അനുദിനം നഗരവത്ക്കരണം നടന്നു കൊണ്ടിരിക്കുന്ന ഒരു കാലത്ത് ജീവിക്കുന്നത് കൊണ്ടാകാം പോയ കാലത്തെ കുറിച്ച് ഓർക്കാനും ആ കാലത്തെ ചുറ്റുപാടുകൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാനുമൊക്കെ മലയാളിക്ക് വളരെ ഇഷ്ടമാണ്. അത്തരത്തിൽ ഗൃഹാതുരതയുണർത്തുന്ന കാലഘട്ടങ്ങളുടെയും ചുറ്റുപാടുകളുടെയും സിനിമാ കാഴ്ചകൾക്ക് എന്നും പ്രേക്ഷകരുണ്ടായിട്ടുണ്ട്. കലാലയ ജീവിതവും ഗ്രാമീണ ജീവിതവുമൊക്കെ പ്രമേയമായി വരുന്ന സിനിമകളിലൂടെയായിരുന്നു ഗൃഹാതുരത്വം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞിരുന്നത്. ലാൽ ജോസിന്റെ 'ക്ലാസ്സ്‌മേറ്റ്സ്', എബ്രിഡ് ഷൈനിന്റെ '1983', അൽഫോൺസ് പുത്രന്റെ 'പ്രേമം' തുടങ്ങിയ സിനിമകളൊക്കെ ഗൃഹാതുരതയുടെ പുതുമയുണർത്തുന്ന അവതരണ രീതികൾ കൊണ്ട് ശ്രദ്ധേയമായപ്പോൾ പിന്നീട് വന്ന പല സിനിമകളും ആവർത്തന വിരസമായ അവതരണ ശൈലി കൊണ്ട് ഗൃഹാതുരതയുടെ ആസ്വാദനത്തിൽ മുഷിവ് സമ്മാനിക്കുകയുണ്ടായി. എന്നാൽ രഞ്ജൻ പ്രമോദിന്റെ 'രക്ഷാധികാരി ബൈജു ഒപ്പ്' ഗൃഹാതുരത്വത്തെ ആഘോഷിക്കുമ്പോഴും ക്ളീഷേ അവതരണ ശൈലി കടം കൊള്ളാതെ പറയാനുള്ള വിഷയത്തെ ഹൃദ്യമായി അവതരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് എന്ന് പറയാം.
'1983' ലെ നാട്ടിൻപുറത്തെ ക്രിക്കറ്റ് കളിയും രമേശന്റെയും സുഹൃത്തുക്കളുടയും സൗഹൃദവുമൊക്കെ പുനരവതരിപ്പിക്കപ്പെടുന്ന സിനിമയാണോ രക്ഷാധികാരി ബൈജു എന്ന് ഒറ്റനോട്ടത്തിൽ സംശയിക്കാമെങ്കിലും രണ്ടും രണ്ടാണ് എന്ന് ബോധ്യപ്പെടാൻ അധിക സമയം വേണ്ടി വരുന്നില്ല. രമേശനും കൂട്ടുകാരും ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നുവെങ്കിലും ഒരു പ്രായത്തിനപ്പുറം അവർക്ക് ക്രിക്കറ്റ് കളിയും സൗഹൃദ സദസ്സുകളുമൊക്കെയായി സജീവമാകാൻ സാധിക്കുന്നില്ല. രമേശനാകട്ടെ മകനെ നല്ലൊരു ക്രിക്കറ്റ് കളിക്കാരനാക്കണം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഒരർത്ഥത്തിൽ രമേശനെയും കൂട്ടുകാരെയുമൊക്കെ ക്രിക്കറ്റ് കളിപ്പിച്ചത് അവരുടെ പ്രായമാണ് എന്ന് പറയാം. എന്നാൽ ബൈജുവിനെയും കൂട്ടുകാരെയും സംബന്ധിച്ച് അവരുടെ കൂട്ടായ്‍മകളിലും കളിയിടങ്ങളിലും പ്രായമോ പ്രാരാബ്ധമോ ഒന്നിനും ഒരു പരിധിയോ പ്രശ്നമോ ആയി വരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മുപ്പത്തിയാറ് വർഷങ്ങളായി കുമ്പളം എന്ന നാട്ടിൻപുറത്തിന്റെ ഹൃദയമെന്നോണം തുടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് കുമ്പളം ബ്രദേഴ്സ് ക്ളബ്. കുമ്പളം ബ്രദേഴ്സ് ക്ളബിന്റെ സ്ഥാപകരിൽ ഇന്ന് നാട്ടിലുള്ള ഒരേ ഒരാളെന്ന നിലക്ക് ക്ലബിന്റെ രക്ഷാധികാരി സ്ഥാനം ബൈജു സ്വയമേ ഏറ്റെടുത്തതാണെങ്കിലും പുള്ളിയുടെ ആ സ്ഥാനം ഏറ്റെടുപ്പിൽ എല്ലാവരും സംതൃപ്തരാണ്. കുട്ടികളുടെയും മുതിർന്നവരുടെയുമൊക്കെ കളിയിടം എന്നതിലുപരി ആർക്കും ഒത്തുകൂടാവുന്ന ആ നാടിന്റെ ഒരു പൊതു ഇടം എന്ന നിലക്കാണ് ആ ക്ലബും മര ച്ചുവടും ഗ്രൗണ്ടും പരിസരവുമൊക്കെ സിനിമയിൽ സംവിധായകൻ മനോഹരമായി വരച്ചിടുന്നത്.
ഒരു നാടിന്റെയും അവിടത്തെ നാട്ടുകാരുടെയുമൊക്കെ കഥ പറഞ്ഞ മുൻകാല മലയാള സിനിമകളുടെ കൂട്ടത്തിൽ പെടുത്താവുന്ന സിനിമ തന്നെയെങ്കിലും ഏറെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ മനോഹരമായി ഉള്ളടക്കം ചെയ്യുകയും ഒട്ടും സങ്കീർണ്ണമോ സംഘർഷഭരിതമോ അല്ലാത്ത വിധം സരസമായി അവതരിപ്പിക്കുകയും ചെയ്യുന്നിടത്ത് വേറിട്ട ഒരു സിനിമാവിഷ്ക്കാരമായി മാറുന്നുണ്ട് 'രക്ഷാധികാരി ബൈജു ഒപ്പ്'. ബൈജുവിനെ മുൻനിർത്തി കൊണ്ട് തുടങ്ങി അവസാനിക്കുന്ന സിനിമയിൽ കഥാപാത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണാം. കുമ്പളത്തുകാർക്ക് ബൈജുവാണ് രക്ഷാധികാരിയെങ്കിൽ രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയുടെ രക്ഷാധികാരിത്വം ബിജു മേനോൻ എന്ന നടനാണ് സംവിധായകൻ കൊടുക്കുന്നത്. ഓർഡിനറി സിനിമയിലെ സുകു എന്ന കഥാപാത്രത്തിനു ശേഷം തന്റെ അഭിനയ ജീവിതത്തിൽ അവസരങ്ങളുടെ എണ്ണം കൂടിയെങ്കിലും ടൈപ്പ് കോമഡി വേഷങ്ങളിലേക്ക് ഒതുങ്ങി പോകേണ്ടി വന്നിട്ടുണ്ട് ബിജു മേനോന്. ഇവിടെ സിനിമയിൽ ബൈജു എന്ന കഥാപാത്രത്തിന് കോമഡിക്കുള്ള സ്‌പേസ് കൊടുക്കുമ്പോഴും ബിജുമേനോനെ സംബന്ധിച്ച് അതൊരു ടൈപ്പ് കഥാപാത്രമാകാത്ത വിധം അവതരിപ്പിക്കാനുള്ള അഭിനയ സാധ്യതകൾ കൂടി ഒരുക്കി കൊടുക്കാൻ രഞ്ജൻ പ്രമോദിനു സാധിച്ചു കാണാം.
വിശാലമായ ഒരു കാൻവാസിൽ കഥ പറഞ്ഞാലേ അത് ആനയോളം പോന്ന ഒരു സിനിമയാകൂ എന്ന ധാരണ വച്ച് പുലർത്തുന്നവർക്ക് പഠിക്കാൻ ചിലതുണ്ട് ഈ സിനിമയിൽ നിന്ന്. ഒരു മൈതാനവും അതിന്റെയോരത്തെ മരവും അവിടെ നിത്യേന കളിക്കാൻ എത്തുന്ന ഒരു പറ്റം ആളുകളുമൊക്കെ അടങ്ങുന്ന ഒരു ചെറിയ ചുറ്റുവട്ടത്തെയാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. അവിടെ ഒത്തു കൂടുന്നവർക്കിടയിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങളും ആ കൂട്ടം ചേരലുകളിലെ സ്വാഭാവിക സംഭാഷണങ്ങളും കൃത്രിമത്വമില്ലാതെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമ മുന്നേറുന്നത്. ഒരർത്ഥത്തിൽ പ്രേക്ഷകരുടെ ചുറ്റിലുമാണ് കഥ നടക്കുന്നതെന്ന് അനുഭവപ്പെടുത്തുന്ന ലളിതമായ അവതരണ ശൈലി തന്നെയാണ് ഈ സിനിമയുടെ പ്രധാന ആസ്വാദനം. സ്ക്കൂൾ വിട്ട് വന്നാൽ ബാഗ് വലിച്ചെറിഞ്ഞു കൊണ്ട് ഗ്രൗണ്ടിലേക്ക് ഓടി പോയിരുന്ന ഒരു കാലത്തെ കുറിച്ച് നമ്മളിൽ പലരെയും ഓർമ്മപ്പെടുത്തുന്നതോടൊപ്പം ചുരുങ്ങിയ കാലങ്ങളിൽ നമുക്ക് നഷ്ടപ്പെട്ട പൊതു ഇടങ്ങളുടെ വില എത്ര വലുതായിരുന്നെന്നു ബോധ്യപ്പെടുത്തുകയും കൂടി ചെയ്യുന്നുണ്ട് സിനിമ.
നാട്ടിലുള്ള പ്രോപ്പർട്ടിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ടു യു എസിൽ നിന്ന് വരുന്ന ജോർജ്ജ് അവിചാരിതമായി ബൈജുവിന്റെയും കൂട്ടരുടെയും കൂടെ കൂടി ഉള്ളറിഞ്ഞൊന്നു സന്തോഷിക്കുന്ന സമയത്ത് ദീർഘ നിശ്വാസത്തോടെ ബൈജുവിനോടായി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ശരിക്കും ഞാൻ ഹാപ്പി ആണെന്നായിരുന്നെടാ ഇത് വരേയ്ക്കും കരുതിയിരുന്നത്. പക്ഷേ ഞാനല്ല.. നീയാണ് ഹാപ്പി മാൻ എന്ന്. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാനും, സാമ്പത്തികമായി മെച്ചപ്പെട്ട ജീവിതം നയിക്കാനും സാധിക്കുന്നവരാണ് ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാന്മാർ എന്ന പൊതു ധാരണയെ തിരുത്തിക്കൊണ്ട് ഒന്നും ആഗ്രഹിക്കാതെ തന്നെ നമ്മുടെ ചുറ്റുപാടിൽ നിന്ന് നമുക്ക് കിട്ടുന്ന സന്തോഷങ്ങൾ തിരഞ്ഞെടുത്ത് ആസ്വദിക്കാൻ സാധിക്കുന്നവരാണ് യഥാർത്ഥ സന്തോഷവാന്മാർ എന്ന് പറയാതെ പറഞ്ഞു തരുന്ന, സിനിമയിലെ ഹൃദയ സ്പർശിയായ ഒരു സീനായിരുന്നു അത്. തട്ടിയെടുത്തും വെട്ടിപ്പിടിച്ചും എല്ലാവരും സ്വാർത്ഥതയെ ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഈ കെട്ട കാലത്ത് പങ്കിട്ടെടുക്കലിന്റെയും പകുത്തു കൊടുക്കലിന്റെയും കൂട്ട് കൂടലിന്റെയുമൊക്കെ ആസ്വാദന സുഖം പ്രേക്ഷകന് അനുഭവപ്പെടുത്തുക കൂടിയാണ് കുമ്പളം ബ്രദേഴ്സ് ചെയ്യുന്നത്.
ഈ സിനിമയുടെ ഹൈലൈറ്റ് എന്ന് പറയാനാകുന്നത് മുഖ്യമന്ത്രിക്ക് ബൈജു എഴുതുന്ന കത്താണ്. വലിയ കെട്ടിടങ്ങളും നഗരങ്ങളും ഒക്കെ നമുക്ക് വേണ്ടത് തന്നെയാണ്. പക്ഷെ അത് മാത്രമാണ് വികസനം എന്ന ധാരണാ പിശകിനെ തിരുത്താൻ ബന്ധപ്പെട്ട സർക്കാരുകളും ഭരണകൂടവുമൊക്കെ തയ്യാറാകേണ്ടതുണ്ട്. പൊതു ഇടങ്ങൾ സംരക്ഷിക്കുകയും അത് വഴി നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഐക്യത്തിന്റെയും സ്നേഹത്തിന്റെയുമൊക്കെ ശക്തി തിരിച്ചു പിടിക്കലുമാണ് യഥാർത്ഥ വികസനം എന്ന് അടിവരയിടുന്നുണ്ട് ബൈജുവിന്റെ കത്ത്. കുമ്പളം ബ്രദേഴ്സിന്റെ രക്ഷാധികാരി എന്ന നിലക്ക് നമ്മൾ പരിചയപ്പെടുന്ന ബൈജു ആ നാടിന്റെ കൂടി രക്ഷാധികാരിയായി മാറുന്നിടത്താണ് സിനിമ അവസാനിക്കുന്നതെങ്കിൽ ബൈജു മുഖ്യമന്ത്രിക്ക് എഴുതുന്ന കത്ത് പൊതു സമൂഹം ചർച്ച ചെയ്യാൻ ആരംഭിക്കുന്നിടത്താണ് സിനിമ യഥാർത്ഥത്തിൽ വിജയിക്കുന്നത്. ബോക്സോഫീസ് കളക്ഷനുകൾക്കുമപ്പുറം ഒരു സിനിമയുടെ യഥാർത്ഥ വിജയം എന്ന് പറയാവുന്നതും അത് തന്നെയല്ലേ ?
ആകെ മൊത്തം ടോട്ടൽ = ഹൃദ്യമായൊരു സിനിമാ അവതരണം എന്ന നിലക്ക് ഇഷ്ടപ്പെട്ടു പോകുന്ന ഒരു സിനിമ. സിനിമയുടെ ദൈർഘ്യം, ഗാനങ്ങളുടെ എണ്ണം ഇതൊക്കെ ഒരൽപ്പം കൂടിപ്പോയോ എന്ന് സംശയിക്കാമെങ്കിലും ഈ സിനിമയുടെ ആസ്വാദനത്തിനു അതൊന്നും ഒരു അഭംഗിയായി മുഴച്ചു നിൽക്കുന്നില്ല. ബിജുമേനോൻ തൊട്ട് സിനിമയിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. സിനിമ കണ്ടിറങ്ങിയാലും ആ ഗ്രൗണ്ടും ക്ലബും കുമ്പളം ബ്രദേഴ്സുമൊക്കെ മനസ്സിൽ മായാതെ കിടപ്പുണ്ടാകും. കൂട്ടത്തിൽ ഒരു നീറ്റൽ പോലെ മുഖ്യമന്ത്രിക്ക് എഴുതിയ ബൈജുവിന്റെ ആ കത്തും.
* വിധി മാർക്ക് = 7.5 /10
-pravin-
നല്ല വിശകലനം ...
ReplyDeleteകണ്ടിഷ്ടപ്പെട്ട ഒരു സിനിമയാണിത് കേട്ടോ ഭായ്
നന്ദി മുരളിയേട്ടാ ...ഈ സിനിമയുടെ പൾസ് അറിഞ്ഞവർക്ക് ഈ സിനിമ ഇഷ്ടപ്പെടും .
Delete