Sunday, September 22, 2019

കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ട 'ഫൈനൽസ്' !!

ഓരോ ഫൈനലുകൾക്ക് പിന്നിലും ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥകളുണ്ടാകും. എല്ലാ തലത്തിലും വിജയിച്ചു നിക്കുന്നവരുടെയല്ല, മറിച്ച് ഒരുപാട് തോൽവികളുടെ വേദനയിലും ഒരിക്കലെങ്കിലും വിജയിക്കണമെന്ന ആഗ്രഹവവുമായി പോരാടാൻ വരുന്നവരുടെയാണ് ഓരോ ഫൈനലുകളും. അത് ഗംഭീരമായി തന്നെ പറഞ്ഞു വെക്കുന്നുണ്ട് 'ഫൈനൽസ്'. 

സ്പോർട്സ് മൂവി ഗണത്തിൽ വന്നു പോയ പല സിനിമകളുടെയും കൂട്ടത്തിൽ ആശയം കൊണ്ടും അവതരണം കൊണ്ടും നിലപാട് കൊണ്ടും ജീവിതം തൊട്ടു നിക്കുന്ന കാഴ്ചകളൊരുക്കാൻ സാധിച്ചിടത്താണ് 'ഫൈനൽസി'ൽ പി. ആർ അരുൺ എന്ന സംവിധായകൻ വിജയിക്കുന്നത്. 

വിജയിച്ചവരുടെ വിജയ കഥകൾ അഭ്രപാളിയിലെ വെറും കാഴ്ചയായി ഒതുക്കുന്ന സ്പോർട്സ് സിനിമകളുടെ ക്ളീഷേ ഫോർമാറ്റിൽ ഒതുങ്ങി പോകുന്നില്ല 'ഫൈനൽസ്'. പകരം, സ്പോർട്സിന്റെ വിജയ വീഥിയിൽ വീണു പോയവരുടെയും, ഉയിർത്തെഴുന്നേറ്റവരുടെയും, പരാജയങ്ങളിൽ മനം മടുക്കുമ്പോഴും പുതിയ പ്രതീക്ഷകൾ നെയ്തുണ്ടാക്കുന്നവരുടേയുമൊക്കെ പക്ഷം പിടിച്ചു സംസാരിക്കുകയാണ് സിനിമ.

സ്പോർട്സ് ഏതുമാകട്ടെ അതൊന്നും വെറും കളിയല്ല പലർക്കും അവരുടെ ജീവനും ജീവിതവുമാണ്. അത്തരത്തിലുള്ള കായിക താരങ്ങളുടെയും, കോച്ചുമാരുടെയും, അവരെ പിന്തുണക്കുന്നവരുടേയുമൊക്കെ വിചാര വികാരങ്ങളും സഹനങ്ങളുമെല്ലാം കാഴ്ചക്കപ്പുറം കാണുന്നവനെ അനുഭവഭേദ്യമാക്കി മാറ്റുന്നുണ്ട് 'ഫൈനൽസ്'.

രജിഷയുടെ ആലീസിന്റെ മാത്രമല്ല, നിരഞ്ജന്റെ മാനുവലിന്റെയും, സുരാജിന്റെ വർഗീസ് മാഷിന്റെയുമടക്കം സ്പോർട്സിന്റെ മനസ്സും ശബ്ദവുമായി വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളുടെയുമാണ് 'ഫൈനൽസ്'. താരമൂല്യം നോക്കാതെ ഒരു നല്ല സിനിമയെ കണ്ടറിഞ്ഞു പിന്തുണക്കാൻ സാധിച്ചതിൽ മണിയൻ പിള്ള രാജു എന്ന നിർമ്മാതാവിനും അഭിമാനിക്കാം. 

മാധ്യമ ശ്രദ്ധയോ ജനപിന്തുണയോ സർക്കാർ സഹായമോ ഒന്നും കിട്ടാതെ പോകുന്ന നമുക്ക് ചുറ്റിലുമുള്ള കായിക പ്രതിഭകൾക്ക് വേണ്ടി ശബ്ദമുയർത്തുക മാത്രമല്ല കായിക വകുപ്പിന് കീഴെ നടക്കുന്ന പല അന്യായങ്ങൾക്ക് നേരെയും വിരൽ ചൂണ്ടുന്നുണ്ട് സിനിമ. സ്പോർട്സ് കൗൺസിലിലും ഫെഡറേഷനിലുമൊക്കെയുള്ള വെള്ളാനകളെ പിടിച്ചു പുറത്താക്കുന്നത് കൊണ്ട് മാത്രം ശുദ്ധീകരിക്കെപ്പെടുന്ന ഒരിടമല്ല നമ്മുടെ കായിക വകുപ്പ് എന്ന് വ്യക്തം. 

വിജയ വീഥിയിൽ വീണു പോയ സിനിമയിലെ ആലീസ് യഥാർത്ഥ ജീവിതത്തിലെ ഷൈനി സെലാസിനേയും മിനിയേയുമൊക്കെ തീരാ വേദനയോടെ ഓർമ്മപ്പെടുത്തുമ്പോൾ, ഫെഡറേഷനുമായുള്ള അഭിപ്രായ ഭിന്നതയിൽ ജീവിതവും സ്വപ്നവുമൊക്കെ തച്ചുടക്കപ്പെട്ട വർഗ്ഗീസ് മാഷുമാർ മാത്രം വെറും സിനിമാ കഥാപാത്രമാണെന്ന് ചിന്തിക്ക വയ്യ. 

സ്‌ക്രീനിൽ അങ്ങിനെ നിരാശ നിറഞ്ഞ മുഖത്തോടെ കാണുന്ന ഓരോ കഥാപാത്രങ്ങൾക്ക് പിന്നിലും ജീവിക്കുന്ന ആരുടെയൊക്കെയോ നിഴലുകൾ ഉണ്ടെന്നു തോന്നുമ്പോൾ ആണ് സിനിമയിൽ ആദ്യം മാനുവലും പിന്നീട് വർഗ്ഗീസും പറയുന്ന ആ ഡയലോഗ് സിനിമ കാണുന്ന നമ്മളും അറിയാതെ അവർക്കൊക്കെ വേണ്ടി പറഞ്ഞു പോകുന്നത് - അതെ, ഒരിക്കലെങ്കിലും നമുക്കും ജയിക്കണ്ടേ ? 

ആകെ മൊത്തം ടോട്ടൽ = ഓണം റിലീസുകളിൽ ഏറ്റവും ആദ്യം കാണേണ്ടിയിരുന്ന സിനിമ ഇതായിരുന്നു. ഇട്ടിമാണിയും ലവ് ആക്ഷൻ ഡ്രാമയുമൊക്കെ കണ്ട പാപം 'ഫൈനൽസി'ലൂടെ പൊറുക്കപ്പെട്ടിരിക്കുന്നു. സുരാജാണ് താരം. സിനിമാ തിരഞ്ഞെടുപ്പുകളിൽ സൂക്ഷ്‌മത പുലർത്തുന്ന നടിയായി മാറുന്നു രജിഷ. നല്ല റോളുകൾ കിട്ടിയാൽ കഥാപാത്രത്തെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കാൻ ശേഷിയുള്ള നടനാണ് നിരഞ്ജൻ എന്ന് തെളിയിക്കപ്പെടുന്ന സിനിമ കൂടിയാണിത്. എല്ലാം കൊണ്ടും ഒരു പുതുമുഖ സംവിധായകനിൽ നിന്നും കിട്ടിയ ഒരു നല്ല സിനിമ എന്ന് തന്നെ പറഞ്ഞു വക്കാം 'ഫൈനൽസി'നെ. 

*വിധി മാർക്ക് = 7.5 /10 

-pravin-

Sunday, September 15, 2019

ലവും ആക്ഷനും ഡ്രാമയും കൂടിയൊരു ട്രാജഡി !!

ഓണ സിനിമകളിൽ ഇട്ടിമാണി തന്ന നിരാശയോളം എത്തില്ലെങ്കിലും ലവ് ആക്ഷൻ ഡ്രാമയും ആസ്വാദനപരമായി നിരാശ തന്നെ സമ്മാനിക്കുന്നു. 

നിവിൻ പോളി ഒരിടവേളക്ക് ശേഷം വീണ്ടും തന്റെ സേഫ് സോണിലേക്ക് തിരിച്ചു വന്നു  ചെയ്യുന്ന സിനിമ എന്ന നിലക്കുള്ള ആശ്വാസം മാത്രമാണ് ആസ്വാദനം. അതിൽ തന്നെ ആവർത്തന വിരസതയുള്ള  സീനുകൾ ഏറെയുണ്ട് എന്നത് വേറെ കാര്യം. 

നയൻ താര - നിവിൻ ജോഡിയെ സ്‌ക്രീനിൽ കാണുമ്പോൾ ഉള്ള പുതുമ ഒഴിച്ചാൽ അവരുടെ ശോഭാ - ദിനേശൻ കഥാപാത്രങ്ങളുടെ പ്രണയവും കെമിസ്ട്രിയുമൊന്നും വർക് ഔട്ട് ആയില്ല. വർക് ഔട്ട് ആയില്ല എന്നതിനേക്കാൾ അതിനും മാത്രമുള്ള ഒരു മിനിമം പ്രണയ കഥ പോലും സിനിമയിൽ അനുഭവപ്പെടുന്നില്ല. 

നിവിൻ  പോളി - അജു വർഗ്ഗീസ് കൂട്ട് കെട്ടിലുള്ള എന്റർടൈനർ സിനിമകളുടെ കൂട്ടത്തിലേക്ക് ചേർന്ന് നിക്കാൻ പെടാ പാട് പെടുന്ന ഒരു സിനിമയാണിത്. ഇവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ കൊണ്ട് ഒരു മുഴുനീള എന്റർടൈനർ ഉണ്ടാക്കാൻ പറ്റുമെന്ന ഒരു അബദ്ധ ധാരണ ധ്യാൻ ശ്രീനിവാസനും ഉണ്ടായിരുന്നിരിക്കാം. 


'ഹണീബി' കഴിഞ്ഞേൽ പിന്നെ   ഇത്രേം കള്ളു കുടി സീനുകൾ കാണേണ്ടി വന്ന ഒരു സിനിമ കൂടിയാണിത്. തുടക്കം മുതൽ ഒടുക്കം വരെ കള്ളു കുടി സീൻ കണ്ടു കണ്ട് കാണുന്നവൻ പോലും കിക്കായി പോകും ..ഹോ നമിച്ചു ഹെന്റെ ധ്യാനേ !! 

എല്ലാം കൊണ്ടും ശുദ്ധ ശൂന്യമാണ് സിനിമ. ആരെയെങ്കിലുമൊക്കെ ഒന്ന് പ്രേമിച്ചു കെട്ടിയാൽ മതി എന്ന ഒരൊറ്റ ലക്ഷ്യം കൊണ്ട് മാത്രം മുന്നിൽ കാണുന്ന ഏതു പെണ്ണിനെയും  പ്രേമിക്കാൻ തയ്യാറാകുക. ഒടുക്കം  കൈയ്യിലിരുപ്പ് പോരാഞ്ഞിട്ട് പെണ്ണുങ്ങൾ ഉപേക്ഷിച്ചാൽ ആ പെണ്ണ് തന്നെ തേച്ചു പോയി എന്ന് പറയുക. എന്നാൽ എല്ലാം അറിഞ്ഞിട്ടോ അറിയാതെയോ വീണ്ടും ഒരു പെണ്ണ് തന്റെ  പ്രേമാഭ്യർത്ഥന മാനിക്കുമ്പോൾ അവളോടെങ്കിലും ഒരിത്തിരി ആത്മാർത്ഥത കാണിക്കുക. അതുമില്ല. എന്നിട്ട് സകല ഉഡായിപ്പും കാണിച്ചു വല്യ കാമുകൻ ചമയുക. എന്തൊരു വെറുപ്പീരു പരിപാടി. 

വല്യ ഫെമിനിസ്റ്റും ബോൾഡുമായ ഒരു പെണ്ണ് എന്ന നിലക്ക് കാണിച്ച ശോഭ എന്ന കഥാപാത്രത്തിന്റെ അവസ്ഥ അതിലും ദുരന്തം. ധ്യാനിന്റെ കുഞ്ഞിരാമായണവും, അടി കപ്യാരെ കൂട്ടമണിയുമൊക്കെ  എന്റർടൈനർ എന്ന നിലക്ക് വർക് ഔട്ട് ആയത് ആ ഗ്രൂപ്പിന് പെർഫോം ചെയ്യാൻ ഉള്ള ഒരു മിനിമം കഥ സിനിമയിൽ  ഉണ്ടായത് കൊണ്ടാണ്.  ഇവിടെ നല്ല crew ഉണ്ടായിട്ടും സിനിമയിലെ ദിനേശനെ പോലെ തന്നെ ആത്മാർത്ഥത ഇല്ലാതെ സ്വയം നശിക്കാൻ ഇറങ്ങിയ പോലെയായി ധ്യാനിന്റെ  പടം പിടിത്തം.   

തമിഴിൽ പണ്ടിറങ്ങിയ ജീവയുടെ 'ശിവാ മനസുളെ ശക്തി', 'നീ താനേ എൻ പൊൻവസന്തം', ഉദയനിധി സ്റ്റാലിന്റെ 'ഒരു കൽ ഒരു കണ്ണാടി'  തുടങ്ങിയ സിനിമകളോടൊക്കെ പല തരത്തിൽ സാമ്യത പുലർത്തുന്നുണ്ട്   ധ്യാൻ ശ്രീനിവാസന്റെ 'ലവ് ആക്ഷൻ ഡ്രാമ'. 

എന്റർടൈനർ ലേബലിൽ ഒരുക്കുന്ന  സിനിമകൾക്ക് വേണ്ടി  പോലും പുതുമയുള്ള ചേരുവകളും വേറിട്ട മേക്കിങ് ശൈലിയുമൊക്കെ അന്വേഷിച്ചു നടക്കുന്ന നവ സിനിമാ സംവിധായകരുള്ള ഇക്കാലത്താണ് ധ്യാൻ ശ്രീനിവാസനൊക്കെ 'ലവ് ആക്ഷൻ ഡ്രാമ' യെ എന്റർടൈനർ എന്ന വിളിപ്പേരിൽ ഓണം റിലീസിനെത്തിച്ചത് എന്നോർക്കണം. 

നിവിൻ പോളി- നയൻ‌താര-അജു വർഗ്ഗീസ് എന്നീ മൂവർ സംഘത്തെ മുൻനിർത്തി സിനിമയെ മാർക്കറ്റ് ചെയ്യുന്നതിൽ ധ്യാൻ ശ്രീനിവാസൻ വിജയിച്ചെങ്കിലും തിരക്കഥാകൃത്ത് എന്ന നിലക്കോ സംവിധായകനെന്ന നിലക്കോ ധ്യാൻ ശ്രീനിവാസൻ അച്ഛന്റെയോ ചേട്ടന്റെയോ ഏഴയലത്തു പോലും എത്തിയില്ല എന്നതാണ് സത്യം. 

ആകെ മൊത്തം ടോട്ടൽ = ഇഷ്ടതാരങ്ങൾ പലരുമുണ്ടായിട്ടും  കണ്ടിരിക്കാവുന്ന  സിനിമ എന്ന് പറയാൻ പോലും മടി തോന്നിക്കുന്ന ഒരു  സിനിമ.  

* വിധി മാർക്ക് =     4/10

-pravin-

Tuesday, September 10, 2019

വിരോധാഭാസങ്ങളുടെ ഇട്ടിമാണി !!

വയസ്സായ അമ്മമാരെ ഉപേക്ഷിക്കുന്ന മക്കളെ ഉപദേശിക്കുക, മക്കളാൽ ഉപേക്ഷിക്കപ്പെട്ട അമ്മമാർക്ക് പിന്തുണ നൽകുക എന്നൊക്കെയുള്ള ഒരു ഉദ്ദേശ്യ ശുദ്ധി ഈ സിനിമക്ക് ഉണ്ടായിരുന്നിരിക്കാം. എന്നാൽ അവതരണത്തിലും തിരക്കഥയിലും ആ ഉദ്ദേശ്യ ശുദ്ധിയെ മറികടന്നു വരുന്നത് ഇട്ടിമാണിയുടെ വിരോധാഭാസങ്ങൾ മാത്രമാണ്. 

എന്തിനും പണം മാത്രം നോക്കുന്ന എന്ത് കാര്യത്തിലും കമ്മീഷൻ അടിക്കാൻ നോക്കുന്ന തൃശൂർകാരൻ കഥാപാത്രമായി മോഹൻലാലിന്റെ ഇട്ടിമാണി വരുമ്പോൾ  തൃശൂർ റൗണ്ടിൽ ഇരുന്നിരുന്ന മമ്മൂട്ടിയുടെ പ്രാഞ്ചിയും, ബിജു മേനോന്റെ റിനി ഐപ്പുമൊക്കെ ഇതെന്തൂട്ടെടാ ഗഡിയേ ഈ കാണിച്ചോണ്ടിരിക്കുന്നത് എന്ന് ചോദിക്കും. 
  
നടന വിസ്മയം എന്ന് ലാലേട്ടനെ പറയുമ്പോഴും  മുഴുനീള കഥാപാത്രത്തിൽ ഒരു പ്രാദേശിക ഭാഷ സംസാരിച്ചു കൊണ്ട് അഭിനയിക്കുന്നതിൽ ലാലേട്ടന് ഒരു തുടർച്ച ഇല്ലാത്ത പ്രശ്നമുണ്ട്. ആഘോഷിക്കപ്പെട്ട തൂവാനത്തുമ്പികളിൽ പോലും ആ പ്രശ്നം കണ്ടെത്താൻ സാധിക്കും. 

അമ്മച്ചിയെ നോക്കാൻ, അവരുടെ കൂടെയിരിക്കാൻ സമയമില്ലാത്ത മക്കളും, അമ്മച്ചിയെ സ്വന്തം മക്കളെക്കാൾ സ്നേഹിക്കുന്ന, അമ്മച്ചിയുടെ കൂടെ എപ്പോഴുമുണ്ടാകുന്ന മകനല്ലാത്ത മറ്റൊരാളും. ഈ ഒരു പ്ലോട്ട് പല സിനിമകളിൽ പല വിധത്തിൽ കൈകാര്യം ചെയ്യപ്പെട്ടതാണ്. അക്കൂട്ടത്തിൽ ഇന്നും മനസ്സിൽ നിക്കുന്നതാണ് സത്യൻ അന്തിക്കാടിന്റെ 'മനസ്സിനക്കരെ'. സ്വത്ത് മാത്രം കൊതിക്കുന്ന, സ്നേഹമില്ലാത്ത മക്കളെ പാഠം പഠിപ്പിക്കാൻ കൊച്ചുത്രേസിയും റെജിയും കൂടെ ആ സിനിമയിൽ കാണിച്ചതിന്റെ ഒരു വിരോധാഭാസ പതിപ്പാണ് ഇവിടെ ഇട്ടിമാണിയും അന്നമ്മയും കൂടി ചെയ്യുന്നത് എന്ന് മാത്രം. 

ചൈന പശ്ചാത്തലത്തിലുള്ള ഒരു പാട്ട് ഒഴിച്ച് നിർത്തിയാൽ ആ പുതുമയും തീർന്നു. ആദ്യ പകുതി കണ്ടിരിക്കാവുന്ന തരത്തിൽ ഒരു ഫാമിലി എന്റർടൈനർ ആണെങ്കിൽ രണ്ടാം പകുതിയോടെ ഫാമിലിക്കൊപ്പം കാണാനും കേക്കാനും സാധിക്കാത്ത രീതിയിൽ എല്ലാ വളിപ്പും ചളിയും ദ്വയാർത്ഥ പ്രയോഗങ്ങളുമൊക്കെ കൂടി കോമഡിയിൽ പൊതിഞ്ഞു കെട്ടി അവതരിപ്പിക്കുകയാണ്. അവ്വിധം അസഹനീയമായി മാറുന്നുണ്ട് രണ്ടാം പകുതി. 

മക്കളാരും നോക്കാനില്ലാത്ത തൊണ്ണൂറു വയസ്സുകാരി അമ്മൂമ്മയെ ഇരുപത്തിമൂന്നുകാരൻ വിവാഹം കഴിച്ചു എന്നൊരു പത്ര വാർത്ത പണ്ട് വായിച്ച ഓർമ്മയുണ്ട്. വയസ്സായ ആണുങ്ങൾക്ക് തങ്ങളെ നോക്കാൻ ചെറുപ്പക്കാരിയെ കല്യാണം കഴിക്കാം, പക്ഷേ  തിരിച്ചു പാടില്ല എന്ന പൊതുബോധത്തെ തല്ലിക്കെടുത്തിയ ഒരു വാർത്തയായിരുന്നു അത്. 

വിവാഹമെന്നാൽ ലൈംഗികതക്ക് വേണ്ടി മാത്രമുളള സമ്മത പത്രമാണെന്നു ധരിച്ചു വച്ചിരിക്കുന്നവരോട് ആ പത്ര വാർത്തക്ക് കലഹിക്കാൻ ഒരുപാടുണ്ടായിരുന്നു.  വൃദ്ധയായ ഒരു സ്ത്രീയുടെ സംരക്ഷണ ചുമതല നിയമപരമായി നേടിയെടുക്കാൻ വേണ്ടി ഇരുപത്തിമൂന്നുകാരൻ ചെയ്ത ആ വിവാഹം 'ഇട്ടിമാണി' യിലെ പോലെ കോമാളി കളിയോ അശ്ലീലമായോ അല്ല സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടത് എന്നോർക്കണം. 

ആ ഒരു സംഭവത്തെ വേണമെങ്കിൽ  മനോഹരമായി അവതരിപ്പിക്കാനും ഗംഭീരമായി ചർച്ച ചെയ്യാനും സാധ്യത ഉണ്ടാക്കാമായിരുന്നു ഇട്ടിമാണി എന്ന സിനിമയിൽ. പക്ഷെ എന്ത് ചെയ്യാം ഈ  ഇട്ടിമാണി വെറും കുന്ദംകുളത്തെ  Made In China ആയിപ്പോയില്ലേ . ആ നിലവാരമേ ഉണ്ടാവുള്ളൂ എന്ന് ആദ്യമേ മനസ്സിലാക്കണമായിരുന്നു. 

ആകെ മൊത്തം ടോട്ടൽ = ആദ്യ പകുതിയിലെ തരക്കേടില്ലാത്ത കോമഡിയും സിദ്ധീഖിന്റെ പള്ളീലച്ചൻ വേഷവും ലാലേട്ടനുമായുള്ള ഫ്ലാഷ്ബാക്കിലെ കോമ്പിനേഷൻ സീനുകളുമൊക്കെയാണ്  ആകപ്പാടെ ആശ്വാസമായത്. അല്ലാത്ത പക്ഷം മഹാ ബോറ് സിനിമ എന്ന് തന്നെ പറയേണ്ടി വരുന്നു. 

*വിധി മാർക്ക് = 4/10

-pravin-

Monday, September 9, 2019

ബ്രദേഴ്‌സ് ഡേ - കണ്ടിരിക്കാവുന്ന ഒരു ഫുൾ പാക്ക് എന്റെർറ്റൈനർ

പാട്ടുണ്ട്, അടിയുണ്ട്, കുറച്ചു കോമഡിയുണ്ട്, പിന്നെ കുറേ ക്രൈമുകളും ട്വിസ്റ്റുകളുമൊക്കെയുണ്ട്. പക്ഷെ ഇത്രയുമധികം കാര്യങ്ങൾ സ്ക്രിപ്റ്റിൽ തുന്നി ചേർത്ത് വെച്ചതിൽ എവിടെയൊക്കെയോ ഷാജോണിന് പാളിയിട്ടുണ്ട്. സിനിമ കാണുമ്പോൾ അനുഭവപ്പെടുന്ന മിസ്സിംഗ് അതാണ്. ഷാജോണിന്റെ ആദ്യ സിനിമാ സംവിധാനമെന്ന നിലക്ക് അതത്ര വലിയ പ്രശ്നമായി കാണേണ്ടതുമില്ല. 

കോമഡി എന്റർടൈനർ എന്ന ലേബലിൽ വന്ന സിനിമയിൽ കോമഡിയെക്കാൾ കൂടുതൽ ക്രൈം സീനുകളാണ്. അത് കൊണ്ട് ഒരു കോമഡി എന്റർടൈനർ എന്നതിനേക്കാൾ  ബ്രദേഴ്സ്‌ ഡേക്ക് ചേരുന്നത് ഒരു ക്രൈം മാസ്സ് എന്റർടൈനർ  എന്ന വിശേഷണമാണ്. 

ഒരു വലിയ കാലയളവിന് ശേഷം പൃഥ്വിരാജ് കോമഡിയിലേക്ക് തിരിച്ചു വന്ന സിനിമ എന്നതാണ് 'ബ്രദേഴ്‌സ് ഡേ' യെ സംബന്ധിച്ച പുതുമ. ബാക്കിയൊക്കെ ഒരു മാസ്സ് എന്റർടൈനർ സിനിമയിൽ സ്വാഭാവികമായും വന്നു ചേരുന്ന ചേരുവകളാണ്. എന്നാൽ മേക്കിങ്ങിന്റെ കാര്യത്തിൽ അതെല്ലാം കണ്ടിരിക്കാവുന്ന തരത്തിൽ ഷാജോണിനു  അവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'ബ്രദേഴ്‌സ് ഡേ' രക്ഷപ്പെടുന്നത്. 

നല്ല തുടക്കത്തിൽ നിന്നും  ഉപകഥകളിലേക്ക് പോയപ്പോൾ തിരക്കഥയുടെ ഫോക്കസ്  ഇടക്ക് വച്ച് കഥയിലേക്ക് കേറി വന്ന വില്ലനിലേക്കാണ് പോയത്. സമീപകാലത്തിറങ്ങിയ 'തിരുട്ടു പയലേ 2' സിനിമയിൽ പ്രസന്ന ചെയ്ത വില്ലൻ വേഷത്തോട് സമാനത പുലർത്തുന്നുണ്ട് ഈ സിനിമയിലെ പ്രസന്നയുടെ തന്നെ വില്ലൻ. 

ഒരു എന്റർടൈനർ സിനിമയായിട്ട് പോലും വൈകാരിക രംഗങ്ങൾ മനോഹരമായി ചെയ്യാൻ പൃഥ്വിരാജിന് സാധിക്കുന്നുണ്ട്. അതേ സമയം കോമഡി സീനുകളിലെ പ്രകടനത്തിൽ പലയിടത്തും തന്റെ  മുൻകാല സീരിയസ് വേഷങ്ങൾ ഒരു ബാധയും ബാധ്യതയുമായി മാറുന്നുണ്ട്. വിജയ രാഘവന്റെ ചാണ്ടി എന്ന കഥാപാത്രവും സിനിമക്ക് ഒരു ഓളമൊക്കെ  ഉണ്ടാക്കുന്നുണ്ട്.  

ആകെ മൊത്തം ടോട്ടൽ= സമയ ദൈർഘ്യം ഈ സിനിമയുടെ വലിയ ഒരു പോരായ്മയായി പറയാമെങ്കിലും കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലാത്ത കണ്ടിരിക്കാവുന്ന ഒരു സിനിമ എന്ന നിലക്ക് ബ്രദേഴ്സ് ഡേ തൃപ്തിപ്പെടുത്തുന്നു. 

*വിധി മാർക്ക് = 6.5/10 

Saturday, September 7, 2019

സാഹോ - 350 കോടി മുടക്കിൽ ഒരു ദുരന്തം !!

തെലുഗു സിനിമകളെ അതിന്റെതായ സ്പിരിറ്റ് ഉൾക്കൊണ്ട്  ആസ്വദിക്കുന്നവർക്ക് പോലും 'സാഹോ'യെ സഹിക്കാൻ പാടാണ് എന്ന് ദുഃഖപൂർവ്വം പറയേണ്ടി വരുന്നു.  

ബാങ്ക് കൊള്ളയും ഗ്യാങ്സ്റ്റർ പോരാട്ടങ്ങളും അവർക്കിടയിലെ അധികാര തർക്കങ്ങളും പര്സപരമുള്ള ചതികളും കൊലകളും അവരെ പിടിക്കാനുള്ള പോലീസ് ചെയ്‌സിങ്ങ്‌കളും തുടർനാടകങ്ങളുമൊക്കെ അനവധി നിരവധി തവണ പറഞ്ഞു പഴകി ജീർണ്ണിച്ച കാര്യങ്ങളാണ്. അങ്ങിനെ ഒരു കഥയാണ് പറയുന്നത് എന്ന ഉത്തമ ബോധ്യമുള്ളവർ ഏറ്റവും കുറഞ്ഞ പക്ഷം ആ പരാതി മേക്കിങ്ങിലെ മികവ് കൊണ്ടെങ്കിലും പരിഹരിക്കാൻ ശ്രമിക്കും. ഇവിടെ അതുമുണ്ടായില്ല എന്നതാണ് സാഹോയെ ഇത്രമേൽ ദുരന്തമാക്കി മാറ്റിയത്. 

'ബാഹുബലി'യോട് കൂടെ ഇന്ത്യൻ സിനിമാ സൂപ്പർ താരങ്ങൾക്കിടയിലേക്ക് ഉയർന്ന പ്രഭാസിനെ സംബന്ധിച്ച് ഒന്നുകിൽ ഈ സിനിമ താനറിയാതെ നടന്ന ഒരു വലിയ ചതിയാണ്. അതുമല്ലെങ്കിൽ സിനിമാ തിരഞ്ഞെടുപ്പിൽ തനിക്ക് പറ്റിയ വൻ കൈയ്യബദ്ധമാണ് സാഹോ. മറ്റൊരു സിനിമക്കും ഡേറ്റ് നൽകാതെ   രണ്ടര വർഷത്തോളം സമയമെടുത്തു ചെയ്ത സാഹോയിൽ ഒരു 'പ്രഭാസ് ഷോ' ഉണ്ടെങ്കിൽ പോലും തെറ്റില്ലായിരുന്നു.  ഒരു നല്ല ഇൻട്രോയോ ആക്ഷനോ പോയിട്ട് പഞ്ച് ഡയലോഗ് പോലുമില്ലാതെ പറ്റിക്കപ്പെട്ടു പോകുന്നു എല്ലാവരും. 

കാതടപ്പിക്കുന്ന സൗണ്ടും  മിന്നിമായുന്ന കുറേ ഷോട്ടുകളും പുകപടലങ്ങളും കൊണ്ട് ത്രില്ലടിപ്പിക്കാമെന്നു സംവിധായകനും കരുതിക്കാണും. നീൽ നിധിനും, അരുൺ വിജയും, ശ്രദ്ധാ കപൂറും ജാക്കിഷ്രോഫും, മുരളീശർമ്മയും പിന്നെ നമ്മുടെ ലാലും ദേവനുമടക്കമുള്ള താരങ്ങളൊക്കെ ചുമ്മാ വന്നു പോയ ഒരു സിനിമയിൽ പ്രഭാസായിരുന്നു നായകൻ എന്ന് നാളെ എപ്പോഴെങ്കിലും പറയാം. അത്ര മാത്രം. 

വെടിവെപ്പും ബോംബേറും കെട്ടിടം തകർക്കലും എന്ന് വേണ്ട എല്ലാവിധ യുദ്ധ ശബ്ദാദികളും കഴിഞ്ഞു തിയേറ്റർ വിടുമ്പോൾ ചിന്തിച്ചു പോയത് ഈ പറഞ്ഞ 350 കോടി ഈ സിനിമയിൽ എവിടെ, എന്തിനൊക്കെ വേണ്ടി ചിലവാക്കിയിരിക്കാം എന്നാണ്. അതോ കത്തിച്ചതും പൊളിച്ചു വീഴ്ത്തിയതും ഒറിജിനൽ ട്രക്കുകളും കാറുകളും കെട്ടിടങ്ങളും തന്നെയാകുമോ ? 

ആകെ മൊത്തം ടോട്ടൽ = ബഡ്ജറ്റ് എത്ര ആയാലും നിലവാരമില്ലെങ്കിൽ ആ പടം വട്ട പൂജ്യമാണ്. എല്ലാ പ്രതീക്ഷകളെയും  ഒറ്റയടിക്ക് തകർത്തു കളഞ്ഞ സിനിമ. പ്രഭാസിന്റെ കരിയറിൽ ബാഹുബലി നൽകിയത് വൻ ഉയർച്ച ആണെങ്കിൽ സാഹോ നൽകുന്നത് അത്രത്തോളമുള്ള വൻ വീഴ്ചയാണ്. 

*വിധി മാർക്ക് = 4/10 
-pravin- 


Wednesday, September 4, 2019

സ്ത്രീ- കെട്ടുകഥകൾ കൊണ്ടൊരു കോമഡി ഹൊറർ സിനിമ

വർഷം തോറും  ഗ്രാമത്തിൽ നടക്കുന്ന  നാല് ദിവസം നീളുന്ന  ഉത്സവ കാലത്ത് മാത്രം എത്തുന്ന ഒരു പ്രേതം. അതാണ് 'സ്ത്രീ'.  

ഒറ്റക്ക് നടക്കുന്ന പുരുഷന്മാരെ ഉടുതുണി മാത്രം ബാക്കി വച്ച് കൊണ്ട് എങ്ങോട്ടോ തട്ടിക്കൊണ്ട് പോകുന്ന ഒരു വിചിത്ര പ്രേതം. പ്രേതത്തിൽ നിന്ന് രക്ഷ കിട്ടാൻ വേണ്ടി അന്നാട്ടിലുള്ളവർ വീടിനു പുറത്തെ ചുമരുകളിലും മതിലിലുമൊക്കെ 'ഓ സ്ത്രീ, നാളെ വരൂ' എന്ന് എഴുതി വക്കുകയാണ്. 

വായിക്കാനറിയുന്ന, അനുസരണയുള്ള പ്രേതം അതെല്ലാം അതേ പടി ചെയ്യുമ്പോഴേക്കും ഉത്സവം തീരും. IQ ലെവൽ കുറവാണെങ്കിലും ആ കാലയളവിൽ  ഒറ്റക്ക് നടന്ന  സകല  ആണുങ്ങളെയും 'സ്ത്രീ'  കവർന്നെടുത്തു പോയിട്ടുണ്ട് എന്നത് വേറെ കാര്യം !! 

സ്ത്രീ എന്ന പ്രേതത്തെ മുൻനിർത്തി കൊണ്ടുള്ള അന്ധവിശ്വാസങ്ങളുടെയും കെട്ടുകഥകളുടെയും ഇടയിൽ കുറഞ്ഞ വാക്കുകൾ കൊണ്ട് തമാശയെന്നോണം പറഞ്ഞു പോകുന്ന മറ്റൊരു കഥയിൽ 'സ്ത്രീ' ഒരു വേദനയായി അവശേഷിക്കുന്നുണ്ട് .

ചന്ദേരിയിൽ ഒരു കാലത്ത് എല്ലാ ആണുങ്ങളും പ്രാപിക്കാൻ കൊതിച്ചിരുന്ന പേരറിയാത്ത ഒരു വേശ്യയായിരുന്നു സ്ത്രീയെന്നും  തന്റെ ശരീരത്തെ പ്രേമിക്കാതെ ആത്മാവിനെ സ്നേഹിക്കാൻ തയ്യാറായ ഒരാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ച  'സ്ത്രീ' യെയും അവരുടെ കാമുകനെയും ഗ്രാമത്തിലെ ആൺരൂപങ്ങൾ കൊന്നു കളഞ്ഞു എന്നതുമാണ്  ആ കഥ. 

ആ കഥ ശരിയാണെങ്കിൽ എത്രത്തോളം ക്രൂരമായാകാം ആ സ്ത്രീയെ ആണുങ്ങൾ കൊന്നു കളഞ്ഞത്, അങ്ങിനെയെങ്കിൽ എന്ത് മാത്രം പക 'സ്ത്രീ'ക്ക് ഗ്രാമത്തിലെ ആണുങ്ങളോട് ഉണ്ടാകാം എന്നൊക്കെ ചിന്തിപ്പിക്കുന്നുണ്ട് സിനിമ .

കോമഡിയിൽ നിന്ന് സെന്റിമെൻസിലേക്ക് ഒരു മാത്ര വഴി തിരിയുന്ന സിനിമ വീണ്ടും കോമഡിയിലേക്കും ഹൊററിലേക്കും തിരിച്ചെത്തുന്നു. കോമഡി ഹൊററിൽ ഒതുങ്ങിപ്പോകുമായിരുന്ന  സിനിമക്ക്  ക്ലൈമാക്സ് സീനുകളിലൂടെ   വേറൊരു മാനം കൂടി കൈവരുന്നുണ്ട്.  രാജ്കുമാർ റാവുവിനെ  പോലെ ഒരു ദേശീയ അവാർഡ് ജേതാവ് ഈ സിനിമയിലെ  കഥാപാത്രം എന്തിനു സെലക്ട് ചെയ്തിരിക്കാം എന്ന സംശയം ആദ്യം തോന്നുമെങ്കിലും  പിന്നീട് പുള്ളിയുടെ സിനിമാ തിരഞ്ഞെടുപ്പിലെ മികവിനെ നമ്മൾ  തന്നെ അംഗീകരിച്ചു പോകുന്നു.   

ആകെ മൊത്തം ടോട്ടൽ = Based on a ridiculously true phenomenon എന്ന ടാഗ് ലൈൻ ഉൾക്കൊണ്ടു കാണേണ്ട സിനിമയാണ്.   അന്ധവിശ്വാസങ്ങളും  കെട്ടുകഥകളും നിറഞ്ഞു നിൽക്കുന്ന ചന്ദേരി  ഗ്രാമവും അവിടത്തെ ആൾക്കാരുമൊക്കെയായി രസകരമായി പറഞ്ഞു പോകുന്ന, ഒരു  കോമഡി  ഹൊറർ ജെനറിൽ ഉൾപ്പെടുത്താവുന്ന സിനിമ. യുക്തിപരമായ കണ്ടെത്തലുകൾക്കൊന്നും പ്രസക്തിയില്ല. പറയുന്ന കഥ ആ നാട്ടിലെ മണ്ടൻ നാട്ടുകാരെ പോലെ കാണുന്ന നമ്മളും വിശ്വസിക്കണം. എന്നാൽ മാത്രമേ ഈ സിനിമയുടെ ആസ്വാദനവുമുള്ളൂ .

*വിധി മാർക്ക് = 7/10 

-pravin-