട്ടിയിണക്കി കൊണ്ട് അന്വേഷണാത്മകമായ ഒരു കഥാപാരിസരം സൃഷ്ടിച്ചു കൊണ്ടുള്ള കഥ പറച്ചിലിനാണ് ശ്രമിച്ചിരിക്കുന്നത്. വില്ലനാര് എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലാതാക്കി കൊണ്ട് പ്രേക്ഷകർക്ക് മാത്രം കണ്ടാൽ അറിയാവുന്ന വില്ലനെ അന്ധനായ നായക കഥാപാത്രം സ്പർശം കൊണ്ടും ഗന്ധം കൊണ്ടും തേടി പിടിക്കാൻ ശ്രമിക്കുന്നത് തൊട്ടാണ് 'ഒപ്പം' ത്രില്ലിംഗ് ട്രാക്കിലേക്ക് കടക്കുന്നത്. അന്ധനായ ജയരാമന്റെ (മോഹൻലാൽ) കഥാപാത്ര സവിശേഷതകൾക്ക് വേണ്ടി തിരക്കഥയിൽ ആദ്യമേ ഒരിത്തിരി സ്പേസ് ഒഴിച്ചിടുന്നത് കൊണ്ടാകാം അയാളുടെ കഴിവുകളിൽ വിശ്വാസം അർപ്പിച്ചു കൊണ്ട് സിനിമ കാണാൻ പ്രേക്ഷകൻ നിർബന്ധിതരാകുന്നു.
Delete