Tuesday, July 14, 2020

ലെബനൻ

ഹീബ്രു ഭാഷയിൽ ആദ്യമായാണ് ഒരു സിനിമ കാണുന്നത്. 1982 ലെ ലെബനൻ യുദ്ധകാലത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത് .
ഇസ്രായേൽ സൈനികർ ലെബനീസ് തെരുവുകളിലേക്ക് വെടിക്കോപ്പുകളുമായി ഇരച്ചു കയറുകയാണ്. നാല് ഇസ്രായേൽ സൈനികർ ഒരു യുദ്ധ ടാങ്കിനുള്ളിൽ നിന്ന് കൊണ്ട് ഗൺ സൈറ്റിലൂടെ കാണുന്ന കാഴ്ചകളാണ് ഈ സിനിമയുടെ അവതരണത്തെ ശ്രദ്ധേയമാക്കുന്നത്.  
ഒരേ സമയം യുദ്ധ ഭീകരതയും ഇരകളുടെ കണ്ണുകളിലെ ദയനീയതയും ഒപ്പിയെടുക്കുന്ന ഫ്രെയിമുകൾ. വെടിവെപ്പിൽ കൊല്ലപ്പെടുന്ന ബ്രോയ്‌ലർ കോഴികളും കന്നുകാലിയും മനുഷ്യനുമൊക്കെ യുദ്ധ ഭീകരതയുടെയും കൊലവെറിയുടെയും ഒരേ നേർ കാഴ്ചകളാകുന്നു .
വയസ്സായവരും കുട്ടികളും സൈനികരുടെ ദയവിനർഹരാകുമ്പോഴും അവരുടെ കണ്ണുകളിലെ ഭീതിയും ഒറ്റപ്പെടലും യുദ്ധ ടാങ്കിനുള്ളിലെ സൈനികനെ മാനസികമായി പിടിച്ചുലക്കുന്നുണ്ട് .
ഭരണകൂട താൽപ്പര്യങ്ങൾക്ക് വേണ്ടി ഉണ്ടാകുന്ന യുദ്ധങ്ങളിൽ കൊല്ലപ്പെടുന്നവരും കൊല്ലുന്നവരും ഇരകളാണ്. കൊല്ലപ്പെടുന്നവർ ശാരീരികമായി മരണം വരിക്കുമ്പോൾ കൊല്ലുന്നവർ മാനസികമായി മരിച്ചു മരവിച്ചു പോകുകയാണ്.
ഒരു ഘട്ടമെത്തുമ്പോൾ സിനിമയിലെ ഒരു പ്രധാന കഥാപാത്രമെന്ന നിലക്ക് മാറുന്നുണ്ട് ആ യുദ്ധ ടാങ്ക് പോലും. യുദ്ധത്തിലെ സൈനിക മാനസിക സംഘർഷങ്ങളും നിസ്സഹായാവസ്ഥകളും സർവ്വോപരി ഭീകരവും ദയനീയവുമായ ചുറ്റുപാടുകളുമൊക്കെ റിയലിസ്റ്റിക്ക് ആയി തന്നെ അനുഭവപ്പെടുത്തുന്ന ഒരു സിനിമ കൂടിയാണ് ലെബനൻ.
വെടിയുണ്ടകളും ബോംബുകളും ഗ്രനേഡുകളുമൊക്കെ എപ്പോൾ വേണമെങ്കിലും നമ്മുടെ തൊട്ടടുത്ത് വീണു പൊട്ടുമെന്ന ഭീതി തുടക്കം മുതൽ ഒടുക്കം വരെ അനുഭവിപ്പിക്കുന്നുണ്ടെങ്കിലും ഒരു യുദ്ധമുഖത്ത് പ്രേക്ഷകനെ കൊണ്ട് നിർത്തി സമാധാനം ആഗ്രഹിപ്പിക്കുകയും സമാധാനത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുകയുമാണ് 'ലെബനൻ' ചെയ്യുന്നത്.

ആകെ മൊത്തം ടോട്ടൽ = ത്രില്ലടിപ്പിക്കുന്ന വാർ സിനിമയല്ല, വേറിട്ട യുദ്ധ കാഴ്ചകളിലൂടെ പ്രേക്ഷകനെ ഇമോഷണൽ ആക്കുന്ന വാർ സിനിമയാണ് ലെബനൻ. 

*വിധി മാർക്ക് = 7.5/10 
-pravin-

1 comment:

  1. വെടിയുണ്ടകളും ബോംബുകളും ഗ്രനേഡുകളുമൊക്കെ എപ്പോൾ വേണമെങ്കിലും നമ്മുടെ തൊട്ടടുത്ത് വീണു പൊട്ടുമെന്ന ഭീതി തുടക്കം മുതൽ ഒടുക്കം വരെ അനുഭവിപ്പിക്കുന്നുണ്ടെങ്കിലും ഒരു യുദ്ധമുഖത്ത് പ്രേക്ഷകനെ കൊണ്ട് നിർത്തി സമാധാനം ആഗ്രഹിപ്പിക്കുകയും സമാധാനത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുകയുമാണ് 'ലെബനൻ' ചെയ്യുന്നത്.

    ReplyDelete